Tuesday, 23 June 2009

മഴക്കു ശേഷം

മഴ
ഉടലിനേയുമുയിരിനേയും
ആകെ നനക്കുന്ന
നിലയ്ക്കാപ്പെരും‌ മഴ
വീശിയടിക്കുന്ന കാറ്റിൽ
പ്രകൃതിയുടെ ദംഷ്ട്രകൾ
മിന്നൽ‌പ്പിണരുകളായ് തിളങ്ങവേ
വിറയാർന്നു ചുരുങ്ങുന്ന
ദേഹവും പ്രാണനും
ഒരു ചൂടിൻ നീഡം തേടുന്നു
അതു കാണേ
അട്ടഹസിക്കുമിടിനാദത്തോടെ
വർഷപ്പെയ്ത്തിന്നാക്കം കൂടവേ
ആയിരം മഴപ്പാശങ്ങൾ
വീണ്ടും ചുറ്റിവരിയുന്നു
ആ പാശങ്ങൾ നിയന്ത്രിക്കും
കാറ്റിൻ കൈകൾ
അമ്മാനമാട്ടുന്നു
ഈ സന്താപപ്പെരും മഴയിൽ
ബോധമണ്ഡലവും നിർജ്ജീവമാകുന്നു
പിന്നെയൊരു കുത്തൊഴുക്കിൽ
വേദനയുടെ ഓർമ്മകളും
ഏതോ കാണാക്കയങ്ങളിൽ
മറയുന്നതോടൊപ്പം
പ്രകൃതിയും തളർന്നുറങ്ങുന്നു
പതുക്കെ
പ്രജ്ഞ വീണ്ടെടുക്കുമ്പോൾ
ആദ്യം മരവിപ്പിക്കുന്ന നിർവികാരത
പിന്നെ
നനഞ്ഞ ഉടലിനേയുമുയിരിനേയും
മെല്ലെ തോർത്തിയുണക്കുന്ന
ഒരു ചെറുവെയിലിനെ
കാക്കാൻ തുടങ്ങുന്നു മനസ്സ്
വീണ്ടുമൊരു ഗ്രീഷ്മതാപവും
പിന്നെയൊരു തോരാപ്പേമാരിയും
പുറകേയുണ്ടെന്നറിഞ്ഞിട്ടും
വെറുതെ
ഓർമ്മപ്പുസ്തകത്താളുകൾക്കിടയിൽ സൂക്ഷിക്കാൻ
ഒരു മയിൽ‌പ്പീലിയായ്
ഒരു
ഇളം വെയിൽ

Friday, 12 June 2009

വിധാതാവിനോട്

തരികെനിക്കെന്റെ നഷ്ടസ്വർഗ്ഗങ്ങളെ
തരിക നൈർമ്മല്യമേറുന്ന ബാല്ല്യവും
കളങ്കലേശമേശാത്തൊരെൻ കൌമാര-
കൽ‌പ്പിതമാകും മുഗ്ദ്ധസ്വപ്നങ്ങളും

കപടതയെന്തെന്നറിയാത്തൊരക്കാല-
ത്തരിയ പൂമ്പാറ്റ പോലെന്റെ മാനസം
മരുവിയീലോകമാകും പൂവാടിയിൽ
അരുമസ്വപ്നവർണ്ണങ്ങൾ ചിറകേറ്റി

വിടർന്ന പൂവിന്റെ ഭംഗി മാത്രം കണ്ടു
വിടരും ചിരിയിലെ നന്മ മാത്രം കണ്ടു
മുള്ളുകൊള്ളാതെ കാലുഷ്യമേൽക്കാതെ
എന്നെ കാക്കുന്ന നിന്നെ മാത്രം കണ്ടു

എവിടെ വച്ചാണു നീയെൻ കരതലം
വിടർത്തി വേർപ്പെട്ടു പോയി മറഞ്ഞതും
എവിടെ വച്ചാണു ഞാനറിയാതെന്റെ
അരിയ ജന്മത്തിൽ കരിനിഴൽ വീണതും

വിധിയാം കാട്ടാളനെയ്യും കൂരമ്പുകൾ
ഹൃദയത്തിലേറ്റു പിടയും മാൻപേട പോൽ
നിണമൊഴുകുന്ന ഹൃത്തവുമിടറുന്ന
പദവുമായെന്റെ ജീവനിതാ ബാക്കി

പറകയെന്തപരാധം ഞാൻ ചെയ്തു പോയ്
കൊടിയ ദു:ഖങ്ങൾ മാത്രമായ് നൽകുവാൻ
അതിവിശുദ്ധമാമെൻ കിനാപ്പൂക്കളെ
വിടരും മുൻപേ നുള്ളീയെറിഞ്ഞീടുവാൻ

ഒരുപാടു നാളായ് ഞാനെന്റെയാത്മാവാം
യാചനാപാത്രം നിൻ നേരേ നീട്ടുന്നു
കനിവിന്റെ ഭിക്ഷ മാത്രം ഞാൻ യാചിപ്പൂ
അതു പക്ഷെ പുഞ്ചിരിച്ചു നീ തള്ളുന്നു

ഏകുന്നു വീണ്ടും വീണ്ടും പരീക്ഷകൾ
ഏറ്റേറ്റേറേ തളർന്നു ഞാൻ വീഴുന്നു
ദയവിന്റെയൊരു നീർത്തുള്ളി തേടവേ
എവിടെയോ നീ ചിരിച്ചു മറയുന്നു

എന്റെ കണ്ണുനീർ വറ്റീവരണ്ടു പോയ്
എന്റെ പ്രജ്ഞതൻ ബാക്കിയും മാഞ്ഞു പോയ്
ഇന്നെൻ ജന്മസമരാങ്കണഭൂമിയിൽ
വ്രണിത ഞാനേക, നീയും മറഞ്ഞു പോയ്!

രാമപാദത്തിൻ ദിവ്യമാം സ്പർശത്താൽ
മോക്ഷം തേടുന്ന മറ്റൊരഹല്ല്യ ഞാൻ
ഇനിയുമെന്തിനീ താമസം?! വരിക നീ
ദിവ്യമാപ്പാദമെൻ ശിരസ്സിൽ ചേർക്ക

ഒരു മൺ കട്ടയ്ക്കു തുല്ല്യമെൻ തപ്തമാം
ശാപജന്മം പൊടിഞ്ഞു ചിതറട്ടെ
നേടട്ടേ വീണ്ടുമൊരു പുണ്യപുനർജ്ജനി
ആയതിനായി തപസ്സിരിപ്പാണു ഞാൻ

വരികയില്ലെന്നോ നീ ഗുരുപവനപു‌-
രാധീശ,യേറേ തിരക്കിലാണങ്ങെന്നോ?
ചപല! ഞാനിതെന്തേയറിയാഞ്ഞുള്ളൂ
വന്നിടാം ഞാനവിടുത്തടുത്തേയ്ക്ക്

നിത്യമായൊരു ശാന്തിയും സ്നേഹവും
മാത്രമുള്ളൊരാ ഭഗവത് പദത്തിങ്കൽ
കെട്ടിറക്കി വയ്ക്കട്ടെ ഞാനെന്റെയീ
ശാപജന്മത്തിൻ ദു:ഖമാറാപ്പുകൾ

ഇവിടെയേകൂ നീയെൻ നഷ്ടസ്വർഗ്ഗങ്ങൾ
കളങ്കമേൽക്കാത്ത മുഗ്ദ്ധസ്വപ്നങ്ങളും
നിൻ തിരുപാദത്തിങ്കലെ ധൂളിയായ്
മാറുവാനുള്ളൊരാമഹാ ഭാഗ്യവും

തരികെനിക്കെന്റെ നഷ്ടസ്വർഗ്ഗങ്ങളെ
തരികെനിക്കെന്റെ മുഗ്ദ്ധസ്വപ്നങ്ങളെ
തരിക,യിനിയൊരു ജന്മവും നീയെന്നെ
പിരികയില്ലെന്നൊരാ വരദാനവും

കണ്ണേ മടങ്ങുക..

വഴിവക്കിലെ പൊന്തക്കരികിലായാണ്
വീണു കിടപ്പുണ്ടായിരുന്നത്
കഴുത്തു പിരിഞ്ഞ്
തൂവലുകൾ ചിതറി
വിളർത്ത കണ്ണുകൾ പാതി കൂമ്പി
ആ വെൺപിറാവ്

ഇന്നലേയും കണ്ടതാണ്
കൊത്തിപ്പെറുക്കുന്നത്,
കൂട്ടുകാരൊത്ത്
പങ്കു വയ്ക്കുന്നത്,
തമ്മിൽ കളിയിൽ കൊത്തി
ചിലച്ചു പറക്കുന്നതും
കൊക്കും ചിറകും
ഉരുമ്മിക്കുറുകുന്നതും

ഇന്നു പക്ഷെ
കൂട്ടുകുഞ്ഞു ചിറകുകളെല്ലാം
തിരിച്ചു വരാതെങ്ങോ
പറന്നു പോയിരിക്കുന്നു
പകരം
ചുറ്റും പകച്ചുയർന്ന്
തരിച്ചു നിൽക്കുന്ന
ചെറുമൺ‌കൂനകൾ മാത്രം

അവയ്ക്കിടയിൽ,
പറന്നുയരാനാവാതെ
വീണു പോയൊരു നൈർമ്മല്യം
പാതി കൂമ്പിയ മിഴികൾക്കുള്ളിൽ
ഉറഞ്ഞു കൂടി
നിശ്ചലമായി കിടപ്പുണ്ടായിരുന്നു