സ്വന്തം ആവാസവ്യവസ്ഥയ്ക്കകത്തും
വളച്ചുകെട്ടപ്പെട്ട
വലവൃത്തത്തിനുള്ളിൽ
ബന്ധിതനായവൻ്റെ
മത്സ്യവിചാരങ്ങൾ.
ഇടത്തോട്ടും വലത്തോട്ടും
മുൻപോട്ടും പുറകോട്ടും നീന്തി,
പുറത്തുകടക്കാനാവാതെ
ചിറകു തളർന്നുപോയവൻ്റെ
വ്യർഥപരാക്രമങ്ങൾ.
ആഞ്ഞടിക്കപ്പെട്ട
ആണികളിൽ
നൊന്തുപിടയുന്നവൻ്റെ
ഉത്ഥാനവ്യാമോഹങ്ങൾ.
അവൻ, വൻകരകളിൽ നിന്നും
അടർന്നൊഴുകിപ്പോയ
തുരുത്തിൻ്റെയേകാന്തത.
ആൾക്കൂട്ടത്തിനു നടുവിലും
ഒറ്റപ്പെട്ട അവസ്മൃതിയോട്
ഐക്യപ്പെടുന്ന കൂട്ടുകാരൻ.
വിഷാദചിന്തകളൊരു നാൾ
ഒരു വ്യോമയാത്ര
കിനാവു കാണുന്നു.
വൈകിയെത്തിയ
ഒടുവിലത്തെ പിടിവള്ളിയിൽ
ഊയലാടുന്നു.
പെട്ടെന്നവനുമുകളിലൊരു
ആകാശക്കുട നിവരുന്നു.
കാറ്റിലൊരപ്പൂപ്പൻതാടി
ഉയരങ്ങൾ തേടുന്നു.
ആ നിമിഷം...
'എൻ്റെ ജലമേ... എൻ്റ ജലമേ...
നിറഞ്ഞുപരക്കുന്നൊരെൻ
ആകാശക്കാഴ്ചയേ...' എന്ന്
കണ്ണുകൾ
അടയാൻ മടിക്കുന്നു.
അവനിലടങ്ങിയ
അനേകം തിരമാലകൾ
കുറുകിയുറഞ്ഞ
രണ്ടുതുള്ളി ക്ഷാരജലം,
അവസാനമായി കൺകളെ നനച്ച്
കടലുപ്പിൽ ലയിക്കുന്നു.
xxxxxxxxxxxxxxxxxxxxxxxxx