Wednesday, 9 July 2008

രാപ്പകലോളം നീ.....

ഒരു പൊന്നുഷസ്സിന്റെ പുലർക്കാല കതിരൊളിയായ്
നീയെന്നെ തൊട്ടുഴിയുമോ..
ഒരു പൂങ്കുയിലിന്റെ കളകൂജനമായെന്നും
നീയെന്നെ വിളിച്ചുണർത്തുമോ..
കതിരവനുണരും പ്രഭാതത്തിൽ മറ്റൊരു
കണിയാകുമോ നിൻ മുഖം
കുളിരിളം പവനനെൻ കവിളിൽ ചുംബിച്ചത്
നിൻ ചൊടിയാലാകുമോ
തറയിലെ തണുപ്പിൽ ഞാൻ പദമൂന്നേ ദ്യുതി! നെറുക-
യോളം നിൻ സ്നേഹക്കുളിർ
നിദ്ര വിട്ടുണരാത്തൊരെൻ മുഖം നോക്കുവാൻ
നിൻ പ്രിയ മനദർപ്പണം
അകലേ ക്ഷേത്രത്തിൽ നിന്നൊഴുകിയെത്തുന്നൊരാ
സോപാന സങ്കീർത്തനം
അതോ നിൻ പ്രാർഥനയെനിക്കായ് നേരുന്നതോ
ആയുരാരോഗ്യസൌഖ്യം
കുളിർജലമായെൻ മുഖത്താദ്യം വീഴുവതു നിന്റെ
കളിവാക്കുകളായിയെങ്കിൽ
ആപാദചൂഢം നനഞ്ഞു ഞാൻ നീന്തുവതു
നിൻ പ്രേമക്കടലിലെങ്കിൽ
കരുതലോടെൻ നെറുക തോർത്തിത്തുടയ്ക്കുമോ
എനിക്കായ് നിൻ ആകാംക്ഷകൾ
നെറ്റിമേൽ നീയേകും ചുടുമുത്തമായെങ്കിൽ
ഞാൻ ചാർത്തും ഹരിചന്ദനം
മുടിയിൽ നിറ്റിറ്റു വീഴും ജലമാകുമോ
നിന്നാലെന്നാത്മഹർഷം
കാർകൂന്തൽത്തുമ്പിലെ തുളസിക്കതിരാകുമോ
നിന്നനുരാഗചിഹ്നം
ഞൊറിയലകൾ മെനഞ്ഞു ഞാൻ ചുറ്റിയ പൂഞ്ചേല
യായെങ്കിൽ നിൻ വാഗ്ദാനം
നെഞ്ചോടു ചേരുമാ പൂത്താലിയായെങ്കിൽ
നിൻ ഹൃദയ പൊൻസമ്മാനം
സീമന്തരേഖയിൽ കുങ്കുമമായെങ്കിൽ
നീയേകും ശ്രീമംഗളം
എൻപദമെന്നെന്നും പിൻ‌തുടർന്നെങ്കിൽ നിൻ
ജീവിതക്കാൽ‌പ്പാടുകൾ
മറ്റൊരുജ്ജ്വലസൂര്യനായെങ്കിലെൻ മേലേ
എനിക്കായ് നിൻ സർവസ്വവും
മൂവന്തി തന്നരുണാഭയായെങ്കിൽ നീ-
യാലേയെൻ മന:സായൂജ്യം
എന്നെ തഴുകിയുറക്കുമാ തിങ്കളതു
നിന്നാലിംഗനമായെങ്കി,ലൊടുവി-
ലെല്ലാം മറന്നു ഞാനുറങ്ങുമാ പൂമെത്ത
നിന്റെ നെഞ്ചകമായെങ്കിൽ
അതിലെന്നെന്നും ഞാൻ കാണും മധുരിത സ്വപ്നങ്ങൾ
നിന്റേതുമായ് തീർന്നെങ്കിൽ
ആ സ്വപ്നങ്ങൾ നമുക്കേകുമിന്ദ്രലോകം
അതിലൊരുമിച്ചു നാം വാണെങ്കിൽ

15 comments:

lakshmy said...

ദാ ഒരു പഞ്ചാരപ്പാലു മിഠായി:)

സജി said...

ഞാന്‍ ഒന്നേ വായിച്ചൊള്ളൂ...പഞ്ചാരയില്‍ കുഴഞ്ഞിരിക്കുന്നു....( എനിക്കു ഷുഗറായതു കൊണ്ട് ഇനി വായിക്കാന്‍ ഭയം)

കാന്താരിക്കുട്ടി said...

പാലു മുഠായി കഴിച്ചു എനിക്കു ചെടിച്ചു..തൊട്ടു നക്കാന്‍ അല്പം നാരങ്ങാ അച്ചാറ് ആരേലും തായോ ..

ഗോപക്‌ യു ആര്‍ said...

ലക്ഷ്മി...അടിമുടി ഇഷ്ടപ്പെട്ടു..[not quating..the lines ]


എങ്കിലും അല്‍പം നീണ്ടുപോയ്‌.
.യഥാര്‍തതില്‍ 2 കവിതയാക്കാനുള്ള വകുപ്പുണ്ട്‌....

ആഗ്നേയ said...

നല്ല മധുരം :)
പക്ഷേ മടുപ്പിക്കുന്നില്ല.

CHANTHU said...

അതെ, മധുരമുള്ള വരികള്‍.

ഹരിത് said...

കൊള്ളാം

അനൂപ്‌ കോതനല്ലൂര്‍ said...
This comment has been removed by the author.
അനൂപ്‌ കോതനല്ലൂര്‍ said...

മനസ്സിനെ തഴുകി ഉണര്‍ത്തുന്ന ഒരു മയില്‍പീലി
പോലെ നല്ല മധുരമായ ഒരു കവിത
ലക്ഷമിയില്‍ നിന്നും
ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കട്ടേ
ആശംസകളൊടെ പിള്ളേച്ചന്‍

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ഭാരതപ്പുഴ പോലെ നീണ്ട ഈ കവിതയുടെ ശ്രോതസ്‌അനങ്ങാ കാലചങ്ങലയാണെന്നറിയാം.

lakshmy said...

സജി അച്ചായോ...പഞ്ചാരരോഗികൾക്ക് ഇത് പറ്റില്ല

കാന്താരി കുട്ട്യേ..സ്ഥിരം റെസിപികളുമായി വരുന്ന ആൾ അച്ചാറു ചോദിക്യേ?!! എന്റെ റെസിപിക്ക് ഇച്ചിരെ മധുരം കൂടി അല്ലേ? നാരങ്ങാ അചാറു തരാം. പക്ഷെ അച്ചാറു കഴിച്ച് പ്രശ്നമൊന്നുമാകില്ല്ലല്ലൊ അല്ലേ[എന്നെ തല്ലാൻ വരല്ലേ..ഞാനൊരു തമാശ പറഞ്ഞതാണേ..]

ഗോപക്..പ്രണയത്തെ കുറിച്ചു പറയുമ്പോൾ കുറയ്ക്കുന്നതെങ്ങിനെ

ആഗ്നേയ, ചന്തു, ഹരിത്...നന്ദീട്ടോ

അനൂപ്....പ്രാർഥനകൾക്ക് പ്രത്യേക നന്ദി

ജിത്തു...ആ കരിങ്കണ്ണ് ഞാൻ എപ്പൊ കുത്തിക്കളഞ്ഞു എന്നു ചോദിച്ചാൽ മതി. എന്റെ കാലൊന്നു ശരിയാവട്ടെ

എല്ലാവർക്കും വീണ്ടും നന്ദി

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

Kunjubi said...

"നീ പോകേ
നിന്‍ പാദപതനങ്ങള്‍ നെഞ്ചേറ്റിയ പാതയില്‍
ഇടറുന്ന ചുവടുമായ്, എന്തിനെന്നറിയാതെ
വായുവില്‍ തുഴയുന്ന കൈകളോടൊരു കുഞ്ഞു-
പൈതലായ് മനസ്സു തേങ്ങുന്നു; വിരല്‍ത്തുമ്പു
പിടിച്ചു ചുവടു വയ്പ്പിക്കുമൊരു കരത്തിന്റെ
കരുതലിന്‍ നേരു തേടുന്നു;" ഒരു ഭഗ്ന ഹൃദയത്തിന്റെ നിഴല്‍ പാടുകള്‍ക്കുള്ളില്‍ നിന്നു ഭക്തി പാരവശ്യം തുളുമ്പുന്ന വരികള്‍.ഗുരുവയൂരപ്പാ.. ക്ഷമിക്കണേ! മറ്റൊന്നും വിചാരിക്കരുതേ നന്നായിരിക്കുന്നു ട്ടൊ! കുഞ്ഞുബി[നിന്നാലിങ്കനമായെങ്കി,ലൊടുവി]“*നിന്നാലിംഗനമായെങ്കില്‍“എന്നു മാറ്റുക.

Kunjubi said...

"നീ പോകേ
നിന്‍ പാദപതനങ്ങള്‍ നെഞ്ചേറ്റിയ പാതയില്‍
ഇടറുന്ന ചുവടുമായ്, എന്തിനെന്നറിയാതെ
വായുവില്‍ തുഴയുന്ന കൈകളോടൊരു കുഞ്ഞു-
പൈതലായ് മനസ്സു തേങ്ങുന്നു; വിരല്‍ത്തുമ്പു
പിടിച്ചു ചുവടു വയ്പ്പിക്കുമൊരു കരത്തിന്റെ
കരുതലിന്‍ നേരു തേടുന്നു;" ഒരു ഭഗ്ന ഹൃദയത്തിന്റെ നിഴല്‍ പാടുകള്‍ക്കുള്ളില്‍ നിന്നു ഭക്തി പാരവശ്യം തുളുമ്പുന്ന വരികള്‍.ഗുരുവയൂരപ്പാ.. ക്ഷമിക്കണേ! മറ്റൊന്നും വിചാരിക്കരുതേ നന്നായിരിക്കുന്നു ട്ടൊ! കുഞ്ഞുബി[നിന്നാലിങ്കനമായെങ്കി,ലൊടുവി]“*നിന്നാലിംഗനമായെങ്കില്‍“എന്നു മാറ്റുക.

lakshmy said...

അരൂപിക്കുട്ടൻ..നന്ദി

kunjubi..വന്നതിനും വായിച്ചതിനും തെറ്റു ചൂണ്ടിക്കാണിച്ചു തന്നതിനും പ്രത്യേക നന്ദി. തെറ്റു തിരുത്തിയിട്ടുണ്ട്