സ്വപ്നങ്ങൾ.....ഒരു
നിദ്രതന്നായുസ്സിൽ
വിടർന്നുപൊലിയുന്ന
വർണ്ണക്കുമിളകൾ.
ഉണർച്ചയിൽ, മന-
മടയ്ക്കുംകിളിക്കൂട്ടിൽ
ബന്ധിതരാകുന്ന
പഞ്ചവർണ്ണക്കിളികൾ.
ഉറങ്ങുമ്പോൾ, മനസ്സിൻ
വാതിൽ മലരുമ്പോൾ
അന്തരാത്മാവിൽനി-
ന്നവപറന്നുയരുന്നു.
വർണ്ണച്ചിറകുകൾ
നീളേവിരിച്ചിട്ടു
ആവോളം നശ്വര-
വാനിൽ പറക്കുന്നു.
സ്നേഹത്തിൻ മധുവൂറും
പൂക്കൾ നിറയുന്ന
മായീകാരാമത്തിൽ
മെല്ലവേ ചെല്ലുന്നു.
ആത്മാവിൻ ദാഹങ്ങ-
ളാകുമപ്പക്ഷികൾ
ആമോദമാപ്പൂന്തേ-
നൂറ്റിക്കുടിക്കുന്നു.
നിദ്രപൊലിയുമ്പോൾ,
മനം വീണ്ടുമുണരുമ്പോൾ
ഉണ്മക്കൊടുംതാപം
ചുറ്റുമെരിയുമ്പോൾ
സ്വപ്നത്തിൻ പഞ്ചവർ-
ണ്ണത്തൂവൽചേലുള്ള
പക്ഷികൾ മനസ്സിൽ
ചത്തുമലക്കുന്നു.
കരിഞ്ഞപക്ഷിത്തൂവ-
ലോർമ്മയായ് കൺകോണിൽ
ഒരുചെറുനീർത്തുള്ളി
മാത്രം തിളങ്ങുന്നു.
സ്വപ്നങ്ങൾ....അലക-
ളുറങ്ങും മനസ്സിന്റെ
നീർപ്പരപ്പിൽ വിരിയും
വെറും ജലക്കുമിളകൾ.
മാരിവില്ലിന്നേഴു-
വർണ്ണത്താലൊരു ചിത്ര-
ജാലം വിരിയിക്കും
മായികക്കാഴ്ചകൾ.
കൈവരാൻദാഹിക്കും
പ്രിയതരലോകത്തെ-
യാകെ ബിംബിപ്പിക്കും
കുഞ്ഞുനീർപ്പോളകൾ.
നിദ്രവിട്ടുണരുമ്പോൾ,
മനസ്സിലെ നീരാഴി
അലയാർന്നുവീണ്ടുമീ
ലോകത്തെ കാണുമ്പോൾ,
ആ വർണ്ണക്കുമിളകൾ
പൊട്ടിനശിക്കുന്നു.
ഒരു ബാഷ്പബിന്ദു കവിൾ
തൊട്ടുനനക്കുന്നു.
സ്വപ്നങ്ങൾ, തകരുന്ന
വെറും ജലക്കുമിളകൾ.
അൽപ്പായുസ്സാകുന്ന
പഞ്ചവർണ്ണക്കിളികൾ.
ഉണരുന്നകൺകളിൽ
പൊലിയുന്നദീപങ്ങൾ.
അന്തരാത്മാവിന്റെ
വിഫലമാം വാഞ്‌ഛകൾ.