Saturday 27 January 2024

ഉറക്കം.. ഉണർവ്വ്

മരതകശീതളഛായയിൽ

ഉച്ചമയങ്ങുമ്പോൾ

ഒരു തണുത്ത സ്പർശം.

കാറ്റാണ്.

ഒരു നടയ്ക്കാഹ്വാനം.

 

ഊർജ്ജ്വസ്വലനാവുന്നു.

സൊറ പറഞ്ഞു നടക്കുന്നു.

മിനുസമുള്ള വഴികളുടെയറ്റത്തിൽ

ആകാശം മുട്ടുന്ന കുന്നു കാണുന്നു.

കാറ്റിനോടു മൽസരിച്ചോടുന്നു.

കാറ്റു ജയിച്ചോ, താൻ ജയിച്ചോ എന്ന്

മുകളറ്റത്ത് സന്ദേഹിച്ച് കിതക്കുന്നു.

കാറ്റ് വിശറി വീശിത്തണുപ്പിക്കുന്നു.

പിന്നെ,

കാൽക്കീഴിലെ ലോകത്തെ

ചൂണ്ടിക്കാണിക്കുന്നു.

ജേതാവിൻ്റെ ചിരി ചിരിക്കുമ്പോൾ

വിയർത്തൊഴുകുന്നു.

കാറ്റ് മറഞ്ഞുപോയിരിക്കുന്നു.

 

ഉണരുമ്പോൾ സായാഹ്നമാകുന്നു.

വീണുപോയ, തളർന്ന ഇടംകൈ,

നേരെ വയ്ക്കുന്നു.

തളർന്ന ഇടംകാൽ,

ഊന്നുവടി തിരയുന്നു.

പൊഴിഞ്ഞ ഇലകൾക്കിടയിൽ

വീണുപോയ ഊന്നുവടിക്കായ്

കാറ്റിൻ്റെ കൈതേടി വിയർക്കുന്നു.

മുന്നിൽ കുത്തനെ ഉയർന്നുനിൽക്കുന്ന

വന്മലക്കപ്പുറം

ഒരു കാറ്റ്

വഴിയറ്റ് നിൽക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


Thursday 11 January 2024

പാഴ്കിനാവിലുറങ്ങുന്ന നൊമ്പരവീട്

രാവിൽ

പാഴ്കിനാവു പുതച്ച്

തനിച്ചുറങ്ങുന്ന വീടിൻ്റെ

ഉൾനോവിനെ

ഒറ്റച്ചുംബനത്താൽ വിടർന്ന

ജാലകപ്പാളികളിലൂടെ

മുത്തിയണയ്ക്കുന്നുണ്ടൊരു കാറ്റ്.

 

അരുമയോടെ തലോടുമ്പോൾ

മെല്ലെയുണരുന്നുണ്ട്,

വാതിൽഞരക്കങ്ങൾ.

 

ഗതകാലംവാടിയ ചില്ലകളിലേക്ക്

തിരികെ പറന്നണഞ്ഞ

ഇലകളായ്,

നിറയെ

പച്ചത്തത്തകൾ തളിർത്ത്

മുറ്റത്തെ രാജമല്ലികളെ

ഉമ്മ വയ്ക്കുന്നുണ്ട്.

 

വീട്,

മൺകുടുക്കയിൽ

അടച്ചുകുഴിച്ചിട്ട

പൊട്ടിച്ചിരികളുടേയും ചിലമ്പൊലികളുടേയും

പൊട്ടുകൾക്കായ്

ചുറ്റും

എണ്ണിയാലൊടുങ്ങാത്ത കുഴികൾ കുഴിച്ച്

കുഴിയാനകളും,

അനേകമനേകം

ചെമ്മൺവഴികൾ നിർമ്മിച്ച്

ചിതലുകളും

തുരങ്കപാതകൾ തുരന്നുതുരന്ന്

എലികളും

ഇന്നും നിലയ്ക്കാത്ത

തിരച്ചിലിലാണ്.

 

ഇലപ്പുതപ്പുകൾക്കുള്ളിലെ

മണ്ണടുക്കുകളിൽ

മറഞ്ഞുകിടന്ന

കാൽപ്പാടിൻ്റെ ഫോസിലുകളെ

ഖനനം ചെയ്തെടുത്ത

ഞാഞ്ഞൂലുകൾ

മറച്ചുപിടിച്ചൊരു രഹസ്യമുണ്ട്.

 

കിനാക്കമ്പളം കീറിയെറിഞ്ഞ്

പച്ചിരുമ്പിൻ ചക്രങ്ങൾ

നൂൽനൂറ്റുനിവർത്താനൊരുമ്പെടുന്ന

പെരുമ്പാതയെ

ചുരുട്ടി മനസ്സിലൊളിപ്പിച്ച

കാറ്റിൻ്റെ നെഞ്ചും

തുളുമ്പാതെ സൂക്ഷിക്കുന്നുണ്ടാ രഹസ്യം.     

 

ഒരു താരാട്ടിൻമൂളലകമ്പടിയോടെ

ഊതിയൂതി മുറിവാറ്റുമ്പോൾ

വേദനയറിയാതെ

വീടുറങ്ങുന്നുണ്ട്.

 

 

 

Wednesday 3 January 2024

ഇടനാഴി

ചുറ്റുപാടുമന്ധകാരം, തണുപ്പേറു-

മിടുങ്ങിയൊരിടനാഴി.

വഴിയറിയാനിരുകരങ്ങൾ ചുറ്റും

പരതിടുന്നേരം,

സ്പർശിച്ചതു സാന്ത്വനമേകും മൃദു-

ലാംഗുലികളിലല്ല,

ഹിമതുല്യം മരവിക്കും കരി-

ങ്കൽച്ചുവരുകളിലത്രേ!

 

ഇവിടെ സമയമിഴാവുകൾ പാണീ-

സ്പർശം തേടുന്നു.

ഒരു ചെറുകാറ്റു പോലുമീവഴി

മറന്നുപോകുന്നു.

ഒരു കിരണത്തിന്നൊളിയും മിന്നാ-

തൊഴിഞ്ഞുമാറുന്നു.

മൃതതുല്യമൊരേകാന്തത മാത്രം

കൂട്ടായീടുന്നു.

 

ഒരു മിന്നാമിന്നി മതിയുള്ളിൽ

പൂത്തിരി കത്തിക്കാൻ.

അച്ചെറുവെട്ടക്കാഴ്ചയിൽ മനം

കുതിച്ചുതുള്ളുമ്പോൾ,

വെളിച്ചമല്ലിത്,  ഇരുളിൽ ചുറ്റു-

മുഴറിത്തളർന്നിടും

ഇരുകൺകളൊരുക്കും മായ-

ക്കാഴ്ചയതു മാത്രം.

 

ഒരു കിളിനാദം മതിയാശ്വാസ-

ത്തിരകളുണർന്നീടാൻ.

ആ നാദത്തിന്നുറവിടത്തിനായ്

ചെവിയോർത്തീടുമ്പോൾ,

കിളിമൊഴിയല്ലിതു, ചുടുനെടുവീർപ്പുക-

ളിക്കരിങ്കല്ലിൻ

ചുവരുകളിൽത്തട്ടി പ്രതിധ്വനി

കേൾക്കുവതു മാത്രം.

 

ഇവിടെ സ്നേഹപ്പൊന്നൊളി ചൊരിയും

സൂര്യോദയമില്ല.

കാത്തിരിപ്പിൻ സുഖശോണിമ പടരും

അസ്തമയവുമില്ല.

ഒരു കുഞ്ഞലയുമൊലിയേകാച്ചെറു-

നീർത്തളം പോലെ,

അനക്കമില്ലാത്തൊരീയിടനാഴിതൻ

മറുപേരെന്താമോ!!

xxxxxxxxxxxxxxxxxx