Sunday 29 October 2023

മരമൊഴികൾ

 

അക്കാട്ടിലുണ്ടാമരം

അരികത്തായുണ്ടീമരം

ഒരു പുലർക്കാലത്തിൽ

മഴ തോർന്ന നേരത്തിൽ

ആമരമീമരമൊരു മർമ്മരം

 

''ആഹാ! അതികാലെയുണർന്നെണീറ്റോ?’

 

''കോരിച്ചൊരിയുന്ന മഴയല്ലാർന്നോ

തളിരിലക്കുട നിവരുന്നേയുള്ളു.

പഴമേലാപ്പു ചോർന്നു വീണുപോയി.

ഞാനാകെ തണുത്തു വിറച്ചുപോയി‘

 

'പുതച്ചുറങ്ങാനൊന്നുമില്ലാരുന്നോ?'

 

തൂവൽപ്പുതപ്പു കുതിർന്നുപോയി'

 

'ഉണ്ണികൾക്കുറങ്ങുവാൻ പറ്റിയാർന്നോ?'

 

'ഇലയുള്ള ചില്ലേലുറക്കമാണ്

ഉണർന്നാൽപ്പിന്നെ ചെവി കേൾപ്പിക്കില്ല‘

 

ഇന്നലെയത്താഴമെന്തുണ്ടാർന്നു? ‘

 

'കതിർമണിയൊരുനുള്ളും തരമായില്ല

ഇലതിന്നുംപുഴുവൽപ്പം ഒത്തുകിട്ടി’'

 

'എന്തേ എന്നോടൊന്നു ചോദിക്കാർന്നേ ‘

 

അവിടേയും കുഞ്ഞുങ്ങളൊരുപാടില്ലേ.

അതിനാലെ ചോദിക്കാൻ തോന്നിയില്ല‘

 

'പ്രാതലിനുണ്ണികൾക്കെന്തു നൽകും? ‘

 

പഴംപുഴു ഇത്തിരി ബാക്കിയുണ്ട് ‘

 

'അയ്യോ! ഞാനൊരുപിടി കതിർ കൊണ്ടരാം’

 

പെട്ടെന്നൊരു വെടി-

യൊച്ച കേട്ടു.

മരമൊഴികളെല്ലാം

പറന്നുപോയി.

ചെറുവാക്കൊന്ന് വീണു-

ചിതറിപ്പോയി.

അകലും മൊഴി നോക്കി-

യാമരവും, വീണു-

പിടയും വാക്കു നോക്കി-

യീമരവും പിന്നെ,

ചൊല്ലറ്റു ചങ്കറ്റു

കണ്ണീർ പെയ്തു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

............കെട്ടണ്ടായിരുന്നു

 

വേലികെട്ടുകാരി നീലിപ്പെണ്ണും, വേലി-

കെട്ടാന്‍ വിരുതുള്ള വേലപ്പനും

കണ്ടുമുട്ടി, മനസ്സുകൾ കൂട്ടിക്കെട്ടി.

വേലപ്പന്‍ സ്വപ്നത്തില്‍ കോട്ടകെട്ടി;

പാതിനിദ്രയിലും നീലി വേലികെട്ടി.

ഒരുനാള്‍ വേലു നീല്യേ താലികെട്ടി.

നീലിക്കായൊരു പുത്തന്‍ വേലികെട്ടി.

ഒരു കൈസഹായം കൊടുത്തു നീലി,

മൂവന്തിയോളവും കൂടെനിന്നു.

ചേലുറപ്പിൽ വേലു വേലികെട്ടി.

പിന്നൊരേ ചിന്തയായ് വേലുവിന്.

വേലിക്കുറപ്പതു പോരാന്നുണ്ടോ???’

ഇരവിലും പകലിലും ചുറ്റിനോക്കി

ഇളക്കിയുറപ്പിച്ചീടുവരുത്തി.

വേലൂന്റെ വേലീടുറപ്പില്‍ നീലി

മുഴുനിദ്രയില്‍ സ്വപ്നം കണ്ടുറങ്ങി.

വേലീടുറപ്പിനെ മാത്രമോര്‍ത്ത

വേലൂനുറക്കമോ ഇല്ലാതായി.

പണ്ടു കോട്ടതീര്‍ത്ത സ്വപ്നനിദ്ര

ഓര്‍ത്ത് വേലു പേര്‍ത്തും നെടുവീര്‍പ്പിടെ,

ആരോ മൊഴിഞ്ഞപ്പോള്‍ വേലൂ‍നുള്ളില്‍

മാരണമീവേലി..........കെട്ടണ്ടായിരുന്നു’.

xxxxxxxxxxxxxxxxxxxxxxxxxxxx