Wednesday 10 May 2023

രുചിപാകി മുളപ്പിച്ച ദേഹപ്പൂന്തോട്ടം

 

നാട്ടുരുചിക്കൂട്ടുകളുടെ

അവധിക്കാലത്തിലേക്ക്

പൊന്നലുക്കിട്ടെത്തിയ തമ്പുരാൻ.

(എരിവുപുളിമസാല) അകമ്പടികളോടെ

ചൊകചൊകേ ചുവന്ന

പട്ടുടുത്ത്

കിരീടധാരണവടിവിൽ

പരിലസിച്ചൊരു

കർക്കിടകപ്രജാപതി.

ചെങ്കോൽ ചുഴറ്റുമ്പോൾ

രസമുകുളരാജനർത്തകികൾ

സ്വയം മറന്നാടുന്നു.

നിലയ്ക്കാത്ത ചിലമ്പൊലികളിൽ

ഒരു  പുഴയൊഴുകുന്നു.

തീരങ്ങളിൽ നിറയെ അളകൾ.

അളകളിൽ പൂമൊട്ടുകൾ നിറയുന്നു.

പിന്നെ നിറയെ മുള്ളുകളുള്ള

ചുവന്ന പൂക്കളായ് വിരിയുമ്പോൾ,

തീരമൊരു ചെമ്പരവതാനി.

 

പൂക്കൾ പുഴയിൽ നിറഞ്ഞൊഴുകി.

പുഴ ഒരു പൂവായൊഴുകി.

പുഴയൊഴുകി..

അവസാന പൂവും

ഒഴുകിയകലുംവരെ...

അളകൾ നികന്ന്

കര വരണ്ടുണങ്ങുംവരെ…

ഇനിയൊരു പൂവും വിടരാത്ത വിധം

മുള്ളുകൾ കരിഞ്ഞുതിരുംവരെ..

വള്ളിപ്പടർപ്പുകൾ മൂടുംവരെ..

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 

[ഒരു ഞണ്ടലർജി ഓർമ്മ]


ടെയ്ക്കോഫ്

'യു ഹാവ് അറൈവ്ഡ് അറ്റ് യുവർ ഡെസ്റ്റിനേഷൻ.''

ഗൂഗിൾമാപ്പിലെ

മൃദുവായ സ്ത്രീശബ്ദം.

 

ഇരുട്ടുരുകിയൊഴുകിനീണ്ട

കാട്ടുപാത.

ഇരുപുറം

കാറ്റിൽ മെല്ലെ ചിറകിളക്കുന്ന

കറുത്ത ഭീമാകാരക്കടവാതിൽക്കൂട്ടമായി

ഇരുൾവൃക്ഷങ്ങൾ.

അവയുടെ കണ്ണുകളിലെ വജ്രത്തിളക്കം,

താഴെ

കൂരിരുൾവഴികളിൽ രചിക്കുന്ന

ഭയാനകനിലാച്ചിത്രങ്ങൾ.

ഉയരങ്ങളിൽ, അകലങ്ങളിൽ, ചാരെ,

ശബ്ദസാന്നിദ്ധ്യമായി

രാവനചാരികൾ..

ഇതോ ഡെസ്റ്റിനേഷൻ?!!

ഇതോ ഊട്ടിയിലെ 'പാരഡൈസ്' റിസോർട്ട്!!

 

ഡെസ്റ്റിനേഷൻ റീസെറ്റ് ചെയ്തപ്പോൾ

മെസേജ്,

നോ നെറ്റ്-വർക്ക് കവറേജ്!!

ഇനിയെങ്ങോട്ട്?

കാനനവഴിയിൽ ഒറ്റപ്പെട്ട

ഇരുചക്രവാഹനത്തിൻ്റെ

ശബ്ദത്തേക്കാളുച്ചത്തിൽ

രണ്ടു ഹൃദയങ്ങളുടെ

മിടിപ്പുകൾ.

ദ്രുതവേഗവീർപ്പുകൾ.

പിൻസീറ്റിൽ നിന്നുയരുന്ന

അടക്കിപ്പിടിച്ച

കരച്ചിൽപ്പായാരങ്ങൾ

വഴി തിരയുന്ന ചക്രങ്ങളുടെ

പതറിയോട്ടത്തിനിടെ

സഡൻ ബ്രെയ്ക്ക്.....

വാഹനത്തിൻ്റെ

ഒറ്റക്കൺവെളിച്ചത്തിലേക്ക്

തലതാഴ്ത്തി ഉറ്റുനോക്കുന്നു, ഒരു

കരിങ്കൽമല.

അല്ല, ഒരു ബൈസൻ!

 

നിലച്ച വാഹനം.

നിലച്ച രണ്ടു ശ്വാസഗതികൾ.

പൂണ്ടടക്കാലിംഗനത്തിൽ

പൊട്ടിത്തകർന്ന

തരിവളകൾ.

ചലനതാളങ്ങളൊന്നാക്കിയ

രണ്ടു രാജഹംസങ്ങൾ,

ഉൾവനതടാകങ്ങളിലെവിടെയോ

ചിറകടിക്കുന്നതിൻ്റെ

നേർത്ത ശബ്ദത്തിനനുദ്രുതമായി

മിടിച്ചൊന്നുചേരുന്ന

ഇരുഹൃദയസ്പന്ദനങ്ങൾ.

പതിയെ,

ചക്രങ്ങളിൽ ഉയിർക്കൊള്ളുന്ന

പുതു വന്യശക്തി.

 

എത്ര പെട്ടെന്നാണ്

കാട്ടുവഴിയാകെ

പൂനിലാവെട്ടമൊന്ന്

നിറഞ്ഞുപരന്നത്!!

 

ബൈസൻ മെല്ലെ തലയിളക്കി.

കണ്ണിറുക്കി.

ഗൂഡമൊന്നു ചിരിച്ചു.

 

ഒരു നിമിഷം..

അല്ല... അര നിമിഷം

ഉറച്ച കൊമ്പുകൾ കൊണ്ട്

ഗൂഗിൾമാപ്പ് തൂക്കിയെറിഞ്ഞ്

പുറകിലേറ്റിയ രാജകുമാരിയുമായ്

ബൈസൻ കുതിച്ചുപാഞ്ഞു.

പിന്നെ,

കുമാരിയുടെ

അംഗവസ്ത്രച്ചിറകുകൾ

ഇരുപുറവുമാഞ്ഞു വീശി

നിലം വിട്ടുയർന്നു;

ദ്രുതതാളമയഞ്ഞ ഹൃദയമിടിപ്പിലും

അയയാതെ,

നെഞ്ചിലെ ദൃഡാലിംഗനം പകർന്ന

മൃഗതൃഷ്ണയോടെ...

വെളിച്ചത്തിൻ്റെ മുഖപടമില്ലാതെ,

വിജനവന്യച്ചിറകുകളാൽ

ആവോളം വീശിപ്പറക്കാനാവുന്ന,

ഗൂഗിൾക്കണ്ണുകൾ വരക്കാത്ത

വഴികൾ തേടി.....

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 


ജീവപര്യന്തത്തടവ്

 

കുതിരവണ്ടി ഓടിക്കൊണ്ടിരുന്നു.

ജൊനതൻ ഹാക്കർ

തൂവാലക്കഷ്ണങ്ങൾ ചീന്തി

പുറത്തേക്കെറിഞ്ഞുകൊണ്ടിരുന്നു.

 

മിസ്റ്റർ ഹാക്കർ,

നിങ്ങൾ രക്തരക്ഷസിനാൽ

വരവേൽക്കപ്പെടും.

അതിഥിയായി ജീവിക്കപ്പെടും.

അവസാനം നിങ്ങൾ

കോട്ടയിൽ നിന്നും

രക്ഷപ്പെടും.

ഇതിവൃത്തം

പുനരാവിഷ്കരിക്കപ്പെടും.

എന്നാൽ

തിരിച്ചിറങ്ങേണ്ട വഴികളെ

നിങ്ങൾ ഓർമ്മ വയ്ക്കുകയില്ല.

 

നോക്കൂ..

സവാരിയിലെ

സാരഥിയെ

നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?

അവളുടെ വിരലുകളിലെ

കടുംകളർ നെയിൽപ്പോളിഷിലും

പാറിപ്പറക്കുന്ന മുടിയിലെ

സുഗന്ധലേപത്തിലും

അരുമയാമധരങ്ങളിലെ

ചുവന്ന ലിപ്സ്റ്റിക്കിലും

മാന്ത്രികച്ചേരുവകൾ

അരച്ചു ചേർത്തിരിക്കുന്നത്

നിങ്ങൾ ഉറപ്പായും കണ്ടിരിക്കില്ല.

അവയുടെ മന്ത്രശക്തിയാൽ

നിങ്ങളവളെ

തിരിച്ചറിയുകയോ

അവളിൽ നിന്ന് തിരിച്ചുനടക്കേണ്ട വഴികളെ

ഓർമ്മവയ്ക്കുകയോയില്ല.

എന്തിനധികം!

ഇപ്പോൾ ഈ യാത്രയിൽ

വഴിയാവർത്തനങ്ങൾ വ്യവഛേദിച്ചറിയാനായ്

ചീന്തിയെറിയുന്ന

ഈ ഓർമ്മത്തൂവാലക്കഷ്ണങ്ങളെപ്പോലും

ഇനി നിങ്ങൾ കാണുകയില്ല.

കാരണം,

അവളുടെ മാന്ത്രികവടി

ആ തൂവാലകൾ തുന്നിയ നൂലുകളെ

വിസ്മൃതിയുടെ മഞ്ഞലകളായ്

പരിവർത്തനം ചെയ്തിരിക്കുന്നുവല്ലോ.

തിരിച്ചിറങ്ങാൻ വഴിയറിയാത്ത വണ്ണം

അവൾ നിങ്ങളെ

സ്വതന്ത്രനായൊരു

ജീവപര്യന്തത്തടവുപുള്ളിയാക്കിയിരിക്കുന്നുവല്ലോ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx