Wednesday 13 December 2023

നിന്നിലേക്കുള്ള വീഥികളിലൂടെ നടക്കുമ്പോൾ...

നിന്നിലേക്കുള്ള യാത്രാവീഥികളിൽ,

വിരഹത്തിൻ്റെ മൂശയിൽ

ഉരുകിവീണുതിളങ്ങുന്ന

എൻ്റെ നക്ഷത്രചിന്തകൾക്ക്

പൂത്തുവിടരാനായി നീ

ഒരാകാശമരമൊരുക്കിയിരുന്നു.

 

നിന്നിലേക്കുള്ള വീഥികളിൽ

നീ വിടർത്തുന്ന

മുത്തുക്കുടയിൽ

വൈഡൂര്യമഴയായ് ഞാൻ

പെയ്തുപെരുകുന്നു.

മഴ നനയാതെ നീ

എന്നിലേക്കോടിയൊളിച്ച്

നിറഞ്ഞുപെയ്യുന്നു.

 

നിന്നിലേക്കുള്ള വീഥികൾ തേടി

കർക്കിടകമായ് ഞാൻ

കറുത്തിരുളുന്നു.

നീയഴിച്ചുവച്ച

പുറന്തോടിന്‍ കാഠിന്യം

സ്വയമണിഞ്ഞ് സംരക്ഷിതയാവുന്നു.

ഋജുരേഖകളിൽ ഗതിവിഗതി കാണാതെ

പാർശ്വപാതകളിൽ  വ്യതിരിക്തയാവുന്നു.

 

ഞാൻ, ഒരേസമയം

അകാശത്തേക്ക് ചുരുൾനിവർന്നുകുതിക്കുന്ന

തിരകളുടെ സങ്കീർണ്ണതയും

നീലശാന്തതയിൽ മയങ്ങുന്ന

ആഴിയുടെ അഗാധതയുമാകുമ്പോൾ

നീയൊരു വലംപിരിശംഖായ്

എൻ്റെ അന്തരാളങ്ങളിലേക്കൂളിയിട്ട്

എന്നെ നിന്നിലെ

നിത്യതീർത്ഥമാക്കുന്നു.

 

ഞാൻ നിന്നിലും നീ എന്നിലും

പുനർജ്ജനിയുടെ

ആദിമന്ത്രപ്പൊരുളായ് ഭവിക്കുന്നു.

നിന്നിലേക്കുള്ള യാത്രകളിൽ

എൻ്റെ പടിവാതിലിലൂടെ,

ഞാൻ

ഉള്ളിലേക്ക് നടന്നപ്രത്യക്ഷയാകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

Saturday 2 December 2023

ഒന്നുമുരിയാടാതെ പുഴ......



 ഓളക്കൈകളേന്തിയ

ചെങ്കിരണച്ചെമ്പുകുടുക്കയിലേക്ക്

പതിയെ വീഴുന്ന സ്വർണ്ണനാണയം പോലെ

 താഴ്ന്നുമറയുന്ന സൂര്യനെ

താരാട്ടിയുറക്കുന്ന പുഴ,

എന്നും

തരിവളകൾ കിലുക്കി 

കയർ പിരിക്കാനെത്തുന്ന

തീരത്തെ ചകിരിമില്ല്.

അവിടെ,

യന്ത്രപ്പൽച്ചക്രത്തിൻ്റെയൊച്ചയെ

തല്ലിയമർത്തുംവിധത്തിൽ

കേൾക്കാം,

നിരത്തിക്കുത്തിനിറുത്തിയ, മെടഞ്ഞ

ഒറ്റയോലകൾക്കു മറപറ്റി

വെയിൽ പച്ചകുത്തിപ്പൊള്ളിച്ച ഉടലുമായി

ചീഞ്ഞ തൊണ്ട് തല്ലിക്കീറി,

ചകിരിച്ചോർ കുടഞ്ഞുമാറ്റി,

ചീയാതെ

ജീവിതം ഇഴപിരിച്ചെടുക്കുന്നവരുടെ,

കൈവളക്കിലുക്കത്തിൻ്റെ അകമ്പടിയില്ലാത്ത

മടലടിമേളം.

അതുകണ്ട് നെഞ്ചുചുവന്നൊഴുകുന്നു,

തീരത്തെ ജലം

 

ഒരു ഞായറുച്ചയിൽ

തീരം വിജനം.

കുഞ്ഞനുജത്തിയുടെ

കൗതുകക്കൈയ്യും പിടിച്ച്

ഒരേട്ടൻ,

സൂത്രത്തിൽ, വെയിൽക്കണ്ണ് പൊത്തി,

തീരത്തെ മരത്തിലെ

കെട്ടഴിക്കുന്നു

ആണ്ടിപ്പാപ്പൻ്റെ വഞ്ചി,

ഇളകിയഴിയുന്നു.

അനിയത്തിയെ അതിലേറ്റുന്നു.

കഴുക്കോലെടുക്കുന്നു.

കുത്തിത്തുഴയുന്നു.

ഒഴുക്കിൽ ചാഞ്ചാടി നീങ്ങുന്ന

വഞ്ചിയപ്പോഴൊരു

സ്വർണ്ണയന്നത്തോണി.

അണിയത്ത്,

ഉപവിഷ്ടയായനുജത്തി - രാജകുമാരി

അമരത്തേട്ടൻ,

ഏഴുകടൽ താണ്ടി, രാക്ഷസനെ വെന്ന്

അനിയത്തിയെ വീണ്ടെടുത്തെത്തുന്ന

രാജകുമാരൻ.

ഒറ്റക്കഴുക്കോൽച്ചിറകാൽ  തുഴഞ്ഞ്

അരയന്നം മെല്ലെ നീങ്ങുന്നു.

 

പെട്ടന്നാച്ചിറകടി

നിശ്ചലമായി.

ഒറ്റച്ചിറക് മുറിഞ്ഞുപോയി

പക്ഷം മുറിഞ്ഞ പക്ഷി,

ഓളങ്ങളിലൊഴുകിപ്പോയി.

അടിത്തട്ടിലുറച്ച ചിറകപ്പോൾ

കഴുക്കോലായി.

തോണി കൈവിട്ട ഏട്ടൻ

കോലേറി ഇരിപ്പുമായി..

 

പുഴ പിന്നെയുമൊഴുകി.

ഓളങ്ങളിൽ,

വർഷങ്ങളെത്രയൊഴുകി....

തീരത്തെ മില്ല് മറഞ്ഞു,

ആണ്ടിപ്പാപ്പനെ, കാലം പോലും മറന്നു.

എഴുകടലുകളിലൂടെ

തീരം തേടി

തുഴയില്ലാതൊരു വഞ്ചി

ഇന്നും നിലയ്ക്കാതൊഴുകുന്നു.

തീരത്തായ്,

മുറിഞ്ഞുവീണുറച്ചുപോയ നങ്കൂരം പോലെ

ഒരു മുളങ്കോൽ തോണി തേടുന്നു.

ഒരു സമസ്യക്കുമുത്തരമേകാതെ

ഒന്നുമുരിയാടാതെ,

പുഴയിന്നുമൊഴുകുന്നു.

Xxxxxxxxxxxxxxxxxxxxxxxxxxxxx

Friday 1 December 2023

റൂമി മൊഴിമാറ്റം

നിനവിലും നീ കണ്ടി-

ല്ലെത്രമേൽ ഞാൻ തിര-

ഞ്ഞൊരു തോഷികം

നിനക്കേകുവാനായ്

എന്തു ഞാൻ ചൊല്ലേണ്ടൂ!!

അവയൊന്നുമെന്നാത്മ-

തുഷ്ടിക്കുചിതമായ്

തോന്നിയില്ല.

 

സ്വർണ്ണഖനിക്കെന്തു

സൗവർണ്ണസമ്മാനം!!

സമുദ്രത്തിനായ് കൈ-

ക്കുടന്ന ജലം?!!

 

എന്തു തന്നെയാകി-

ലുമവ പൂർവ്വർക്കു

സുഗന്ധദ്രവ്യം പ്രദാ-

നിക്കും പോലെ

 

എൻ ഹൃത്തുമാത്മാവു-

മേകാമെന്നാകിലോ

നീയവയ്ക്കെന്നേ

ചക്രവർത്തിനി

ഒടുവിൽ ഞാൻ കൊണ്ടുവ-

ന്നൊരു മുകുരം, ആയതിൽ

നീ നിന്നെ നോക്കുമ്പോൾ

ഓർക്കുകെന്നെ.

[ഒടുവിൽ ഞാൻ കൊണ്ടുവ-

ന്നൊരു ദർപ്പണം, അതിൽ

നിന്നെ നോക്കുമ്പോൾ നീ

കാണുകെന്നെ]

 

A Gift to bring you

-Rumi

 

''You have no idea how hard I

have looked for a gift to

bring you.

 

Nothing seemed right.

 

What's the point of bringing

gold to a gold mine,

or water to the ocean.

 

Everything I came up with

was like taking spices to the

orient.

 

It's no good giving my heart

and my soul

because you already have

these.

 

So I've brought you a mirror.

Look at yourself and

remember me''

 


പ്രണയലേഖനം

രാവുദൂരം 

പാലാഴി കടഞ്ഞമൃതുണ്ടിട്ടും

നിലാക്കൈ പിടിവിടർത്താൻ മടിച്ച്

ഒരു തെന്നൽ...


നിൻ്റെ തീരങ്ങളിലെ 

താഴ്വാരക്കാറ്റാവാൻ

മുഗ്ധസ്വേദബിന്ദുക്കൾ

മുത്തിയെടുക്കാൻ

കാത്തിരിപ്പിൻ 

ദിനോഷ്ണവുമായ്

നിൻ്റെ രാവിലേക്ക് മാത്രമെൻ

തോണി തുഴഞ്ഞെത്തുമെന്ന് 

ദന്തതൂലികത്തുമ്പിനാൽ

അധരപത്രത്തിലെഴുതി

സുദീർഘചുംബനത്താൽ

മുദ്രണം ചെയ്തൊരു ലേഖനം

നീൾമിഴികൾ കൂമ്പിയവൾ

പ്രാണനിൽ വായിച്ചെടുക്കുന്നു 



ജീവിതം.. ഒരു നിറസൗന്ദര്യം..

പരസ്പരം കൈനീട്ടിത്തൊട്ടപ്പോൾ

പൊള്ളിയറിഞ്ഞ പനിച്ചൂടിൽ

പെട്ടെന്ന് ജന്മമെടുത്ത

രണ്ടപരിചിതർ

പൂർത്തിയാക്കാത്ത

ഹസ്തദാനത്തിൽ

ഇരുവഴികളായ് പിരിഞ്ഞു.

 

കാൽച്ചങ്ങലകൾ പൊട്ടിവീണത്

കൽത്തുറുങ്കിലെന്നറിഞ്ഞ്,

സൂചിക്കുഴയിലൂടൂർന്ന്

സ്വതന്ത്രമായൊരു വീർപ്പുമുട്ടൽ,

മരുഭൂമിയിലെ

ഏകാന്തപഥ്യപാഥേയം നുകർന്ന്

കൊടുംചൂടിലെ തണുപ്പിലൂടെ 

നടന്നുപോയി.

 

പ്രപഞ്ചഹൃദയത്തെ ഉള്ളിലറിഞ്ഞ്,

നീർത്താമരയിലയിൽ

തുള്ളിയിളകുന്നൊരു ജലബിന്ദു;

ജീവിതം-

ഒരു നിറസൗന്ദര്യം

Xxxxxxxxxxxxxxxxxxxxx


Thursday 30 November 2023

നീ...

നീ......

*നിറയേ പൂത്ത മരത്തിൽ നിന്നും

പൊടുന്നനെ ഞെട്ടറ്റുവീണുപോയ

പൂക്കാലം.

 

*ഇരുമിഴിപ്പോളകൾക്കിടയിലൂടെ

ചിറകടിച്ച് പറന്നുമറഞ്ഞ

സ്വപ്നം

 

*തുറന്ന ജാലകങ്ങളിലൂടെ

അരിച്ചുകയറുന്ന,

തണുത്തുനേർത്ത ഓർമ്മകളായ്

വിട്ടുപിരിയാതെന്നെ പൊതിയുന്ന

ശിശിരർത്തു.

xxxxxxxxxxxxxxxxxxxxxxxxxxxxx

 


ശംഖിൻഹൃദയത്തിൽ കടലെഴുതിയത്..


കടൽക്കരയിൽ

പൂഴിമണ്ണു പുതച്ചുകിടക്കുന്ന

ശംഖുകളെ കണ്ടിട്ടില്ലേ?

അവയ്ക്കുള്ളിലൊരുപാട്

കഥകളുറങ്ങുന്നുണ്ടത്രേ!

 

ഊതിയുണർത്തുന്ന കാറ്റിനോട്

അവ, ഹൃദയത്തിൻ്റെ ഭാഷയിൽ

ആ കഥകൾ പറയും.

കടൽജലത്തിൻ്റെ ചുംബനങ്ങളിൽ

ഉറങ്ങിയുണർന്നതിനെക്കുറിച്ച്...

തിരക്കൈവലയങ്ങളിലമർന്ന്,

കടൽക്കുതിരകൾ വലിക്കുന്ന തേരിൽ,

പവിഴദ്വീപുകളിലേക്ക്

മധുവിധുയാത്ര പോയതിനെക്കുറിച്ച്.

കടൽലവണത്തിലലിഞ്ഞലിഞ്ഞ്

ഒരു കടലിനെയാകെ

ഹൃദയത്തിലൊളിപ്പിച്ചതിനെക്കുറിച്ച്.

ഒന്നു ചെവിയോർത്താൽ കേൾക്കാം,

ശംഖിൻ്റെ നെഞ്ചിൽ അലയടിക്കുന്ന

പ്രണയത്തിരയിളക്കം.

 

നോക്ക്,

കടൽത്തീരത്ത് 

ഉള്ളാകെ പൂഴി നിറച്ചുറങ്ങുന്ന

ഈ ശംഖിനും

ജീവനുണ്ടത്രേ!!

കടലോർമ്മകളിൽ

വിലയം പ്രാപിക്കുന്നൊരു നാദത്തിനുള്ളിൽ

മൗനം ദീക്ഷിച്ച്,

ധ്യാനം ചെയ്യുന്നൊരു ജീവൻ.  

ഊതിയുണർത്താൻ ശ്രമിക്കുന്ന

ചുണ്ടുകളോട് മാത്രം

മുഴങ്ങുന്ന സ്വരത്തിൽ

കഥ പറയുന്നൊരു ജീവൻ.

അതിൻ്റെ ഹൃദയത്തോടൊന്നു

ചെവിചേർക്കൂ.

അപ്പോൾ കടലും പറയും,

സ്വകാര്യമായി,

ശംഖിൻഹൃദയത്തിൽ കടലെഴുതിയ

അതേ പ്രണയകഥ.

xxxxxxxxxxxxxxxxxxxxxxxxxx


Friday 24 November 2023

പ്രണയസമാഗമം

നിയതപഥങ്ങളിൽ

ഭൂമിയുടെ

യാന്ത്രികപ്രദക്ഷിണങ്ങൾ

 

വിരഹവേനൽച്ചൂട് പൊള്ളിച്ച

ആകാശത്ത്,

നീണ്ട കാത്തിരിപ്പിനാൽ കാർനിറമാർന്ന

രണ്ടു മേഘങ്ങൾ,

വർദ്ധിതപ്രണയാവേഗത്താൽ

ആലിംഗനബദ്ധരാകുന്നു.

മിന്നൽപ്പിണരുകളപ്പോൾ

പുഷ്പവൃഷ്ടി നടത്തുന്നു

അത്യാകർഷണത്താൽ കത്തിജ്ജ്വലിച്ച്

കൂട്ടിയിടിച്ചലിഞ്ഞില്ലാതാകുവാൻ മാത്രം

പാഞ്ഞടുക്കുന്ന

ജ്യോതിർഗോളങ്ങളെപ്പോലെ

രണ്ടു മുകിൽഹൃദയങ്ങൾ

തമ്മിൽ തേടുമ്പോൾ

ദിക്കറിയാതെ, മനമറിയാതെ

എത്തിച്ചേർന്ന

ഇന്ദ്രിയകാമനവീഥികൾക്കങ്ങേയറ്റത്തെ

സ്വർഗ്ഗവാതിലുകൾ

ഇടിമുഴക്കത്തോടെ തുറക്കപ്പെടുന്നു.

ഒരേമൂശയിലുരുകിയൊന്നുചേർന്ന

രണ്ടു പ്രാണനുകൾ

മുക്തിതീരങ്ങളിലേക്ക്

മാരിയായി

പെയ്തൊഴിയുന്നു.

 

പ്രണയപ്പകർച്ച നനച്ച,

നേർത്ത ഒറ്റച്ചേലയുടുത്ത്

അലസം ശയിക്കുന്നു, ഭൂമി.

തെളിഞ്ഞ ആകാശത്തിന്നാത്മഹർഷം

അപ്പോൾ നക്ഷത്രക്കണ്ണുകൾ ചിമ്മുന്നു.

പിന്നെ വജ്രരശ്മീചുംബനങ്ങളാൽ മൂടി

സമുദ്രഹൃദയത്തിലേക്കടർന്നുവീഴുന്നു.

ഭൂമിയപ്പോൾ

തന്നിലേക്കമരുന്ന ആകാശത്തെ

മാറോടു ചേർത്തു പുണരുന്നു.

Xxxxxxxxxxxxxxxxxxxxxx


Wednesday 15 November 2023

വിലാസമില്ലാതെ..

രണ്ടുമൂന്നുദിവസങ്ങൾക്കു മുൻപാണ്

ആദ്യമായവനെ കാണുന്നത്.

മൂന്നോ നാലോ വയസ്സ് മതിക്കും.

ഏറിയാൽ അഞ്ച്.

 

ക്രമമില്ലാത്ത വിധം അടയാളങ്ങളാൽ

അതിർത്തി രേഖപ്പെടുത്തിയ

സാമ്രാജ്യത്തിൻ്റെ

ഒത്ത നടുവിൽ,

യുദ്ധത്തിൽ തോൽവിയുടെ അറ്റം കണ്ട,

എന്നാൽ

ഒരുവിധ സന്ധിസംഭാഷണങ്ങൾക്കും

തയ്യാറാവാത്ത,

ദുഖാർത്തനും കോപിയുമായ ചക്രവർത്തിയുടെ

ഊരിവീണ പടച്ചട്ട പോലെ

വെറുംനിലത്ത്

കിടക്കുകയായിരുന്നു, അവനപ്പോൾ

 

മിനിഞ്ഞാന്ന് കാണുമ്പോൾ,

രാത്രിമഴ നനഞ്ഞതിൻ്റെ

കുളിരിൽ വിറച്ച്,

അപരിചിതനോട്ടങ്ങളുടെ

ഏറുകൊണ്ട് മുറിവേറ്റ്,

തിരികെയെത്തേണ്ട പാദപതനങ്ങൾക്ക്

കാതോർത്ത്,

കോരിയെടുത്തു തലോടേണ്ട

ഇളംകരങ്ങളെത്തേടി

ദൈന്യതയോടെ, അവൻ

പരുവപ്പെടലിൻ്റെ പാതയോരത്തിരിക്കുന്നു.

 

ഇന്നലെയവൻ

അഴുക്കുമേലങ്കിയണിഞ്ഞ്

കൂനിക്കൂടി

വഴിയരികിലെ ബെഞ്ചിൻ്റെ

നിസ്സഹായതയോടു കൂട്ടുകൂടി

നിശ്ശബ്ദത പുതച്ചിരിക്കുന്നു.

 

ഇന്നലെ

ഏറെവൈകി മെത്തയിലെത്തിയ ഉറക്കം,

വശംചേർന്നു കിടന്നത്

ഞാനറിഞ്ഞതേയില്ല.

ഞാനപ്പോൾ

എൻ്റെ ഇടതുചേർന്നുകിടന്നിരുന്ന

സ്വപ്നത്തിൻ്റെ കാതിൽ

അവൻ്റെ കഥ പറയുകയായിരുന്നു.

കഥ വളരുംതോറും അവളെന്നെ

വരിഞ്ഞുപുണർന്നു ചുംബിച്ചുകൊണ്ടിരുന്നു.

 

ഏറെവൈകി,  ഇന്നുണർന്നുചെന്നുനോക്കുമ്പോഴുണ്ട്,

അവൻ, 

'അനാഥൻ' എന്ന ലേബലുമണിഞ്ഞ്,

ക്ഷീണിച്ച പിഞ്ചുകൈകൾ

ഒരു ആശ്ലേഷം തേടിയിട്ടെന്ന പോലെ

പാതിയുയർത്തി,

തൻ്റെ

ഇണക്കൂട്ടെങ്കിലും തിരികെ

തേടിയെത്തിയെങ്കിൽ

എന്നാശിച്ച്,

വഴിയരികിൽ

'ഒരു കുഞ്ഞുചെരുപ്പെ'ന്ന്

എന്നെ അവനിലേക്ക്

വിവർത്തനം ചെയ്തുവച്ചിരിക്കുന്നു.

 

എന്നെയാണെങ്കിലോ, കളഞ്ഞുപോയിരിക്കുന്നു.

മടങ്ങിവരാൻ സാധ്യതയില്ലാത്ത

മറുപടികൾക്കായി,

'വിലാസമില്ലാത്തവൻ' എന്ന്

വിലാസപ്പെടുത്തി, ഞാനിപ്പോൾ

വഴിയോരത്തിരിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxx


Saturday 11 November 2023

അറിയാതെപോകുന്നത്..

കണ്ണീർമേഘങ്ങളെ

പെയ്യാതെയൂതിപ്പറപ്പിച്ച്

ഒരുകാറ്റ്

ആകാശമാകെ മുത്തമിടുന്നു.

 

വാനത്തിൻ്റെ പുഞ്ചിരിയിൽ,

ഇരുൾമറ നീക്കിയണഞ്ഞ സൂര്യൻ്റെ

ഉച്ചപ്രഭ.

 

മടങ്ങുന്ന കാറ്റിൻ്റെ കണ്ണിൽ

ഒളിച്ചിരുന്ന മേഘങ്ങളിപ്പോൾ

ഇരുണ്ടുകൂടിപ്പെയ്ത്

ഏതോ വന്യഭൂമികളെ

നിലയ്ക്കാതെ നനയ്ക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxx

 


ക്യാപ്പിറ്റൽ പണിഷ്മെൻ്റ്


'മരണം വരെ തൂക്കിലേറ്റുക'

പരമോന്നതക്കോടതിയുടെ

വിധി പ്രഖ്യാപനം.

 

ദയാഹർജികൾ പരിഗണിക്കപ്പെട്ടില്ല.

 

ഒടുവിൽ

കഴുമരത്തിൽ

ജീവൻ്റെയവസാനവീർപ്പിനെ

മുറുക്കുന്ന കുരുക്കുമായ്,

ഭാരംതൂങ്ങി വലിഞ്ഞുനീണ്ട് പിഞ്ഞിക്കീറിയ

കയറിൻ്റെ തുമ്പത്ത്,

പൊട്ടാത്ത അവസാനനാരിൽ തൂങ്ങിയാടി,

ശ്വാസത്തിനായ് പിടഞ്ഞുപിടഞ്ഞ്,

'മരണംവരെ'യെത്താനാവാതെ,

വർഷങ്ങളെത്രയായി ഒരു

പ്രണയമിങ്ങനെ.....

xxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 


Sunday 29 October 2023

മരമൊഴികൾ

 

അക്കാട്ടിലുണ്ടാമരം

അരികത്തായുണ്ടീമരം

ഒരു പുലർക്കാലത്തിൽ

മഴ തോർന്ന നേരത്തിൽ

ആമരമീമരമൊരു മർമ്മരം

 

''ആഹാ! അതികാലെയുണർന്നെണീറ്റോ?’

 

''കോരിച്ചൊരിയുന്ന മഴയല്ലാർന്നോ

തളിരിലക്കുട നിവരുന്നേയുള്ളു.

പഴമേലാപ്പു ചോർന്നു വീണുപോയി.

ഞാനാകെ തണുത്തു വിറച്ചുപോയി‘

 

'പുതച്ചുറങ്ങാനൊന്നുമില്ലാരുന്നോ?'

 

തൂവൽപ്പുതപ്പു കുതിർന്നുപോയി'

 

'ഉണ്ണികൾക്കുറങ്ങുവാൻ പറ്റിയാർന്നോ?'

 

'ഇലയുള്ള ചില്ലേലുറക്കമാണ്

ഉണർന്നാൽപ്പിന്നെ ചെവി കേൾപ്പിക്കില്ല‘

 

ഇന്നലെയത്താഴമെന്തുണ്ടാർന്നു? ‘

 

'കതിർമണിയൊരുനുള്ളും തരമായില്ല

ഇലതിന്നുംപുഴുവൽപ്പം ഒത്തുകിട്ടി’'

 

'എന്തേ എന്നോടൊന്നു ചോദിക്കാർന്നേ ‘

 

അവിടേയും കുഞ്ഞുങ്ങളൊരുപാടില്ലേ.

അതിനാലെ ചോദിക്കാൻ തോന്നിയില്ല‘

 

'പ്രാതലിനുണ്ണികൾക്കെന്തു നൽകും? ‘

 

പഴംപുഴു ഇത്തിരി ബാക്കിയുണ്ട് ‘

 

'അയ്യോ! ഞാനൊരുപിടി കതിർ കൊണ്ടരാം’

 

പെട്ടെന്നൊരു വെടി-

യൊച്ച കേട്ടു.

മരമൊഴികളെല്ലാം

പറന്നുപോയി.

ചെറുവാക്കൊന്ന് വീണു-

ചിതറിപ്പോയി.

അകലും മൊഴി നോക്കി-

യാമരവും, വീണു-

പിടയും വാക്കു നോക്കി-

യീമരവും പിന്നെ,

ചൊല്ലറ്റു ചങ്കറ്റു

കണ്ണീർ പെയ്തു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx