Sunday 7 May 2023

ഓർമ്മച്ചിത്രത്തിൽ മഴ പെയ്യുമ്പോൾ...

ജലച്ചായം കൊണ്ടാണ്

ഓർമ്മയിലെ അവ്യക്തചിത്രത്തിന്

മിഴിവേകിയത്.

വെള്ളക്കട്ടിക്കടലാസിൽ

വർണ്ണങ്ങളായ്

ഊഞ്ഞാൽപ്പടിയിൽ

ഒരു പച്ചപ്പട്ടുപാവാടക്കാരിയും

ഊഞ്ഞാൽക്കയറിൽ

ഒരോണത്തുമ്പിയും

ഒന്നിച്ചിരുന്നൂയലാടുന്ന വിധം...

മുറ്റത്തെ പൂത്തുലഞ്ഞ

കാട്ടുമന്ദാരത്തടി

ഊഞ്ഞാലായത്തിൽ

നടുവളച്ച വിധം..

റ്റെറാക്കോട്ടട്ടൈലുകൾ ചുവപ്പിച്ച

മുറ്റത്തിൻ്റെ അതിരുകളിൽ

നിറയെ നാട്ടുചെടികൾ

പൂത്തുനിൽക്കും വിധം..

ഒരു സ്റ്റിൽ...

 

നോക്കിയിരിക്കേ

ചിത്രത്തിന് കാറ്റു പിടിക്കുന്നു.

പറന്നുയർന്ന് മുകളിൽത്തങ്ങി

പൂർവകാലത്തിലേക്കുറ്റുനോക്കുന്ന പോലെ

തലകീഴായ്ക്കിടന്ന ചിത്രത്തിന്,

കാട്ടുമന്ദാരത്തിൻ്റെ

ഉണങ്ങിയടർന്ന ചില്ലകൾ തീർത്ത ഫ്രെയിം.

 

ഓർമ്മച്ചിത്രത്തിൽ

പെട്ടെന്നാണൊരു മഴ.

മഴ മൂവീറീൽ കറക്കുന്നു.

നിശ്ചലചിത്രം

ചലച്ചിത്രമാകുന്നു.

ഉണങ്ങിയ മന്ദാരച്ചില്ലകളിൽ

പൊടുന്നനെ പച്ചപ്പ്.

നിറങ്ങളായ്

താഴേക്കൂർന്നിറങ്ങുന്നു, ഒരൂഞ്ഞാൽ.

ഊഞ്ഞാൽപ്പടിയിലിരുന്ന്

ആയത്തിലാടുന്നൊരു

പച്ചപ്പാവാടക്കാരി.

വളഞ്ഞ മന്ദാരത്തടി,

കയറാട്ടമൊപ്പിച്ചിടുന്നു, ഒരു താളം.

കാറ്റിൽ, പട്ടുപാവാടയോളങ്ങൾ.

ചുറ്റും ചിതറിത്തെറിക്കുന്ന

പച്ചവർണ്ണങ്ങളിൽ

നിറയെ നാട്ടുചെടികൾ പൂക്കുന്നു.

പെരുമഴയിലും

മുറ്റം നിറഞ്ഞുപറക്കുന്ന

ഓണത്തുമ്പികൾ തീർക്കുന്ന

മഞ്ഞപ്പെയ്ത്ത്.

 

വേനൽച്ചൂടിൽ  ഒരു ചിത്രകാരൻ

കണ്ണുകളടച്ചൊരു മഴക്കുട ചൂടുന്നു.

മഴ, ജലച്ചായം കൊണ്ട്

അയാളെന്ന വർണ്ണചിത്രത്തെ

നനച്ചൊഴുകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxx