Monday, 15 December 2008

മറുമൊഴി കേള്‍ക്കാതെ..

ഊഷരഭൂമികയെ ചൂണ്ടി
അന്നൊരിക്കല്‍ നീ പറഞ്ഞു,
അവയെ പച്ച പുതപ്പിച്ച്
അതിലൂടെ
ഒരു പനംതത്തയായി പാറുമെന്ന്.
അന്നു നീ വീശിയെറിഞ്ഞ
ഒരു പിടി വിത്തുകള്‍
വിളഞ്ഞ്
ഞാനിന്നു നൂറു മേനി കൊയ്യുന്നു,
കണ്ണുനീരായി..


ആകാശപ്പരപ്പ്
എന്റെ കണ്ണുകളിലെന്ന്
ഗഗനനീലിമ നോക്കി
നീ പറഞ്ഞു
ഇന്നു കണ്ണാടിയില്‍
ഞാനെന്റെ കണ്ണുകള്‍ പരിശോധിക്കുന്നു,
നീയതിലെവിടെയാണ്
പറന്നു മറഞ്ഞതെന്ന്..

തിമിരത്താല്‍ മറഞ്ഞ കണ്ണുകള്‍ക്കിപ്പോള്‍
അകക്കാഴ്ചയിലെ ഇരുട്ടേയുള്ളു
ഉള്ളില്‍
പിടയുന്നൊരു ചിറകടിയേയുള്ളു

Sunday, 30 November 2008

ഇടനാഴി

ചുറ്റുപാടുമന്ധകാരം, തണുപ്പേറു-

മിടുങ്ങിയൊരിടനാഴി

വഴിയറിയാനിരുകരങ്ങൾ ചുറ്റും

പരതിടുന്നേരം

സ്പർശിച്ചതൊരു സാന്ത്വനമേകു-

മംഗുലീയങ്ങളിലല്ല

ഹിമതുല്യം മരവിക്കും കരിങ്കൽ

ഭിത്തികളിലത്രേഈയിടനാഴിയിൽ മരിച്ചു വീണൊരു

കിനാശലഭങ്ങൾക്ക്

കാവലിരിക്കും മനസ്സിൻ നോവും

നിശ്ശബ്ദമാകുന്നു

ഇവിടെ സമയരഥങ്ങൾ പോലും

നിശ്ചലമാകുന്നു

ഒരു ചെറുകാറ്റു പോലുമീ വഴി

മറന്നു പോകുന്നു

ഒരു ചെറുകിരണവുമിവിടെ വരാ-

തൊഴിഞ്ഞു മാറുന്നു

മൃതതുല്യമൊരേകാന്തത മാത്രം

കൂട്ടായീടുന്നുഒരു മിന്നാമിന്നിവെട്ടം മതിയുള്ളിൽ

പൂത്തിരി കത്തിക്കാൻ

അച്ചെറുവെട്ടക്കാഴ്ചയിൽ മനം

കുതിച്ചു തുള്ളുമ്പോൾ

വെളിച്ചമല്ലിത്, ഇരുളിൽ ചുറ്റും

ഉഴറിത്തളർന്നിടും

ഇരുകൺകളൊരുക്കും മായ-

ക്കാഴ്ചയതു മാത്രംഒരു കിളിനാദം മതിയാശ്വാസ-

ത്തിരയിളകിച്ചീടാൻ

ആ നാദത്തിന്നുറവിടത്തിനായ്

ചെവിയോർത്തീടുമ്പോൾ

കിളിമൊഴിയല്ലിതു ചുടുനെടുവീർപ്പുക-

ളിക്കരിങ്കല്ലിൻ

ചുവരുകളിൽ തട്ടി പ്രതിധ്വനി

കേൾക്കുവതു മാത്രംഇവിടെ സ്നേഹപ്പൊന്നൊളി ചൊരിയും

സൂര്യോദയമില്ല

കാത്തിരിപ്പിൻ സുഖനൊമ്പരമേകും

അസ്തമയവുമില്ല

ഒഴുക്കില്ലാതെ കെട്ടിക്കിടക്കും

നീർത്തളം പോലെ

അനക്കമില്ലാത്തൊരീയിടനാഴി തൻ

പേരോ ജീവിതം?!!

Sunday, 9 November 2008

ദേശാടനക്കിളികൾ

ദേശാടനക്കിളികൾക്ക്
സ്വന്തമായി കൂടില്ല
ഇരയും തീരവും തേടി
പറന്നകലുമ്പോൾ
പിറന്ന കൂടിനും കിളിമരത്തണലിനും
അവർ അന്യരായ് തീരുന്നു
തേടിയണഞ്ഞ ദേശങ്ങൾക്കും
അവർ അന്യർ
നിലയ്ക്കാത്ത പറക്കലിൽ
കാണാൻ മറന്നു പോയ സ്വപ്നങ്ങൾക്കും
അവർ അന്യർ
ഒടുവിൽ ഒരു അസ്തമയക്കറുപ്പിൽ
സ്വന്തം നിഴലുമന്യമാകുന്ന
ആ നിമിഷത്തിന്റെ പ്രതീക്ഷയിൽ
മൌനനൊമ്പരങ്ങളും ചിറകിലേറ്റി
അവ
പറന്നു കൊണ്ടേയിരിക്കുന്നു

Friday, 10 October 2008

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ; ഒരു നിദ്ര തന്നായുസ്സിൽ
വിടർന്നു പൊലിയുന്ന വർണ്ണക്കുമിളകൾ
ഉണരുന്ന മനസ്സിന്റെയടച്ച കിളിക്കൂട്ടിൽ
ബന്ധിതരാകുന്ന പഞ്ചവർണ്ണക്കിളികൾ
ഉറങ്ങുമ്പോൾ, മനസ്സിന്റെ ബന്ധനമഴിയുമ്പോൾ
അന്തരാത്മാവിൽ നിന്നവ പറന്നുയരുന്നു
വർണ്ണച്ചിറകുകൾ നീളേ വിരിച്ചിട്ടു
ആവോളം നശ്വരവാനിൽ പറക്കുന്നു
സ്നേഹത്തിൻ മധുവൂറും പൂക്കളാൽ നിറയുന്ന
മായീകമൊരു പൂവാടിയിൽ ചെല്ലുന്നു
ആത്മാവിൻ ദാഹങ്ങളാകുമാ പൈങ്കിളികൾ
ആ പൂക്കളിലെ തേനൂറ്റിക്കുടിക്കുന്നു
നിദ്ര പൊലിയുമ്പോൾ, മനം വീണ്ടുമുണരുമ്പോൾ
ഉണ്മയാം കൊടുംതാപം ചുറ്റുമെരിയുമ്പോൾ
സ്വപ്നത്തിൻ പഞ്ചവർണ്ണത്തൂവലുള്ളൊരാ
പക്ഷികൾ മനസ്സിൽ ചത്തു മലക്കുന്നു
കരിഞ്ഞൊരാ തൂവലിന്നോർമ്മയായ് കൺകോണിൽ
ഒരു ചെറുനീർത്തുള്ളി മാത്രം തിളങ്ങുന്നു

സ്വപ്നങ്ങൾ; അലയടങ്ങിയുറങ്ങും മനസ്സിന്റെ
നീർപ്പരപ്പിൽ വിരിയും വെറും ജലക്കുമിളകൾ
മാരിവില്ലിന്നേഴു വർണ്ണത്താലൊരു ചിത്ര-
ജാലം വിരിയിക്കും മായികക്കാഴ്ചകൾ
കൈവരാൻ കൊതിച്ചിടുമൊരു പ്രിയ ലോകത്തെ-
യാകെ പ്രതിബിംബിക്കും കുഞ്ഞുനീർപ്പോളകൾ
നിദ്രവിട്ടുണരുമ്പോൾ, മനസ്സിന്റെ നീരാഴി
അലയാർന്നു വീണ്ടുമീ ലോകത്തെ കാണുമ്പോൾ
ആ വർണ്ണക്കുമിളകൾ പൊട്ടി നശിക്കുന്നു
ഒരു ബാഷ്പബിന്ദു കവിൾ തൊട്ടു നനക്കുന്നു

സ്വപ്നങ്ങൾ; തകരുന്ന വെറും ജലക്കുമിളകൾ
അൽ‌പ്പായുസ്സാകുന്ന പഞ്ചവർണ്ണക്കിളികൾ
ഉണരുന്ന കൺകളിൽ പൊലിയുന്ന ദീപങ്ങൾ
അന്തരാത്മാവിന്റെ വിഫലമാം വാഞ്‌ഛകൾ

Thursday, 28 August 2008

ഏകാന്തം

ഋതുക്കൾക്കൊടുവിൽ
ക്ഷണിക്കാതെ വന്നെത്തിയ ശിശിരം
തിരികേ പോകാൻ മറന്നു പോയിരുന്നു

പൊഴിഞ്ഞു വീണ് മണ്ണടിഞ്ഞ ഇലകൾ
പിന്നീടെപ്പോഴോ ചിറകുകളാർന്ന്
ചെറുശലഭങ്ങളായി പറന്നുയരുകയായിരുന്നു

പുകമഞ്ഞിൽ വഴിതെറ്റിപ്പോയതിനാലാകുമോ
അവ തിരികേ വരാതിരുന്നത്?!!

ഇന്ന്
കനത്ത മൂടൽമഞ്ഞൊഴിച്ചാൽ
ശലഭങ്ങൾ മറഞ്ഞ ആകാശവും
തിരിച്ചു വരുന്ന
ഏതോ കാലടികളെ പ്രതീക്ഷിക്കുന്ന
ഭൂമിയും
തികച്ചും ശൂന്യമാണ്

Tuesday, 12 August 2008

അരുതു കാട്ടാളാ.....

ഇതളൊന്നു നീർത്തിച്ചിരിക്കുന്നതിൻ മുൻപേ
മുകുളങ്ങളിൽ പുഴുക്കുത്തേറ്റിടുന്നു
പിഞ്ചിളം കിളികൾ തൻ പീലിത്തൂവൽ തുമ്പിൽ
പിടിയിടുന്നേതോ കഴുകനഖമുനകൾ
പൊട്ടിച്ചെറിയുന്ന കെട്ടുകളിൽ രക്ത-
ബന്ധത്തിൻ ചോരത്തുള്ളി തെറിക്കുന്നു
മണ്ണിൽ മാലാഖമാർ ചിറകറ്റു വീഴുന്നു
മേനികൾ ദന്തക്ഷതത്താൽ മുറിയുന്നു
ഒടുവിൽ തൊണ്ടക്കുഴിയിലാഴുന്ന വിരലുകൾ
ഏകിയ ജീവനെ എടുക്കുന്നതിൻ മുൻപേ
തുറിച്ചോരിളം കണ്ണിൽ പതിയുന്ന കാട്ടാള-
രൂപം കിരാതമാം നൃത്തം ചവിട്ടുന്നു
ചലനം നിൽക്കും മുൻപേ വിറയാർന്ന ചുണ്ടുകൾ
അവസാനമായി കേഴുന്ന നാമം കേൾക്കേ
കാറ്റിൽ പറക്കുന്നു, കല്ലിലെഴുതിയ
വാക്യങ്ങൾ ‘പിതാ രക്ഷതി കൌമാരേ..’
വായ്‌പൊത്തി, ചെവിപൊത്തി,യിരുകൺകളും പൊത്തി
മനുവചനഘോഷികൾ പുറംകാട്ടി നിൽക്കുന്നു
കൺപൊത്തും വിരലുകൾക്കിടയിലൂടപ്പോഴും
ശവംതീനിക്കഴുകന്മാർ ചുണ്ടുപിളർത്തുന്നു
മുഖങ്ങളില്ലാത്ത ശരീരരൂപങ്ങൾ
വെറിപൂണ്ടു പെരുകുന്ന വനാന്തരങ്ങളിൽ
‘മാ നിഷാദ’യെന്നലറിക്കരഞ്ഞേതോ
മാമുനീശബ്ദങ്ങൾ മൂർച്ഛിച്ചു വീഴുന്നു
രക്തപങ്കിലപാദപതനധ്വനിയപ്പോഴും
പുച്ഛിച്ചു ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’

Wednesday, 9 July 2008

രാപ്പകലോളം നീ.....

ഒരു പൊന്നുഷസ്സിന്റെ പുലർക്കാല കതിരൊളിയായ്
നീയെന്നെ തൊട്ടുഴിയുമോ..
ഒരു പൂങ്കുയിലിന്റെ കളകൂജനമായെന്നും
നീയെന്നെ വിളിച്ചുണർത്തുമോ..
കതിരവനുണരും പ്രഭാതത്തിൽ മറ്റൊരു
കണിയാകുമോ നിൻ മുഖം
കുളിരിളം പവനനെൻ കവിളിൽ ചുംബിച്ചത്
നിൻ ചൊടിയാലാകുമോ
തറയിലെ തണുപ്പിൽ ഞാൻ പദമൂന്നേ ദ്യുതി! നെറുക-
യോളം നിൻ സ്നേഹക്കുളിർ
നിദ്ര വിട്ടുണരാത്തൊരെൻ മുഖം നോക്കുവാൻ
നിൻ പ്രിയ മനദർപ്പണം
അകലേ ക്ഷേത്രത്തിൽ നിന്നൊഴുകിയെത്തുന്നൊരാ
സോപാന സങ്കീർത്തനം
അതോ നിൻ പ്രാർഥനയെനിക്കായ് നേരുന്നതോ
ആയുരാരോഗ്യസൌഖ്യം
കുളിർജലമായെൻ മുഖത്താദ്യം വീഴുവതു നിന്റെ
കളിവാക്കുകളായിയെങ്കിൽ
ആപാദചൂഢം നനഞ്ഞു ഞാൻ നീന്തുവതു
നിൻ പ്രേമക്കടലിലെങ്കിൽ
കരുതലോടെൻ നെറുക തോർത്തിത്തുടയ്ക്കുമോ
എനിക്കായ് നിൻ ആകാംക്ഷകൾ
നെറ്റിമേൽ നീയേകും ചുടുമുത്തമായെങ്കിൽ
ഞാൻ ചാർത്തും ഹരിചന്ദനം
മുടിയിൽ നിറ്റിറ്റു വീഴും ജലമാകുമോ
നിന്നാലെന്നാത്മഹർഷം
കാർകൂന്തൽത്തുമ്പിലെ തുളസിക്കതിരാകുമോ
നിന്നനുരാഗചിഹ്നം
ഞൊറിയലകൾ മെനഞ്ഞു ഞാൻ ചുറ്റിയ പൂഞ്ചേല
യായെങ്കിൽ നിൻ വാഗ്ദാനം
നെഞ്ചോടു ചേരുമാ പൂത്താലിയായെങ്കിൽ
നിൻ ഹൃദയ പൊൻസമ്മാനം
സീമന്തരേഖയിൽ കുങ്കുമമായെങ്കിൽ
നീയേകും ശ്രീമംഗളം
എൻപദമെന്നെന്നും പിൻ‌തുടർന്നെങ്കിൽ നിൻ
ജീവിതക്കാൽ‌പ്പാടുകൾ
മറ്റൊരുജ്ജ്വലസൂര്യനായെങ്കിലെൻ മേലേ
എനിക്കായ് നിൻ സർവസ്വവും
മൂവന്തി തന്നരുണാഭയായെങ്കിൽ നീ-
യാലേയെൻ മന:സായൂജ്യം
എന്നെ തഴുകിയുറക്കുമാ തിങ്കളതു
നിന്നാലിംഗനമായെങ്കി,ലൊടുവി-
ലെല്ലാം മറന്നു ഞാനുറങ്ങുമാ പൂമെത്ത
നിന്റെ നെഞ്ചകമായെങ്കിൽ
അതിലെന്നെന്നും ഞാൻ കാണും മധുരിത സ്വപ്നങ്ങൾ
നിന്റേതുമായ് തീർന്നെങ്കിൽ
ആ സ്വപ്നങ്ങൾ നമുക്കേകുമിന്ദ്രലോകം
അതിലൊരുമിച്ചു നാം വാണെങ്കിൽ

Thursday, 12 June 2008

[അഭിനവ] സീതായനം

രാമരാജ്യവും വാഴ്ക, രാമനീതിയും വാഴ്ക,
മര്യാദരാമന്‍ നിന്റെ തത്വശാസ്ത്രവും വാഴ്ക
അഭിനവരാമാ,യെന്നെ ത്യജിച്ചു നീ വഴി മാറേ
വികാരശൂന്യം നിന്റെ മുഖം ഞാനറിയില്ല

ശൈവചാപം ഭേദിച്ചു വാമഭാഗമാക്കിയോള്‍, നിന്റെ
മനസ്സാമയോദ്ധ്യയില്‍ നീ കുടിയിരുത്തിയോള്‍
കനവില്‍ മനോജ്ഞമാം കൊട്ടാരം പണി തീര്‍ത്തു
സുവര്‍ണ്ണസിംഹാസനത്തില്‍ റാണിയായ് നീ വാഴിച്ചോള്‍

അത്യുഷ്ണമൊരുവരപാലനവനചാരി നിന്‍
ദിവ്യപാദങ്ങള്‍ മാത്രം നീതിയെന്നറിഞ്ഞവള്‍
കനവിന്‍ കൊട്ടാരവും രജതസിംഹാസനവും
കടലാസു കോട്ട തുല്യം എരിഞ്ഞങ്ങമരിലും

വൈരാഗിയായി വനം പൂകാന്‍ നീ പോകേ നിന്റെ
മനസ്സിന്‍ തമ്പുരാട്ടീ പദം പുണ്യമെന്നറിഞ്ഞവള്‍
അതിനായ് മാത്രം നിന്റെ കാലടി പിന്തുടര്‍ന്നോള്‍
അവികലം ഭക്തി, പ്രേമവും കാത്തിടുവോള്‍

അവിചാരിതം പതീവിരഹിയായേകയായ്
വിധിയാം രാവണാശോക വനത്തില്‍ കഴിയിലും
അഗ്നിശുദ്ധയായ് വീണ്ടും രാമപാദം ചേര്‍ന്നവള്‍
ഇന്നു നിന്‍ നീതിവിരല്‍ തുമ്പെന്റെ നേരേ നീളുന്നോ

സേതുബന്ധനം തീര്‍ത്തു പ്രിയയെ വീണ്ടെടുക്കാന്‍
ദുര്‍വിധിയാം രാവണശിരസ്സറുത്തവന്‍ നീയോ?!
അവിടെയും ജയിപ്പതു നിന്‍ രാജനീതിയെന്നോ?!
അഗ്നിപരീക്ഷ പോലും നിന്‍ പേര്‍ തിളങ്ങുവാനെന്നോ?!

പരിത്യജിച്ചു കാട്ടിലയപ്പതേതു നീതി??
വിരഹാഗ്നിയില്‍ ഞാന്‍ പൊള്ളവേ കാണ്മതേതു രാമമുഖം!!
ദശമുഖന്‍ രാവണനെങ്കില്‍ ശതമോ നിന്‍ മുഖങ്ങള്‍!!
അഭിനവരാമാ നിന്നെ ഞാനൊട്ടുമറിഞ്ഞില്ല

മടങ്ങുന്നു ഞാന്‍ ഭൂമിമാതാവിന്നുദരത്തിലേക്ക്
ഏകാന്തമെങ്കിലുമെന്നെ പൊതിയും സംരക്ഷണത്തിലേക്ക്
പതിവൃതാഗ്നിശുദ്ധ സീതയെന്നറിയിലും
പാതിമെയ്യിനെ പരിപാലിക്കാന്‍ കഴിയാത്ത

രാമനീതിയും വാഴ്ക; രാമരാജ്യവും വാഴ്ക
മര്യാദാപുരുഷോത്തമന്‍ നിന്‍ തത്വശാസ്ത്രവും വാഴ്ക

Wednesday, 28 May 2008

ഇവള്‍...[രാമയണ] സീത

ക്ഷിതിയില്‍ നിന്നുയിരാര്‍ന്നവള്‍
ക്ഷിതിയേക്കാള്‍ ക്ഷമയാര്‍ന്നവള്‍
ക്ഷോണീസ്നേഹവും വീര്യ-
ക്ഷാത്രവുമുള്‍ക്കൊണ്ടവള്‍

മനസ്സിന്‍ മണ്ഡപത്തില്‍
രഘുരാമനു മാത്രമായി
വരണമാല്ല്യമൊന്നു
കൊരുത്തു കാത്തിരുന്നോള്‍

മാരീചച്ചതി മായ-
പ്പൊന്മാനായ് മയക്കിലും
രാവണക്രൌര്യം ദശ-
ശിരസ്സാല്‍ ഹസിക്കിലും

അഗ്നി പോല്‍ തിളങ്ങിയോള്‍
അഗ്നി പരീക്ഷയാല്‍ മറ്റേറിയോള്‍
സങ്കടപ്പെരും കടല്‍
ഭക്തിചുമലേറിക്കടന്നോള്‍

കിനാവിന്നുണ്ണികളെ
ഗര്‍ഭത്തില്‍ ചുമക്കവേ
പരിത്യക്തയായ് വന-
മദ്ധ്യത്തില്‍ പകപ്പവള്‍

ഒടുവിലംബയാം ഭൂവി-
ലലിയാന്‍ കാത്തീടിലും
തല ചായ്ക്കുവാനെന്നും
രാമപാദം തേടുവോള്‍
2 comments

Wednesday, 21 May 2008

വേലി.............കെട്ടണ്ടായിരുന്നു

വേലികെട്ടുകാരി നീലിപ്പെണ്ണും
വേലി കെട്ടാന്‍ വിരുതുള്ള വേലപ്പനും
കണ്ടുമുട്ടി, മനസ്സു കൂട്ടിക്കെട്ടി
വേലപ്പന്‍ സ്വപ്നത്തില്‍ കോട്ട കെട്ടി
പാതിനിദ്രയിലും നീലി വേലികെട്ടി
ഒരുനാള്‍ വേലു നീല്യേ താലികെട്ടി
നീലിക്കായൊരുപുത്തന്‍ വേലികെട്ടി
ഒരുകൈ സഹായം കൊടുത്തു നീലി
മൂവന്തിയോളവും കൂടെ നിന്നു
ചേലിലുറപ്പില്‍ വേലു വേലി കെട്ടി
പിന്നൊരേ ചിന്തയായ് വേലുവിന്
‘വേലിക്കുറപ്പതു പോരാന്നുണ്ടോ???’
ഇരവിലും പകലിലും ചുറ്റിനോക്കി
ഇളക്കിപ്പരിശോധിച്ചുറപ്പു വരുത്തി
വേലൂന്റെ വേലീടുറപ്പില്‍ നീലി
മുഴുനിദ്രയില്‍ സ്വപ്നം കണ്ടുറങ്ങി
വേലീടുറപ്പിനെ മാത്രമോര്‍ത്ത
വേലൂനുറക്കമോ ഇല്ലാതായി
പണ്ടു കോട്ട തീര്‍ത്ത സ്വപ്നനിദ്ര
ഓര്‍ത്തു പേര്‍ത്തും വേലു നെടുവീര്‍പ്പിടെ
ആരോ മൊഴിഞ്ഞപ്പോള്‍ വേലൂ‍നുള്ളില്‍
‘മാരണമീവേലി..........കെട്ടണ്ടായിരുന്നു’

Thursday, 15 May 2008

വസന്തമറിയാതെ..

‘വസന്തം ചെറിമരത്തോട് ചെയ്തത്
എനിക്ക് നിന്നോട് ചെയ്യണം’
പബ്ലോ നെരൂദഒരായിരം പൂക്കളാല്‍ പട്ടാട ചുറ്റിച്ച്
ഓരോ തരുവിലും പൊല്‍ഹാരങ്ങളണിയിച്ച്
വസന്തകാമുകന്‍ ഗര്‍വ്വിക്കേ,യാരാലും
കാണാതെയറിയാതെ ഉദ്യാ‍നക്കോണിലായ്
നില്‍പ്പതുണ്ടൊരു മരം, പൂക്കാതെ കായ്ക്കാതെ
ഋതുഭേദങ്ങളില്‍ മാറാതെ, തിങ്ങിടും വേദന
ശിശിരത്തിലിലകളായ് മാത്രം പൊഴിച്ച്
വേനലില്‍ നിഴലേകി, വര്‍ഷത്തില്‍ കുടയേന്തി,
മണ്ണിലാഴത്തിലൂന്നിയ വേരുകള്‍ പറിച്ചിടാ-
നാകാതെ,യൊരു മഴുമുനയുടെ കാരുണ്യമോ
ഒരു വര്‍ഷയിടിമിന്നല്‍ വാളിന്‍ ദയവോ കാത്ത്
നില്‍പ്പുണ്ടൊരു പാഴ്മരം, വസന്തവുമറിയാതെ

Friday, 9 May 2008

ഉള്ളി

ദളങ്ങളോരോന്നായ്
മുറിച്ചെറിഞ്ഞ്
തേടിയതെന്തായിരുന്നു?
പിന്നെ
ഒന്നുമില്ലെന്നു കണ്ട്
പിന്‍‌വാങ്ങിയതെന്തേ?
പുറം പോലെ തന്നെ
ഉള്ളെന്ന് ചൊല്ലീട്ടും
വിശ്വസിക്കാഞ്ഞതെന്തേ?
ഒടുവില്‍
വെറുതെ മിനക്കെട്ടെന്നും
കണ്ണു നീറ്റിയെന്നും
നെടുവീര്‍പ്പോ!
ക്ഷമിക്കുക
ഉള്ളില്‍
രഹസ്യത്തിന്റെ രത്നങ്ങളൊളിപ്പിച്ച
മാതളപ്പഴമല്ല;
ഇത് വെറുമൊരു
‘ഉള്ളി’യല്ലേ

Tuesday, 6 May 2008

എന്തേ..

ഒരു നിറപൂര്‍ണ്ണിമ നെഞ്ചിലൊതുക്കിയ
നിലാവാനമെന്തേ കറുത്തുപോയ്, ദൂരെയാ
താരകച്ചിരിയിലൊളിപ്പിച്ച വൈഡൂര്യ-
രത്നപ്രഭയുമണഞ്ഞു പോയ്, കാണാത്ത
കണ്‍കളിലെനിക്കായ് കരുതിയ സ്വപ്നത്തിന്‍
പൂവുകള്‍ വിടരാതെ കരിഞ്ഞു പോയ,റ്റത്തെ
പാതവളവോരം ചെന്നെത്തും കണ്‍കളൊരു
കാണാച്ചങ്ങലയില്‍ കുടുങ്ങിപ്പോയ്

ഏതോ സൌഹൃദസത്രങ്ങളില്‍, ഏക-
മിനിയുള്ള യാത്രയെന്നോര്‍ക്കാതെ,യറിയാതെ
മനസ്സു പങ്കിട്ടോര്‍ നാം; പിരിയുന്ന നേരത്തു
നിനക്കയേകാനുള്ളോരെന്‍ കണ്ണീര്‍ പൂക്കള്‍ തന്‍
ഭാരമധികമെന്നോര്‍ത്തിട്ടൊ; അകലുമ്പോള്‍
പറയേണ്ട യാത്രാമൊഴികളെ നിന്റെ
നിഘണ്ടുവില്‍ തേടി കാണാതെ തളര്‍ന്നിട്ടോ
എന്തേ ഞാനുറങ്ങുന്ന നേരത്തു മാറാപ്പും
മുറുക്കി നീ പോയി മറഞ്ഞു; ഇന്നെന്‍ പാര്‍ശ്വേ
നീയുറങ്ങിയൊരാ തല്‍പ്പച്ചുളിവുകളില്‍
നീ മറന്നു വച്ചു പോയൊരാ മൊഴിമുത്തില്‍
നിന്‍ ജീവല്‍ത്തുടിപ്പു തേടുന്നു; നീ പോകേ
നിന്‍ പാദപതനങ്ങള്‍ നെഞ്ചേറ്റിയ പാതയില്‍
ഇടറുന്ന ചുവടുമായ്, എന്തിനെന്നറിയാതെ
വായുവില്‍ തുഴയുന്ന കൈകളോടൊരു കുഞ്ഞു-
പൈതലായ് മനസ്സു തേങ്ങുന്നു; വിരല്‍ത്തുമ്പു
പിടിച്ചു ചുവടു വയ്പ്പിക്കുമൊരു കരത്തിന്റെ
കരുതലിന്‍ നേരു തേടുന്നു; നനുനനെ
ഓര്‍മ്മകളൊരു മഴയായ് പെയ്യും പാതയില്‍
ഒറ്റയ്ക്കു ഞാന്‍ നനയുന്നു; കുട ചൂടിക്കും
മനസ്സിന്റെ ചൂടു തേടുന്നു; ഈ വഴിയോര-
ത്തെന്നും ഞാന്‍ നിന്നെ തേടുന്നു