Monday 16 January 2023

ഓർമ്മത്തണ്ടിനെ ചുറ്റി

അദൃശ്യമൊരു

അച്ചുതണ്ടിനു ചുറ്റും

കറങ്ങുന്നു ഭൂമി.

ദിനരാത്രങ്ങൾ മാറുന്നതും,

വസന്തം വിരിച്ചും

ഹിമം മൂടിയും

ഋതുക്കൾ മറയുന്നതും,

ഫലകങ്ങൾ തെന്നിയിളകുന്നതുമറിയാതെ

നെഞ്ചുരുൾ പൊട്ടി

മാറുചുരത്തും പ്രളയത്തിലടിമുടി നനഞ്ഞ്

ഒരു കുഞ്ഞോർമ്മത്തണ്ടിനു ചുറ്റും

കറങ്ങുകയാണൊരമ്മയാം ഭൂമി.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


അവസാനവളവിൽ നടന്നുമറഞ്ഞയാൾ

 

വല്ലാതെ വൈകിയെന്ന് വെപ്രാളപ്പെട്ട്

വഴിതെറ്റി വന്നെത്തിയൊരു പഥികൻ

റെയിൽവേസ്റ്റേഷൻ തിരക്കി

പാതയറ്റത്തെ

വളവുതിരിഞ്ഞുപോയതിനു ശേഷമാണ്

അവസാനത്തെ തീവണ്ടി

കടന്നുപോയത്.

അയാളതിൽ കയറിയിട്ടുണ്ടായിരിക്കണം.

അസ്തമയച്ചുവപ്പു വീണ

പാളങ്ങളിലൂടെ

ചൂളംവിളിച്ചു പാടിപ്പോകുന്ന വണ്ടിയുടെ

താളത്തിലാടി, അയാൾ

ലക്ഷ്യത്തിലേക്ക്

ആശ്വാസത്തോടെ നീങ്ങുന്നുണ്ടായിരിക്കണം.

പാതയോരത്തെ ചാരുബെഞ്ചിൽ

മറന്നുവച്ച ഊന്നുവടിയിവിടെ

അയാളെക്കാത്തിരിപ്പുണ്ട്.

എടുക്കാൻ മറന്ന തോൾമാറാപ്പിലെ

മുക്കാലുംചത്ത കിളികൾ, പക്ഷെ

സ്വതന്ത്രരായി

ഇതാ ആകാശം മുഴുവൻ

നിറഞ്ഞുപറക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


നിങ്ങളുടെ ആകാശം

 

നോക്കൂ..

അനേകരത്നങ്ങൾ തുന്നിച്ചേർത്ത

ശീലക്കുട പോലെ

മുകളിൽ

നിങ്ങളുടെ ആകാശം!!

അകലങ്ങളെ അരികിലെത്തിക്കുന്ന

വജ്രരശ്മികളയച്ച്

വിൺതാരകങ്ങൾ!

എത്ര പ്രൗഢശാന്തമായാണ്

അവ നിങ്ങളെ നോക്കി ചിരിക്കുന്നത്.

നിങ്ങളിലെ ശൈത്യശിലകളെ

തപിപ്പിക്കുന്നത്.

ഭാവനയെ ജ്വലിപ്പിക്കുന്നത്.

 

എന്നാൽ, ഇടയ്ക്ക്

നഭോമണ്ഡലങ്ങളെ കീറിമുറിച്ച്

പാഞ്ഞുകയറുന്ന

ചില തീവ്രപ്രകാശങ്ങൾ

നിങ്ങളുടെ ചിന്തകളിലെ

അത്ഭുതക്കാഴ്ചകളായേക്കാം.

അവയെ

സ്വയംപ്രകാശിതനക്ഷത്രങ്ങളെന്ന്

ധരിച്ചുപോയെങ്കിൽ തെറ്റി.

അവ

നിങ്ങളുടെ സൂര്യനിൽനിന്ന്

വെളിച്ചം കടമെടുത്തുതിളങ്ങുന്ന

വെറും ധൂമകേതുക്കൾ മാത്രം.

അവയുടെ സഞ്ചാരപഥങ്ങൾ

ഋജുവല്ല.

ഭാവങ്ങൾ

സ്ഥായിയുമല്ല.

അവ നിങ്ങളുടെ

സ്മൃതീതലങ്ങളിൽ

ഉൽക്കകൾ വർഷിച്ചേക്കാം.

ആയതിനാൽ അവയെ

സ്വന്തം ക്ഷീരപഥങ്ങളിൽ നിന്ന്

എറിഞ്ഞുകളഞ്ഞേക്കുക.

തമോഗർത്തവിസ്മൃതികളിൽ

കുഴിച്ചുമൂടിയേക്കുക.

ഗമനരേഖാവശിഷ്ടങ്ങളെപ്പോലും

മായ്ച്ചുകളഞ്ഞേക്കുക.

എന്തെന്നാൽ,

നിങ്ങളുടെയാകാശത്തെയവകാശപ്പെടാൻ

അവയ്ക്ക് അർഹതയില്ല.

 

ശേഷം  കാണൂ....

രാഹുകേതുക്കളൊഴിഞ്ഞ

ഗ്രഹണാനന്തരവാനത്തെ!

പൂർവാധികം തിളങ്ങുന്ന

ശുഭ്രനക്ഷത്രശോഭയോടെ

നിങ്ങൾക്കു മാത്രമായി വിരിഞ്ഞ

നിങ്ങളുടെയാകാശത്തെ!

xxxxxxxxxxxxxxxxxxxxxxxxxxxxxxx