Saturday 17 October 2009

പ്രഭാതം

ഉണരും പുലർക്കാലപ്പൊൻതുടിപ്പിൽ

മഴപെയ്തുതോർന്നോരിളം തണുപ്പിൽ

രാമഴയോടൊത്തു നടനമാടിത്തളർ-

ന്നണിവാകക്കരമാർന്ന ബാഷ്പബിന്ദു,

അതുവഴി പോയൊരാ കുസൃതിച്ചെറുകാറ്റു

തന്നിളം കൈകളാൽ മെല്ലെത്തട്ടി,

അതുവരെയുണരാത്ത മുക്കൂറ്റിപ്പൂവിന്റെ

വദനത്തിൽ കുളിരായി പെയ്തുണർത്തേ...

 

രാവിൻ പടവിൽ കൊളുത്തിയ നക്ഷത്ര-

ദീപങ്ങളെല്ലാമണച്ചു വച്ചു -നിലാ-

പ്പാലാഴിയിലാറാടിയ ചന്ദ്രിക- തന്നീറൻ

ചേലമാറ്റാനന്തപ്പുരത്തിലേറേ..

 

അരുണിമയോലും പൂർവ്വാംബരത്തിൻ വിരി-

മാറിൽ നിന്നുണവാർന്ന വെൺ‌മേഘസുന്ദരി

രാവാകും തൊട്ടിലിൽ താരാട്ടിയുറക്കിയ

ബാ‍ലാർക്കനുണർന്നോയെന്നെത്തി നോക്കേ...

 

ഒരു രാവു മുഴുവനാപ്പവനൻ്റെ കൈകളാൽ

താലോലമാർന്നൊരാ മുല്ലവല്ലി, തന്റെ

ഉൾപ്പുളകത്തിന്റെ പൂമൊട്ടുകൾ, ശതം

പുഷ്പങ്ങളായ് മെയ്യണിഞ്ഞു നിൽക്കേ...

 

ഏഴുമുഴം വെയിൽച്ചേലചുറ്റി, പൊന്നി-

ന്നാമാടപ്പെട്ടി തുറന്നു വച്ച്,

തെളിവാനിൻ കണ്ണാടി തെല്ലു നോക്കി-

യണിഞ്ഞൊരുങ്ങുന്നൂ പ്രഭാതദേവി.


Tuesday 23 June 2009

മഴക്കു ശേഷം

ഉടലിനേയുമുയിരിനേയും

ആകെ നനക്കുന്ന

നിലയ്ക്കാപ്പെരും‌മഴ.

വീശിയടിക്കുന്ന കാറ്റിൽ

പ്രകൃതീദംഷ്ട്രകളുടെ

മിന്നൽ‌പ്പിണരൊളികൾ.

അട്ടഹസിക്കുമിടിനാദത്തിനൊപ്പം

ആക്കംകൂടുന്ന വർഷപ്പെയ്ത്ത്.

ചുറ്റിവരിയുന്ന

ആയിരംമഴപ്പാശങ്ങളെ

അമ്മാനമാടുന്ന

കാറ്റിൻകൈകൾ.

പ്രജ്ഞകെടുന്ന

സ്മൃതിമണ്ഡലം.

 

പിന്നെയൊരു കുത്തൊഴുക്കിൽ

ഏതോകാണാക്കയങ്ങളിൽ

വീണുതളർന്നുറങ്ങുന്ന

ഓർമ്മകൾ.


പതുക്കെ

ഒരു മരവിപ്പിലേക്ക്

പ്രജ്ഞയുണരുമ്പോൾ

നനഞ്ഞ ഉടലിനേയുമുയിരിനേയും

മെല്ലെ വീശിയുണക്കാനണയുന്നു

ഒരു ചെറുവെയിൽപ്പീലി.

പ്രിയതാളുകൾക്കിടയിൽ മറഞ്ഞിരുന്ന്

പെറ്റുപെരുകാനായി

ഇഴവിരിക്കുന്നു,

ഒരു ഓർമ്മപ്പീലി.

 

 



Friday 12 June 2009

ചിറകൊടിഞ്ഞ്... മണ്ണടിഞ്ഞ്...

വഴിവക്കിലെ

പൊന്തക്കരികിലായാണ്

വീണുകിടപ്പുണ്ടായിരുന്നത്;

കഴുത്തു പിരിഞ്ഞ്

തൂവലുകൾചിതറി

വിളർത്തകണ്ണുകൾ പാതികൂമ്പി...

 

ഇന്നലേയും കണ്ടതാണ് ,

ചിക്കിച്ചികയുന്നത്,

കൂട്ടുകാരൊത്ത്

പങ്കുവയ്ക്കുന്നത്.

തമ്മിൽ കളിയിൽകൊത്തി

ചിലച്ചുപറക്കുന്നതും

കൊക്കും ചിറകും

ഉരുമ്മിക്കുറുകുന്നതും.

 

ഇന്ന്

കൂട്ടുകുഞ്ഞുചിറകുകളെല്ലാം

തിരിച്ചുവരാതെങ്ങോ

പറന്നു പോയിരിക്കുന്നു.

പകരം ചുറ്റും

ശബ്ദംനഷ്ടപ്പെട്ട്

നിശ്ചലരായ

ചെറുമൺ‌കൂനകൾ മാത്രം.

അവയ്ക്കിടയിൽ,

വീണുകിടക്കുന്നു,

ചിറകൊടിഞ്ഞൊരു വെൺമ..

പാതികൂമ്പിയ

മിഴികളിലപ്പോഴുമുണ്ട്

മണ്ണടിയാത്ത നൈർമല്യം



Saturday 21 March 2009

തടാകങ്ങളെ കുറിച്ച്..

പർവ്വതങ്ങളിൽ നിന്നുത്ഭവിച്ച്

കളിചിരികളോടെ

കൈവഴികളായൊഴുകി

പുഴയായ് വളർന്ന്

തീരക്കാഴ്ചകൾ കണ്ട്

സ്വപ്നങ്ങളിലുറങ്ങി

ഒടുവിൽ

ഒരു സാഗരലയനത്തിൽ

ധന്യത നേടുന്ന പോലെയല്ല

തടാകങ്ങളുടെ കാര്യം.

അവ എന്നും

മുഖംനോക്കുന്നത്

സ്വന്തം നെഞ്ചിലേക്കടർന്നുവീണ

ഒരുകീറ്

ആകാശത്തിലാണ്.

അമാവാസിരാത്രികളിൽ

അവ അന്വേഷിക്കുന്നത്

കളഞ്ഞുപോയ

പ്രതിബിംബങ്ങളെയാണ്.

ഉദിക്കാൻ മറന്നുപോകുന്ന

വെളിച്ചത്തിൽ

അവ തിരയുന്നത്

സ്വന്തം

സത്ത്വത്തെ തന്നെയാണ്. 



 *പടം, ഗൂഗ്ലിയപ്പോൾ വിക്കി തന്നത്

Sunday 11 January 2009

കുശലം മറന്ന്....

നെടുവീർപ്പുകളെ വെളുപ്പുടുപ്പിച്ച്

സ്വപ്നങ്ങളുരുക്കിവിളക്കിയ

ജപമാലയേന്തി

നിർവ്വികാരതയുടെ മണവാട്ടിയായി

നിന്നെകണ്ട അവിചാരിതക്കും

കലാലയപ്പടവുകളോടും

മരച്ചുവടുകളോടും

അടക്കംപറഞ്ഞ നിന്റെ

നിറമുള്ള വിചാരങ്ങൾക്കുമിടയിൽ

കാലം

ഏതാനും വത്സരജപമന്ത്രങ്ങൾ

ഉരുക്കഴിച്ചിരുന്നു.

 

നീ മുട്ടുകുത്തുന്ന

അൾത്താരയിൽ

അത്യുന്നതങ്ങളിൽ

മുൾക്കിരീടവും മരക്കുരിശ്ശും പേറി

രക്തംകിനിയുന്ന ആണിപ്പഴുതുകളും

ഈറനുണങ്ങാത്ത കണ്ണീർപ്പാടുകളുമായി

പിതാവ്.

കുശലം മറന്ന്

നിനക്കരികിൽ

ഞാനും.