Tuesday, 23 June 2009

മഴക്കു ശേഷം

മഴ
ഉടലിനേയുമുയിരിനേയും
ആകെ നനക്കുന്ന
നിലയ്ക്കാപ്പെരും‌ മഴ
വീശിയടിക്കുന്ന കാറ്റിൽ
പ്രകൃതിയുടെ ദംഷ്ട്രകൾ
മിന്നൽ‌പ്പിണരുകളായ് തിളങ്ങവേ
വിറയാർന്നു ചുരുങ്ങുന്ന
ദേഹവും പ്രാണനും
ഒരു ചൂടിൻ നീഡം തേടുന്നു
അതു കാണേ
അട്ടഹസിക്കുമിടിനാദത്തോടെ
വർഷപ്പെയ്ത്തിന്നാക്കം കൂടവേ
ആയിരം മഴപ്പാശങ്ങൾ
വീണ്ടും ചുറ്റിവരിയുന്നു
ആ പാശങ്ങൾ നിയന്ത്രിക്കും
കാറ്റിൻ കൈകൾ
അമ്മാനമാട്ടുന്നു
ഈ സന്താപപ്പെരും മഴയിൽ
ബോധമണ്ഡലവും നിർജ്ജീവമാകുന്നു
പിന്നെയൊരു കുത്തൊഴുക്കിൽ
വേദനയുടെ ഓർമ്മകളും
ഏതോ കാണാക്കയങ്ങളിൽ
മറയുന്നതോടൊപ്പം
പ്രകൃതിയും തളർന്നുറങ്ങുന്നു
പതുക്കെ
പ്രജ്ഞ വീണ്ടെടുക്കുമ്പോൾ
ആദ്യം മരവിപ്പിക്കുന്ന നിർവികാരത
പിന്നെ
നനഞ്ഞ ഉടലിനേയുമുയിരിനേയും
മെല്ലെ തോർത്തിയുണക്കുന്ന
ഒരു ചെറുവെയിലിനെ
കാക്കാൻ തുടങ്ങുന്നു മനസ്സ്
വീണ്ടുമൊരു ഗ്രീഷ്മതാപവും
പിന്നെയൊരു തോരാപ്പേമാരിയും
പുറകേയുണ്ടെന്നറിഞ്ഞിട്ടും
വെറുതെ
ഓർമ്മപ്പുസ്തകത്താളുകൾക്കിടയിൽ സൂക്ഷിക്കാൻ
ഒരു മയിൽ‌പ്പീലിയായ്
ഒരു
ഇളം വെയിൽ

28 comments:

lakshmy said...

പൊടിതട്ടി, റിപ്പയർ ചെയ്തെടുത്ത ഒന്ന് വീണ്ടും

ramaniga said...

വീണ്ടുമൊരു ഗ്രീഷ്മതാപവും
പിന്നെയൊരു തോരാപ്പേമാരിയും
പുറകേയുണ്ടെന്നറിഞ്ഞിട്ടും
വെറുതെ
ഓർമ്മപ്പുസ്തകത്താളുകൾക്കിടയിൽ സൂക്ഷിക്കാൻ
ഒരു മയിൽ‌പ്പീലിയായ്..........


മനസ്സെന്ന പുസ്തക താളുകള്‍ മയില്‍ പിലികളാല്‍ നിറഞ്ഞു
ഇനിയും മയില്‍ പിലികള്‍ ബാക്കി !!!!

post ishtapettu!

കുമാരന്‍ | kumaran said...

''''നീഡം തേടുന്നു'''
എന്താപ്പാ അത്???

മൊത്തത്തിൽ നന്നായിട്ടുണ്ട്.

ഗീത് said...

പെരുമഴയത്തൊരു ഇളവെയിലിനു കൊതിക്കുന്നു
കൊടും വേനലിലൊരു പെരുമഴക്കും...
ലക്ഷ്മീ കവിത നന്ന്‌.

അനൂപ്‌ കോതനല്ലൂര്‍ said...

നാട്ടിൽ മഴ കുറവാണ് ലക്ഷമി
അന്യനാട്ടിൽ ഇരുന്ന് നാടിനെ ഓർക്കുമ്പോൾ
കിട്ടുന്ന സുഖം ഇവിടെ കിട്ടില്ല അതാ സത്യം

അനില്‍@ബ്ലോഗ് said...

നനഞ്ഞ ഉടലിനേയുമുയിരിനേയും
മെല്ലെ തോർത്തിയുണക്കുന്ന
ഒരു ചെറുവെയിലിനെ
കാക്കാൻ തുടങ്ങുന്നു മനസ്സ്


കൊള്ളാം, ലക്ഷ്മി.

ചൂടിന്നിടം ആണോ? ചൂടല്‍?

lakshmy said...

അയ്യോ! “നീഡം“ ഇത്ര കൺഫ്യൂഷൻ ഉണ്ടാക്കിയോ? കൂട്, പക്ഷിക്കൂട്. ആതാണുദ്ദേശിച്ചത്. കുഴപ്പമായോ?!!

ramaniga...ആദ്യകമന്റിനു നന്ദി :)

കുമാരന്‍ | kumaran...നന്ദി :)


ഗീത്...വെൽക്കം ബാക്ക് ഗീതേച്ചി. ഈ തിരിച്ചു വരവിൽ സന്തോഷം. കമന്റിനു നന്ദിയും :)


അനൂപ്‌ കോതനല്ലൂര്‍...നന്ദി അനൂപ് :) മഴയെ ഇവിടെ ഒരു ബിംബമായി മാത്രേ ഉദ്ദേശിച്ചുള്ളു

അനില്‍@ബ്ലോഗ്...നന്ദി

അനില്‍@ബ്ലോഗ് said...

:)

siva // ശിവ said...

സുന്ദരം ഈ വരികള്‍..... മഴയ്ക്ക് ശേഷം ഞാനും ഒന്ന് ഓര്‍ത്തു നോക്കട്ടെ...

ഹരീഷ് തൊടുപുഴ said...

ലക്ഷ്മി..................

പതിവു പോലെ വിവരമില്ലാത്ത എനിക്ക് അവിടെം ഇവിടെം കുറച്ചൊക്കെയേ പിടി കിട്ടിയുള്ളൂ...

പിടി കിട്ടിയതൊക്കെ സൂപ്പെര്‍!!!

ആശംസകളോടേ..

കാന്താരിക്കുട്ടി said...

ഇതിപ്പൊഴാ ഞാൻ കണ്ടത്.കഷ്ടമായി.ആകെ മൊത്തം റ്റോട്ടൽ നോക്കിയാൽ ഇതെനിക്ക് ഇഷ്ടമായി,

അരുണ്‍ കായംകുളം said...

നീഡമെന്താണെന്ന് ചോദിക്കാന്‍ വന്നതാ, അപ്പോഴാ മറുപടി കണ്ടത്.
ലക്ഷ്മി, എഗൈന്‍, സൂപ്പര്‍ വണ്‍.

ശ്രീ said...

നന്നായിരിയ്ക്കുന്നു, ലക്ഷ്മീ...

നന്ദകുമാര്‍ said...

നിലയ്ക്കാപ്പെരും‌മഴയില്‍ പകര്‍ന്നുകിട്ടിയ ചൂടിനെ ആയിരം മഴപാശങ്ങള്‍ തകര്‍ത്തെറിഞ്ഞെങ്കിലും,
മനസ്സിന്റെ ഓര്‍മ്മത്താളില്‍ മാനം കാണാതെ സൂക്ഷിച്ച മയില്‍ പീലിപോലെ ഒരിളം വെയില്‍...

കാത്തിരിക്കുന്ന മനസ്സിലേക്ക്
ഇനിയും സ്നേഹത്തിന്റെ ചൂടു പകരാനെത്തും പൊന്‍ തൂവുന്നൊരിളംവെയില്‍.. :)

(മഴയുടെ പ്രതീകാത്മകത ഇഷ്ടപ്പെട്ടു കേട്ടോ)

Typist | എഴുത്തുകാരി said...

പെരുമഴ പോയിട്ടു് മഴ പോലുമില്ലാതായി ഇവിടെ..

the man to walk with said...

ഓർമ്മപ്പുസ്തകത്താളുകൾക്കിടയിൽ സൂക്ഷിക്കാൻ
ഒരു മയിൽ‌പ്പീലിയായ്
ഒരു
ഇളം വെയിൽ

smitha adharsh said...

njaanum chodikkaan vannu..
commentil ninnu utharam kittukem cheythu tto...

വശംവദൻ said...

ഒരു മഴ പെയ്തു തീർന്ന പ്രതീതി.
നന്നായിട്ടുണ്ട്‌.

ഗുപ്തന്‍ said...

ലച്ചുമി മധുസൂദനന്‍ നായര്‍ക്ക് പഠിക്കുവാണോ ?

ശബ്ദഘോഷങ്ങളൊഴിവാക്കിയാല്‍ കവിതയുണ്ടിതില്‍ :)

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

മഴയെയും മഴയെ കുറിച്ചും എനിക്കു വലിയ ഇഷ്ടമാ................പണ്ടെനിക്കു കുടക്കച്ചവടമുണ്ടായിരുന്ന കാലത്തു

ഉറുമ്പ്‌ /ANT said...

ലക്ഷ്മിയുടെ കവിതകൾ പലതും ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ചിലതു പറയാൻ തോന്നി ഈ കവിത വയിച്ചപ്പോൾ
ആകെപ്പാടെ ഒരു ശബ്ദമയം മാത്രമേ ഉള്ളു ഈ കവിതയിൽ. അനുവാചകരിലേക്കു പകരുവാനുദ്ദേശിക്കുന്ന സബ്ജക്റ്റിലേക്കു മാത്രമേ വെളിച്ചം വിതറാവൂ. അല്ലെങ്കിൽ ആകെപ്പാടെ ഒരു പ്രഭാപൂരം മാത്രമാകും കവിത. ഇതിപ്പോ ഇവിടെ വാക്കുകളുടെ സംഘനൃത്തത്തിൽ കണ്ണുമഞ്ഞളിക്കുന്നു.
തെറ്റാണു പറഞ്ഞതെങ്കിൽ പൊറുക്കണം.

lakshmy said...

അനില്‍@ബ്ലോഗ്...വീണ്ടും സന്ദർശിച്ചതിനു നന്ദി :)

ശിവ...നന്ദി :)

ഹരീഷ് തൊടുപുഴ...നന്ദി :)

കാന്താരിക്കുട്ടി...നന്ദി :)

അരുണ്‍ കായംകുളം...നന്ദി:)

ശ്രീ...നന്ദി :)

നന്ദകുമാർ...:)

Typist | എഴുത്തുകാരി...നന്ദി :)

the man to walk with...നന്ദി :)

smitha adharsh...നന്ദി സ്മിത :)

വശംവദൻ...നന്ദി :)

ഗുപ്തന്‍...താരതമ്യപ്പെടുത്തൽ അല്ലെങ്കിൽ പോലും അതു വേണമായിരുന്നോ? ഞാൻ എന്റെ എഴുത്തുകളെ സ്വയം കവിതകൾ എന്നു വിളിക്കാറില്ല. വരികൾക്കുള്ളിൾ കവിത ഉണ്ടെന്നു പറയുമ്പോൾ ഒരുപാട് സന്തോഷം. സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി :)

j.p (ജീവിച്ച്‌.പൊക്കോട്ടെ)...ആ കമന്റെനിക്ക് ഇഷ്ടപ്പെട്ടു കെട്ടോ. ശവപ്പെട്ടിക്കച്ചവടമൊന്നും തുടങ്ങാൻ ഉദ്ദേശമില്ലല്ലോ :))
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി

ഉറുമ്പ്‌ /ANT...തെറ്റൊന്നും പറഞ്ഞില്ല ഉറുമ്പേ :)
അഭിപ്രായം കണക്കിലെടുക്കുന്നു. സന്ദർശനത്തിന് നന്ദിയും അറിയിക്കുന്നു

പാവപ്പെട്ടവന്‍ said...

പ്രജ്ഞ വീണ്ടെടുക്കുമ്പോൾ
ആദ്യം മരവിപ്പിക്കുന്ന നിർവികാരത
പിന്നെ
മനോഹരമായിരിക്കുന്നു ലക്ഷ്മി

ദൈവം said...

മയിൽ‌പ്പീലിയായ് ഒരു ഇളം വെയിൽ :)

Sureshkumar Punjhayil said...

mazakku sheham, vendum mazathanne... Manoharam, Ashamsakal...!!!

മുരളിക... said...

കൊള്ളാം, മഴയെക്കുറിച്ച് കേട്ടാല്‍ മതിവരാ..

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

വെറുതെ
ഓർമ്മപ്പുസ്തകത്താളുകൾക്കിടയിൽ സൂക്ഷിക്കാൻ
ഒരു മയിൽ‌പ്പീലിയായ്
ഒരു
ഇളം വെയി

ലെക്ഷ്മിചെച്ചി ഒത്തിരി ഇഷ്ടമായി ഈ വരികള്‍.

ലേഖ said...

"ഈ സന്താപപെരും മഴയില്‍
ബോധമണ്ഡലവും നിര്‍ജ്ജീവമാകുന്നു..."

നിര്‍ജ്ജീവമായി അങ്ങനെ ഒരു മരവിപ്പില്‍ മഴ നനയാന്‍ പ്രത്യേക സുഖമാണ്‌. :)