Wednesday 3 January 2024

ഇടനാഴി

ചുറ്റുപാടുമന്ധകാരം, തണുപ്പേറു-

മിടുങ്ങിയൊരിടനാഴി.

വഴിയറിയാനിരുകരങ്ങൾ ചുറ്റും

പരതിടുന്നേരം,

സ്പർശിച്ചതു സാന്ത്വനമേകും മൃദു-

ലാംഗുലികളിലല്ല,

ഹിമതുല്യം മരവിക്കും കരി-

ങ്കൽച്ചുവരുകളിലത്രേ!

 

ഇവിടെ സമയമിഴാവുകൾ പാണീ-

സ്പർശം തേടുന്നു.

ഒരു ചെറുകാറ്റു പോലുമീവഴി

മറന്നുപോകുന്നു.

ഒരു കിരണത്തിന്നൊളിയും മിന്നാ-

തൊഴിഞ്ഞുമാറുന്നു.

മൃതതുല്യമൊരേകാന്തത മാത്രം

കൂട്ടായീടുന്നു.

 

ഒരു മിന്നാമിന്നി മതിയുള്ളിൽ

പൂത്തിരി കത്തിക്കാൻ.

അച്ചെറുവെട്ടക്കാഴ്ചയിൽ മനം

കുതിച്ചുതുള്ളുമ്പോൾ,

വെളിച്ചമല്ലിത്,  ഇരുളിൽ ചുറ്റു-

മുഴറിത്തളർന്നിടും

ഇരുകൺകളൊരുക്കും മായ-

ക്കാഴ്ചയതു മാത്രം.

 

ഒരു കിളിനാദം മതിയാശ്വാസ-

ത്തിരകളുണർന്നീടാൻ.

ആ നാദത്തിന്നുറവിടത്തിനായ്

ചെവിയോർത്തീടുമ്പോൾ,

കിളിമൊഴിയല്ലിതു, ചുടുനെടുവീർപ്പുക-

ളിക്കരിങ്കല്ലിൻ

ചുവരുകളിൽത്തട്ടി പ്രതിധ്വനി

കേൾക്കുവതു മാത്രം.

 

ഇവിടെ സ്നേഹപ്പൊന്നൊളി ചൊരിയും

സൂര്യോദയമില്ല.

കാത്തിരിപ്പിൻ സുഖശോണിമ പടരും

അസ്തമയവുമില്ല.

ഒരു കുഞ്ഞലയുമൊലിയേകാച്ചെറു-

നീർത്തളം പോലെ,

അനക്കമില്ലാത്തൊരീയിടനാഴിതൻ

മറുപേരെന്താമോ!!

xxxxxxxxxxxxxxxxxx