ഔട്ടോഫ്സിലബസ് ചോദ്യങ്ങൾ മൂലം
തുടർച്ചയായി പരാജയപ്പെടുന്ന
പരീക്ഷാർത്ഥിയാണു ഞാൻ.
പാഠ്യപദ്ധതിയിലുൾപ്പെടാത്ത
ചോദ്യങ്ങളെ
പിന്നിലുപേക്ഷിച്ച്
എൻ്റെ ഉത്തരങ്ങളിലേക്കുള്ള
ഒറ്റയടിപ്പാതയിലേക്ക്
ഇടതടവില്ലാതെ ഞാൻ
ഇറങ്ങി നടക്കുന്നു.
അതിനാൽ
ജീവിച്ചിരിക്കെത്തന്നെ
പരീക്ഷകരുടെ രേഖകളിൽ
ചുവന്നമഷിയാൽ ഞാൻ
രക്തസാക്ഷിത്വം വരിക്കുന്നു.
പിൻതിരിഞ്ഞോടിയവരുടെ
ചരിത്രത്താളുകളിൽ
'മുൻപേനടന്നവൾ' എന്ന്
ഞാൻ ആലേഖനം ചെയ്യപ്പെടുന്നു.
തോറ്റവരുടെ വേദപുസ്തകങ്ങളിലോ,
ചിരപരാജിത എന്ന്
വാഴ്ത്തപ്പെട്ടവളും ഞാനാകുന്നു.
എൻ്റെ ഉത്തരങ്ങളുടെ പ്രചാരവഴികളിലെ
ഏക അപ്പോസ്തലയും ഞാനാണ്.
സിലബസിലില്ലാത്ത ചോദ്യങ്ങൾ
എൻ്റെ പ്രചാരവഴികളിൽ നിന്നുള്ള
വ്യതിചലനങ്ങളാണ്.
എൻ്റെ ഉത്തരങ്ങളിലേക്ക്
പലവരിപ്പാതകളില്ല.
അവയിൽ
മാജിക് റൗണ്ട്എബൗട്ടുകളോ
ഹെയർപ്പിൻ വളവുകളോ ഇല്ല.
'വഴി കണ്ടുപിടിക്കൂ’ എന്ന പേരിൽ
നിങ്ങളുടെ മുന്നിലെത്തുന്ന പസിലുകളെ
അവ സാദൃശപ്പെടുത്തുന്നേയില്ല.
തികച്ചും ഗ്രാമ്യമായ
ആ പാതകളിലേക്ക്
കുറുക്കുവഴികളുമില്ല.
നൂറു ശതമാനം വിജയമുറപ്പാക്കുന്ന
വെറും
നേർസമവാക്യങ്ങൾ മാത്രമാണവ.
നൂറു ശതമാനം വിജയമെന്നത്
പരീക്ഷകരുടെ നിർബന്ധമല്ല.
പരീക്ഷാർത്ഥിയായ എനിക്ക്
അതിൽ കുറഞ്ഞൊരു നിബന്ധനയുമില്ല.
ആയതിനാൽ,
നിരന്തരം തോറ്റുകൊടുത്തു കൊണ്ട്
പരീക്ഷകരെ ഞാൻ
തോൽപ്പിച്ചുകൊണ്ടേയിരിക്കുന്നു.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx