Sunday 11 June 2023

വീണ്ടെടുപ്പിലേക്ക് തകർന്നു വീണവർ

'ആമസോൺ കാടുകൾ

മടിത്തട്ടിൽ കാത്ത

നാലു കുഞ്ഞുങ്ങളുടെ

വീണ്ടെടുപ്പ്''

നട്ടുച്ചയിലും

ഇരുട്ടിൻകുട മടക്കാത്ത

നിബിഡമഴക്കാടുകളിലൂടെ,

ജാഗ്വാറുകളേയും

ആളെപ്പിടിയൻ മുതലകളേയും

ഉഗ്രവിഷപ്പാമ്പുകളേയും

കാവൽക്കാരാക്കി,

ലോകശ്വാസകോശം

ജീവനൂതിയൂതി നടത്തിച്ച

നാൽപ്പതു നാളുകളിൽ,

വന്യതാരാട്ടിലുറങ്ങിയുണർന്ന്

'അപകടങ്ങൾ' തീണ്ടാതെ

അതിജീവനവഴികൾ താണ്ടിയ

പിഞ്ചുകളെ,

ഒടുവിൽ

വിതുമ്പലോടെ

തിരികെ ഏൽപ്പിക്കുമ്പോൾ,

അമ്മക്കാടിൻ്റെ അമ്മിഞ്ഞപ്പാൽ

കിനിഞ്ഞുനിന്ന  ചുണ്ടുകളിൽ

ഏറ്റവും ഇളയവയ്ക്ക്

വയസ്സൊന്ന്.

 

നാട്ടിലോ,

അതിക്ക്രൂരകാമത്തിൻ്റെ

ബലിയാക്കി,

ജീവവായു

കയർക്കുരുക്കിനാൽ

മുറിച്ചുകളയപ്പെട്ട

പൈക്കിടാവിനും

വയസ്സൊന്ന്.

ഒരു രാത്രിവഴിയിൽ

താണ്ടിയതോ,

നാൽപ്പതിനായിരം വേദനനാഴികകൾ.

കടിച്ചുകീറിയത്

അത്യുഗ്രവിഷം വമിപ്പിക്കും

ഇരുകാലികൾ.

 

ആമസോൺ കാടുകളിലിപ്പോൾ

ക്രൂരമൃഗങ്ങളില്ലത്രേ.

ഇരുകാലികളിലേക്കവയെന്നേ

പരകായം ചെയ്തിരിക്കുന്നു.

 

നാൽപ്പതു നാളുകളുടെ

പുനരുജ്ജീവനത്തിനൊടുവിൽ

'ഓപ്പറേഷൻ ഹോപ്പി'ലൂടെ

വീണ്ടെടുക്കപ്പെട്ടതുവഴി,

കുഞ്ഞുങ്ങളേ നിങ്ങൾ

ക്രൂരഇരുകാലികൾനിറഞ്ഞ

കാടുകളിലേക്ക്

തകർന്നുവീഴപ്പെട്ടിരിക്കുന്നു.


Wednesday 7 June 2023

ആംഗലദേശക്കാഴ്ചകളിലൂടെ...


ചെഞ്ചായത്തിരശ്ശീലയുടെ

പശ്ചാത്തലത്തിൽ

അസ്തമയവേളയിൽ

പശ്ചിമാംബരമൊരുക്കുന്ന

ഓപ്പറാഹൗസ് കണ്ടോ?

അജ്ഞാതനായൊരു കണ്ടക്റ്ററുടെ

വിരൽച്ചലനത്തിനൊത്ത്

ഉയർന്നും, താഴ്ന്നും,

വിവിധരൂപങ്ങൾ രചിച്ചും,

പിന്നെ

കോണിഫർമരത്തിലെ ഗ്രീൻറൂമിൽ

ഒരു നിമിഷം വിശ്രമിച്ച്

വീണ്ടും ഉയർന്നുപൊങ്ങി,

ചൈനീസ് സംഘനർത്തകരെപ്പോലെ

മതിമറന്ന് നൃത്തമാടുന്ന

സ്റ്റാർലിങ്ങ്സ് പക്ഷിക്കൂട്ടത്തെയോ?

അവയോട്

എന്തിനു നൃത്തമാടുന്നു എന്നു ചോദിക്കരുത്.

പകരം

ആകാശമാകെ പറന്നുനിറയുന്ന

ചിറകുകൾ

സ്വയമെടുത്തണിഞ്ഞുപറക്കുക.

 

ഇടംവലം തിരക്കിലോടുന്ന നഗരം,

ഇലച്ചാർത്തിനുള്ളിൽ

ഒളിപ്പിച്ചുപിടിച്ചിട്ടുള്ള

ഗ്രാമപാതകളിലൂടെ പോകാനിടയായാൽ,

തെറ്റാലിയിൽ നിന്നു തെറിച്ച പോലെ

കുറുകെ പെട്ടെന്നൊരു മാൻകൂട്ടം

ചാടിമറയുന്നതു കണ്ടേക്കാം.

അവയ്ക്കു വഴിതെറ്റി എന്നു ധരിക്കരുത്.

അവ വഴിത്താരകൾ തീർക്കാത്തവ.

അഥവാ,

എല്ലാ വഴികളും അവയ്ക്കുള്ളവ.

 

ഒന്നിളവേൽക്കാനായി

വൃക്ഷത്തണലിൽ ചാരിയിരിക്കേ,

കൊറിക്കുന്ന നിലക്കടല

ചോദിച്ചുവാങ്ങുന്ന

അണ്ണാറക്കണ്ണനുമൊന്നു കൊടുത്ത്,

'പകുക്കുമ്പോൾ ഇരട്ടിക്കുന്ന

മാധുര്യത്തിൻ രസം നുകരുന്നു' എന്ന്

സോഷ്യൽമീഡിയാവോളിൽ

ചിത്രമാകുന്നതിനു  മുൻപ്

മനസ്സിലാക്കുക,

അവൻ ചോദിച്ചുവാങ്ങിയത്

അവന് അവകാശപ്പെട്ടത്.. 


മഴക്കോളിരുണ്ട അപരാഹ്നത്തിൽ

ഡബിൾഡക്കർ ബസിൻ്റെ

മുകൾനിലയിലിരുന്ന്

നാട്ടിൻപുറങ്ങളിലേക്ക് യാത്ര പോകവേ,

ഏകാന്തതയിലൊരു വീട്,

പച്ചപ്പുൽപ്പരവതാനി ചുരുൾനിവർത്തിയലങ്കരിച്ച,

ശാന്തമായ തൻ്റെ

മുറ്റത്ത്,

പീലി വിരിച്ച്

വൃത്തത്തിൽ നൃത്തം ചെയ്യുന്നൊരു

ആണ്മയിലിനെ നോക്കി നിൽക്കുന്നത്

കണ്ടിട്ടുണ്ടോ?

ഉൾക്കണ്ണൊന്നു തുറന്നാൽ കാണാം

ആ മയിലിനൊപ്പം

താളത്തിൽ ചുവടുവച്ച്,

പീലികൾ വിടർത്തിയാടുന്ന വീടിനെ.

 

നോക്കൂ,

ഇവരെയറിയാൻ, നിങ്ങളാദ്യം

പ്രകൃതിയണിയിക്കാത്ത

കാൽച്ചങ്ങലകളെ

ഊരിയെറിയൂ.

എന്നിട്ട്

നഗരത്തിലേക്കു തിരിയുന്നതിൻ്റെ

എതിർദിശയിലുള്ള പാതയിലൂടെ

യാത്ര ചെയ്തു വരൂ.

അവിടെ,

ചോദ്യങ്ങളെറിയപ്പെടാത്ത കാട്,

നിങ്ങൾക്ക്

സ്വാഗതമോതി ഗാഢം പുണരും.

നിങ്ങളപ്പോൾ

സ്റ്റാർലിങ്ങ്പക്ഷിക്കൂട്ടത്തിലെ

സംഘനർത്തകരാകും.

അണ്ണാർക്കണ്ണൻ്റെ വിരൽത്തുമ്പു പിടിച്ച്

കാടകം തേടും.

മാൻകുഞ്ഞിൻ്റെ കുളമ്പണിഞ്ഞ്

ചാടി മറയും.

നിങ്ങൾ സ്വയം,

അതിരുകളില്ലാതെ പടർന്നുപന്തലിക്കുന്ന

കാടാകും.

വരിക..

xxxxxxxxxxxxxxxxxxxxxxxxxxxx


Saturday 3 June 2023

വേട്ടയ്ക്കൊടുവിൽ


എണ്ണപുരളാത്ത

പാറിപ്പറന്ന

ചെമ്പൻമുടി.

നീളൻതാടി.

വിശപ്പു വെടിച്ച

ചുണ്ടുകൾ.

അഴുക്ക് ചിത്രപ്പണി ചെയ്ത

അറപ്പുളവാക്കുന്ന

അലസവേഷം.

 

ഉപജീവനം തേടി

അലഞ്ഞ പാതയിൽ

തേഞ്ഞുനേർത്ത പാദുകങ്ങൾ.

 

ചുരുട്ടിയിട്ടുമൊതുങ്ങാതെ

തോൾസഞ്ചിയിൽ

തുളുമ്പിത്തെറിച്ചു നിൽക്കുന്ന

ഉന്നതബിരുദപത്രങ്ങൾ.

 

യൗവ്വനം തിളങ്ങാത്ത

കണ്ണുകളിൽ നിറയുന്ന

പ്രത്യയശാസ്ത്രപ്രഘോഷങ്ങൾ.

ചിറിത്തുമ്പിൽ

അവജ്ഞയോടെ കോടി നിൽക്കുന്നു,

ഉത്തരം തേടുന്ന

ഒരുപാട് ചോദ്യങ്ങൾ.

 

അപമാനിതൻ.

നിന്ദിതൻ.

തേച്ചുവെളുപ്പിച്ച

എച്ചിൽപ്പാത്രങ്ങളിലും,

കോരിമിനുക്കിയ കാനകളിലും,

അന്നമുണ്ടോൻ.

 

ഭിക്ഷാംദേഹിയെപ്പോൽ

വീണ്ടുമവൻ!!

ജന്മപരമ്പരകളുടെ

പ്രതിപുരുഷൻ!!

അയാളെ പിൻതുടരുന്ന

നൈരന്തര്യം!!!

 

കണ്ണു വെട്ടിച്ച്

തല വെട്ടിച്ച്

തിരിച്ചു നടന്നു, അയാൾ.

തൊട്ടുപുറകെ

വിട്ടൊഴിയാതെയവൻ.

ഉയരുന്നുണ്ടാകാം ചുറ്റിലും

പരിഹാസച്ചിരികൾ.

എന്തൊരപമാനം!!

 

ശീതീകരിച്ച മുറിയിലും

വിയർത്തൊട്ടുന്ന സ്യൂട്ടിൽ

അയാൾ.

വിലയേറിയ സൺഗ്ലാസിനും

മറയ്ക്കാനാകാതെ

മഞ്ഞളിക്കുന്ന കണ്ണുകൾ.

റെഡ്കാർപ്പറ്റിൽ പതറുന്ന,

തിളങ്ങുന്ന ഷൂസുകൾ

 

തീണ്ടാപ്പാടകലെ

ഉപചാരം നടിച്ച്

പരിസേവകവൃന്ദം.

ഒളിപ്പിക്കുന്നുണ്ടാകാം ഉള്ളിൽ,

പുച്ഛഭാവം.

 

ഒഫ്ഫീഷ്യൽമീറ്റിങ്റൂമിൽ

തിരസ്കൃതനെപ്പോലെ

ശങ്കയോടെത്തി,

വെറും നിലത്ത്

ചടഞ്ഞിരുന്നു- അവൻ

റോയൽ ഡിന്നറിൽ

ശബ്ദമില്ലാതെ

സ്പൂണും ഫോർക്കും

താളത്തിൽ ചലിക്കുമ്പോൾ,

ക്ഷണിക്കാതെത്തിയ അതിഥിയെപ്പോലെ

വാരിക്കഴിച്ച്

കൊതിയോടെ

വിരൽ നൊട്ടിനുണയുന്നു - അവൻ

 

ഇറങ്ങിനടന്നപ്പോൾ

പുറകെയവൻ

 

ഉറക്കം മുറിച്ച്

തുടർച്ചയായ

കോളിങ്ങ്ബെല്ലുകളായ്,

അരികിലും അരികിലായ്,

രാപകലെന്യേ

അയാളെ തീണ്ടിത്തീണ്ടി - അവൻ

 

അയാളിപ്പോൾ

ഉടൽമുഴുവൻ മുറിവാർന്ന്

ഓടിത്തളർന്ന വേട്ടമൃഗം.

സ്വരക്ഷക്കായൊടുവിൽ

ആക്രമണോൽസുകനായ്

വെട്ടിത്തിരിയുന്നു.

ഇപ്പോൾ

പോയിൻ്റ്  ബ്ലാങ്കിൽ

അവൻ്റെ തലയിൽ

അയാളുടെ തോക്കിൻകുഴൽത്തുമ്പ്.

കാഞ്ചി വലിയുന്നു.

തല പൊട്ടിച്ചിതറി - അയാൾ

xxxxxxxxxxxxxxxxxxxxxxxxxxxxxxx