പ്ലാവിൽ മുറുക്കിക്കെട്ടിയ കയറിൻ്റെ
മറുതുമ്പിലൂടെ പിടിച്ചിറങ്ങി,
കിടാവിൻജഡം പുറത്തെടുത്ത്,
കുഴികുത്തി മൂടുമ്പോഴതാ
കിണറ്റിൻകരയിലെ ആൾമറവട്ടത്തിൽ
ഒരുകാൽ കയറ്റിവച്ച്,
ആകെനരച്ച തലയിൽ
മുഷിഞ്ഞ ഈരിഴത്തോർത്താൽ
വട്ടക്കെട്ടു കെട്ടി,
ഒറ്റച്ചിറികോട്ടി നിൽക്കുന്നു,
ഒരു പരിഹാസച്ചിരി
''ഇനിയെന്ത്?'
''വെള്ളം വറ്റിച്ച് കിണർ ശുദ്ധമാക്കണം''
''ചുത്തം വരുത്താൻ നീയാരാ
മേമന നമ്പൂര്യാരോ?''
''അതു ചോദിക്കാൻ നിങ്ങളാരാ''
''അൻ്റെ മുത്തപ്പൻ''
ആയിരം പൊട്ടിച്ചിരികൾ
തലക്കുചുറ്റും വട്ടമിട്ടുപറക്കുമ്പോൾ
ഇരച്ചുകയറിയ കലിപ്പ്,
ജഡത്തിനുമേലിട്ട മണ്ണിൽ ചവിട്ടിയൊതുക്കി.
അഴിച്ചടുത്ത കയർ
വട്ടത്തിൽ മാടിച്ചുറ്റി,
ഇടത്തേത്തോളിലൂടെ
മേനിക്കുകുറുകേ വലത്തേക്കിട്ട്,
അശുദ്ധജലം നീക്കാൻ
മോട്ടർ പ്രവർത്തിപ്പിച്ചു.
പിന്നെ,
തെളിഞ്ഞ രുചിയുള്ള വെള്ളത്തിനായ്
പുതിയൊരു നെല്ലിപ്പലക തേടവേ
കണ്ടു,
കിണറ്റുകര ശൂന്യം.
'തൊണ്ണൂറാണ്ടുമുമ്പൊരു
പൊരിവേനലറുതിയിൽ
മേലാളരോട് പൊരുതി
അടിയാളർക്കു
നീരുതേവിക്കൊടുത്തേന്റെ പിറ്റേന്ന്
ഏൻതൊട്ടു തീണ്ട്യേ കിണറു
ചുത്തം ചെയ്തത്
മേമന നമ്പൂര്യാരാണേ....'
എന്നൊരു പരിഹാസം
അപ്പോൾ
തലക്കെട്ടു കെട്ടി
അകമറവട്ടത്ത് കാൽ കയറ്റിവച്ച്
ഒറ്റച്ചിറിയാൽ ചിരിച്ചു.
Xxxxxxxxxxxxxxxxxxxxxx