Friday, 12 June 2009

വിധാതാവിനോട്

തരികെനിക്കെന്റെ നഷ്ടസ്വർഗ്ഗങ്ങളെ
തരിക നൈർമ്മല്യമേറുന്ന ബാല്ല്യവും
കളങ്കലേശമേശാത്തൊരെൻ കൌമാര-
കൽ‌പ്പിതമാകും മുഗ്ദ്ധസ്വപ്നങ്ങളും

കപടതയെന്തെന്നറിയാത്തൊരക്കാല-
ത്തരിയ പൂമ്പാറ്റ പോലെന്റെ മാനസം
മരുവിയീലോകമാകും പൂവാടിയിൽ
അരുമസ്വപ്നവർണ്ണങ്ങൾ ചിറകേറ്റി

വിടർന്ന പൂവിന്റെ ഭംഗി മാത്രം കണ്ടു
വിടരും ചിരിയിലെ നന്മ മാത്രം കണ്ടു
മുള്ളുകൊള്ളാതെ കാലുഷ്യമേൽക്കാതെ
എന്നെ കാക്കുന്ന നിന്നെ മാത്രം കണ്ടു

എവിടെ വച്ചാണു നീയെൻ കരതലം
വിടർത്തി വേർപ്പെട്ടു പോയി മറഞ്ഞതും
എവിടെ വച്ചാണു ഞാനറിയാതെന്റെ
അരിയ ജന്മത്തിൽ കരിനിഴൽ വീണതും

വിധിയാം കാട്ടാളനെയ്യും കൂരമ്പുകൾ
ഹൃദയത്തിലേറ്റു പിടയും മാൻപേട പോൽ
നിണമൊഴുകുന്ന ഹൃത്തവുമിടറുന്ന
പദവുമായെന്റെ ജീവനിതാ ബാക്കി

പറകയെന്തപരാധം ഞാൻ ചെയ്തു പോയ്
കൊടിയ ദു:ഖങ്ങൾ മാത്രമായ് നൽകുവാൻ
അതിവിശുദ്ധമാമെൻ കിനാപ്പൂക്കളെ
വിടരും മുൻപേ നുള്ളീയെറിഞ്ഞീടുവാൻ

ഒരുപാടു നാളായ് ഞാനെന്റെയാത്മാവാം
യാചനാപാത്രം നിൻ നേരേ നീട്ടുന്നു
കനിവിന്റെ ഭിക്ഷ മാത്രം ഞാൻ യാചിപ്പൂ
അതു പക്ഷെ പുഞ്ചിരിച്ചു നീ തള്ളുന്നു

ഏകുന്നു വീണ്ടും വീണ്ടും പരീക്ഷകൾ
ഏറ്റേറ്റേറേ തളർന്നു ഞാൻ വീഴുന്നു
ദയവിന്റെയൊരു നീർത്തുള്ളി തേടവേ
എവിടെയോ നീ ചിരിച്ചു മറയുന്നു

എന്റെ കണ്ണുനീർ വറ്റീവരണ്ടു പോയ്
എന്റെ പ്രജ്ഞതൻ ബാക്കിയും മാഞ്ഞു പോയ്
ഇന്നെൻ ജന്മസമരാങ്കണഭൂമിയിൽ
വ്രണിത ഞാനേക, നീയും മറഞ്ഞു പോയ്!

രാമപാദത്തിൻ ദിവ്യമാം സ്പർശത്താൽ
മോക്ഷം തേടുന്ന മറ്റൊരഹല്ല്യ ഞാൻ
ഇനിയുമെന്തിനീ താമസം?! വരിക നീ
ദിവ്യമാപ്പാദമെൻ ശിരസ്സിൽ ചേർക്ക

ഒരു മൺ കട്ടയ്ക്കു തുല്ല്യമെൻ തപ്തമാം
ശാപജന്മം പൊടിഞ്ഞു ചിതറട്ടെ
നേടട്ടേ വീണ്ടുമൊരു പുണ്യപുനർജ്ജനി
ആയതിനായി തപസ്സിരിപ്പാണു ഞാൻ

വരികയില്ലെന്നോ നീ ഗുരുപവനപു‌-
രാധീശ,യേറേ തിരക്കിലാണങ്ങെന്നോ?
ചപല! ഞാനിതെന്തേയറിയാഞ്ഞുള്ളൂ
വന്നിടാം ഞാനവിടുത്തടുത്തേയ്ക്ക്

നിത്യമായൊരു ശാന്തിയും സ്നേഹവും
മാത്രമുള്ളൊരാ ഭഗവത് പദത്തിങ്കൽ
കെട്ടിറക്കി വയ്ക്കട്ടെ ഞാനെന്റെയീ
ശാപജന്മത്തിൻ ദു:ഖമാറാപ്പുകൾ

ഇവിടെയേകൂ നീയെൻ നഷ്ടസ്വർഗ്ഗങ്ങൾ
കളങ്കമേൽക്കാത്ത മുഗ്ദ്ധസ്വപ്നങ്ങളും
നിൻ തിരുപാദത്തിങ്കലെ ധൂളിയായ്
മാറുവാനുള്ളൊരാമഹാ ഭാഗ്യവും

തരികെനിക്കെന്റെ നഷ്ടസ്വർഗ്ഗങ്ങളെ
തരികെനിക്കെന്റെ മുഗ്ദ്ധസ്വപ്നങ്ങളെ
തരിക,യിനിയൊരു ജന്മവും നീയെന്നെ
പിരികയില്ലെന്നൊരാ വരദാനവും

16 comments:

lakshmy said...

“ഈൻ‌ക്വിലാബ് സിന്ദാബാദ്“ :))
[പഴയ രചന തന്നെ. നീളക്കൂടുതലിനു ക്ഷമ ചോദിക്കുന്നു]

ramaniga said...

തരികെനിക്കെന്റെ നഷ്ടസ്വർഗ്ഗങ്ങളെ
തരികെനിക്കെന്റെ മുഗ്ദ്ധസ്വപ്നങ്ങളെ
തരിക,യിനിയൊരു ജന്മവും നീയെന്നെ
പിരികയില്ലെന്നൊരാ വരദാനവും-

ithum nannayirikkunnu!

പാവപ്പെട്ടവന്‍ said...

എന്താ ലക്ഷ്മി വല്ലാത്ത വ്യഥയും നഷ്ടബോധവും വരികളില്‍ അങ്ങനെ നീളത്തില്‍ ഉണ്ടല്ലോ കുഴപ്പമാണോ?
തിരിച്ചുവരാത്ത ബാല്യങ്ങളിലേക്ക് ഒരു നേര്‍ത്ത കാറ്റ്
മനോഹരം .

സജി said...

“കവിതാകാരിയോ സാഹിത്യകാരിയോ അല്ല“

ഇതൊക്കെ വായിച്ചിട്ടു , അങ്ങങ്ങു സമ്മതിചു തരാന്‍ പറ്റില്ല!!

siva // ശിവ said...

തികച്ചും നല്ല വരികള്‍....ഇന്നലെ ലക്ഷ്മിച്ചേച്ചിയുടെ കവിതകളെപ്പറ്റി അവള്‍ എന്നോട് പറഞ്ഞതേയുള്ളൂ....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"വരികയില്ലെന്നോ നീ ഗുരുപവനപു‌-
രാധീശ,യേറേ തിരക്കിലാണങ്ങെന്നോ?
ചപല! ഞാനിതെന്തേയറിയാഞ്ഞുള്ളൂ
വന്നിടാം ഞാനവിടുത്തടുത്തേയ്ക്ക്"

കാത്തിരിക്കുന്നതും തിരഞ്ഞുചെല്ലുന്നതുമെന്തിനു, തന്നുള്ളിൽ തന്നെ ഉള്ളതിനെ.
കസ്തൂരി മാൻ കസ്തൂരി തിരയുന്നതു പോലെ.

“കപടയെന്തെന്നറിയാത്തൊരക്കാല-
ത്തരിയ പൂമ്പാറ്റ പോലെന്റെ മാനസം”
(“കപടമെന്തെന്നു”) എന്നു തിരുത്തുക.

ഇപ്പോൾ ആ അവസ്ഥക്കു മാറ്റം വല്ലതും.??

[കവിതയുടെ ഒഴുക്കു നന്നായി കേട്ടോ.]

lakshmy said...

ramaniga...ആദ്യവായനക്കു പ്രത്യേക നന്ദി :)

പാവപ്പെട്ടവന്‍...നന്ദി :)
ഞാനും ആലോചിക്കുവാ, ഇതെന്താത്?! വല്ല കുഴപ്പവുമാണോ?!! :))

സജി...നന്ദി അച്ചായാ. സമ്മതിച്ചു തരേണ്ടി വരും :)

siva // ശിവ...നന്ദി ശിവ/സരിജ. എന്നെങ്കിലും രണ്ടു പേരേയും നേരിൽ കാണാൻ കഴിയും എന്നു പ്രതീക്ഷിക്കുന്നു. എന്നെ ഓർക്കുന്നതിനു സരിജയോടുള്ള പ്രത്യേക നന്ദി അറിയിക്കുമല്ലോ :)

Jithendrakumar/ജിതേന്ദ്രകുമാര്‍...
“കാത്തിരിക്കുന്നതും തിരഞ്ഞുചെല്ലുന്നതുമെന്തിനു, തന്നുള്ളിൽ തന്നെ ഉള്ളതിനെ.
കസ്തൂരി മാൻ കസ്തൂരി തിരയുന്നതു പോലെ“
സത്യം. തിരച്ചിൽ ഞാൻ നിറുത്തിയിരുന്നു. ഇത് അൽ‌പ്പം പഴകിയ എഴുത്തു തന്നെ. ഈയിടെ ഒരു വരി പോലും എഴുതാൻ കഴിയുന്നില്ല എന്നതിനാൽ പഴയതൊക്കെ പോസ്റ്റുകയാ.
പിന്നെ, “കപടത” എന്ന വാക്കിലെ “ത” ടൈപ്പു ചെയ്യുന്നതിനിടയിൽ വിഴുങ്ങിപ്പോയതാ. ശ്രദ്ധാപൂർവ്വമുള്ള വായനക്കു നന്ദി ജിത്തു. തിരുത്തിനും :))
[എന്തവസ്ഥ, ഏതവസ്ഥ? :)))))))))))ചുമ്മാ :))]

വീ കെ said...

ലക്ഷ്മിച്ചേച്ചി..
‘മനോഹരമീ കവിത..’

അരുണ്‍ കായംകുളം said...

കൃഷാ നീ വേഗേനെ വായോ..
ലക്ഷ്മി ചേച്ചിയേ എന്തോ പറ്റി? ഒരു വിരഹം വരികളില്‍..?

കുമാരന്‍ | kumaran said...

ഇഷ്ടപ്പെട്ടു.

smitha adharsh said...

മൂപ്പര് പിരിയില്ലെന്കില്‍ നമുക്ക് ഇനിയും കുറച്ചു ജന്മങ്ങള്‍ ഒക്കെ ആവാം..അല്ലെ..?
നല്ല വരികള്‍..കേട്ടോ..നീളക്കൂടുതല്‍ ഒട്ടും തോന്നിയില്ല.
സമയക്കുറവ് കാരണം ഇവിടെ ഒക്കെ എത്താന്‍ വൈകിപ്പോയി..

പാമരന്‍ said...

കൊള്ളാം.. ഇത്രയുമായ സ്ഥിതിക്ക്‌ ഇതൊന്നു ചൊല്ലിപോസ്റ്റിക്കൂടായിരുന്നോ?

ശ്രീ said...

വളരെ നന്നായിട്ടുണ്ട്

Typist | എഴുത്തുകാരി said...

നീളക്കൂടുതല്‍ തോന്നിയില്ലല്ലോ. ഇഷ്ടായി.

lakshmy said...

വീ.കെ..നന്ദി :)

അരുണ്‍ കായംകുളം...നന്ദി അരുൺ [ചുമ്മാ പറ്റീരല്ലേ എല്ലാം ] :)

കുമാരന്‍ | kumaran...നന്ദി :)

smitha adharsh...നന്ദി സ്മിത :)

പാമരന്‍ ...നന്ദി :) [ചൊല്ലാനെനിക്കറിയില്ല പാമൂസ് :( പാടും പോലല്ലോ]

ശ്രീ...നന്ദി :)

Typist | എഴുത്തുകാരി...നന്ദി ചേച്ചി :)

chandunair said...

സഖേ...
'ബാല്യം'എന്ന പേരില്‍,ഒരു കവിത എന്റെ
ബ്ലോഗിലും രചിച്ചിട്ടുണ്ട്..ഒന്ന് വായിക്കുക.
ആശയങ്ങള്‍ തമ്മില്‍ നല്ല ബന്ധം..
അത് അവിചാരിതം...
കവിത ഇഷ്ട്ടപെട്ടു...
നന്മകള്‍ നേര്ന്നുകൊണ്ട്
ചന്തുനായര്‍ ( ആരഭി, chandunair.blogspot.com)