Saturday 21 January 2023

മൗനത്തിൻ്റെ പരിഭാഷകൾ

 

മൗനം..

ചെളിയുമഴുക്കും

അഗ്ഗാധത്തിലൊളിപ്പിച്ച്,

മന്ദമായൊഴുകുന്ന

മുകൾപ്പരപ്പിൻ്റെ ശാന്തത.

വൻകരയെ രണ്ടായ്പ്പിളർന്ന്

നടുവിലൂടൊഴുകുന്ന പ്രവാഹം.

 

മൗനം..

മുദ്രിതമൊരു പൂവിനെ

തൊട്ടുണർത്താൻ കൊതിക്കുന്ന

ശലഭഹൃത്തിൻ്റെ കാണാച്ചിറകടി.

ഉള്ളിലുറങ്ങിയുറഞ്ഞുപോയ,

മധുപനുണ്ണാത്ത പൂന്തേൻ.

ചേക്കേറാൻ ചില്ലകാണാത്ത

കിളിക്കണ്ണിലെ

അന്തിച്ചോപ്പ്.

പറയാവാക്കിൻ സമുദ്രത്തിലെ

മുങ്ങിമരണം.

 

മൗനം...

ഒരു ദർഭമുനയുടെ മൂർച്ച കാക്കുന്ന

വാക്മീകത്തണുപ്പ്.

കൊടിമരം മുറിഞ്ഞ്

ദിശയറിയാതൊഴുകുന്ന തോണി.

എരിഞ്ഞുതീരുന്ന

ഇരുമെഴുതിരികളുടെ

ഒന്നുചേരാൻ മടിക്കുന്ന വെളിച്ചം.

കൊട്ടിയടച്ച മിഴിപ്പോളകളെ

മുട്ടിവിളിച്ച്

മറുപടി കിട്ടാതെ മടങ്ങുന്ന

കണ്ണുനീർ.

xxxxxxxxxxxxxxxxxxxxxxxxxxx


ഒരേ കടൽ.. രണ്ടു കാഴ്ചകൾ


 ഒരു ബാലകൗതുകം കടൽ കാണുന്നു.

പൊരിനുരകൾ,

നൗകകൾ,

അകലെ കുട്ടിക്കരണം മറിയുന്ന

ഡോൾഫിനുകൾ.....

കുഞ്ഞുകണ്ണുകൾ മിഴിയുന്നു.

 

തൊട്ടു പിന്നിലായ് - കണ്ടൂ കടൽ;

ഒരുപൊതിക്കടല... പത്തുരൂപ ‘എന്ന പാട്ടു മറന്ന്

കണ്മുന്നിൽ

ചിറകു വിരിക്കുന്ന കുഞ്ഞുമാലാഖയുടെ

ഉടുപ്പലുക്കുകളും

വെണ്ണക്കാലുകളിലെ

സ്വർണ്ണക്കൊലുസുകളും കണ്ണിൽ നിറച്ച്

സ്വയം മറന്ന്

മറ്റൊരു ഇളം കുതൂഹലം.

 

കടൽഹൃദയത്തിലൊരു തിരമറിച്ചിൽ.

ഓടിച്ചെന്നൊരാശ്വസിപ്പിക്കൽ.

ഒരേ കടലിൽ നനഞ്ഞ് നാലു കുഞ്ഞുകാലുകൾ.

 

കൊലുസിട്ട ഇരുപാദങ്ങൾ പുറകിലോട്ട്.

എൻ്റെകടലേ... എൻ്റെകടലേ... ‘എന്നു കരഞ്ഞ്

തിരകൾക്കു  പുറക

ചെളിപുരണ്ട രണ്ടു പാദങ്ങൾ മുൻപിലോട്ട്.

 

മുൻപോട്ടോടുന്നവൾ,

കടല മാത്രം കാണുന്നു.

കടലോ, അവളെ മാത്രം കാണുന്നു.

ഒരാലിംഗനത്തോടെ

അവളുടെ കടല മുഴുവൻ

കടൽ വിലയ്ക്കു വാങ്ങുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxx

നീരോർമ്മകൾ

 

ഞാനും നീയുമെന്ന

ഇരുഭൂഖണ്ഡങ്ങളുടെ

അതിർവരമ്പിൽ

ഒരു മരം നിൽപ്പുണ്ട്.

എൻ്റേയും നിൻ്റേയും

ജീവജലം നുകർന്നുചുവന്ന

പൂക്കളുണ്ടായിരുന്ന ഒരു മരം.

മരത്തിനൊരു പേരുണ്ടായിരുന്നു.

അതിലെ പഴങ്ങളോളം

മധുരമുള്ളൊരു പേർ

നിനക്കുമെനിക്കും

പിന്നെ മരത്തിൽ ചേക്കയിരുന്ന

കിളികൾക്കും മാത്രമറിയുന്ന പേർ.

പൂക്കളും കായ്കളും പൊഴിഞ്ഞ

മരത്തിൽ നിന്ന് കിളികളും,

നീർവറ്റി വരണ്ട

നമ്മുടെ നാവിൽ നിന്ന് മൊഴികളും

പറന്നുപോയ്.

വേനലറുതി കായുന്ന മരത്തിൻ്റെ

വേരുകളിപ്പോൾ

ഒരു പേരിൻ്റെ

നീരോർമ്മകൾ തിരയുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxx


ചുഴിച്ചുരുളുകളൊളിപ്പിച്ച ചുംബനങ്ങൾ

 

കടൽ കടക്കാതെ

കര വാണവർക്കും

കര കാണാതെ

കടൽ വാഴുന്നവർക്കുമിടയിൽ

കരയുടേയും കടലിൻ്റേയും

കരളറിഞ്ഞ ചിലരുണ്ട്.

അവർ,

കടൽപാതി കരപാതി ഉടൽ പകുത്തവർ

- മൽസ്യകന്യകമാർ.

 

കടൽ,  ചിലവേളകളിൽ അവരെ

മൗനമായി പ്രണയിക്കാറുണ്ട്.

ചിലപ്പോൾ, കരയവരെ

കിനാവ് കാണാറുണ്ട്.

മിഴിച്ചിപ്പികൾക്കുള്ളിൽ

കടൽ അവരെ

ഒളിച്ചുവയ്ക്കുന്നു.

കരയുടെ ഉണർച്ചകളിൽ അവർ

മറഞ്ഞുപോകുന്നു.

കരയും കടലും കാണാത്ത

നിലാരാത്രികളിലവർ

തീരത്തെ പാറക്കെട്ടുകളിൽ

ഇളവേൽക്കാനെത്തുന്നു.

നിലാവുപോൽ പിന്നീട്

അവരും മായുന്നു.

വിരഹവേളകളിൽ ചില പാറകൾക്ക്

ചെകിളച്ചിറകു വിരിയുന്നു.

ചുഴിയാഴച്ചുരുളുകളിലേക്ക് പറന്നെത്തി, അവ

മൽസ്യകന്യകമാരുടെ

ചുംബനമണിയുന്നു.

കടലിൻ്റേയും കരയുടേയും

കൺകളെ മൂടി

ചാന്ദ്രരശ്മികൾ നീർത്തിവിരിച്ച

വെൺശയ്യാതല,

അവരേയുമേറ്റി പറന്നകലുന്നത്

അപൂർവ്വം ചിലർ

കണ്ടിട്ടുണ്ടത്രേ!

ഗന്ധർവ്വഗീതികൾക്കൊപ്പം

ഇപ്പോഴുമാ പ്രണയികൾ

പറന്നുനടക്കുന്നുണ്ടത്രേ!!

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx