Thursday, 16 February 2023

മായാദർശനം

ഇതെൻ്റെ പാനോപചാരശാല.

പ്രിയനേ,

ഇവിടെ ഞാൻ നിനക്കെൻ്റെ

പ്രണയം വിളമ്പട്ടെ.

 

 

ചെറുകുളിർക്കാറ്റിൻ്റെ തലോടലിൽ

ഇക്കിളിയുണരുന്ന

പാടലവർണ്ണവിരികൾക്കരികിൽ,

ചുവന്ന

മെഴുതിരിവെട്ടം കൺമിഴിക്കുന്ന

ആ മേശ കണ്ടോ?

പൂപ്പാത്രങ്ങൾ വച്ചുനീട്ടുന്ന

ചെമ്പനീർപ്പൂക്കളേയോ?

ഏറ്റവും മികച്ച സുഗന്ധദ്രവ്യങ്ങളിൽ മുക്കി

വിശറി വീശുന്ന കാറ്റിനെ?

'പ്രണയം വിളമ്പുമിടം ‘എന്ന

നമ്മുടെ സംഗമസ്ഥാനത്തെയാ

ഒഴിഞ്ഞ കോണിൽ,

ഒരുക്കങ്ങളിലൊന്നും തൃപ്തയാവാതെ

ഖിന്നയായിരിക്കുന്ന

എന്നെ നീ കാണുന്നില്ലേ?

നമ്മുടെ പ്രണയചേഷ്ടകളെയോർത്ത്

ഇപ്പോഴും മുഖംപൊത്തി നാണിച്ചു നിൽക്കുന്ന

ഈ ജാലകക്കൈകളെ വിടർത്താൻ

നീയണയുന്നതും കാത്ത്

നാളെത്രയായിരിക്കുന്നു, ഞാനിങ്ങനെ....

 

മെഴുതിരിയത്താഴമേശയെച്ചൂഴുന്ന

അരണ്ട വെളിച്ചത്തിൽ

പഴയ പോലെ

എൻമിഴിപ്പൊന്മകളെ ഞാനിന്ന്

കൂടു തുറന്നു വിടും.

അവ നിൻ്റെ തൃഷ്ണകളെ

കൊത്തിയെടുത്തു പറക്കുന്നതിലെ

വിരുതു കണ്ട്

കടങ്കഥയിൽ തോറ്റ കുട്ടിയായി

പതിവു പോലെ

കുസൃതിക്കുളം കലക്കി നീ

ഇത്തിരിവെട്ടം കെടുത്തരുത്.

എണ്ണിയെടുക്കാനാവാത്ത വണ്ണം

എനിക്കായി നീ വളർത്തിപ്പെരുപ്പിച്ച

മീനുകളെ

തെളിജലത്തിലൂടെ

എല്ലാവരുമൊന്നു കാണട്ടെ.

 

നോക്ക്,

നിരനിരയായ് നിൽക്കുന്ന

സ്ഫടികസാലഭഞ്ജികകൾ കൈകളിലേന്തുന്ന

നിൻ്റെ ഇഷ്ടഭോജ്യങ്ങളെ.

 

ഇതാ ബുൾസ് ഐ.

ഏറെ മുളകും മസാലയും ചേർത്ത്,

വരട്ടിയെടുത്ത കരൾ.

നന്നായി മൊരിഞ്ഞ ഫിംഗർചിപ്സ്.

ഒന്നും ഞാൻ മറന്നില്ലല്ലോ, എന്നത്ഭുതപ്പെടണ്ട.

നിൻ്റെ  പ്രിയ ഓർമ്മകളിൽ മാത്രമാണല്ലോ

ഞാനിന്നും ജീവിക്കുന്നത്.

 

എൻ്റെ പ്രണയത്തിനു സമം

വീര്യമൂല്യങ്ങളേറിയ,

കാത്തിരിപ്പിൻ്റെ എട്ടുവർഷങ്ങൾ

ചുവപ്പിച്ച,

ഈ വീഞ്ഞ്

ഒന്ന് ചുണ്ടോടു ചേർക്കൂ.

എൻ്റെ ചുംബനലഹരിയോളമായില്ലെന്ന്

ഒരിക്കൽക്കൂടി പറഞ്ഞ്

എന്നെയും ലഹരിയിലാറാടിക്കൂ.

അയ്യോ ...

എന്തേ നീയത് തുപ്പിക്കളയുന്നു?!

മനംപുരട്ടുന്ന ചുവയെന്നോ?!

"മൈ സ്വീറ്റ്‌ ഹാർട്ട്‌" എന്ന്

നീ വാഴ്ത്തിയിരുന്ന

ഹൃദയം പിഴിഞ്ഞെടുത്ത

നീരാണത്.

 

ദാ ഈ കരൾക്കഷ്ണം കടിച്ച എരിവിനൊപ്പം

എൻ്റെ കരളേ...‘എന്നെന്നെ

ഒന്നുകൂടി വിളിക്കൂ..

അതുകണ്ട് നീ ഓക്കാനിക്കുന്നതെന്തേ?

 

ഇതാ

എൻ്റെ കണ്ണുകളെപ്പോലെ രുചികരമെന്ന്

നീ പറയാറുള്ള ബുൾസ് ഐ.

ഉപ്പും എരിവുമേറിയ നിൻ്റെ ചുംബനങ്ങൾ

നിറയെത്തൂകി

നീയത് ഭുജിക്കുക.

 

മൊരിഞ്ഞ

ഫിംഗർചിപ്സിനൊപ്പം

അറിയാതെന്ന പോലെ

എടുത്തുകടിക്കാറുള്ള

എൻ്റെ വിരൽ,

എന്തേ നീ തട്ടിയെറിയുന്നു?

ഓ... നിനക്കിപ്പൊൾ

പുതിയ പഥ്യങ്ങളാണെന്നോ!

 

മുക്കുപൊത്തിയോടുന്നതെന്തേ നീ?

നിനക്കേറ്റവും പ്രിയപ്പെട്ട

നിൻ്റെ പെർഫ്യൂമിൻ്റെ

ഗന്ധമല്ലേ ഇവിടല്ലാം.

എട്ടു വർഷമായി ഞാനുറങ്ങുന്ന

ശവക്കല്ലറയിൽ നിറയുന്ന,

നിൻ്റെ ഓർമ്മകളുടെ

സുഗന്ധം!!

xxxxxxxxxxxxxxxxxxxxxxxxx