ഇരുട്ടു മായുംമുൻപ്
അഴുക്കുമുറ്റം അടിച്ചുവൃത്തിയാക്കി,
വെളിച്ചം തളിച്ച്,
വെള്ളവീണിടത്ത്
ഇടമില്ലാതെ,
കണികാണാൻ കൊള്ളാതെ,
പിന്നാമ്പ്രത്തെ
ഇരുണ്ട ഇറമ്പുകളിൽ
അഴുക്കുപുരണ്ട്
ഒതുങ്ങിമാറി ചാരിനിൽപ്പുണ്ട്
ഒരുവൾ
അഴുക്കകം മിനുക്കി,
തിളങ്ങുന്ന പൂമുഖത്തെ
വെളിച്ചപ്പെടുത്തുന്നവർ
ചുവന്നിരുണ്ട
മുറിമൂലകളിൽ
ചാരിവച്ചുപോകുന്നുണ്ട്,
ഉള്ളിൽ കുമിയും മാലിന്യത്തെ
ഒഴിപ്പിച്ചുകളയാൻ മാത്രം
അവരെത്തിപ്പിടിക്കുന്ന,
താനായിരിക്കുന്നതിൻ്റെ ചേലറിഞ്ഞ,
അകംപുറം ചേലിൻ്റെ
പൊരുളറിഞ്ഞ
അവളെ.