പിന്നെ ദൈവം പകലിനെ സൃഷ്ടിച്ചു.
വെളിച്ചം നിറഞ്ഞ പകൽ ,
മികച്ചത് എന്നുകണ്ടു സന്തോഷിച്ചു.
ജലവും കരയും സൃഷ്ടിക്കപ്പെട്ടു.
മൽസ്യത്തെ വെള്ളത്തിൽ നിന്ന്
കരകയറ്റി, ആമയാക്കി.
മണ്ണിലും പാറയിലും
വീണുടയാത്ത
പുറംതോടിനുള്ളിലേക്ക്
കൈകാലുകളും തലയും
ഒളിപ്പിച്ച്
ആമ വിനയാന്വിതനായി.
ദൈവം അതിനെ
തിരിച്ചും മറിച്ചും നോക്കി.
മികച്ച സൃഷ്ടി എന്ന്
സ്വയം പുകഴ്ത്തി.
ആവേശത്താൽ
വിവിധ ജീവജാലങ്ങളെ സൃഷ്ടിച്ചു.
അവയിൽ ശ്രേഷ്ഠതയോടെ
മനുഷ്യകുലത്തെ സൃഷ്ടിച്ചു.
പിന്നെ ദൈവം രാത്രിയെ സൃഷ്ടിച്ചു.
സൃഷ്ടികളൊക്കെ ഉറങ്ങുന്നു,
എന്നുറപ്പു വരുത്തി.
എന്നാൽ,
കണ്ണുകളും മൂക്കുകളും
തൊലിയും രോമരാജികൾ പോലും
പാമ്പുകളായ് രൂപാന്തരപ്പെട്ട്
മദസീൽക്കാരത്തോടെ
ഫണം വിടർത്തിയാടുന്ന,
തൻ്റെ ഏറ്റവും മികച്ച സൃഷ്ടിയെ കണ്ട്,
ദൈവം പകച്ചു.
തെറ്റുപറ്റിയതെവിടെ എന്ന്
ചാൾസ് ഡാർവിനെ കൺസൾട്ട് ചെയ്തു.
ഡാർവിൻ കൈമലർത്തി.
ഞൊടിയിടയിൽ ദൈവം
രാത്രിയെ പകലാക്കി,
മനുഷ്യനെ പറ്റിച്ചു.
നിമിഷാർദ്ധത്തിൽ പാമ്പുകൾ,
കട്ടിയുള്ള പുറംതോലണിഞ്ഞ്
വിഷപ്പല്ലുകൾ ഉള്ളിലേക്കു വലിച്ച്
മനുഷ്യനായി രൂപാന്തരപ്പെടുന്നതു കണ്ട്
ദൈവം പിന്നെയും പകച്ചു.
തലകറങ്ങി വീണ ഡാർവിൻ
'ചത്തപോലെ കിടന്നേക്കാം'
എന്നു തീരുമാനിച്ചു.
സൃഷ്ടികർമ്മം മടുത്തും
രാത്രിയെ ഭയന്നും
ദൈവം പിന്നെ
പകൽവെളിച്ചത്തിൽ കിടന്നുറങ്ങി.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx