Saturday, 17 October 2009

പ്രഭാതം

ഉണരും പുലർക്കാലത്തിൻ പൊൻ‌തുടുപ്പിൽ
രാത്രിമഴ പെയ്തു തോർന്നോരിളം തണുപ്പിൽ
രാമഴയോടൊത്തു നടനമാടിത്തളർ-
ന്നണിവാകക്കരമാർന്ന ബാഷ്പബിന്ദു
അതുവഴി പോയൊരാ കുസൃതിച്ചെറുകാറ്റു
തന്നിളം കൈകളാൽ മെല്ലെത്തട്ടി
അതുവരെയുണരാത്ത മുക്കൂറ്റിപ്പൂവിന്റെ
വദനത്തിൽ കുളിരായി പെയ്തുണർത്തേ

രാവിൻ പടവിൽ കൊളുത്തിയ നക്ഷത്ര-
ദീപങ്ങളെല്ലാമണച്ചു വച്ചു,
-നിലാപ്പാലാഴിയിലാറാടിയ-ചന്ദ്രിക, തന്നീറൻ
ചേലമാറ്റാനന്തപ്പുരത്തിലേറേ

അരുണിമയോലും പൂർവ്വാംബരത്തിൻ
വിരിമാറിൽ നിന്നുണവാർന്ന വെൺ‌മേഘസുന്ദരി
രാവാകും തൊട്ടിലിൽ താരാട്ടിയുറക്കിയ
ബാ‍ലാർക്കനുണർന്നോയെന്നെത്തി നോക്കേ

ഒരു രാവു മുഴുവനാ പവനന്റെ കൈകളാൽ
താലോലമാർന്നൊരാ മുല്ലവല്ലി, തന്റെ
ഉൾപ്പുളകത്തിന്റെ പൂമൊട്ടുകൾ ശതം
പുഷ്പങ്ങളായ് മെയ്യണിഞ്ഞു നിൽക്കേ

ഏഴുമുഴം വെയിൽ ചേല ചൂറ്റീ
പൊന്നിന്നാമാടപ്പെട്ടി തുറന്നു വച്ച്
തെളിവാനിൻ കണ്ണാടി തെല്ലു നോക്കി-
യണിഞ്ഞൊരുങ്ങുന്നൂ പ്രഭാതദേവി

Tuesday, 23 June 2009

മഴക്കു ശേഷം

മഴ
ഉടലിനേയുമുയിരിനേയും
ആകെ നനക്കുന്ന
നിലയ്ക്കാപ്പെരും‌ മഴ
വീശിയടിക്കുന്ന കാറ്റിൽ
പ്രകൃതിയുടെ ദംഷ്ട്രകൾ
മിന്നൽ‌പ്പിണരുകളായ് തിളങ്ങവേ
വിറയാർന്നു ചുരുങ്ങുന്ന
ദേഹവും പ്രാണനും
ഒരു ചൂടിൻ നീഡം തേടുന്നു
അതു കാണേ
അട്ടഹസിക്കുമിടിനാദത്തോടെ
വർഷപ്പെയ്ത്തിന്നാക്കം കൂടവേ
ആയിരം മഴപ്പാശങ്ങൾ
വീണ്ടും ചുറ്റിവരിയുന്നു
ആ പാശങ്ങൾ നിയന്ത്രിക്കും
കാറ്റിൻ കൈകൾ
അമ്മാനമാട്ടുന്നു
ഈ സന്താപപ്പെരും മഴയിൽ
ബോധമണ്ഡലവും നിർജ്ജീവമാകുന്നു
പിന്നെയൊരു കുത്തൊഴുക്കിൽ
വേദനയുടെ ഓർമ്മകളും
ഏതോ കാണാക്കയങ്ങളിൽ
മറയുന്നതോടൊപ്പം
പ്രകൃതിയും തളർന്നുറങ്ങുന്നു
പതുക്കെ
പ്രജ്ഞ വീണ്ടെടുക്കുമ്പോൾ
ആദ്യം മരവിപ്പിക്കുന്ന നിർവികാരത
പിന്നെ
നനഞ്ഞ ഉടലിനേയുമുയിരിനേയും
മെല്ലെ തോർത്തിയുണക്കുന്ന
ഒരു ചെറുവെയിലിനെ
കാക്കാൻ തുടങ്ങുന്നു മനസ്സ്
വീണ്ടുമൊരു ഗ്രീഷ്മതാപവും
പിന്നെയൊരു തോരാപ്പേമാരിയും
പുറകേയുണ്ടെന്നറിഞ്ഞിട്ടും
വെറുതെ
ഓർമ്മപ്പുസ്തകത്താളുകൾക്കിടയിൽ സൂക്ഷിക്കാൻ
ഒരു മയിൽ‌പ്പീലിയായ്
ഒരു
ഇളം വെയിൽ

Friday, 12 June 2009

വിധാതാവിനോട്

തരികെനിക്കെന്റെ നഷ്ടസ്വർഗ്ഗങ്ങളെ
തരിക നൈർമ്മല്യമേറുന്ന ബാല്ല്യവും
കളങ്കലേശമേശാത്തൊരെൻ കൌമാര-
കൽ‌പ്പിതമാകും മുഗ്ദ്ധസ്വപ്നങ്ങളും

കപടതയെന്തെന്നറിയാത്തൊരക്കാല-
ത്തരിയ പൂമ്പാറ്റ പോലെന്റെ മാനസം
മരുവിയീലോകമാകും പൂവാടിയിൽ
അരുമസ്വപ്നവർണ്ണങ്ങൾ ചിറകേറ്റി

വിടർന്ന പൂവിന്റെ ഭംഗി മാത്രം കണ്ടു
വിടരും ചിരിയിലെ നന്മ മാത്രം കണ്ടു
മുള്ളുകൊള്ളാതെ കാലുഷ്യമേൽക്കാതെ
എന്നെ കാക്കുന്ന നിന്നെ മാത്രം കണ്ടു

എവിടെ വച്ചാണു നീയെൻ കരതലം
വിടർത്തി വേർപ്പെട്ടു പോയി മറഞ്ഞതും
എവിടെ വച്ചാണു ഞാനറിയാതെന്റെ
അരിയ ജന്മത്തിൽ കരിനിഴൽ വീണതും

വിധിയാം കാട്ടാളനെയ്യും കൂരമ്പുകൾ
ഹൃദയത്തിലേറ്റു പിടയും മാൻപേട പോൽ
നിണമൊഴുകുന്ന ഹൃത്തവുമിടറുന്ന
പദവുമായെന്റെ ജീവനിതാ ബാക്കി

പറകയെന്തപരാധം ഞാൻ ചെയ്തു പോയ്
കൊടിയ ദു:ഖങ്ങൾ മാത്രമായ് നൽകുവാൻ
അതിവിശുദ്ധമാമെൻ കിനാപ്പൂക്കളെ
വിടരും മുൻപേ നുള്ളീയെറിഞ്ഞീടുവാൻ

ഒരുപാടു നാളായ് ഞാനെന്റെയാത്മാവാം
യാചനാപാത്രം നിൻ നേരേ നീട്ടുന്നു
കനിവിന്റെ ഭിക്ഷ മാത്രം ഞാൻ യാചിപ്പൂ
അതു പക്ഷെ പുഞ്ചിരിച്ചു നീ തള്ളുന്നു

ഏകുന്നു വീണ്ടും വീണ്ടും പരീക്ഷകൾ
ഏറ്റേറ്റേറേ തളർന്നു ഞാൻ വീഴുന്നു
ദയവിന്റെയൊരു നീർത്തുള്ളി തേടവേ
എവിടെയോ നീ ചിരിച്ചു മറയുന്നു

എന്റെ കണ്ണുനീർ വറ്റീവരണ്ടു പോയ്
എന്റെ പ്രജ്ഞതൻ ബാക്കിയും മാഞ്ഞു പോയ്
ഇന്നെൻ ജന്മസമരാങ്കണഭൂമിയിൽ
വ്രണിത ഞാനേക, നീയും മറഞ്ഞു പോയ്!

രാമപാദത്തിൻ ദിവ്യമാം സ്പർശത്താൽ
മോക്ഷം തേടുന്ന മറ്റൊരഹല്ല്യ ഞാൻ
ഇനിയുമെന്തിനീ താമസം?! വരിക നീ
ദിവ്യമാപ്പാദമെൻ ശിരസ്സിൽ ചേർക്ക

ഒരു മൺ കട്ടയ്ക്കു തുല്ല്യമെൻ തപ്തമാം
ശാപജന്മം പൊടിഞ്ഞു ചിതറട്ടെ
നേടട്ടേ വീണ്ടുമൊരു പുണ്യപുനർജ്ജനി
ആയതിനായി തപസ്സിരിപ്പാണു ഞാൻ

വരികയില്ലെന്നോ നീ ഗുരുപവനപു‌-
രാധീശ,യേറേ തിരക്കിലാണങ്ങെന്നോ?
ചപല! ഞാനിതെന്തേയറിയാഞ്ഞുള്ളൂ
വന്നിടാം ഞാനവിടുത്തടുത്തേയ്ക്ക്

നിത്യമായൊരു ശാന്തിയും സ്നേഹവും
മാത്രമുള്ളൊരാ ഭഗവത് പദത്തിങ്കൽ
കെട്ടിറക്കി വയ്ക്കട്ടെ ഞാനെന്റെയീ
ശാപജന്മത്തിൻ ദു:ഖമാറാപ്പുകൾ

ഇവിടെയേകൂ നീയെൻ നഷ്ടസ്വർഗ്ഗങ്ങൾ
കളങ്കമേൽക്കാത്ത മുഗ്ദ്ധസ്വപ്നങ്ങളും
നിൻ തിരുപാദത്തിങ്കലെ ധൂളിയായ്
മാറുവാനുള്ളൊരാമഹാ ഭാഗ്യവും

തരികെനിക്കെന്റെ നഷ്ടസ്വർഗ്ഗങ്ങളെ
തരികെനിക്കെന്റെ മുഗ്ദ്ധസ്വപ്നങ്ങളെ
തരിക,യിനിയൊരു ജന്മവും നീയെന്നെ
പിരികയില്ലെന്നൊരാ വരദാനവും

കണ്ണേ മടങ്ങുക..

വഴിവക്കിലെ പൊന്തക്കരികിലായാണ്
വീണു കിടപ്പുണ്ടായിരുന്നത്
കഴുത്തു പിരിഞ്ഞ്
തൂവലുകൾ ചിതറി
വിളർത്ത കണ്ണുകൾ പാതി കൂമ്പി
ആ വെൺപിറാവ്

ഇന്നലേയും കണ്ടതാണ്
കൊത്തിപ്പെറുക്കുന്നത്,
കൂട്ടുകാരൊത്ത്
പങ്കു വയ്ക്കുന്നത്,
തമ്മിൽ കളിയിൽ കൊത്തി
ചിലച്ചു പറക്കുന്നതും
കൊക്കും ചിറകും
ഉരുമ്മിക്കുറുകുന്നതും

ഇന്നു പക്ഷെ
കൂട്ടുകുഞ്ഞു ചിറകുകളെല്ലാം
തിരിച്ചു വരാതെങ്ങോ
പറന്നു പോയിരിക്കുന്നു
പകരം
ചുറ്റും പകച്ചുയർന്ന്
തരിച്ചു നിൽക്കുന്ന
ചെറുമൺ‌കൂനകൾ മാത്രം

അവയ്ക്കിടയിൽ,
പറന്നുയരാനാവാതെ
വീണു പോയൊരു നൈർമ്മല്യം
പാതി കൂമ്പിയ മിഴികൾക്കുള്ളിൽ
ഉറഞ്ഞു കൂടി
നിശ്ചലമായി കിടപ്പുണ്ടായിരുന്നു

Saturday, 16 May 2009

ഒടുക്കത്തെ വണ്ടി [ഇത് എന്റെ രചന അല്ല]

പുളയും മിന്നലിന്നിടിവാൾ മൂർച്ചയിൽ
പിടഞ്ഞലറിയോടും തുലാമാസരാവ്....
നരകവാരിധീ ദുരിതയാത്രയിൽ
വഴിതെറ്റിയെത്തി വിയർത്തൊലിക്കുന്നു ഞാൻ...
ചുടുമഴച്ചോര പടരും പ്ലാറ്റ്ഫോം
ചതുരക്കളങ്ങളിൽ പനിച്ചിരിക്കുന്നു...
ചെറുശലഭങ്ങൾ വെളിച്ചത്തിൻ ക്രൂശിൽ
പ്രവാചകന്മാരായ് എരിഞ്ഞുകത്തുന്നു....
ചെരിഞ്ഞതൂണിന്നഴുക്കുമൂലയിൽ;
കരിഞ്ഞ ജീവിതപ്പഴങ്കടലാസിൽ;
തെരുക്കിടാത്തിതന്നുറക്കപ്പേച്ചുകൾ....
മതിമറന്നൊന്നു കിടന്നുറങ്ങുവാൻ
കൊതിയാവുന്നു,നിന്നോടസൂയ തോന്നുന്നു....
കനൽത്തുടികൊട്ടിത്തലതുളക്കുന്നൂ
വരണ്ടൊരോർമ്മകൾ,കരിങ്കൽച്ചീളുകൾ...
പിഴച്ചബോധത്തിൻ തുരുമ്പുപാളത്തിൽ
ഒടുക്കത്തെ വണ്ടി കിതച്ചെത്താറായീ....


ഇത് ആരുടെ രചന എന്നു കണ്ടു പിടിക്കാമോ? :)
ക്ലൂസ്:

1. ബ്ലോഗ്ഗിലെ ഒരു എഴുത്തുപുലി
2. കവിതകളായി ഒരു പോസ്റ്റ് പോലും ഇതു വരെ ഇട്ടിട്ടില്ല
3. ഈ രചനയുടെ സന്ദർഭം..പത്താം ക്ലാസ് കാലത്തെ ഒരു കവിതാമത്സരത്തിലെ ‘ഒടുക്കത്തെ വണ്ടി’ എന്ന വിഷയത്തിൽ എഴുതിയ കവിത [സംഭവം ഒന്നാം സമ്മാനം നേടുകയും ചെയ്തു]

Friday, 24 April 2009

സൌഖ്യമോ?..

എന്റെ പൂക്കൂടയിൽ
ഞാൻ ശേഖരിച്ച
പലവർണ്ണപ്പൂക്കളെല്ലാം
നിനക്കുള്ളതായിരുന്നു
നിറവും മണവും വറ്റി
അവയെല്ലാം കരിഞ്ഞു പോയെങ്കിലും
ഇന്നും ഇവിടെല്ലാം നിറഞ്ഞു നിൽക്കുന്നു,
പണ്ടു നീ നുള്ളിയെടുത്ത
ഒരു നുള്ളു പൂക്കളുടെ
സുഗന്ധം
********

ഏതോ കാണാത്തീരം തേടി പറന്നകന്ന
എന്റെ ചോദ്യങ്ങളും..
വീണ്ടും തീരമണയാതെ പോയ
വേലിയിറക്കത്തിരമാലകളിൽ
കുമിളകളായ് പൊട്ടിയലിഞ്ഞ
നിന്റെ ഉത്തരങ്ങളും..

ഒന്നും ഞാൻ തിരയുന്നില്ല

ചോദിക്കുന്നതിത്രമാത്രം
സ്വപ്നയാഥാർത്ഥ്യങ്ങൾ കൈകോർക്കുന്ന
ഏതോ തീരഭൂമികകൾ
നിന്റെ ചിരിനുരകളാൽ നനയുന്നില്ലേ?
അവിടെ പൂത്തുലഞ്ഞ
ആറ്റുവഞ്ചിപ്പൂക്കളുടെ ഗന്ധം
നിന്നിൽ നിറഞ്ഞൊഴുകുന്നില്ലേ?
ഒരു സുഖശീതളമന്ദമാരുതൻ
നിന്നെ തലോടുന്നില്ലേ?

Monday, 20 April 2009

വെറുതേ...

കാർമേഘപ്പാളികൾക്കിടയിൽ, പാതി
മറഞ്ഞു സൂര്യമുഖം ചിരിക്കേ
ദു:ഖഘനമഞ്ഞുപാളികൾ മനസ്സിൽ
ഉരുകിത്തീരുകയായിരുന്നു, വീണ്ടു-
മൊരു സ്വപ്നമുകുളം വെറുതേ
വിരിയാൻ വിതുമ്പുകയായിരുന്നു

നിമിഷബാഷ്പങ്ങളുറഞ്ഞു വീണ്ടുമാ-
യർക്കമുഖബിംബം മറയ്ക്കേ
വിരഹമാരിയിൽ നനഞ്ഞു നനഞ്ഞൊരാ
കിനാവിൻ മുകുളം കൊഴിഞ്ഞു
വിരിയും മുൻപേയടർന്നു വീണൊരാ‍
സ്വപ്നദലങ്ങൾ പെറുക്കീ, രക്തം
വാർന്നൊഴുകും ഹൃദയത്തിൽ ചേർത്തു
വീണ്ടുമാ പുലരി തേടുന്നൂ മനം

Saturday, 21 March 2009

തടാകങ്ങളെ കുറിച്ച്..
പർവ്വതങ്ങളിൽ നിന്നുത്ഭവിച്ച്
കളിചിരിയോടെ
കൈവഴികളായൊഴുകി
പുഴയായ് വളർന്ന്
തീരക്കാഴ്ചകൾ കണ്ട്
സ്വപ്നങ്ങളിലുറങ്ങി
ഒടുവിൽ
ഒരു സാഗരലയനത്തിൽ ധന്യത നേടും പോലല്ല
തടാകങ്ങളുടെ കാര്യം

അവ എന്നും മുഖം നോക്കുന്നത്
സ്വന്തം നെഞ്ചിലേക്കടർന്നു വീണ
ഒരു കീറ് ആകാശത്തിലാണ്

അമാവാസി രാത്രികളിൽ
അവ അന്വേഷിക്കുന്നത്
കളഞ്ഞു പോയ
പ്രതിബിംബങ്ങളെയാണ്

ഉദിക്കാൻ മറന്നു പോകുന്ന
വെളിച്ചത്തിൽ
അവ തിരയുന്നത്
സ്വന്തം
സത്വത്തെ തന്നെയാണ്


*പടം, ഗൂഗ്ലിയപ്പോൾ വിക്കി തന്നത്