Tuesday 22 August 2023

അമ്മ വിരുന്നിനു പോയാൽ വീട്....


അമ്മ വിരുന്നിനു പോകുമ്പോൾ

ഉടുപുടവത്തുമ്പിൻപിടി

വിടാതെ കരയുന്ന

പൈതലായ്ത്തീരും വീട്.

നെഞ്ചുപിടഞ്ഞമ്മ

പിഞ്ചുകൈ പതുക്കെ വിടുവിക്കും.

പിന്നെ,

ചേലാഞ്ചലത്തിലെ

കുഞ്ഞുവിരൽപ്പാട്

ഭദ്രമായിപ്പൊതിഞ്ഞ് ഇടുപ്പിൽത്തിരുകി,

പലവട്ടം തിരിഞ്ഞുനോക്കി,

നടന്നകലും.

 

അമ്മ വിരുന്നിനു പോയിക്കഴിഞ്ഞാൽ

പിന്നെ വീട്,

താരാട്ടുമുറിഞ്ഞു കരയുന്ന

വാശിക്കുഞ്ഞാകും.

ആശ്വസിപ്പിക്കാനാകാതെ

വീട്ടുസാമാനങ്ങൾ

മോഹാലസ്യപ്പെട്ടു വീഴും.

കുപ്പിപ്പാത്രങ്ങളുടെ

ഉള്ളുടഞ്ഞു ചിതറും.

തറ, ചെളിമുദ്രകൾ കാട്ടി

കണ്ണുപൊത്തും.

വിരിപ്പുകൾ നിലത്തൂടെ

ഇഴഞ്ഞു മാറും.

 

അമ്മ വിരുന്നിനു പോയ രാത്രിയിൽ

ഏറെ വൈകിയും

വിളക്കുകൾ

കണ്ണുകൾ തുറന്നുവയ്ക്കും.

മിക്കിമൗസും വിന്നി ദ പൂവും

കളിക്കൂട്ടുകാരായെത്തും.

അണയാൻ മറന്ന വെളിച്ചത്തിൽ

പിന്നീടെപ്പൊഴോ വീട്

തളർന്നുറങ്ങും.

 

വിരുന്നു പോയ അമ്മ,

അരികിലുറങ്ങുന്ന

കുഞ്ഞിനെയെന്ന പോലെ,

പാതിയുറക്കത്തിൽ വീടിനെ

തുടരെത്തുടരെ കെട്ടിപ്പുണരും.

മാറുനിറഞ്ഞ പാൽ

ഇളംചുണ്ടിൻ്റെ സ്പർശം തേടി

വിങ്ങി, കിടപ്പിടം നനയ്ക്കും.

 

വീണ്ടെടുത്ത കുഞ്ഞിൻ്റെ

അരികിലേക്കെന്ന പോലെയാവും

വിരുന്നുപോയ അമ്മ

തിരികേയണയുന്നത്.

ഏറെപ്പുലർന്നിട്ടും

ഉണരാത്ത വീടിനെ

അമ്മ വന്നു വിളിച്ചുണർത്തും.

കണ്ണുതിരുമ്മിയുണരുന്ന വീടിൻ്റെ

ചുണ്ടിൽ, പരിഭവത്തിൻ്റെ

ധൂളി വിതുമ്പിയടരും.

പൂമുഖത്തപ്പോൾ പിണക്കത്തിൻ

ചെമ്പരത്തികൾ വാടും.

 

അമ്മയാണെങ്കിലോ,

അഴുക്കുടുപ്പും

ചോക്ലേറ്റുണങ്ങിയ മുഖവും

പഴകിയ ആഹാരമണവും

അഴിഞ്ഞുചിതറിയ മുടിയുമുള്ള

കുഞ്ഞിനെ നോക്കി

മാരിക്കാറണിയും.

''ഞാനില്ലെങ്കിൽ

എൻ്റെ കുഞ്ഞിനാരുമില്ലേ''

എന്നൊരു നിലവിളി

ഒളിമിന്നലിടും.

''ഇനിയെത്ര പാടുപെട്ടാലാ

എൻ്റെ കുഞ്ഞിനെ

പഴയപോലെയാക്കുക'' യെന്ന്

വാക്കിടി വെട്ടും.

''എനിക്കൊന്നിനുമാവില്ല''

എന്നൊരു തോൽവി

വർഷമാരിയായുതിരും.

 

വീടപ്പോൾ

ആകെ നനഞ്ഞൊരു കുട്ടിയായ്

തലകുമ്പിട്ടു

നഖം കടിച്ചു നിൽക്കും.

അകമലിഞ്ഞമ്മ

കുഞ്ഞിനെ വാരിയെടുത്ത്

കുളിപ്പിച്ചു തോർത്തി പുത്തനുടുപ്പിടീച്ച്

മൂർദ്ധാവിൽ

ചുംബനരാസ്നാദിചൂർണ്ണമണിയിക്കും.

'ഇനിയെൻ്റെ കുഞ്ഞിനെയാരും

തൊട്ടശുദ്ധമാക്കരുത്'

എന്നൊരു കൽപ്പന

കല്ലു പിളർക്കും.

കുഞ്ഞപ്പോൾ

സ്വസ്ഥതയുടെ

അമ്മത്തൊട്ടിലിൽ

താളത്തിൽ

ആന്ദോളനമാടിയുറങ്ങും.

xxxxxxxxxxxxxxxxxxxxxxxxxxxxxx