Monday 10 October 2022

ആ പക്ഷികൾ പറന്നോട്ടേ.....


അന്തർഫലകങ്ങളുടെ 

അപ്രതീക്ഷിതചലനങ്ങളാലുളവാകുന്ന

അഗ്നിപർവ്വതസ്ഫോടനങ്ങളിൽ

കത്തിയുരുകി,

അഗാധനിമ്നങ്ങളിലേക്ക്

ലാവയായൊഴുകിയുറഞ്ഞുപോയവരെ 

കണ്ടിട്ടുണ്ടോ?

അചേതനമെന്നു  തോന്നിപ്പിക്കുന്ന

നിഷ്ക്രിയതയിൽ നിന്നും

അവരിൽ ചിലരെങ്കിലും

അതിലോലമായ് വീശുന്ന മന്ദമാരുതനാൽ

ഉണർത്തപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

ഇഴഞ്ഞും, വേച്ചെഴുന്നേറ്റുവീണും,

വീണ്ടുമിഴഞ്ഞും

പൂർവ്വഗിരിശൃംഗങ്ങൾ താണ്ടി വിജയിച്ച

ഒരു ന്യൂനപക്ഷത്തെ

അടുത്തറിയാൻ ശ്രമിച്ചിട്ടുണ്ടോ?

 

കീഴടക്കിയ സാനുക്കൾക്കു മുകളിൽ

ഉച്ചത്തിൽ പാടി,

ഉന്മാദനൃത്തമാടുന്ന അവരെ

നിങ്ങൾ

‘ഭ്രാന്തർ’ എന്നു വിളിച്ചേക്കാം


അഗ്നിസ്നാനത്താൽ

പുറന്തോടുകളുരുകി,

വിവസ്ത്രരായ അവർ

നഗ്നനേത്രക്കാഴ്ചയിൽ 

തീയായ് ജ്വലിക്കുന്നു.

യുദ്ധം കരിച്ച മണ്ണിൽ

ആദ്യംവിരിഞ്ഞ പോപ്പിപ്പൂവിൻ്റെ

ത്യാഗവിശുദ്ധിയുടെ

ചോപ്പണിയുന്നു

 

 

പോരാളികളാണവർ!!

ആയിരങ്ങളായ് ചിതറിത്തെറിച്ചിട്ടും

മുറികൂടി ഉണർന്നുപറന്നവർ.

ആഞ്ഞുവീശുന്ന ചിറകുകളാൽ

ചുറ്റുമുള്ള

ഏറ്റവും ചെറിയ ഹ്ളാദത്തരിമ്പിനെപ്പോലും

ആർത്തിയോടെ മാടി നെഞ്ചിലൊതുക്കുന്നവർ 


അവരുടെ ഉന്മദഭാവങ്ങൾ

പൊള്ളൽപ്പാടുകൾക്കു മേലുള്ള

മുഖകവചങ്ങളല്ല.

അവ

ഒരു വീണ്ടെടുപ്പിൻ്റെ

പ്രഖ്യാപനങ്ങളാണ്.

ഉള്ളുനിറയുന്ന

ആഘോഷങ്ങളാണ്


കൈവന്ന

ഇത്തിരിസന്തോഷത്തുരുമ്പും

അവരുടെ ആകാശങ്ങളിൽ

ഉൽസവക്കതിനകളായ് മുഴങ്ങുമ്പോൾ

‘ഭ്രാന്തർ’  എന്ന 

നിങ്ങളുടെ വിളിയുടെ പൊട്ടാസുകൾ

കേൾക്കപ്പെടുകയേയില്ല.