കിടമൽസരം നമുക്കിടയിലെന്തിനു സഖേ
ഓടുവതെന്നതേ നമ്മൾ മതം
ഉഴവുചാലോ കൊടും ടാറിൻ കാഠിന്യമോ
ഇഴവേർപ്പെടുത്താതിരിക്കൽ ഭേദം
ലക്ഷ്യത്തിലൊന്നാമതെത്തും വരെയോട്ട-
ക്കാരൻ്റെ താഢനം നമുക്കു യോഗം
ഇടംകയ്യനെങ്കിൽ നിൻ പുറമേറെ പൊളിയുന്നു
വലംകയ്യനാലെയെൻ പുറവും
ഏറ്റക്കുറവുകൾ മാറിമറിയുമ്പോൾ
ഊറ്റത്താൽ താപത്താലെന്തു നേട്ടം
ആർ തെളിക്കുന്നുവെന്നാകിലും തോൽചാട്ട-
വാറിന്നടി തോൽ പൊളിച്ചിടുമ്പോൾ
പടുമൽസരം നമുക്കിടയിൽ വേണ്ടാ സഖേ
പായുകയെന്നതേ നമ്മൾ ധർമ്മം
വമ്പു നാം ചിന്തിച്ചിരുന്നു, തീറ്റിച്ചേറെ
കൊമ്പരായ് നമ്മെ പാലിക്കുമ്പൊഴും
മഞ്ഞളരിപ്പൊടിയാലേയലങ്കരി-
ച്ചിളനീരഭിഷേകം ചെയ്യുമ്പൊഴും
മരമടിത്താളത്തിനനുതാളമൊപ്പിച്ചു
കുളമ്പടിയാൽ ചുവടു വയ്ക്കുമ്പൊഴും
നുകമൊന്നു മുതുകിൽ ചേർത്തു കെട്ടേ, രത്ന-
മകുടമതെന്നോർത്തു ചീർക്കുമ്പൊഴും
ഓർത്തില്ല, തുടിതാളം മുറുകുന്ന നേരത്ത്
ചാട്ടവാർ മുതുകിൽ പുളയുമെന്ന്
പാർത്തില്ല പോറ്റിയ കയ്യാലെ തന്നെ
പുറം തൊലി തല്ലിപ്പൊളിക്കുമെന്ന്
ഒന്നാമെതെത്തുവാനവർ പൊരുതേ ലക്ഷ്യ-
മെന്തെന്നറിയാതെ നമ്മൾ പായേ
വാമഭാഗേ നീയുണ്ടെന്നതെന്നാശ്വാസം
വലതുവശം ഞാൻ നിനക്കാശ്വാസം
ഓടിത്തളരുമ്പോൾ നിമിയിട തല ചായ്ക്കാൻ
നിൻ്റെ തോളൊന്നു ഞാൻ തേടിടുമ്പോൾ
കാണുന്നു, ഏറെക്കിതപ്പിനിടയിലും,
നീ തിരയുന്നതോ എൻ്റെ തോളും; എന്നാ-
ലെത്തിത്തൊടുവാനാവാത്ത വണ്ണം സമ-
ദൂരത്തിൽ നമ്മെയകറ്റി നിർത്തി
തോളിൽ രാജാംഗം പോലേറ്റും മേക്കോലൊട്ടും
മോടിയല്ലെന്നറിയാനെത്ര വൈകി!!
അറിയുന്നു ഞാൻ, നിൻ വിയർപ്പിനൊപ്പം നിൻ്റെ-
യശ്രുവും ധാര പൊഴിക്കുന്നതും
എൻ സ്വേദക്ഷാരമെൻ കണ്ണീനീരുപ്പിനാ-
ലേറുന്നുണ്ടെന്നു നീയറിയുന്നതും
പൊട്ടിച്ചെറിയാൻ കൊതിക്കുകിലും
പൊട്ടാത്ത കെട്ടിനാൽ ബന്ധിതർ നാം
കെട്ടിപ്പിടിക്കുന്ന സൗഹൃദമുള്ളിലും
കാത്തു ദൂരം തുല്യം കാക്കുന്നവർ
എത്രമേൽ എൻ ദു:ഖം നിൻ്റെയായീടുന്നു
അത്രമേൽ നിൻ താപം എൻ്റേതുമേ
എത്രമേൽ നിൻ്റെയാവേഗം മുറുകുന്നു
അത്രമേൽ ഞാൻ വേഗം പാഞ്ഞിടുന്നു
തളരുമ്പോൾ വീഴാതെ ഞാനെന്നെ കാക്കുന്നു,
വീണാലോ ഞാനോ നിനക്കു ഭാരം
ഇടറുന്ന നിൻ കാൽകൾ കാണെ ഞാൻ കരയുന്നു
വീഴാതെ നീ നിന്നെ കാക്കുന്നല്ലോ!!
ചാട്ടവാർ സീൽക്കാരമാർത്തു വിളിക്കേ,
വൃഥാമൽസരപ്പൊരുളറിയുമ്പൊഴും
ഓട്ടത്തിൻ വേഗത്തെയൊട്ടും കുറക്കുവാ-
നാവാത്തൊരേ നുകക്കാളകൾ നാം