Wednesday, 28 May 2008

ഇവള്‍...[രാമയണ] സീത

ക്ഷിതിയില്‍ നിന്നുയിരാര്‍ന്നവള്‍
ക്ഷിതിയേക്കാള്‍ ക്ഷമയാര്‍ന്നവള്‍
ക്ഷോണീസ്നേഹവും വീര്യ-
ക്ഷാത്രവുമുള്‍ക്കൊണ്ടവള്‍

മനസ്സിന്‍ മണ്ഡപത്തില്‍
രഘുരാമനു മാത്രമായി
വരണമാല്ല്യമൊന്നു
കൊരുത്തു കാത്തിരുന്നോള്‍

മാരീചച്ചതി മായ-
പ്പൊന്മാനായ് മയക്കിലും
രാവണക്രൌര്യം ദശ-
ശിരസ്സാല്‍ ഹസിക്കിലും

അഗ്നി പോല്‍ തിളങ്ങിയോള്‍
അഗ്നി പരീക്ഷയാല്‍ മറ്റേറിയോള്‍
സങ്കടപ്പെരും കടല്‍
ഭക്തിചുമലേറിക്കടന്നോള്‍

കിനാവിന്നുണ്ണികളെ
ഗര്‍ഭത്തില്‍ ചുമക്കവേ
പരിത്യക്തയായ് വന-
മദ്ധ്യത്തില്‍ പകപ്പവള്‍

ഒടുവിലംബയാം ഭൂവി-
ലലിയാന്‍ കാത്തീടിലും
തല ചായ്ക്കുവാനെന്നും
രാമപാദം തേടുവോള്‍
2 comments

Wednesday, 21 May 2008

വേലി.............കെട്ടണ്ടായിരുന്നു

വേലികെട്ടുകാരി നീലിപ്പെണ്ണും
വേലി കെട്ടാന്‍ വിരുതുള്ള വേലപ്പനും
കണ്ടുമുട്ടി, മനസ്സു കൂട്ടിക്കെട്ടി
വേലപ്പന്‍ സ്വപ്നത്തില്‍ കോട്ട കെട്ടി
പാതിനിദ്രയിലും നീലി വേലികെട്ടി
ഒരുനാള്‍ വേലു നീല്യേ താലികെട്ടി
നീലിക്കായൊരുപുത്തന്‍ വേലികെട്ടി
ഒരുകൈ സഹായം കൊടുത്തു നീലി
മൂവന്തിയോളവും കൂടെ നിന്നു
ചേലിലുറപ്പില്‍ വേലു വേലി കെട്ടി
പിന്നൊരേ ചിന്തയായ് വേലുവിന്
‘വേലിക്കുറപ്പതു പോരാന്നുണ്ടോ???’
ഇരവിലും പകലിലും ചുറ്റിനോക്കി
ഇളക്കിപ്പരിശോധിച്ചുറപ്പു വരുത്തി
വേലൂന്റെ വേലീടുറപ്പില്‍ നീലി
മുഴുനിദ്രയില്‍ സ്വപ്നം കണ്ടുറങ്ങി
വേലീടുറപ്പിനെ മാത്രമോര്‍ത്ത
വേലൂനുറക്കമോ ഇല്ലാതായി
പണ്ടു കോട്ട തീര്‍ത്ത സ്വപ്നനിദ്ര
ഓര്‍ത്തു പേര്‍ത്തും വേലു നെടുവീര്‍പ്പിടെ
ആരോ മൊഴിഞ്ഞപ്പോള്‍ വേലൂ‍നുള്ളില്‍
‘മാരണമീവേലി..........കെട്ടണ്ടായിരുന്നു’

Thursday, 15 May 2008

വസന്തമറിയാതെ..

‘വസന്തം ചെറിമരത്തോട് ചെയ്തത്
എനിക്ക് നിന്നോട് ചെയ്യണം’
പബ്ലോ നെരൂദഒരായിരം പൂക്കളാല്‍ പട്ടാട ചുറ്റിച്ച്
ഓരോ തരുവിലും പൊല്‍ഹാരങ്ങളണിയിച്ച്
വസന്തകാമുകന്‍ ഗര്‍വ്വിക്കേ,യാരാലും
കാണാതെയറിയാതെ ഉദ്യാ‍നക്കോണിലായ്
നില്‍പ്പതുണ്ടൊരു മരം, പൂക്കാതെ കായ്ക്കാതെ
ഋതുഭേദങ്ങളില്‍ മാറാതെ, തിങ്ങിടും വേദന
ശിശിരത്തിലിലകളായ് മാത്രം പൊഴിച്ച്
വേനലില്‍ നിഴലേകി, വര്‍ഷത്തില്‍ കുടയേന്തി,
മണ്ണിലാഴത്തിലൂന്നിയ വേരുകള്‍ പറിച്ചിടാ-
നാകാതെ,യൊരു മഴുമുനയുടെ കാരുണ്യമോ
ഒരു വര്‍ഷയിടിമിന്നല്‍ വാളിന്‍ ദയവോ കാത്ത്
നില്‍പ്പുണ്ടൊരു പാഴ്മരം, വസന്തവുമറിയാതെ

Friday, 9 May 2008

ഉള്ളി

ദളങ്ങളോരോന്നായ്
മുറിച്ചെറിഞ്ഞ്
തേടിയതെന്തായിരുന്നു?
പിന്നെ
ഒന്നുമില്ലെന്നു കണ്ട്
പിന്‍‌വാങ്ങിയതെന്തേ?
പുറം പോലെ തന്നെ
ഉള്ളെന്ന് ചൊല്ലീട്ടും
വിശ്വസിക്കാഞ്ഞതെന്തേ?
ഒടുവില്‍
വെറുതെ മിനക്കെട്ടെന്നും
കണ്ണു നീറ്റിയെന്നും
നെടുവീര്‍പ്പോ!
ക്ഷമിക്കുക
ഉള്ളില്‍
രഹസ്യത്തിന്റെ രത്നങ്ങളൊളിപ്പിച്ച
മാതളപ്പഴമല്ല;
ഇത് വെറുമൊരു
‘ഉള്ളി’യല്ലേ

Tuesday, 6 May 2008

എന്തേ..

ഒരു നിറപൂര്‍ണ്ണിമ നെഞ്ചിലൊതുക്കിയ
നിലാവാനമെന്തേ കറുത്തുപോയ്, ദൂരെയാ
താരകച്ചിരിയിലൊളിപ്പിച്ച വൈഡൂര്യ-
രത്നപ്രഭയുമണഞ്ഞു പോയ്, കാണാത്ത
കണ്‍കളിലെനിക്കായ് കരുതിയ സ്വപ്നത്തിന്‍
പൂവുകള്‍ വിടരാതെ കരിഞ്ഞു പോയ,റ്റത്തെ
പാതവളവോരം ചെന്നെത്തും കണ്‍കളൊരു
കാണാച്ചങ്ങലയില്‍ കുടുങ്ങിപ്പോയ്

ഏതോ സൌഹൃദസത്രങ്ങളില്‍, ഏക-
മിനിയുള്ള യാത്രയെന്നോര്‍ക്കാതെ,യറിയാതെ
മനസ്സു പങ്കിട്ടോര്‍ നാം; പിരിയുന്ന നേരത്തു
നിനക്കയേകാനുള്ളോരെന്‍ കണ്ണീര്‍ പൂക്കള്‍ തന്‍
ഭാരമധികമെന്നോര്‍ത്തിട്ടൊ; അകലുമ്പോള്‍
പറയേണ്ട യാത്രാമൊഴികളെ നിന്റെ
നിഘണ്ടുവില്‍ തേടി കാണാതെ തളര്‍ന്നിട്ടോ
എന്തേ ഞാനുറങ്ങുന്ന നേരത്തു മാറാപ്പും
മുറുക്കി നീ പോയി മറഞ്ഞു; ഇന്നെന്‍ പാര്‍ശ്വേ
നീയുറങ്ങിയൊരാ തല്‍പ്പച്ചുളിവുകളില്‍
നീ മറന്നു വച്ചു പോയൊരാ മൊഴിമുത്തില്‍
നിന്‍ ജീവല്‍ത്തുടിപ്പു തേടുന്നു; നീ പോകേ
നിന്‍ പാദപതനങ്ങള്‍ നെഞ്ചേറ്റിയ പാതയില്‍
ഇടറുന്ന ചുവടുമായ്, എന്തിനെന്നറിയാതെ
വായുവില്‍ തുഴയുന്ന കൈകളോടൊരു കുഞ്ഞു-
പൈതലായ് മനസ്സു തേങ്ങുന്നു; വിരല്‍ത്തുമ്പു
പിടിച്ചു ചുവടു വയ്പ്പിക്കുമൊരു കരത്തിന്റെ
കരുതലിന്‍ നേരു തേടുന്നു; നനുനനെ
ഓര്‍മ്മകളൊരു മഴയായ് പെയ്യും പാതയില്‍
ഒറ്റയ്ക്കു ഞാന്‍ നനയുന്നു; കുട ചൂടിക്കും
മനസ്സിന്റെ ചൂടു തേടുന്നു; ഈ വഴിയോര-
ത്തെന്നും ഞാന്‍ നിന്നെ തേടുന്നു