Friday, 10 October 2008

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ; ഒരു നിദ്ര തന്നായുസ്സിൽ
വിടർന്നു പൊലിയുന്ന വർണ്ണക്കുമിളകൾ
ഉണരുന്ന മനസ്സിന്റെയടച്ച കിളിക്കൂട്ടിൽ
ബന്ധിതരാകുന്ന പഞ്ചവർണ്ണക്കിളികൾ
ഉറങ്ങുമ്പോൾ, മനസ്സിന്റെ ബന്ധനമഴിയുമ്പോൾ
അന്തരാത്മാവിൽ നിന്നവ പറന്നുയരുന്നു
വർണ്ണച്ചിറകുകൾ നീളേ വിരിച്ചിട്ടു
ആവോളം നശ്വരവാനിൽ പറക്കുന്നു
സ്നേഹത്തിൻ മധുവൂറും പൂക്കളാൽ നിറയുന്ന
മായീകമൊരു പൂവാടിയിൽ ചെല്ലുന്നു
ആത്മാവിൻ ദാഹങ്ങളാകുമാ പൈങ്കിളികൾ
ആ പൂക്കളിലെ തേനൂറ്റിക്കുടിക്കുന്നു
നിദ്ര പൊലിയുമ്പോൾ, മനം വീണ്ടുമുണരുമ്പോൾ
ഉണ്മയാം കൊടുംതാപം ചുറ്റുമെരിയുമ്പോൾ
സ്വപ്നത്തിൻ പഞ്ചവർണ്ണത്തൂവലുള്ളൊരാ
പക്ഷികൾ മനസ്സിൽ ചത്തു മലക്കുന്നു
കരിഞ്ഞൊരാ തൂവലിന്നോർമ്മയായ് കൺകോണിൽ
ഒരു ചെറുനീർത്തുള്ളി മാത്രം തിളങ്ങുന്നു

സ്വപ്നങ്ങൾ; അലയടങ്ങിയുറങ്ങും മനസ്സിന്റെ
നീർപ്പരപ്പിൽ വിരിയും വെറും ജലക്കുമിളകൾ
മാരിവില്ലിന്നേഴു വർണ്ണത്താലൊരു ചിത്ര-
ജാലം വിരിയിക്കും മായികക്കാഴ്ചകൾ
കൈവരാൻ കൊതിച്ചിടുമൊരു പ്രിയ ലോകത്തെ-
യാകെ പ്രതിബിംബിക്കും കുഞ്ഞുനീർപ്പോളകൾ
നിദ്രവിട്ടുണരുമ്പോൾ, മനസ്സിന്റെ നീരാഴി
അലയാർന്നു വീണ്ടുമീ ലോകത്തെ കാണുമ്പോൾ
ആ വർണ്ണക്കുമിളകൾ പൊട്ടി നശിക്കുന്നു
ഒരു ബാഷ്പബിന്ദു കവിൾ തൊട്ടു നനക്കുന്നു

സ്വപ്നങ്ങൾ; തകരുന്ന വെറും ജലക്കുമിളകൾ
അൽ‌പ്പായുസ്സാകുന്ന പഞ്ചവർണ്ണക്കിളികൾ
ഉണരുന്ന കൺകളിൽ പൊലിയുന്ന ദീപങ്ങൾ
അന്തരാത്മാവിന്റെ വിഫലമാം വാഞ്‌ഛകൾ

46 comments:

lakshmy said...

ദുസ്വപ്നങ്ങളല്ല

ഭൂമിപുത്രി said...

കുറേനാൾ കൂടിയാണല്ലൊ ലക്ഷ്മിയെക്കാണുന്നതു!
നീർക്കുമിളകളാണെങ്കിലും അതിനുമുണ്ടൊരു കർമ്മം,ഇല്ലേ?

Sands | കരിങ്കല്ല് said...

:)

കുറേ നാളായി എവിടെ ആയിരുന്നൂ?????

:)

അനൂപ് തിരുവല്ല said...

:)

ഗോപക്‌ യു ആര്‍ said...

സ്വപ്നങ്ങൾ; തകരുന്ന വെറും ജലക്കുമിളകൾ
അൽ‌പ്പായുസ്സാകുന്ന പഞ്ചവർണ്ണക്കിളികൾ
ഉണരുന്ന കൺകളിൽ പൊലിയുന്ന ദീപങ്ങൾ
അന്തരാത്മാവിന്റെ വിഫലമാം വാഞ്‌ഛകൾ


...”“ ഇത്ര നാൾ നീ എങു പൊയീ?? “”

നല്ല കവിത കെട്ടൊ!!

Jithendrakumar/ജിതേന്ദ്രകുമര്‍ said...

പനിനീര്‍ പുഷ്പ്പത്തെ മാത്രം സ്നേഹിച്ചാല്‍പ്പോരാ. ആ ചെടിയെക്കൂടെ സ്നേഹിക്കണം. വേരില്‍ ചളിയുള്ള, കൂര്‍ത്ത മുള്ളുകളുള്ള ആ യാഥാര്‍ഥ്യത്തിന്‍റെ ചെടിയിലാണ്‌ മനോഹരമായ സ്വപ്നങ്ങളുടെ പൂക്കള്‍ വിരിയുന്നത്‌.

സജി said...

"കരിഞ്ഞൊരാ തൂവലിന്നോർമ്മയായ് കൺകോണിൽ
ഒരു ചെറുനീർത്തുള്ളി മാത്രം തിളങ്ങുന്നു."

ഇനിയും പുതിയ തൂവല്‍ മുളക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു...

smitha adharsh said...

"സ്വപ്‌നങ്ങള്‍" നന്നായി...
ഇഷ്ടപ്പെട്ടു...

lakshmy said...

ഭൂമിപുത്രി, സാന്റ്സ്, ഗോപക്....നന്ദി.മൂന്നര മാസമായിട്ടു നാട്ടിലായിരുന്നു. തിരിച്ചെത്തിയിട്ടു ഒരാഴ്ച ആകുന്നതേ ഉള്ളു.

അനൂപ്, അച്ചായൻ[സജി], സ്മിത...നന്ദി

ജിത്തു...ശിരസ്സിൽ മുൾക്കിരീടവും കൈകാലുകളിൽ ആണിപ്പഴുതുകളും [മുട്ടുകാലിൽ പുതിയ മൂന്നെണ്ണം കൂടിയൂം..രണ്ടെണ്ണം കീ ഹോളിന്റേതും പിന്നൊന്ന് ഒരു 2 സെ.മി നീളത്തിലും] ഒക്കെയായി, കല്ലിലും മുള്ളിലൂടെയുമുള്ള യാത്രക്കിടയിലോ വേരിൽ ചെളിയുള്ള കൂർത്ത മുള്ളുകളുള്ള ഒരു ചെടി കാര്യമാവുന്നു [എന്നെ ഒരു വഴിക്കാക്കീത് പോരാഞ്ഞിട്ട്...ഉം..ഞാനൊന്നും പറയുന്നില്ല]

തമാശിച്ചതാണേ...മറുപടിക്ക് നന്ദി ജിത്തു

വികടശിരോമണി said...

ആത്മതാപമുള്ള വരികൾ...ഒന്നു ചുരുക്കിയിരുന്നെങ്കിൽ ഇനിയും ഭംഗിയായേനേ എന്നു തോന്നി...
ഓഫ്:തികഞ്ഞ കൃഷ്ണഭക്ത എന്നൊരവകാശവാദം പ്രൊഫൈലിൽ കണ്ടു.തികഞ്ഞ കൃഷ്ണഭക്തിയുണ്ടെന്ന് മേൽ‌പ്പത്തൂർ അവകാശപ്പെട്ടതറിയാമല്ലോ...ഭക്തിയുടെ പേരിൽ അവകാശവാദങ്ങളരുതെന്നാ കൃഷ്ണമതം....

lakshmy said...

വികടശിരോമണി..

ഓഫ്:തികഞ്ഞ കൃഷ്ണഭക്ത എന്നൊരവകാശവാദം പ്രൊഫൈലിൽ കണ്ടു.തികഞ്ഞ കൃഷ്ണഭക്തിയുണ്ടെന്ന് മേൽ‌പ്പത്തൂർ അവകാശപ്പെട്ടതറിയാമല്ലോ...ഭക്തിയുടെ പേരിൽ അവകാശവാദങ്ങളരുതെന്നാ കൃഷ്ണമതം....

ഹ ഹ. ആ അവകാശവാദം മാറ്റണമെന്ന ചിന്ത ഈയിടെ എനിക്കുമുണ്ടായി. കൃഷ്ണമതം അങ്ങിനെയായതു കൊണ്ടല്ല. എന്റെ ഉള്ളിൽ ഈയിടെ ശക്തമായ ഒരു ‘മതം മാറ്റം’ ഉണ്ടായതു കൊണ്ട്. കൃഷ്ണനെ വേറിട്ടു കണ്ടൊരു ഭക്തിയിൽ അന്വേഷിച്ചു നടക്കുകയായിരുന്നു. പിന്നെയാ മനസ്സിലായേ, കക്ഷി തന്നെയാണ് ഞാനെന്ന് [ബാബയുടേയും മറ്റും വഴിയേ പോയതല്ല കെട്ടോ]എന്റെ സങ്കടങ്ങളിൽ ഉള്ളിലുണ്ട്, എന്റെ സന്തോഷങ്ങളിലും. കൂടെ അനുഭവിക്കുന്ന ഒരാളോട് പരാതികളും നന്ദിയും പറയുന്നതെങ്ങിനെ. നിറുത്തി, പ്രാർത്ഥനകളും

വികടശിരോമണി said...

kunഅപ്പൊ അഹം ബ്രഹ്മാസ്മിയിലെത്തിയല്ലേ...നന്നായി സന്യാസത്തിലെത്തല്ലേ..പിന്നെ ബ്ലോഗാൻ പറ്റില്ല.
നാഹം വേദിർ ന തപസാ
ന ദാനേന ന ചേജ്യയാ
ശക്യ ഏവം വിധോ ദ്രഷ്ടും
ദൃഷ്ടവാനസി മാം യഥാ
എന്നു കൃഷ്ണേട്ടൻ തന്നെയാ പറഞ്ഞത്.
വ്രതം,ദാനം,യാഗം,ബ്ലോഗ് തുടങ്ങിയവയൊക്കെ ഭൌതികകർമ്മങ്ങളാകുന്നു.അവ സത്യദർശത്തിനു സഹായകമാവില്ല എന്നും അർത്ഥം പറയാം
(ഒരു കമ്മി ഊണിസ്റ്റായ എന്നെക്കൊണ്ടു ഗീത വ്യാഖ്യാനിപ്പിച്ചു...)
പ്രാർഥനാനിരതം,
വികടശിരോമണി

lakshmy said...

വികടശിരോമണി..ഗീത വ്യാഖ്യാനിച്ചു തന്നതു നന്നായി. അല്ലെങ്കിൽ എനിക്കൊന്നും മനസ്സിലാവില്ലായിരുന്നു. സന്യാസിയാവാൻ ഒരുദ്ദേശവുമില്ല. കാഷായവേഷം ധരിച്ച് ജപമാലയും പിടിച്ച് ഒരു സന്യാസവേഷത്തിലെത്താൻ ഒരു താൽ‌പ്പര്യ്യവുമില്ല. വികാരങ്ങളെ ബലമായി കടിഞ്ഞാണിട്ടു പിടിച്ച് ഒരു കാഷായവേഷത്തിനകത്ത് തളക്കുന്നത് അപഹാസ്യമായേ തോന്നിയീട്ടുള്ളു. ഇനി, നിസ്സംഗത എന്ന ഒരു സന്യാസാവസ്ഥയിലേക്ക് മനസ്സെങ്ങാൻ എത്തിപ്പോയാൽ അതിനെ തടുക്കാൻ എനിക്കാവുമെന്നും തോന്നുന്നില്ല.പക്ഷെ സന്യാസിമാരുടെ സ്ഥിരം 'റോബ്സിൽ' എന്നെ കാണാമെന്നു കരുതണ്ട. ബ്ലോഗ്ഗിങ് ഞാൻ നിറുത്തും,സന്യാസത്തിലേക്ക് പോകുമ്പോഴല്ല, മടുക്കുമ്പോൾ

സംസ്കൃതത്തിൽ നല്ല അവഗാഹമുണ്ട് വികടശിരോമണിക്ക് എന്നത് എന്നിൽ അസൂയ ഉണർത്തുന്നു [അസൂയ സന്യാസത്തിനു ചേരുന്ന വികാരമല്ല]

കാവലാന്‍ said...

കവിത കൊള്ളാം.

പിന്നെ വികടഭാഷണവും,ചില വിശദീകരണങ്ങളും കേട്ടപ്പോള്‍ ഒരോഫടിച്ചേക്കാമെന്നു വച്ചു.

"ഇനി, നിസ്സംഗത എന്ന ഒരു സന്യാസാവസ്ഥയിലേക്ക് മനസ്സെങ്ങാൻ എത്തിപ്പോയാൽ അതിനെ തടുക്കാൻ എനിക്കാവുമെന്നും തോന്നുന്നില്ല.പക്ഷെ സന്യാസിമാരുടെ സ്ഥിരം 'റോബ്സിൽ' എന്നെ കാണാമെന്നു കരുതണ്ട. ബ്ലോഗ്ഗിങ് ഞാൻ നിറുത്തും,സന്യാസത്തിലേക്ക് പോകുമ്പോഴല്ല, മടുക്കുമ്പോൾ "

അതിനല്ലേ നമ്മുടെ പ്രമുഖ കവി തീയിലേക്കു ചാടിയിരിക്കുന്നത്.ബൂലോകത്തിന് അമരത്വം നല്‍കാനുള്ള അമൃതകുംഭവുമായി വരുമെന്നാ പുറമെ കേട്ടത് ഇപ്പൊ വരും ഇപ്പൊ വരും എന്നു വച്ച് ബൂലോകം കാത്തിരിക്കാന്‍ തുടങ്ങീട്ട് രണ്ടു ദിവസമായി കക്ഷിയുടെ ഒരു നാലു കവിത ഒന്നു വീതം മൂന്നു നേരം വായിക്കുക സംഗതി ഉഷാര്‍!. :)

വികടശിരോമണി said...

ആ ഗീതാവ്യാഖ്യാനം കണ്ട് എന്റെ സംസ്കൃതാവഗാഹത്തിൽ അസൂയ തോന്നിയ ലക്ഷ്മിക്ക് അഭിനന്ദനങ്ങൾ!
കാവലാൻ പറയുന്നതു കേട്ട് ആ അമൃതകുംഭം കാണാൻ പോകല്ലേ...അത് കാളകൂടമാണ്.അതു ഭക്ഷിക്കാനും തൊണ്ടയിലുടക്കാനും അവിടെ ധാരാളം പരമശിവന്മാരുമുണ്ട്.
പിന്നെ,സംസ്കൃതം കണ്ട് അസൂയപ്പെടണമെങ്കിൽ പൊയ്ക്കോളൂ...മൂപ്പർ കഴിഞ്ഞ കവിതയിൽ പോലും ഒരു പുതിയ സംസ്കൃതവാക്ക് കണ്ടുപിടിച്ചതേയുള്ളൂ...
ഓഫ് തീർന്നൂട്ടോ...
ഒരിക്കൽക്കൂടി,
കവിത നന്നായി.കയ്യിൽ വിതയുണ്ട്.

lakshmy said...

'കാവലാൻ പറയുന്നതു കേട്ട് ആ അമൃതകുംഭം കാണാൻ പോകല്ലേ...അത് കാളകൂടമാണ്.അതു ഭക്ഷിക്കാനും തൊണ്ടയിലുടക്കാനും അവിടെ ധാരാളം പരമശിവന്മാരുമുണ്ട്'

അത് തിരിച്ചറിയാൻ കഴിയുന്നുണ്ട്. എന്നിട്ടും എന്നെ അത്ഭുതപ്പെടുത്തുന്നത് അവിടത്തെ ഇടിച്ചു കയറ്റമാണ്. ‘വിഡ്ഢിത്ത’മെഴുതി എന്ന് ആരൊക്കെയോ വിളിച്ചു കൂവുമ്പോൾ യദാർഥത്തിൽ വിഡ്ഢിയാക്കപ്പെടുന്നത് ആരൊക്കെയാണ്?!!

വികടശിരോമണി said...
This comment has been removed by the author.
വികടശിരോമണി said...

ധാരാളം സമയം.പണിയില്ലായ്മ.നിരന്തരമായ പരപീഡനാ‍ഭിവാഞ്ഛ.ഇതെല്ലാം ചേരുന്ന ചില ബൂലോകനിമിഷങ്ങളിലാണ് നമ്മളവിടെ എത്തുന്നത്.ഞാനും പോയി.
ഒരു കാര്യം ശ്രദ്ധിച്ചോ?അയാളൂടെ കവിതകൾ എന്തു നിലവാരമില്ലാത്തതുമായിക്കോട്ടെ,അതിനുതാഴെ കമന്റുകളിൽ എന്തെല്ലാം ബൌദ്ധികസംവാദങ്ങളാണ് നടക്കുന്നത്? കവിതയിയുടെ വ്യാകരണം,അർത്ഥാപത്തി,പുതിയ ഭാഷാപദങ്ങളൂടെ രൂപീകരണം എന്നിങ്ങനെ ഗഹനമായ വിഷയങ്ങൾ...
കാര്യം ലക്ഷ്മി പറഞ്ഞപോലെ വിഡ്ഡികളാണെങ്കിലും,നല്ല വിവരമാ...

ഭൂമിപുത്രി said...

എല്ലാവരുംകൂടിയൊരാളേയിട്ടിങ്ങിനെ...
വിഷമം തോന്നാറുണ്ട്.
കവിത്വത്തിന്റെ ഏറ്റക്കുറച്ചിലുകൾ പരിഹസിയ്ക്കപ്പെടാനുള്ളതാണെന്ന് തോന്നിയിട്ടില്ല
ഇവിടെയിത് പരാമർശിച്ചതുകണ്ട് പറഞ്ഞതാൺ

വികടശിരോമണി said...

ഭൂമീപുത്രി പറഞ്ഞത് കറക്റ്റ്...കൊടുകൈ!

വികടശിരോമണി said...

ഒരു പ്രൊഫൈൽ തിരുത്തുകൂടി:
കവിതാകാരി എന്നൊരു വാക്കില്ല.കവി എന്ന വാക്കിന് ലിംഗഭേദമില്ല.
“ഇവനൊരു ശല്യം തന്നെ” എന്നു തോന്നുന്നില്ലേ?
അതുമതി.

lakshmy said...

'ഒരു പ്രൊഫൈൽ തിരുത്തുകൂടി:
കവിതാകാരി എന്നൊരു വാക്കില്ല.കവി എന്ന വാക്കിന് ലിംഗഭേദമില്ല'
അതിനെക്കുറിച്ച് അത്ര ഉറപ്പില്ല. കവി എന്ന വാക്ക് പുല്ലിംഗമായിട്ടുപയോഗിക്കുന്നു എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. അല്ലെങ്കിൽ ‘കവയിത്രി‘ എന്ന വാക്കിന്റെ ആവശ്യമില്ലല്ലൊ. ആ വാക്കും ഉപയൊഗിക്കാതെ കവിതാകാരി എന്നുപയോഗിച്ചതിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയിട്ടില്ല.

എന്തായാലും ഈ ശ്രദ്ധക്ക് ഒരുപാട് നന്ദി

വികടശിരോമണി said...

ഇതൊരു പഴയ തർക്കമാണ്.“കവി”ക്ക് സ്ത്രീലിംഗപ്രയോഗമില്ലെന്നും ഉണ്ടെന്നുമുള്ള ആ ചർച്ചകൾ,മറ്റൊരാവശ്യത്തിനു വേണ്ടിയെങ്കിലും,ക്രോഡീകരിച്ചത് ഭാഷാപണ്ഡിതനായ എൽ.വി.രാമസ്വാമി അയ്യരാണ്.ആ ചർച്ചകൾ മുഴുവനും എടുത്തെഴുതുന്നത് അർത്ഥരഹിതമായതിനാലും(സമയമില്ലാത്തതിനാലും!)അത്ര ഗൌരവം ഇവിടെ ആ ഭാഷാഗവേഷണത്തിനില്ലാത്തതിനാലും ചെയ്യുന്നില്ല.സമയമുള്ളപ്പോൾ സഹോദരി എൽ.വി.ആറിന്റെ ഭാഷാപഠനങ്ങൾ വായിക്കൂ..
പിന്നെ,
കവിതാകാരിയെന്നുതന്നെ എഴുതിക്കോളൂന്നേ..ഭാഷ ആശയവിനിമയത്തിനുള്ളതാണ്. “പൂശകനാം നീ പൂശകനിനിമേൽ” എന്നു പണ്ട് എൻ.വി.കൃഷ്ണവാരിയർ എഴുതിയപ്പോൾ,അന്നത്തെ എന്നെപ്പോലുള്ള വികടശിരോമണികൾ വിമർശിച്ചു,അങ്ങനെ ഒരു വാക്കില്ലെന്ന്.എൻ.വി.മറുപടി പറഞ്ഞത്,“ഞാനുദ്ദേശിച്ചതെന്താണെന്ന് മനസ്സിലായല്ലോ,അതുമതി”എന്നാണ്.
ഞമ്മളും എൻ.വിയുടെ ആളാണ്.കാര്യം പൂടികിട്ടി.അത്രേം മതി.ലിംഗ്വസ്റ്റിക്സ്!ഒലക്ക!

lakshmy said...

'the most worst'(exactly ഇതല്ല) പോലുള്ള superlative degree യുടെ രണ്ടു പദങ്ങൾ ഒരുമിച്ചു നിരത്തിയുള്ള പ്രയോഗത്തിന്റെ ഉപജ്ഞാതാവ് ഷേക്സ്പിയർ ആണെന്നും കേട്ടിട്ടുണ്ട്. പിന്നെ വികടശിരോമണി തന്നെ പറഞ്ഞതു പോലെ “ഞാനുദ്ദേശിച്ചതെന്താണെന്ന് മനസ്സിലായല്ലോ,അതുമതി” എന്നതു തന്നെയാണു കാര്യം, ഭാഷയെ അപമാനിക്കാത്തിടത്തോളം.

എൽ.വി.ആറിന്റെ ഭാഷാപഠനങ്ങൾ സമയമുള്ളപ്പോൾ തീർച്ചയായും നോക്കുന്നതാണ് സഹോദരാ. ആ പരിചയപ്പെടുത്തലിനു ഒരുപാട് നന്ദി

Rose Bastin said...

നിദ്രവിട്ടുണരുമ്പോൾ, മനസ്സിന്റെ നീരാഴി
അലയാർന്നു വീണ്ടുമീ ലോകത്തെ കാണുമ്പോൾ
ആ വർണ്ണക്കുമിളകൾ പൊട്ടി നശിക്കുന്നു
ഒരു ബാഷ്പബിന്ദു കവിൾ തൊട്ടു നനക്കുന്നു

സ്വപ്നങ്ങള്‍ പറന്നകലുമ്പോള്‍ കൺകോണിലും കവിൾത്തടങ്ങളിലും അവശേഷിക്കുന്ന നീർത്തുള്ളികളുടെ തിളക്കം...
ഹൃദ്യമായ ഭാവന! ആശംസകൾ!!!

ഭൂമിപുത്രി said...

ലക്ഷ്മീ,ഓഫിന് മാപ്പ്!
പനച്ചൂരാന്റെ പുതിയ പ്രയോഗങ്ങൾ-മുടിമുറിശീലൻ,
മീശപ്രകാശൻ,മുഖവടിവേലൻ-ഒക്കെ ജനം ഏറ്റെടുത്താസ്വദിച്ചില്ലേ?

lakshmy said...

കാവലാൻ, വികടൻ..ഒരിക്കൽ കൂടി നന്ദി

റോസ് ചേച്ചി..കവിത ഇഷ്ടമായതിൽ സന്തോഷം, നന്ദി

ഭൂമിപുത്രി...‘പനച്ചൂരാന്റെ പുതിയ പ്രയോഗങ്ങൾ-മുടിമുറിശീലൻ,
മീശപ്രകാശൻ,മുഖവടിവേലൻ-ഒക്കെ ജനം ഏറ്റെടുത്താസ്വദിച്ചില്ലേ?‘

‘മഹാഭാരതകാരൻ‘ ‘ഗീതാകാരൻ‘ [similar to kavithaakaari] തുടങ്ങിയവ ഞാനും കേട്ടിട്ടുണ്ട് ഭൂമിപുത്രി. അതിലെന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയിട്ടുമില്ല.
ഈ ശ്രദ്ധക്ക് മനസ്സു തൊട്ടനന്ദി

MyDreams said...

pls meke the font size little more ....
സ്നേഹത്തിൻ മധുവൂറും പൂക്കളാൽ നിറയുന്ന
മായീകമൊരു പൂവാടിയിൽ ചെല്ലുന്നു
ആത്മാവിൻ ദാഹങ്ങളാകുമാ പൈങ്കിളികൾ
ആ പൂക്കളിലെ തേനൂറ്റിക്കുടിക്കുന്നു

im sleeping my mydreams

MyDreams said...

pls make the the font size little bit more ....
സ്നേഹത്തിൻ മധുവൂറും പൂക്കളാൽ നിറയുന്ന
മായീകമൊരു പൂവാടിയിൽ ചെല്ലുന്നു
ആത്മാവിൻ ദാഹങ്ങളാകുമാ പൈങ്കിളികൾ
ആ പൂക്കളിലെ തേനൂറ്റിക്കുടിക്കുന്നു

im sleeping with my mydreams

GURU - ഗുരു said...

ഇതൊക്കെ സ്വപ്നവും നീര്‍ക്കുമിളകളുമാകാം.. പക്ഷെ എന്‍റെ ഉള്ളിലെ പ്രണയം ,സെക്സ് , സന്തോഷം, സങ്കടം ഇതൊന്നും ഇവിടെ ഒളിപ്പിച്ച് വച്ച് നാട്യങ്ങളുമായി ....അതിന് ഞാന്‍ തയ്യാറല്ല...എല്ലാം എന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍....പിന്നെ നിശബ്ദതമാത്രമല്ലെ ബാക്കി...പിന്നെ എന്ത് കമന്‍റ്, എന്ത് ബ്ലോഗ്, എന്ത് കൃഷ്ണന്‍?...........എന്ത് ഭക്തി...?????

GURU - ഗുരു said...

‘വിഡ്ഢിത്ത’മെഴുതി എന്ന് ആരൊക്കെയോ വിളിച്ചു കൂവുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വിഡ്ഢിയാക്കപ്പെടുന്നത് ആരൊക്കെയാണ്?!!(തന്‍റെ വാചകം തന്നെ)
ലക്ഷ്മികൊച്ചേ...മുകളിലെ അഭിപ്രായം രണ്ടു മൂന്ന് തവണവായിക്കുക..മനസ്സിലായില്ലങ്കില്‍ മനസ്സിലാകുന്നത് വരെ വായിക്കുക.എന്നിട്ടും മനസ്സിലായില്ലങ്കില്‍ എന്നെ വിളിക്കുക..ശുദ്ധ ഭോഷ്കായ ഇതിനെല്ലാം നടുവില്‍ മിണ്ടീം പറഞ്ഞുമിരിക്കാടൊ.....

lakshmy said...

my dreams...thanks for visiting

guru-ഗുരു...‘ഇതൊക്കെ സ്വപ്നവും നീര്‍ക്കുമിളകളുമാകാം.. പക്ഷെ എന്‍റെ ഉള്ളിലെ പ്രണയം ,സെക്സ് , സന്തോഷം, സങ്കടം ഇതൊന്നും ഇവിടെ ഒളിപ്പിച്ച് വച്ച് നാട്യങ്ങളുമായി ....അതിന് ഞാന്‍ തയ്യാറല്ല...എല്ലാം എന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍....പിന്നെ നിശബ്ദതമാത്രമല്ലെ ബാക്കി...പിന്നെ എന്ത് കമന്‍റ്, എന്ത് ബ്ലോഗ്, എന്ത് കൃഷ്ണന്‍?...........എന്ത് ഭക്തി...?????‘

very good. be open minded. അതു വളരേ നല്ല ഒരു കാര്യമാണെന്നാ എനിക്കു തോന്നീട്ടുള്ളത്

‘“വിഡ്ഢിത്ത’മെഴുതി എന്ന് ആരൊക്കെയോ വിളിച്ചു കൂവുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വിഡ്ഢിയാക്കപ്പെടുന്നത് ആരൊക്കെയാണ്?!!(തന്‍റെ വാചകം തന്നെ)
ലക്ഷ്മികൊച്ചേ...മുകളിലെ അഭിപ്രായം രണ്ടു മൂന്ന് തവണവായിക്കുക..മനസ്സിലായില്ലങ്കില്‍ മനസ്സിലാകുന്നത് വരെ വായിക്കുക.എന്നിട്ടും മനസ്സിലായില്ലങ്കില്‍ എന്നെ വിളിക്കുക..ശുദ്ധ ഭോഷ്കായ ഇതിനെല്ലാം നടുവില്‍ മിണ്ടീം പറഞ്ഞുമിരിക്കാടൊ.....“

ഗുരുവരാ..‘മുകളിൽ പറഞ്ഞ അഭിപ്രായം’ ‘ഒരാവർത്തി’ വായിച്ചു. nothing to say on that. no comments on your reply. വേണം ന്നു തോന്നിയില്ല. anyway thanks for visiting this blog

മുരളിക... said...

കരിഞ്ഞൊരാ തൂവലിന്നോർമ്മയായ് കൺകോണിൽ
ഒരു ചെറുനീർത്തുള്ളി മാത്രം തിളങ്ങുന്നുകൊളുത്തിയത് ഈ വരികള്‍...

amantowalkwith said...

ആത്മാവ് ഹൃദയത്തോട് പറയുന്ന എന്തോ ഒന്നല്ലേ സ്വപ്‌നങ്ങള്‍ ..
good post
all the best

Seema said...

kavitha adipoli...athinadiyile comments athilum adipoli...ithokke vaayich enikkithiri vivaram vannuonnu oru samsayam...:)

സുല്‍ |Sul said...

ആദ്യമായിട്ടാണിവിടെ.

നല്ല വരികള്‍.
അഭിനന്ദനങ്ങള്‍ ലക്ഷ്മീ.

-സുല്‍

ചെറിയനാടൻ‌ said...

ഒന്നുകൂടിയൊന്നു മനസ്സിരുത്തിയിരുന്നെങ്കിൽ അൽ‌പ്പം കൂടി നന്നാക്കാമായിരുന്നു.

ആശംസകൾ

അനൂപ്‌ കോതനല്ലൂര്‍ said...

നന്നായിരിക്കുന്നു വരികൾ

ചോലയില്‍ said...

നല്ല വരികള്‍. നല്ല ഭാവന. എഴുത്തിന്റെ പുതിയ കൊച്ചു തുരുത്തുകള്‍.
ആശംസകള്‍ നേരുന്നു.

വെള്ളത്തൂവൽ said...

"സ്വപ്നങ്ങൾ..., സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ....”
നന്നായിട്ടുണ്ട്..നല്ല നല്ല സ്വപ്നങ്ങൾ കാണട്ടെ എന്നാശംസിക്കുന്നു...ലക്ഷ്മിയേടത്തി..,

ശ്രീഅളോക് said...
This comment has been removed by the author.
ശ്രീഅളോക് said...
This comment has been removed by the author.
ശ്രീഅളോക് said...
This comment has been removed by the author.
ശ്രീഅളോക് said...

മറഞ്ഞ സ്വപ്‌നങ്ങള്‍
മരിച്ച പ്രതീക്ഷകള്‍.
ഇന്നെന്റെ സ്വപ്‌നങ്ങള്‍
ഇരവിന്റെ ശത്രുക്കള്‍
നാളത്തെ സ്വപ്‌നങ്ങള്‍
നീളുന്ന ദുഃഖങ്ങള്‍ .


ഇനി നമുക്കിതൊന്ന് തിരിച്ചു വായിച്ചാലോ...


മറഞ്ഞ സ്വപ്നങ്ങള്‍
ഉയിര്‍ക്കും പ്രതീക്ഷ തന്‍ സാഫല്യം.
ഇന്നെന്റെ സ്വപ്നങ്ങള്‍
മഴയുതിര്‍ക്കും താന്‍സെന്‍ ഗീതങ്ങള്‍.
നാളത്തെ സ്വപ്‌നങ്ങള്‍
നന്മയാം ഉണ്മകള്‍ .സ്വപ്നം കാണൂ , സ്വപ്നം കാണൂ
മലയോളം കണ്ടാല്‍ കുന്നോളം

ഞാനാദ്യാ, ഇവിടെ , ഞാനെന്താ വിളിക്ക്യാ,
ലെച്ചുന്ന് വിളിക്കാ ല്ലേ ..
നന്നായീട്ടോ , ഇത്തിരി കൂടെ വിചാരിച്ചിരുന്നെന്കീ കൊറച്ചൂടെ നന്നാക്കായിരുന്നു

ജയകൃഷ്ണന്‍ കാവാലം said...

സ്വപ്നം. ഈ ലോകത്തിലെ കലാഹൃദയങ്ങള്‍ ആവോളം താലോലിച്ച, കവികള്‍ വാനോളം പുകഴ്ത്തിയ ഒന്നാണത്.വയലാര്‍, സ്വപ്നം എന്നൊന്നില്ലായിരുന്നെങ്കില്‍ ഈ പ്രപഞ്ചം തന്നെ ശൂന്യമാണെന്നു പാടി. എത്ര പാടിയാലും, എത്ര കേട്ടാലും മതിവരാത്ത ഒന്നാണത്. ലക്ഷ്മി വരച്ചിട്ട ഈ സ്വപ്നത്തിനും ഒരായിരം വര്‍ണ്ണവിന്യാസങ്ങളുണ്ട്. ആശംസകള്‍...

നരിക്കുന്നൻ said...

സ്വപ്നങ്ങളുടെ ലോകത്താ ഞാനും. പക്ഷേ,
പുലരാത്ത സ്വപ്നങ്ങളെ നോക്കി ദീർഗ്ഗ നിശ്വാസം വിടുന്നതിനേക്കാൾ എത്രയോ ഭേദമാണ് ദുസ്വപ്നങ്ങളെന്ന് ഞാൻ കരുതുന്നു. ഇവിടെ നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളുമില്ല, എല്ലാം സ്വപ്നങ്ങൾ മാത്രം.

മനോഹരമായ ഈ കവിത ഇഷ്ടപ്പെട്ടെന്ന് പ്രത്യേകം പറയേണ്ടതില്ല.

ആശംസകൾ!!!