Tuesday, 12 August 2008

അരുതു കാട്ടാളാ.....

ഇതളൊന്നു നീർത്തിച്ചിരിക്കുന്നതിൻ മുൻപേ
മുകുളങ്ങളിൽ പുഴുക്കുത്തേറ്റിടുന്നു
പിഞ്ചിളം കിളികൾ തൻ പീലിത്തൂവൽ തുമ്പിൽ
പിടിയിടുന്നേതോ കഴുകനഖമുനകൾ
പൊട്ടിച്ചെറിയുന്ന കെട്ടുകളിൽ രക്ത-
ബന്ധത്തിൻ ചോരത്തുള്ളി തെറിക്കുന്നു
മണ്ണിൽ മാലാഖമാർ ചിറകറ്റു വീഴുന്നു
മേനികൾ ദന്തക്ഷതത്താൽ മുറിയുന്നു
ഒടുവിൽ തൊണ്ടക്കുഴിയിലാഴുന്ന വിരലുകൾ
ഏകിയ ജീവനെ എടുക്കുന്നതിൻ മുൻപേ
തുറിച്ചോരിളം കണ്ണിൽ പതിയുന്ന കാട്ടാള-
രൂപം കിരാതമാം നൃത്തം ചവിട്ടുന്നു
ചലനം നിൽക്കും മുൻപേ വിറയാർന്ന ചുണ്ടുകൾ
അവസാനമായി കേഴുന്ന നാമം കേൾക്കേ
കാറ്റിൽ പറക്കുന്നു, കല്ലിലെഴുതിയ
വാക്യങ്ങൾ ‘പിതാ രക്ഷതി കൌമാരേ..’
വായ്‌പൊത്തി, ചെവിപൊത്തി,യിരുകൺകളും പൊത്തി
മനുവചനഘോഷികൾ പുറംകാട്ടി നിൽക്കുന്നു
കൺപൊത്തും വിരലുകൾക്കിടയിലൂടപ്പോഴും
ശവംതീനിക്കഴുകന്മാർ ചുണ്ടുപിളർത്തുന്നു
മുഖങ്ങളില്ലാത്ത ശരീരരൂപങ്ങൾ
വെറിപൂണ്ടു പെരുകുന്ന വനാന്തരങ്ങളിൽ
‘മാ നിഷാദ’യെന്നലറിക്കരഞ്ഞേതോ
മാമുനീശബ്ദങ്ങൾ മൂർച്ഛിച്ചു വീഴുന്നു
രക്തപങ്കിലപാദപതനധ്വനിയപ്പോഴും
പുച്ഛിച്ചു ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’

18 comments:

സുല്‍ |Sul said...

നന്നായിരിക്കുന്നു ലക്ഷ്മീ.
നന്നായ് വരഞ്ഞിരിക്കുന്നു ഈ കലികാലം ഈ വരികളില്ലൂടെ.

-സുല്‍

ഫസല്‍ / fazal said...

കൊള്ളാം, വരികളില്‍ പ്രതിഷേധവും വിലാപവും

തണല്‍ said...

ലക്ഷ്മീ,
കരിമൊട്ടുകളെ ഞെരിച്ചുടയ്ക്കാന്‍
പാതയൊരുക്കുന്ന സ്ത്രീ രക്ഷസ്സുകള്‍ക്ക്
ആവോളം സ്വാതന്ത്യമുണ്ടല്ലോന്നോര്‍ത്ത് നമുക്ക് ആശ്വസിക്കാം.
-കവിത നന്ന്..:)

smitha adharsh said...

അവനവനെ അവനവന്‍ തന്നെ സൂക്ഷിക്കേണ്ടിയിരിക്കുന്നു...

ഗോപക്‌ യു ആര്‍ said...

ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എനിക്കെന്റെ മകളുടെ മുഖത്തുനോക്കാന്‍ ലജ്ജ തോന്നാറുണ്ട്‌...

നിരക്ഷരന്‍ said...

അരുത് കാട്ടാളാ എന്ന് കണ്ടപ്പൊള്‍ എന്നെ വിളിച്ചതാണെന്ന് കരുതി ഓടി വന്നതാണ്.

കവിത ആയിരുന്നല്ലേ? ഞാന്‍ ഓടി രക്ഷപ്പെട്ടു. നിരക്ഷരനാരാ കവിതയെപ്പറ്റിയൊക്കെ പറയാന്‍ ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Nice poem..:)

സജി said...

ലക്ഷ്മി,
പരാതിയും, പ്രതിഷേധവും മതിയാക്കി, ഞങ്ങളെപ്പോലത്തെ നല മനുഷേന്മാരെ പറ്റിയും എഴുതൂ....കാട്ടാളന്മാരോട് പോകാന്‍ പറ, കാട്ടിലേക്ക്...
ഭര്‍ത്രോ രക്ഷതി...അതു പഴയ കഥ .. ഇന്നു പുത്രീ രക്ഷതി ഹോല്‍ ഫാമിലി...
(ചുമ്മ പറഞ്ഞതാണേ....)

Rare Rose said...

വിരിയും മുന്‍പേ കശക്കിയെറിയപ്പെടുന്നതിന്റെ വേദനയും രോഷവും ഒക്കെ വരികളില്‍ കാണാം...നന്നായി എഴുതിയിരിക്കുന്നു ട്ടോ...

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ഇതാ ഒരു ഗ്ളാസ്‌ തണുത്ത വെള്ളം...

lakshmy said...

സുൽ, ഫസൽ...നന്ദി

തണൽ...അതൊരു ആശ്വാസമായിരുന്നോ തണൽ?! കരിമൊട്ടുകളെ ഞെരിച്ചുടക്കുന്ന മനുഷ്യാധമരുടെ ഇടയിലെ സ്ത്രീ സാന്നിധ്യം എത്ര മേൽ ഹീനമാണെന്ന്, സ്ത്രീയുടെ മുഖ്യശത്രു സ്ത്രീ തന്നെ എന്നു പറഞ്ഞു കൊണ്ട് ഞാനിവിടെ ഒരു ടോപ്പിക്കിനിടയിൽ പറഞ്ഞിരുന്നു.ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയുടെ വേദന മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നാർക്കാണ് മനസ്സിലാവുക.
പക്ഷെ സ്വന്തം കുഞ്ഞിന്റെ കുഞ്ഞുടുപ്പിൽ പിടിയിടുന്നവരെ എന്തു പേരിട്ടു വിളിക്ക്കണംന്നറിയില്ല. ചീഞ്ഞളിഞ്ഞു നാറ്റം വമിപ്പിക്കുന്ന ശവശരീരങ്ങളോട് തോന്നുന്നതിനേക്കാൾ അറപ്പു തോന്നുന്നു, വിളിപ്പേരിൽ മാത്രം അച്ഛനായുള്ള ആ അധമന്മാരോട്

സ്മിത, ഗോപക്, പ്രിയ, റെയർ‌റോസ്...നന്ദി

നിരക്ഷരൻ....വിളിച്ചേനേ അങ്ങിനെ ഞാൻ, നേരിട്ട് കണ്ടില്ലായിരുന്നെങ്കിൽ [അല്ലയിരുന്നെങ്കിൽ ഈ ആന്റിക് ഫോട്ടോ മാത്രമല്ലേ കാണുന്നുള്ളു]

സജി...അച്ചായൻ എന്താ പറഞ്ഞു വന്നതെന്ന്?!! എനിക്കൊട്ടും മനസ്സിലായില്ലാട്ടോ

ജിതേന്ദ്രകുമാർ....ഒരുപാട് നന്ദി [ഹാവൂ ഒന്നു തണുത്തു]

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

മുസാഫിര്‍ said...

അരുത്,അ..അച്ഛാ...

ഞാന്‍ ഇരിങ്ങല്‍ said...

സമകാലികമായ പ്രശ്നത്തെ കവിതയാക്കിയതില്‍ സന്തോഷം.
ഈ പ്രശനത്തെ ആഴത്തില്‍ പഠിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

OAB said...

ഇങ്ങനെയെങ്കിലും നമുക്ക് പ്രതിഷേധിക്കാം.മൃഗങ്ങളെ പ്പോലും നാണിപ്പിക്കുന്നവരോട്.

നന്ദി.

നന്ദകുമാര്‍ said...

നന്നായിരിക്കുന്നു വരികള്‍.

ഷാനവാസ് കൊനാരത്ത് said...

പുരുഷകേന്ദ്രീകൃതമായ ലോകത്തിന്‍റെ കാടത്തം അത്രമേല്‍ പുതിയതൊന്നുമല്ല. കാമത്തെ കാടത്തമാക്കുന്ന കാട്ടാളന്‍, സുഹൃത്തായാലും കാമുകനായാലും സഹോദരനായാലും അച്ഛനായാലും ''മൃഗീയന്‍'' തന്നെ. വിലാപങ്ങള്‍ പക്ഷെ ഒരു പരിണാമവും സൃഷ്ടിക്കുന്നില്ല. അടിസ്ഥാന സംസ്കാരം അടിത്തട്ടില്‍ നിന്നും ഉറവയെടുക്കണം. ആ കാലം വരണം...

Kichu $ Chinnu | കിച്ചു $ ചിന്നു said...

പ്രസക്തമായ വിഷയം.. നന്നായി