അശരീരിയായാണ് ഞാൻ
നിനക്കരികിലെത്തിയത്.
എന്നിട്ടും എൻ്റെ ചിറകുകളുടെ
ഉജ്ജ്വലധവളിമ
നീ തിരിച്ചറിഞ്ഞു.
വിരിച്ചുപിടിച്ച
അഗ്നിച്ചിറകുകളുടെ
കുളിർത്ത പ്രകാശത്താൽ
നീയെനിക്ക് സ്വാഗതമോതി.
നക്ഷത്രങ്ങൾ തെളിഞ്ഞുനിന്ന
ആകാശവീഥികളെല്ലാം പിന്നെ
നമുക്ക് മാത്രമുള്ളതായിരുന്നു.
പതുപതുത്ത വെൺമേഘപ്പൂക്കൾക്കിടയിലൂടെ
ഹിമബിന്ദുക്കൾ പോൽ തണുത്ത്
തൂവലിനേക്കാൾ കനം കുറഞ്ഞ്
നാം പറന്നുനടന്നു.
അപ്രതീക്ഷിതമായാണ്
സ്വർഗ്ഗലോകങ്ങളാൽ തിരസ്കൃതരായ
ഛിന്നഗ്രഹങ്ങൾ
നമ്മുടെ പാതയെ അപഹരിച്ചതും
തീമഴയായ് പെയ്തതും.
വെട്ടിത്തിളങ്ങുന്ന
മഴവാൾമുനകളാല്‍
കണ്ണഞ്ചിയപ്പോഴേക്കും
അവ നമ്മുടെ
ചിറകരിഞ്ഞു വീഴ്ത്തിയിരുന്നു.
നാം താഴേക്ക് പതിച്ചിരുന്നു.
മണ്ണുതൊട്ട നിമിഷം
കൈവന്ന അഴകളവുകളെ
നാം പരസ്പരം തിരിച്ചറിഞ്ഞു.
ഇനിയൊരു ചിറകിനും
ഉയർത്താനാവാത്ത വണ്ണം
നമുക്കപ്പോൾ
ശരീരഭാരമേറിയിരുന്നു.
നാം നാണിച്ചു
നമുക്കു വിശന്നു.... ദാഹിച്ചു.....
പൈദാഹനിവൃത്തിക്കായ്
പിന്നെ
നീരുറവകളും കായ്കനികളും തേടി,
ചളി നിറഞ്ഞ ചതുപ്പുകളിലൂടെ നാം
കൈകോർത്തു നടന്നുപോയി.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx