Monday 24 July 2023

ചിറകടിച്ചു പറന്നകന്നവ

പറന്നകലുന്ന ഓരോ ചിറകടിയിലും

ശ്രദ്ധാപൂർവ്വമുള്ള

ഒരു കൂടൊരുക്കത്തിന്റെ

നൈരന്തര്യമുണ്ട്.

പ്രണയത്തൂവലുകൾ

കോതിക്കോതി മിനുക്കിയ

സ്വപ്നങ്ങളുണ്ട്‌.

അടയിരിക്കും കാവലിന്റെ

നിതാന്തകാത്തിരിപ്പുണ്ട്‌.

തോടുമുട്ടിപ്പിളർത്തി

കൊക്കു നീട്ടുന്ന

ഹ്ളാദപുളകങ്ങളുണ്ട്‌.

പേമാരിയിലും തീവെയിലിലും കുടയാകുന്ന

ത്യാഗമുണ്ട്‌.

ചുണ്ടുകളിലേക്ക്‌ ചുണ്ടുകൾ പകരുന്ന

അതിജീവനത്തിന്റെ

ശ്രാന്തരഹിത അമൃതേത്തുകളുണ്ട്

 

പറന്നകലുന്ന ഓരോചിറകടിയിലും

നെഞ്ചിലേക്കു ചേർത്തടുക്കുന്ന

ഓർമ്മത്തോടിൻ്റെ

ബാക്കികളുണ്ട്‌.

ചിറകേറിയകന്നുപോയ

കാറ്റുണ്ട്‌, കുളിരുണ്ട്‌.

പൊടുന്നനെ പൊട്ടിവീണൊരു

വേനലിനെ,

പെറുക്കിയെടുത്ത തൂവൽത്തുണ്ടുകളാൽ

വീശിത്തണുപ്പിക്കുന്ന

ഒരു മുഴുവൻകാടിൻ്റെ

സ്പന്ദനം നിലച്ച

ഹൃദയമുണ്ട്.

xxxxxxxxxxxxxxxxxxxxxxxxxxxx

Friday 21 July 2023

പൊതിച്ചോർ

വിരൽത്തുമ്പിലെ

ഒരു ക്ലിക്കകലത്തിൽ

വാട്ടിയയിലയിൽ

നാടിനെ പൊതിഞ്ഞെടുത്ത്,

ഏഴുകടലകലങ്ങളെ

വാഴനാരിൽ കുറുക്കിക്കെട്ടി,

രസനോദ്ദീപങ്ങളാൽ

നാസിക വിടർത്തി,

ഒരു  പൊതിച്ചോർ.

 

പൊതി തുറന്നപ്പോൾ

മീൻകുട്ടയേറ്റി,

സൈക്കിൾബെൽച്ചിരിയുമായി

മുന്നിൽത്തന്നെ നിൽക്കുന്നു,

മാമുണ്ണിച്ചേട്ടൻ.

കാൽക്കൽ കുറുകുന്ന

കുറിഞ്ഞിക്ക്

പറ്റുപടി - മത്തിയൊന്ന്.

വറചട്ടിയിൽ

പൊരിമീൻ  മൊരിയുമ്പോൾ,

വയർ  മുറുക്കിക്കെട്ടി,

ചെമ്മൺനിരത്തിലൂടെ

ഇരുചക്രങ്ങളിൽ

'പൂഹോയ്' വിളിച്ച് പാഞ്ഞുപോകുന്നു,

ആറു വയറുകളുടെ പൊരിച്ചിൽ.

 

കാന്താരിയും, കുഞ്ഞുള്ളിയും,

ഉപ്പുമാങ്ങയും, ചോറുമായ്,

അമ്മിക്കല്ലിൻമേൽ നടത്തിയ

സന്ധിസമ്മേളനത്തിൻ

ഉപ്പു നോക്കുന്ന മുത്തശ്ശിക്കൈകൾ,

ഉണ്ണിനാവിൽ തേക്കുന്നു, തേനുംവയമ്പും.

 

തൈർക്കലം കമിഴ്ത്തി

പുളിശ്ശേരിയിൽ

അമ്മ കടുകു വറുത്തിടുമ്പോൾ,

ദൂരെ, അച്ഛന്റെ മോപ്പഡിന്റെ സ്വരത്തിലേക്ക്‌

നീട്ടിവിളിച്ചക്ഷമയാകുന്നു,

തൊഴുത്തിൽ പാറുപ്പശു.

 

വൈകുന്നേരയാത്ര പോകുന്ന

നേരമ്പോക്കുകൾ,

കൊക്കിൻതലയിൽ വെണ്ണ വച്ച്,

ഉരുകി കണ്ണിൽ വീഴുമ്പോൾ

കാഴ്ച മറയുന്ന കൊക്കിനെ പിടിക്കാൻ

ഏട്ടൻ പതിയിരുന്ന പാടവും കടന്ന്,

വിശറിപ്പ്രാവുകൾ പറന്നുപാറുന്ന

സുരേന്ദ്രൻ്റെ

ചാണകം മെഴുകിയ മുറ്റവും കടന്ന്,

റെയിൽപ്പാളത്തിനപ്പുറം

നീലാമ്പലുകൾ വിരിയുന്ന

തോടുകളും കടന്ന്,

വള്ളിയുടെ കുടിലെത്തിനിൽക്കുന്നു.

അരിഞ്ഞെടുത്ത ചീരക്കെട്ടുകൾക്ക് മേൽ

പണം കൈമാറുമ്പോൾ

ഒരു കള്ളനോട്ടം കുടിൽ കയറുന്നു.

പാതിവാതിൽ മറച്ച്

കരിവളകളുടേയും

നിറംമങ്ങിയ അരപ്പാവാടയുടേയും

തിരനോട്ടം,

നിശയിൽ കിനാപ്പടിവാതിൽ

തള്ളിത്തുറന്നകം പൂകി,

ചീരവിത്തുകൾ പാകി

വെള്ളമൊഴിക്കുന്നു.

 

പിറ്റേന്ന്

വിശപ്പ് ഉച്ചബെല്ലടിക്കുമ്പോൾ,

പള്ളിക്കൂടം

ഒരുപാടു രുചിഗന്ധങ്ങൾ വിളമ്പി,

സദ്യയുണ്ണാനിരിക്കുന്നു.

ചോറ്റുപാത്രം തുറക്കുമ്പോൾ

ചെഞ്ചീരച്ചോപ്പിൽ

തുടുത്ത ചോറിൽ

വള്ളി ചിരിക്കുന്നു.

ചാരെ,

വിശപ്പില്ലെന്ന കള്ളത്താൽ

വിളറിയ മുഖം മറച്ച്

സതീർത്ഥ്യനും.

പാത്രത്തിൻ്റെയടപ്പിൽ

പകുത്തു നൽകിയ

സ്നേഹവും കരുതലും,

കണ്ണുനീരുപ്പു ചേർത്തവൻ കഴിക്കുമ്പോൾ,

പാതിനിറഞ്ഞ വയറിലും

മനസ്സിനെന്തേയിത്ര നിറവ്

എന്നത്ഭുതപ്പെടവേ,

ബെല്ലടിക്കുന്നു.

ഡോറിൽ ഗാർബേജ്‌ കളക്റ്റ് ചെയ്യുന്നയാൾ.

 

ഗൃഹാതുരബാക്കികൾ

വടിച്ചുനക്കി,

ഇല വെയ്സ്റ്റ്ബാഗിലിട്ട് കെട്ടി,

തിടുക്കത്തിൽ ബാഗ് പുറത്തേക്കു വക്കുമ്പോൾ

ഓർമ്മ മുറിച്ചൊരു എക്കിൾ

നെഞ്ചിൽ തട്ടി

ഒരു ഗ്ലാസ് വെള്ളം നീട്ടുന്നു.

xxxxxxxxxxxxxxxxxxxxxxxxxx

 

 


Friday 14 July 2023

മുറുക്കിത്തുപ്പിച്ചെടി*

മുത്തശ്ശിയൊരു

ചെപ്പടിവിദ്യക്കാരിയായിരുന്നു.

 

തളിർവെറ്റിലപ്പച്ചയും

ചുണ്ണാമ്പിൻ വെളുപ്പും

പാക്കിന്നിളം തവിട്ടും കൂടി

കടുംചുവപ്പു നിറമാക്കുന്ന

മന്ത്രവിദ്യയൊളിപ്പിച്ച

മുത്തശ്ശിവായിലെ അത്ഭുതമായിരുന്നു

ഉണ്ണിക്കണ്ണിലെ ഒരു കൗതുകം.

 

നീട്ടിത്തുപ്പിയെറിഞ്ഞ

താമ്പൂലവിത്തുകൾ,

പിറ്റേന്ന്

പച്ച, ചുവപ്പ്, ബ്രൗൺ നിറങ്ങൾ ഇടകലർന്ന

ഇലകളായ് കിളിർക്കുന്ന

''മുറുക്കിത്തുപ്പിച്ചെടി''യായിരുന്നു,

അതിനേക്കാൾ അതിശയം.

 

അത്ഭുതം കുഞ്ഞിക്കൺമിഴിക്കുമ്പോൾ

ചെഞ്ചോരിവായ് തുറന്ന്,

പല്ലില്ലാമോണ കാട്ടി,

ചിരിക്കുന്നു, മുത്തശ്ശി.

മുത്തശ്ശിക്കൊപ്പം

ചെഞ്ചോരിച്ചിരിയിലുദിക്കുന്നു,

പ്രഭാതങ്ങൾ.

 

ഉണരുമ്പോൾ മുതൽ

മുത്തശ്ശിയോരം പറ്റുന്ന

അതിശയക്കുടുക്കയുടെ

കുഞ്ഞിക്കണ്ണുകൾ നിറക്കാൻ,

വെറ്റിലത്താമ്പാളം

തുറന്നുവച്ചിട്ടുണ്ടാവും, മുത്തശ്ശി.

 

വീണ്ടും വീണ്ടും

പച്ചയും, വെളുപ്പും, ഇളംതവിട്ടും,

പിന്നെ ചുവപ്പും നിറങ്ങളിൽ,

മുത്തശ്ശിവായിലും മുറ്റത്തിന്നതിരിലും

വിരിയുന്നുണ്ടാകും ഇന്ദ്രജാലങ്ങൾ.

 

''മുറ്റം തുപ്പിനിറയ്ക്കല്ലേയമ്മേ''യെന്ന്

അമ്മ പരിഭവിക്കുമ്പോൾ,

''ഈ കുഞ്ഞിപ്പെണ്ണിതെവിടെയൊളിപ്പിച്ചെൻ്റെ

കോളാമ്പി''യെന്ന്

മുത്തശ്ശി പരതുമ്പോൾ,

കവിൾനിറഞ്ഞ താമ്പൂലം

മുറ്റത്ത് പാകിമുളപ്പിക്കേണ്ട

മുറുക്കിത്തുപ്പിച്ചെടിയിൽ

ഇതൾവിരിഞ്ഞു വരാനുള്ള

നിറങ്ങളെക്കുറിച്ചു മാത്രമാവും

കുഞ്ഞുമനസ്സിൻ്റെ ചിന്തകൾ.

 

തുപ്പൽകോളാമ്പികൾ എന്നും ഒളിച്ചിരുന്നു.

താമ്പൂലവിത്തു പാകിമുളച്ച്,

മുറുക്കിത്തുപ്പിച്ചെടി തളിർത്ത്,

മുറ്റംനിറ,ഞ്ഞുണ്ണി മനം നിറഞ്ഞു.

 

പിന്നെയൊരു നാൾ

ജാലങ്ങളെല്ലാം ഭദ്രമായെടുത്തുവച്ച്,

മുത്തശ്ശി താമ്പാളമടച്ചു.

പുതുവിത്തു വീണുമുളയ്ക്കാതെ

മുറുക്കിത്തുപ്പിച്ചെടികൾ

ഇല്ലാതായി.

ഓർമ്മകൾ പോലും കരിഞ്ഞ്,

മുറ്റം ഊഷരമായി.

 

വർഷങ്ങൾക്കിപ്പുറം

പുതുവീടിൻ്റെ

കോൺക്രീറ്റ് പാകിയ മുറ്റത്തിനു വേണ്ടി,

അലങ്കാരച്ചെടികൾക്കായി

ഗൂഗിൾസെർച്ച് ചെയ്യുമ്പോൾ,

ഓഫർ.

ക്ലിക്ക് ചെയ്തപ്പോൾ,

പച്ച, ചുവപ്പ്, തവിട്ട് നിറങ്ങളിൽ

ആകെത്തളിരിട്ട്

സ്ക്രീൻ നിറയുന്നു

മുത്തശ്ശിച്ചിരി!!

 

ഇന്ന്,

നിറയെ മുറിച്ചുനട്ട ചട്ടികളിൽ

മുറ്റം മുഴുക്കേ

നാളെ ഇതൾനീർത്തേണ്ട

മുത്തശ്ശിച്ചിരികൾക്കായ്

ഓർമ്മത്താമ്പൂലം ചവച്ചുതുപ്പുന്നു,

ഞാനെന്ന മജീഷ്യൻ.

xxxxxxxxxxxxxxxxxxxxxxxxxxxxxx

 

*കണ്ണാടിച്ചെടി