Wednesday 13 December 2023

നിന്നിലേക്കുള്ള വീഥികളിലൂടെ നടക്കുമ്പോൾ...

നിന്നിലേക്കുള്ള യാത്രാവീഥികളിൽ,

വിരഹത്തിൻ്റെ മൂശയിൽ

ഉരുകിവീണുതിളങ്ങുന്ന

എൻ്റെ നക്ഷത്രചിന്തകൾക്ക്

പൂത്തുവിടരാനായി നീ

ഒരാകാശമരമൊരുക്കിയിരുന്നു.

 

നിന്നിലേക്കുള്ള വീഥികളിൽ

നീ വിടർത്തുന്ന

മുത്തുക്കുടയിൽ

വൈഡൂര്യമഴയായ് ഞാൻ

പെയ്തുപെരുകുന്നു.

മഴ നനയാതെ നീ

എന്നിലേക്കോടിയൊളിച്ച്

നിറഞ്ഞുപെയ്യുന്നു.

 

നിന്നിലേക്കുള്ള വീഥികൾ തേടി

കർക്കിടകമായ് ഞാൻ

കറുത്തിരുളുന്നു.

നീയഴിച്ചുവച്ച

പുറന്തോടിന്‍ കാഠിന്യം

സ്വയമണിഞ്ഞ് സംരക്ഷിതയാവുന്നു.

ഋജുരേഖകളിൽ ഗതിവിഗതി കാണാതെ

പാർശ്വപാതകളിൽ  വ്യതിരിക്തയാവുന്നു.

 

ഞാൻ, ഒരേസമയം

അകാശത്തേക്ക് ചുരുൾനിവർന്നുകുതിക്കുന്ന

തിരകളുടെ സങ്കീർണ്ണതയും

നീലശാന്തതയിൽ മയങ്ങുന്ന

ആഴിയുടെ അഗാധതയുമാകുമ്പോൾ

നീയൊരു വലംപിരിശംഖായ്

എൻ്റെ അന്തരാളങ്ങളിലേക്കൂളിയിട്ട്

എന്നെ നിന്നിലെ

നിത്യതീർത്ഥമാക്കുന്നു.

 

ഞാൻ നിന്നിലും നീ എന്നിലും

പുനർജ്ജനിയുടെ

ആദിമന്ത്രപ്പൊരുളായ് ഭവിക്കുന്നു.

നിന്നിലേക്കുള്ള യാത്രകളിൽ

എൻ്റെ പടിവാതിലിലൂടെ,

ഞാൻ

ഉള്ളിലേക്ക് നടന്നപ്രത്യക്ഷയാകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

Saturday 2 December 2023

ഒന്നുമുരിയാടാതെ പുഴ......



 ഓളക്കൈകളേന്തിയ

ചെങ്കിരണച്ചെമ്പുകുടുക്കയിലേക്ക്

പതിയെ വീഴുന്ന സ്വർണ്ണനാണയം പോലെ

 താഴ്ന്നുമറയുന്ന സൂര്യനെ

താരാട്ടിയുറക്കുന്ന പുഴ,

എന്നും

തരിവളകൾ കിലുക്കി 

കയർ പിരിക്കാനെത്തുന്ന

തീരത്തെ ചകിരിമില്ല്.

അവിടെ,

യന്ത്രപ്പൽച്ചക്രത്തിൻ്റെയൊച്ചയെ

തല്ലിയമർത്തുംവിധത്തിൽ

കേൾക്കാം,

നിരത്തിക്കുത്തിനിറുത്തിയ, മെടഞ്ഞ

ഒറ്റയോലകൾക്കു മറപറ്റി

വെയിൽ പച്ചകുത്തിപ്പൊള്ളിച്ച ഉടലുമായി

ചീഞ്ഞ തൊണ്ട് തല്ലിക്കീറി,

ചകിരിച്ചോർ കുടഞ്ഞുമാറ്റി,

ചീയാതെ

ജീവിതം ഇഴപിരിച്ചെടുക്കുന്നവരുടെ,

കൈവളക്കിലുക്കത്തിൻ്റെ അകമ്പടിയില്ലാത്ത

മടലടിമേളം.

അതുകണ്ട് നെഞ്ചുചുവന്നൊഴുകുന്നു,

തീരത്തെ ജലം

 

ഒരു ഞായറുച്ചയിൽ

തീരം വിജനം.

കുഞ്ഞനുജത്തിയുടെ

കൗതുകക്കൈയ്യും പിടിച്ച്

ഒരേട്ടൻ,

സൂത്രത്തിൽ, വെയിൽക്കണ്ണ് പൊത്തി,

തീരത്തെ മരത്തിലെ

കെട്ടഴിക്കുന്നു

ആണ്ടിപ്പാപ്പൻ്റെ വഞ്ചി,

ഇളകിയഴിയുന്നു.

അനിയത്തിയെ അതിലേറ്റുന്നു.

കഴുക്കോലെടുക്കുന്നു.

കുത്തിത്തുഴയുന്നു.

ഒഴുക്കിൽ ചാഞ്ചാടി നീങ്ങുന്ന

വഞ്ചിയപ്പോഴൊരു

സ്വർണ്ണയന്നത്തോണി.

അണിയത്ത്,

ഉപവിഷ്ടയായനുജത്തി - രാജകുമാരി

അമരത്തേട്ടൻ,

ഏഴുകടൽ താണ്ടി, രാക്ഷസനെ വെന്ന്

അനിയത്തിയെ വീണ്ടെടുത്തെത്തുന്ന

രാജകുമാരൻ.

ഒറ്റക്കഴുക്കോൽച്ചിറകാൽ  തുഴഞ്ഞ്

അരയന്നം മെല്ലെ നീങ്ങുന്നു.

 

പെട്ടന്നാച്ചിറകടി

നിശ്ചലമായി.

ഒറ്റച്ചിറക് മുറിഞ്ഞുപോയി

പക്ഷം മുറിഞ്ഞ പക്ഷി,

ഓളങ്ങളിലൊഴുകിപ്പോയി.

അടിത്തട്ടിലുറച്ച ചിറകപ്പോൾ

കഴുക്കോലായി.

തോണി കൈവിട്ട ഏട്ടൻ

കോലേറി ഇരിപ്പുമായി..

 

പുഴ പിന്നെയുമൊഴുകി.

ഓളങ്ങളിൽ,

വർഷങ്ങളെത്രയൊഴുകി....

തീരത്തെ മില്ല് മറഞ്ഞു,

ആണ്ടിപ്പാപ്പനെ, കാലം പോലും മറന്നു.

എഴുകടലുകളിലൂടെ

തീരം തേടി

തുഴയില്ലാതൊരു വഞ്ചി

ഇന്നും നിലയ്ക്കാതൊഴുകുന്നു.

തീരത്തായ്,

മുറിഞ്ഞുവീണുറച്ചുപോയ നങ്കൂരം പോലെ

ഒരു മുളങ്കോൽ തോണി തേടുന്നു.

ഒരു സമസ്യക്കുമുത്തരമേകാതെ

ഒന്നുമുരിയാടാതെ,

പുഴയിന്നുമൊഴുകുന്നു.

Xxxxxxxxxxxxxxxxxxxxxxxxxxxxx

Friday 1 December 2023

റൂമി മൊഴിമാറ്റം

നിനവിലും നീ കണ്ടി-

ല്ലെത്രമേൽ ഞാൻ തിര-

ഞ്ഞൊരു തോഷികം

നിനക്കേകുവാനായ്

എന്തു ഞാൻ ചൊല്ലേണ്ടൂ!!

അവയൊന്നുമെന്നാത്മ-

തുഷ്ടിക്കുചിതമായ്

തോന്നിയില്ല.

 

സ്വർണ്ണഖനിക്കെന്തു

സൗവർണ്ണസമ്മാനം!!

സമുദ്രത്തിനായ് കൈ-

ക്കുടന്ന ജലം?!!

 

എന്തു തന്നെയാകി-

ലുമവ പൂർവ്വർക്കു

സുഗന്ധദ്രവ്യം പ്രദാ-

നിക്കും പോലെ

 

എൻ ഹൃത്തുമാത്മാവു-

മേകാമെന്നാകിലോ

നീയവയ്ക്കെന്നേ

ചക്രവർത്തിനി

ഒടുവിൽ ഞാൻ കൊണ്ടുവ-

ന്നൊരു മുകുരം, ആയതിൽ

നീ നിന്നെ നോക്കുമ്പോൾ

ഓർക്കുകെന്നെ.

[ഒടുവിൽ ഞാൻ കൊണ്ടുവ-

ന്നൊരു ദർപ്പണം, അതിൽ

നിന്നെ നോക്കുമ്പോൾ നീ

കാണുകെന്നെ]

 

A Gift to bring you

-Rumi

 

''You have no idea how hard I

have looked for a gift to

bring you.

 

Nothing seemed right.

 

What's the point of bringing

gold to a gold mine,

or water to the ocean.

 

Everything I came up with

was like taking spices to the

orient.

 

It's no good giving my heart

and my soul

because you already have

these.

 

So I've brought you a mirror.

Look at yourself and

remember me''

 


പ്രണയലേഖനം

രാവുദൂരം 

പാലാഴി കടഞ്ഞമൃതുണ്ടിട്ടും

നിലാക്കൈ പിടിവിടർത്താൻ മടിച്ച്

ഒരു തെന്നൽ...


നിൻ്റെ തീരങ്ങളിലെ 

താഴ്വാരക്കാറ്റാവാൻ

മുഗ്ധസ്വേദബിന്ദുക്കൾ

മുത്തിയെടുക്കാൻ

കാത്തിരിപ്പിൻ 

ദിനോഷ്ണവുമായ്

നിൻ്റെ രാവിലേക്ക് മാത്രമെൻ

തോണി തുഴഞ്ഞെത്തുമെന്ന് 

ദന്തതൂലികത്തുമ്പിനാൽ

അധരപത്രത്തിലെഴുതി

സുദീർഘചുംബനത്താൽ

മുദ്രണം ചെയ്തൊരു ലേഖനം

നീൾമിഴികൾ കൂമ്പിയവൾ

പ്രാണനിൽ വായിച്ചെടുക്കുന്നു 



ജീവിതം.. ഒരു നിറസൗന്ദര്യം..

പരസ്പരം കൈനീട്ടിത്തൊട്ടപ്പോൾ

പൊള്ളിയറിഞ്ഞ പനിച്ചൂടിൽ

പെട്ടെന്ന് ജന്മമെടുത്ത

രണ്ടപരിചിതർ

പൂർത്തിയാക്കാത്ത

ഹസ്തദാനത്തിൽ

ഇരുവഴികളായ് പിരിഞ്ഞു.

 

കാൽച്ചങ്ങലകൾ പൊട്ടിവീണത്

കൽത്തുറുങ്കിലെന്നറിഞ്ഞ്,

സൂചിക്കുഴയിലൂടൂർന്ന്

സ്വതന്ത്രമായൊരു വീർപ്പുമുട്ടൽ,

മരുഭൂമിയിലെ

ഏകാന്തപഥ്യപാഥേയം നുകർന്ന്

കൊടുംചൂടിലെ തണുപ്പിലൂടെ 

നടന്നുപോയി.

 

പ്രപഞ്ചഹൃദയത്തെ ഉള്ളിലറിഞ്ഞ്,

നീർത്താമരയിലയിൽ

തുള്ളിയിളകുന്നൊരു ജലബിന്ദു;

ജീവിതം-

ഒരു നിറസൗന്ദര്യം

Xxxxxxxxxxxxxxxxxxxxx