Saturday 25 March 2023

കാട്ടുമക്കൾ

കാടിനൊരു ചൂരൊണ്ട്.

ചൂരിനോ ചേലൊണ്ട്.

ചേലൊള്ള ചൂരായി,

കാട്ടുമഹൻ വരണൊണ്ട്.

കറുകാട്ടുതേനുണ്ട്,

നറുകദളിപ്പഴമുണ്ട്,

കാട്ടാറിലാറാടി,

കാട്ടുമഹൻ വരണൊണ്ട്.

ഇരുകാതും വീശീട്ട്,

രാജനട നടക്കുമ്പൊ

നെടുമാർഗ്ഗേയുണ്ടാരോ,

തടിപോലെ കെടക്കണ്.

തടിയതാ മറിയണ്.

തടിയതാ തിരിയണ്.

തടിക്കുമൊരു ചൂരൊണ്ട്.

ചൂരിലൊരു കാടൊണ്ട്‌.

കാട്ടുറാക്കിൻ  മാട്ടം

കഴുത്തോളം മോന്തീട്ടും,

അടിതെറ്റി വീണിട്ടും,

തടിപോലെയുരുണ്ടിട്ടും,

റാക്കുതോക്കും ചൂരിൽ

ചേലൊള്ള കാടൊണ്ട്.

കാടിനൊരു ചൂരൊണ്ട്.

ചൂരിലൊരു നേരൊണ്ട്.

നേരൊള്ള കാട്ടുമഹൻ

ചൂരുപിടിക്കണ്.

മണമൊന്നെന്നറിയണ്.

അലിവുള്ളിൽ പതയണ്.

കനിവോലും കാലോണ്ട്

തടി മെല്ലെയുരുട്ടണ്.

വഴിയോരം ചേർക്കണ്.

ഗജരാജൻ നീങ്ങണ്.

തുമ്പിക്കൈ പൊക്കണ്.

കൊമ്പു കുലുക്കണ്.

ചിന്നം വിളിക്കണ്.

അടിവച്ചു മറയണ്.

 

കാടൊരു ഊരാണേ..

ഊരൊരു വീടാണേ..

വീട്ടാരൊരു കൂട്ടാണേ..

കൂട്ടാരോ ഉയിരാണേ…

xxxxxxxxxxxxxxxxxxxxxxxxxx

 

 

അബ്സ്ട്രാക്റ്റ് ചിത്രങ്ങളുടെ ഗ്യാലറി

കാർമേഘഭരിതമായ

എൻ്റെ വാനത്തേയും

പ്രകാശപൂരിതമായ

നിൻ്റെ വാനത്തേയും

കൃത്യമായി വേർതിരിച്ച അതിരിൽ

അനാഥത്വം പേറി നിന്നു,

നാം മറന്നുവച്ച

മഴവില്ല്.

 

മഴത്തുള്ളികളായി നിന്നിലേക്ക്

പെയ്തുനിറയാൻ വെമ്പിയ

നിമിഷത്തിലാണ്

വർണ്ണങ്ങളേഴും

ഒഴുകി മാഞ്ഞുപോയത്.

 

കാലംപെയ്തൊഴിഞ്ഞ ആകാശത്ത്

അലിഞ്ഞുനേർത്ത നിറങ്ങളാൽ

നിൻ്റെ ഛായാചിത്രങ്ങൾ വരയ്ക്കുമ്പോൾ

അവ

നിറം മങ്ങി

അവ്യക്തങ്ങളായ്ത്തീരുന്നു.

ഞാനവയ്ക്ക്

അമൂർത്തരചനകൾ എന്ന്

പേരിട്ടു.

 

ഇന്നിവിടെയൊരു ഗ്യാലറിയുണ്ട്.

അബ്സ്ട്രാക്റ്റ്ചിത്രങ്ങൾ നിറഞ്ഞത്.

സഞ്ചാരികൾക്കായി തുറന്നുകൊടുക്കാതെ

എന്നെന്നേക്കുമായി അടച്ചുപൂട്ടപ്പെട്ടത്.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx