Saturday 25 March 2023

കാട്ടുമക്കൾ

കാടിനൊരു ചൂരൊണ്ട്.

ചൂരിനോ ചേലൊണ്ട്.

ചേലൊള്ള ചൂരായി,

കാട്ടുമഹൻ വരണൊണ്ട്.

കറുകാട്ടുതേനുണ്ട്,

നറുകദളിപ്പഴമുണ്ട്,

കാട്ടാറിലാറാടി,

കാട്ടുമഹൻ വരണൊണ്ട്.

ഇരുകാതും വീശീട്ട്,

രാജനട നടക്കുമ്പൊ

നെടുമാർഗ്ഗേയുണ്ടാരോ,

തടിപോലെ കെടക്കണ്.

തടിയതാ മറിയണ്.

തടിയതാ തിരിയണ്.

തടിക്കുമൊരു ചൂരൊണ്ട്.

ചൂരിലൊരു കാടൊണ്ട്‌.

കാട്ടുറാക്കിൻ  മാട്ടം

കഴുത്തോളം മോന്തീട്ടും,

അടിതെറ്റി വീണിട്ടും,

തടിപോലെയുരുണ്ടിട്ടും,

റാക്കുതോക്കും ചൂരിൽ

ചേലൊള്ള കാടൊണ്ട്.

കാടിനൊരു ചൂരൊണ്ട്.

ചൂരിലൊരു നേരൊണ്ട്.

നേരൊള്ള കാട്ടുമഹൻ

ചൂരുപിടിക്കണ്.

മണമൊന്നെന്നറിയണ്.

അലിവുള്ളിൽ പതയണ്.

കനിവോലും കാലോണ്ട്

തടി മെല്ലെയുരുട്ടണ്.

വഴിയോരം ചേർക്കണ്.

ഗജരാജൻ നീങ്ങണ്.

തുമ്പിക്കൈ പൊക്കണ്.

കൊമ്പു കുലുക്കണ്.

ചിന്നം വിളിക്കണ്.

അടിവച്ചു മറയണ്.

 

കാടൊരു ഊരാണേ..

ഊരൊരു വീടാണേ..

വീട്ടാരൊരു കൂട്ടാണേ..

കൂട്ടാരോ ഉയിരാണേ…

xxxxxxxxxxxxxxxxxxxxxxxxxx

 

 

അബ്സ്ട്രാക്റ്റ് ചിത്രങ്ങളുടെ ഗ്യാലറി

കാർമേഘഭരിതമായ

എൻ്റെ വാനത്തേയും

പ്രകാശപൂരിതമായ

നിൻ്റെ വാനത്തേയും

കൃത്യമായി വേർതിരിച്ച അതിരിൽ

അനാഥത്വം പേറി നിന്നു,

നാം മറന്നുവച്ച

മഴവില്ല്.

 

മഴത്തുള്ളികളായി നിന്നിലേക്ക്

പെയ്തുനിറയാൻ വെമ്പിയ

നിമിഷത്തിലാണ്

വർണ്ണങ്ങളേഴും

ഒഴുകി മാഞ്ഞുപോയത്.

 

കാലംപെയ്തൊഴിഞ്ഞ ആകാശത്ത്

അലിഞ്ഞുനേർത്ത നിറങ്ങളാൽ

നിൻ്റെ ഛായാചിത്രങ്ങൾ വരയ്ക്കുമ്പോൾ

അവ

നിറം മങ്ങി

അവ്യക്തങ്ങളായ്ത്തീരുന്നു.

ഞാനവയ്ക്ക്

അമൂർത്തരചനകൾ എന്ന്

പേരിട്ടു.

 

ഇന്നിവിടെയൊരു ഗ്യാലറിയുണ്ട്.

അബ്സ്ട്രാക്റ്റ്ചിത്രങ്ങൾ നിറഞ്ഞത്.

സഞ്ചാരികൾക്കായി തുറന്നുകൊടുക്കാതെ

എന്നെന്നേക്കുമായി അടച്ചുപൂട്ടപ്പെട്ടത്.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


Wednesday 15 March 2023

പദയാത്രികൻ വെന്ന ഉയരങ്ങൾ

സ്വപ്നദൂരങ്ങൾ പൊതിഞ്ഞുകെട്ടിയ

നിൻ്റെ തോൾസഞ്ചിക്ക്

ഏറെ ഘനമുണ്ടായിരുന്നല്ലോ.

എന്നിട്ടും

ഉന്നതങ്ങളെ കാൽച്ചുവടാലളന്നപ്പോൾ

ഭാരങ്ങളെല്ലാമൊഴിഞ്ഞ്

പെട്ടെന്നെന്തേ നീയൊരു

ചെറുതൂവൽപ്പക്ഷിയായി

ചിറകുകൾ വിരിച്ചത്?!!

 

ഗിരിശൃംഗങ്ങളുടെ

പ്രശസ്തിപത്രങ്ങളേറ്റുവാങ്ങാൻ,

അവയുടെ

ഗാഢാലിംഗനങ്ങളിലമരാൻ,

നീ പറന്നകന്നപ്പോൾ

പരാജിതരുടെ കണ്ണുനീർ,

നീ പാറിച്ച കൊടിക്കൂറകളിലേക്ക്

ചാലുകൾ കീറുന്നു.

ഉയരങ്ങളിലേക്കൊഴുകാനാകാതെ,

നിൻ്റെ വിജയത്തെ തൊടാനാകാതെ,

ഒന്നുചേർന്നൊരു മഹാനദിയായി

പ്രവഹിക്കുന്നു.

കൊടുമുടികൾക്കു മുകളിൽ നിന്ന്

നീ പറത്തിവിട്ട രാജഹംസങ്ങൾ,

ആ മാനസസരോവരങ്ങളാകെ

നിറഞ്ഞുനീന്തുന്നു.

 

കാറ്റേറ്റുവാങ്ങിയ

നിൻ്റെ വിജയഭേരികളാൽ

വൻതിരമാലകൾ രൂപപ്പെട്ട്

തീരങ്ങളെ

നിലയ്ക്കാതെ തല്ലിത്തകർക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 

 

[മൗണ്ടനിയറിങ്ങിനിടെ അപകടച്ചിറകേറി പറന്നുപോയവന്...]



Wednesday 1 March 2023

പരകായം

 

കൂടുവിട്ടുകൂടുമാറി

നെഞ്ചിൻതടവറയിലേക്ക്

സ്വയം പറന്നണഞ്ഞൊരു പക്ഷി

ചിറകിട്ടടിച്ചെൻ്റെ

ഇത്തിരിക്കൂടു പൊളിക്കുന്നു.

ആട്ടിയോടിച്ചു ഞാൻ...

കിളി പോയില്ല.

തടവറവാതിൽ മലർക്കേ തുറന്നിട്ടു..

കിളി പറന്നകന്നില്ല.

വെള്ളമോ തിനയോ നൽകാതെ

പട്ടിണിക്കിട്ടു വട്ടം കറക്കി..

കിളി ചത്തില്ല.

പിടിച്ചിറക്കി പറത്തിവിട്ടിട്ടും

തിരിച്ചുവന്ന്

അകത്തു കയറിയിരിപ്പാണത്.

നീ തിരക്കിയലഞ്ഞെത്തിയപ്പോൾ

കിളി

പുറത്തോട്ടൊരു നട.. അകത്തോട്ടൊരു നട

പിന്നെ കൂടിന്നഴിയിൽ തലിതല്ലി

കരയോ... കര..

ഒടുവിൽ നാമതിൻ്റെ ഉടമസ്ഥത

പങ്കിട്ടെടുത്തു.

നൊമ്പരമേ....‘ എന്ന്

അരുമയായ് നീട്ടിവിളിച്ചപ്പോൾ,

കിളിയതാ നമ്മെ നോക്കി

ചിരിക്കുന്നു... കരയുന്നു...

നമുക്കൊപ്പം കരഞ്ഞുചിരിക്കുന്നു....

നമുക്കൊപ്പം ചിരിച്ചുകരയുന്നു...

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 

 [Empathising is experiencing the pain of another person]