Saturday 17 October 2009

പ്രഭാതം

ഉണരും പുലർക്കാലപ്പൊൻതുടിപ്പിൽ

മഴപെയ്തുതോർന്നോരിളം തണുപ്പിൽ

രാമഴയോടൊത്തു നടനമാടിത്തളർ-

ന്നണിവാകക്കരമാർന്ന ബാഷ്പബിന്ദു,

അതുവഴി പോയൊരാ കുസൃതിച്ചെറുകാറ്റു

തന്നിളം കൈകളാൽ മെല്ലെത്തട്ടി,

അതുവരെയുണരാത്ത മുക്കൂറ്റിപ്പൂവിന്റെ

വദനത്തിൽ കുളിരായി പെയ്തുണർത്തേ...

 

രാവിൻ പടവിൽ കൊളുത്തിയ നക്ഷത്ര-

ദീപങ്ങളെല്ലാമണച്ചു വച്ചു -നിലാ-

പ്പാലാഴിയിലാറാടിയ ചന്ദ്രിക- തന്നീറൻ

ചേലമാറ്റാനന്തപ്പുരത്തിലേറേ..

 

അരുണിമയോലും പൂർവ്വാംബരത്തിൻ വിരി-

മാറിൽ നിന്നുണവാർന്ന വെൺ‌മേഘസുന്ദരി

രാവാകും തൊട്ടിലിൽ താരാട്ടിയുറക്കിയ

ബാ‍ലാർക്കനുണർന്നോയെന്നെത്തി നോക്കേ...

 

ഒരു രാവു മുഴുവനാപ്പവനൻ്റെ കൈകളാൽ

താലോലമാർന്നൊരാ മുല്ലവല്ലി, തന്റെ

ഉൾപ്പുളകത്തിന്റെ പൂമൊട്ടുകൾ, ശതം

പുഷ്പങ്ങളായ് മെയ്യണിഞ്ഞു നിൽക്കേ...

 

ഏഴുമുഴം വെയിൽച്ചേലചുറ്റി, പൊന്നി-

ന്നാമാടപ്പെട്ടി തുറന്നു വച്ച്,

തെളിവാനിൻ കണ്ണാടി തെല്ലു നോക്കി-

യണിഞ്ഞൊരുങ്ങുന്നൂ പ്രഭാതദേവി.