താലികെട്ടും പുടവകൊടയുമില്ലാതെ
ആദിവാസിക്കോളനിയിൽ നിന്ന്
അയാളുടെ കയ്യും പിടിച്ച്
പുറംലോകത്തേക്ക് ഒളിച്ചോടിയ കാലത്ത്
അവൾക്ക്
മൊബൈൽ ഫോണെന്നത്
കേട്ടറിവു മാത്രമായിരുന്നു.
പുതുമോടിയിൽ
കണവൻ സമ്മാനിച്ച ഫോണിൽ
അത്യാവശ്യ നമ്പറുകൾ
ഫീഡ് ചെയ്ത് കൊടുത്തതും
അതിയാനായിരുന്നു.
ഒരു വർഷം കഴിഞ്ഞ്
ഒന്നാമത്തെ മകളു പിറന്നപ്പോഴേക്കും
പലചരക്കുകടക്കാരൻ വാസുപ്പാപ്പൻ്റേയും
മീങ്കാരൻ മയ്തീനിക്കായുടേയും
വാടകവീടിൻ്റെ ഉടമ
ജോസപ്പുമുതലാളിയുടേയും
കോൾ ഹിസ്റ്ററി നോക്കി,
കള്ളും കഞ്ചാവും മണക്കുന്ന
ഇടിക്കൊപ്പം
'കുഞ്ഞിൻ്റെ തന്തയാര്?' എന്ന
ചോദ്യം കേട്ടപ്പോൾ,
അപ്രത്തെ വിലാസിനിയമ്മയുടെ വീട്ടിൽ
റ്റിവി കാണാൻ പോയ്ത്തുടങ്ങിയതു മുതൽ മാത്രം
പരിചിതമായ
'ഫ്ലവേഴ്സ് ഒരു കോടി'യിലെ
ചോദ്യങ്ങൾ അവൾക്കോർമ്മ വന്നു.
അതിയാൻ്റെ മൂക്കിൻ തുമ്പത്തെ
തടിച്ച മറുകു പോലും അതുപോലുള്ള
കുഞ്ഞ് പിന്നാരുടെ?
എന്ന മറുചോദ്യത്താൽ
ഒടുവിലവൾക്ക്
അതിയാൻ്റെ പേരൊഴികെ
മറ്റു പേരുകൾ
മായ്ച്ചുകളയാനൊത്തു.
ഫോൺ നമ്പറുകൾ ഡെലീറ്റ് ചെയ്യാൻ
അതിനകം പഠിച്ചിരുന്നതിനാൽ
ചോദ്യമുനയിൽ നിന്ന
ആളുകളുടെ നമ്പറുകൾ
മൊബൈൽ ഫോണിൽ നിന്ന്
അവൾ തന്നെ ഡെലീറ്റ് ചെയ്തു.
ചോറിനു മീങ്കൂട്ടാൻ വേണമെന്ന്
അയാൾക്ക് നിർബന്ധമുണ്ടായിരുന്നിട്ടും
കടമായിനി മീൻ വാങ്ങില്ല,
എന്നവൾ തീരുമാനിച്ചു.
പലചരക്കുകടയിലെ പറ്റുബാക്കിയേയും
കടം പറഞ്ഞ വാടകക്കുടിശ്ശികയേയും ഓർത്ത്
കഴുത്തിലെ കറുത്തചരടിൽ തൂങ്ങുന്ന,
സ്വയം കൂലിപ്പണി ചെയ്തുണ്ടാക്കിയ,
ഇത്തിരിപ്പോരം പോന്ന മിന്നിൽ
തിരുപ്പിടിച്ച്,
കള്ളിറങ്ങി വിഷണ്ണനായിരുന്ന
അയാൾക്കരികിലിരുന്ന്
സ്നേഹത്തോടെ
ചോറും മീങ്കൂട്ടാനും വിളമ്പി,
മൽസരത്തിൽ നിന്ന്
പുറത്താകാതെ നിന്നു.
രണ്ടു വർഷത്തിനുള്ളിൽ പിറന്ന
രണ്ടാമത്തെ പെൺകുട്ടിക്കൊപ്പം
ദിവസേനെയുള്ള ഇടിയും
കഞ്ചാവുമണവും കൂടി വളർന്നപ്പോൾ
അവൾ
'ഫോൺ എ ഫ്രെൻ്റ് ' ഒപ്ഷനിൽ
വിലാസിനിയമ്മയുടെ
'ക്വിറ്റ്' എന്ന ഉപദേശം കൈക്കൊള്ളാതെ
അതിയാൻ്റെ പേർ
പിന്നെയും ലോക്ക് ചെയ്തു.
മൂത്ത മകൾക്ക്
പൊട്ടുകമ്മൽ വാങ്ങാൻ സ്വരുക്കൂട്ടിയ
ബാക്കി സമ്പാദ്യവും
അങ്ങിനെ അവൾക്ക് നഷ്ടമായി.
ഇടികൊണ്ടു നാഭി തകർന്ന
ഒരു രാത്രിയിൽ
വിവരമറിഞ്ഞെത്തിയ
പോലീസുകാരോട്
'എനിക്കു പരാതിയൊന്നുമില്ലേ'യെന്ന്
കരഞ്ഞുപറഞ്ഞു.
പിന്നേയുമയാൾക്കരികിലിരുന്ന്
സ്നേഹത്തോടെ
ചോറും
മക്കൾക്കു പോലും കൊടുക്കാതെ മാറ്റി വച്ച,
വിലാസിനിയമ്മ കൊടുത്ത
ഇത്തിരി ഇറച്ചിക്കറിയും വിളമ്പി.
മൽസരം തുടർന്നു.
മൂന്നു വർഷത്തിനുള്ളിൽ
മൂന്നു പെറ്റ്,
മൂന്നാമത്തേതും പെൺകുഞ്ഞായിപ്പോയതിനും
ജാരസംസർഗ്ഗത്തിനും കൂടിയുള്ള ഇടി
വർഷങ്ങളോളം വളർന്ന്,
ഒടുവിൽ
മടവാളിൻ മൂർച്ചയിൽ നിന്ന് രക്ഷപ്പെടാൻ
പറമ്പു മുഴുവനോടിയ
ഒരു രാത്രിയിൽ
അവസാനത്തെ പിടിവള്ളിയായാണ്
അവൾ
വിലാസിനിയമ്മയുടെ വീട്ടിലെ
കട്ടിലിനടിയിൽ
നൂണ്ടുകയറി ഒളിച്ചിരുന്നത്.
അവിടത്തെ കുട്ടേട്ടൻ
ആയിടെ വിഭാര്യനായ
ആളാണെന്ന്
ഓർക്കാനുള്ള ഇട
അവൾക്കു കിട്ടിയില്ല.
അവളുടെ വാടകവീട്ടിൽ
തിളച്ച കഞ്ഞി തൂകി,
അടുപ്പു കെട്ടു.
മീങ്കൂട്ടാൻ
കരിഞ്ഞുപിടിച്ചു.
മൂക്കിലെ മറുകിൻ്റെ
തെളിവു നൽകാനില്ലാതിരുന്ന,
പൊട്ടിവിടരുന്ന കൗമാരത്തെ
ഭയന്നിരുന്ന
ഇളയ രണ്ടു കുഞ്ഞുങ്ങൾ
മൂത്തവളുടെ കൂടെ
എവിടെയോ ഒളിച്ചു.
അവളെ തേടി നടന്ന് ഒടുവിലയാൾ
'ഇതാണല്ലേ നിൻ്റെ ജാരൻ' എന്ന്
കട്ടിലിനടിയിൽ നിന്ന് അവളെ
''കയ്യോടെ'' പിടി കൂടി,
കൂടുതൽ തെളിവിനായി അയാൾ
കോൾ ഹിസ്റ്ററി തപ്പുമ്പോൾ,
മൊബൈൽ ഫോൺ പിടിച്ചുവാങ്ങി
ഫിഫ്റ്റി ഫിഫ്റ്റി എന്ന
ഒപ്ഷൻ വച്ചത്
കുട്ടേട്ടനാണ്.
മൂന്ന് വർഷമായിട്ടും
ഒരു നിലയ്ക്കുമുയരാത്ത
ദാമ്പത്യം എന്ന
ആ റോങ്ങ് ഒപ്ഷൻ
ഒടുവിലവളങ്ങു ഡെലീറ്റ് ചെയ്തു.
എന്നിട്ട്
എന്തും വരട്ടെയെന്നു തീരുമാനിച്ച്
കുട്ടേട്ടൻ തന്ന
അവസാന ലൈഫ് ലൈനിൽ
'കുട്ടേട്ടൻ' എന്ന ഒപ്ഷൻ
ലോക്ക് ചെയ്യാതെ
മൽസരം ക്വിറ്റ് ചെയ്ത്
ബാക്കിയായ
മൂന്നു മക്കളേയും നയിച്ച്
നിലത്തു ചവിട്ടി നടന്നു പോയി.