Tuesday 1 August 2023

നീയെന്ന ഉണ്മ

 

അലങ്കാരാദികളോടുകൂടിയ നീ

നിന്നിലെ നിന്നെ

ചങ്ങാതിക്കണ്ണുകളിൽ

തിരയരുത്.

പകരം,

വിജനയിരുൾവനസ്ഥലികളിൽ

മറന്നുവച്ച

മനക്കണ്ണാടി വീണ്ടെടുത്ത്

നിനക്കുനേരേ തിരിച്ചുപിടിക്കുക.

നിന്നെ അണിയിച്ചൊരുക്കാറുള്ള,

നിനക്കേറേ പഥ്യമുള്ള ഒരുവളപ്പോൾ

അവിടെനിന്ന്

പിണങ്ങിയിറങ്ങിപ്പോകും.

നിന്നെ പ്രൗഢമനോഹരിയാക്കുന്ന

എല്ലാ അലങ്കാരങ്ങളും

അവൾ അഴിച്ചെടുത്തിട്ടുണ്ടാകും.

നിനക്കുചുറ്റും

അവൾ തെളിച്ചുവച്ച ദീപപ്രഭ

കെടുത്തിയിട്ടുണ്ടാകും.

തിരിച്ചുവിളിക്കാൻ നീയും

ഒരു പിൻവിളിക്കായ് അവളും

വെമ്പുന്നുണ്ടാകും.

തിരിച്ചുവിളിക്കരുത്.

''വിളിച്ചാൽ നീയവൾക്കടിമ'' എന്ന പന്തയത്തിൽ

നീ തോൽക്കരുത്.

നിന്നെ ഒളിപ്പിച്ചുവച്ച,

അവളിൽനിന്നുള്ള

വിമോചനത്തിൻ്റെ

പഴുതടയ്ക്കരുത്.

 

ഇനി പ്രകൃതിയൊരുക്കുന്ന

ഇത്തിരിവെട്ടത്തിൽ

നീ നിന്നെ കാണൂ.

ഔന്നത്യങ്ങളെ വന്നുതൊടുന്ന

മേഘത്തണുപ്പിൽ ആഹ്ളാദിക്കൂ.

നിമ്നങ്ങളിലെ നിശ്ചലതയിൽ

അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ

അംഗീകരിക്കൂ.

അംഗഭൂഷകളിൽ

തട്ടിച്ചിതറിപ്പോകാത്ത

തനിവെളിച്ചം

നിന്നിലേക്കാവാഹിക്കപ്പെട്ട്

നീയപ്പോൾ

കലർപ്പില്ലാതെ തിളങ്ങുന്ന

മറ്റൊരു കണ്ണാടിയാകുന്നതു കാണാം.

നിന്നിൽ മുഖംനോക്കുന്ന

പ്രകൃതീദേവിയുടെ കണ്ണുകളിൽ

പ്രതിഫലിക്കുന്ന

നീയെന്ന ഉണ്മയെ കാണാം.

 

മുഖച്ചിത്രവർണ്ണങ്ങളാൽ

അലംകൃതയാകുമ്പോൾ

നീ നോക്കുന്ന കണ്ണാടികൾ

മായാദർപ്പണങ്ങളായ്ത്തീരുന്നു.

അലങ്കാരങ്ങളഴിഞ്ഞുവീഴുമ്പോഴോ,

വെളിപ്പെടുന്ന

നിന്നിലെ പൂർണ്ണനഗ്നതയിൽ

നീ പരിഭ്രാന്തയാവുന്നു.

എന്നാൽ തെളിഞ്ഞ കണ്ണാടിയിൽ

മുഖം നോക്കുന്ന പ്രകൃതി,

പറക്കാൻ നിനക്ക്

ചിറകുകൾ തുന്നിത്തരുന്നത്

നീ അറിയുന്നുണ്ടോ?

xxxxxxxxxxxxxxxxxxxxxxxxx