ആഴങ്ങളിൽ കുഴിച്ചുമൂടപ്പെട്ടവയുടെ
ഇപ്പോഴും നിലച്ചിട്ടില്ലാത്ത
ചില സ്പന്ദനങ്ങളുണ്ട്,
നിൻ്റെ കാൽച്ചുവട്ടിലും,
എൻ്റെ കാൽച്ചുവട്ടിലും.
ഒന്നു കാതോർത്താൽ കേൾക്കാം,
പരസ്പരം കണ്ടെടുക്കപ്പെടാതിരിക്കാനായി
നീയും ഞാനും
മനപ്പൂർവ്വം മറക്കുന്ന,
മറയ്ക്കാൻ ശ്രമിക്കുന്ന,
നിൻ്റെയോ എൻ്റെയോ വിരൽസ്പർശത്താൽ
വീണ്ടെടുപ്പിനായി
നിശ്ശബ്ദം നിലവിളിക്കുന്ന,
അവയുടെ വളരെ നേർത്ത മിടിപ്പുകൾ.
കേൾക്കാൻ ശ്രമിക്കാത്തതല്ലേ?
അറിഞ്ഞില്ലെന്നു നടിക്കുന്നതല്ലേ?
അറിഞ്ഞാൽ
നമുക്കിടയിൽ തകർന്നുവീണേക്കാവുന്ന
ചുവരുകൾക്കടിയിൽപ്പെട്ട്
ഞെരിഞ്ഞുതീർന്നേക്കുമെന്നൊരു 'ഭയം'
ചെവിപൊത്തി, വാളോങ്ങി, നിൽപ്പുണ്ടിവിടെ.
അജീർണ്ണബാധയാൽ പ്രളയപ്പെടുമ്പോൾ
നമ്മെ വന്നുതൊടാറുണ്ട്,
ഇടക്കിടെ ഭൂമി വമിപ്പിക്കുന്ന
ഈ അവശേഷിപ്പുകൾ.
പിന്നീട്
നിർജ്ജലീഭവിച്ച് തളർന്നുറങ്ങുന്ന
ഭൂമിയുടെ
ഗർഭച്ചളിയാഴങ്ങളിലേക്ക്
ഭൂമിപോലുമറിയാതെ
നാമവയെ ചവിട്ടിത്താഴ്ത്താറുമുണ്ട്.
അമൃതാവശേഷിപ്പുകളായിരുന്നില്ലേ അവയെല്ലാം!!
ഇനി മതി.... വരൂ
ഇതാ എൻ്റെ കയ്യൊന്ന് കോർത്തുപിടിക്കൂ...
ഗർഭഗൃഹങ്ങളെ തിരഞ്ഞ്
നമുക്കൊരു യാത്ര പോകാം.
പരസ്പരം കെട്ടുപിണയുന്ന,
കെട്ടിപ്പുണരുന്ന,
അഴിക്കാൻ ശ്രമിക്കും തോറും
കൂടുതൽ സങ്കീർണ്ണമായി
ഇഴപിരിയുന്ന,
പരസ്പരപൂരകങ്ങളായ
ആദിമബിന്ദുക്കളെ കാണാം.
അവിടെവച്ച് നമുക്ക്
മുഖപടങ്ങളുപേക്ഷിക്കാം.
നമ്മിലെ നമ്മെ മാത്രം കണ്ടറിഞ്ഞ്
പരസ്പരമൊന്ന് ഇറുകെപ്പുണരാം
വരൂ... പോകാം
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx