രണ്ടുമൂന്നുദിവസങ്ങൾക്കു മുൻപാണ്
ആദ്യമായവനെ കാണുന്നത്.
മൂന്നോ നാലോ വയസ്സ് മതിക്കും.
ഏറിയാൽ അഞ്ച്.
ക്രമമില്ലാത്ത അടയാളങ്ങളാൽ
അതിർത്തി രേഖപ്പെടുത്തിയ
സാമ്രാജ്യത്തിൻ്റെ
ഒത്ത നടുവിൽ,
യുദ്ധത്തിൽ തോൽവിയുടെ അറ്റം കണ്ട,
എന്നാൽ
ഒരുവിധ സന്ധിസംഭാഷണങ്ങൾക്കും
തയ്യാറാവാത്ത,
ദുഖാർത്തനും കോപിയുമായ ചക്രവർത്തിയുടെ
ഊരിവീണ പടച്ചട്ട പോലെ
വെറുംനിലത്ത്
കിടക്കുകയായിരുന്നു, അവനപ്പോൾ
മിനിഞ്ഞാന്ന് കാണുമ്പോൾ,
രാത്രിമഴ നനഞ്ഞതിൻ്റെ
കുളിരിൽ വിറച്ച്,
അപരിചിതനോട്ടങ്ങളുടെ
ഏറുകൊണ്ട് മുറിവേറ്റ്,
തിരികെയെത്തേണ്ട പാദപതനങ്ങൾക്ക്
കാതോർത്ത്,
കോരിയെടുത്തു തലോടേണ്ട
ഇളംകരങ്ങളെത്തേടി
ദൈന്യതയോടെ, അവൻ
പരുവപ്പെടലിൻ്റെ പാതയോരത്തിരിക്കുന്നു.
ഇന്നലെയവൻ
അഴുക്കുമേലങ്കിയണിഞ്ഞ്
കൂനിക്കൂടി
വഴിയരികിലെ ബെഞ്ചിൻ്റെ
നിസ്സഹായതയോടു കൂട്ടുകൂടി
നിശ്ശബ്ദത പുതച്ചിരിക്കുന്നു.
ഇന്നലെ
ഏറെവൈകി മെത്തയിലെത്തിയ ഉറക്കം,
വശംചേർന്നു കിടന്നത്
ഞാനറിഞ്ഞതേയില്ല.
ഞാനപ്പോൾ
എൻ്റെ ഇടതുചേർന്നുകിടന്നിരുന്ന
സ്വപ്നത്തിൻ്റെ കാതിൽ
അവൻ്റെ കഥ പറയുകയായിരുന്നു.
കഥ വളരുംതോറും അവളെന്നെ
വരിഞ്ഞുപുണർന്നു ചുംബിച്ചുകൊണ്ടിരുന്നു.
ഏറെവൈകി, ഇന്നുണർന്നുചെന്നുനോക്കുമ്പോഴുണ്ട്,
അവൻ,
'അനാഥൻ' എന്ന
ലേബലുമണിഞ്ഞ്,
ക്ഷീണിച്ച പിഞ്ചുകൈകൾ
ഒരു ആശ്ലേഷം തേടിയിട്ടെന്ന പോലെ
പാതിയുയർത്തി,
തൻ്റെ
ഇണക്കൂട്ടെങ്കിലും തിരികെ
തേടിയെത്തിയെങ്കിൽ
എന്നാശിച്ച്,
വഴിയരികിൽ
'ഒരു കുഞ്ഞുചെരുപ്പെ'ന്ന്
എന്നെ അവനിലേക്ക്
വിവർത്തനം ചെയ്തുവച്ചിരിക്കുന്നു.
എന്നെയാണെങ്കിലോ, കളഞ്ഞുപോയിരിക്കുന്നു.
മടങ്ങിവരാൻ സാധ്യതയില്ലാത്ത
മറുപടികൾക്കായി,
'വിലാസമില്ലാത്തവൻ' എന്ന്
വിലാസപ്പെടുത്തി, ഞാനിപ്പോൾ
വഴിയോരത്തിരിക്കുന്നു.
xxxxxxxxxxxxxxxxxxxxxxxxxxxxxx