Thursday 11 February 2021

അഗ്നിപർവ്വതങ്ങൾ പൂക്കുന്നയിടങ്ങൾ

 

അഗ്നിപർവ്വതങ്ങൾ പൂക്കുന്നയിടങ്ങൾ

കണ്ടിട്ടുണ്ടോ?

 

അകക്കാമ്പിൽ 

ചെംപരാഗങ്ങൾ തിങ്ങിവിങ്ങുമ്പോഴും

ഒരു ചെറുപൂമ്പൊടിയും 

കാറ്റിൽ കലർത്താതെ

കൃതകൃത്യരായ് ഋതുക്കളെയേറ്റ്,

മരതകച്ചേല ചുറ്റി,

ഉർവ്വരഭൂമിപ്പട്ടവും ചാർത്തി

നിൽക്കുന്നുണ്ട്

ചിലവയവിടെ.

 

ഉള്ളിൽ

ഉരഞ്ഞുപെരുകുന്ന

ഉഷ്ണശിലാമുകുളങ്ങൾ

ലാവപ്പൂക്കളായ്

ശാഖകൾ തോറും വിടർത്തി

ഉൾക്കനം കുറയ്ക്കുന്നു, മറ്റുചിലവ.

 

എത്രമേൽ അമർത്തിയൊതുക്കിയിട്ടും

വിരിയാൻ വെമ്പുന്ന

ഉള്ളുരുക്കങ്ങൾ

പൂമൊട്ടുകളായ് പെരുകിപ്പെരുകി,

പെട്ടെന്നൊരു നാൾ

സ്വന്തം വേരുകളിൽ വരെ

അഗ്നിപ്പൂക്കളെ വിരിയിച്ച്,

ഇനിയൊരു പൂക്കാലത്തിനായ്

ഒരു പൂവുമവശേഷിപ്പിക്കാതെ

അടിമുടി പൂത്തൊരു

തീമരമായ്,

ഒടുവിലത്തെ വസന്തവിരുന്നൊരുക്കുന്നു,

ഇനിയും ചിലവ.

മൃതം

നെടുവീർപ്പുകൾ പൂക്കുന്ന

ഒറ്റമരത്തിൽ

പറന്നണഞ്ഞ വ്യാകുലതയുടെ കാലിൽ

ബാക്കിയായ ഏകവലക്കണ്ണി..

കൊത്തിപ്പറിച്ചെറിയാൻ ശ്രമിക്കുന്തോറും

ആഴത്തിൽ വീണ്ടും മുറിവേൽപ്പിക്കുന്ന

നിഷാദതാണ്ഡവബാക്കിപത്രം.

 

വലക്കണ്ണികൾക്കുമുണ്ട്

ഒരേ ഭാഷയിൽ പറയാൻ

ഒരായിരം കഥകൾ.

 

കഥകൾ രോദനമുതിർക്കുന്നു;

ഉറക്കെയും, അടക്കിയും,

ചിലവ നിശബ്ദമായും.

 

ഉയിർപ്പിന്റെ പാതയിൽ ഉറക്കെ കരഞ്ഞവ,

കൽമൂർച്ചകളേറ്റു മൂർഛിച്ച്

മൃതങ്ങളാവുന്നു.

ശബ്ദമില്ലാത്തവയ്ക്ക് പണ്ടും അതേ പേർ,

'മൃതം'

 

പേരുള്ളവയും പേരില്ലാത്തവയും

അറിഞ്ഞവയും അറിയപ്പെടാത്തവയുമായ

മൃതികളെല്ലാം

ഒരു ഘോഷയാത്രയിലാണ്.

കൂട്ടത്തിലും ഒറ്റയ്‌ക്കൊറ്റയ്ക്ക്,

ഒരു വലക്കണ്ണിവൃത്തത്തിനുള്ളിൽ ചുറ്റിച്ചുറ്റി,

ആത്മാവു തേടിയുള്ള

ശവഘോഷയാത്ര.

 

അതെ.. ശരിയാണ്,

നാലിൽ മൂന്നുഭാഗവും

ഒഴുകാതെയുറഞ്ഞുപോയ

കണ്ണീരാൽ ചുറ്റപ്പെട്ടതാണെന്ന

സ്ത്രീഭൂമിശാസ്ത്രം.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


സാറ്റുതൊടാതെ നീ......

 ഒന്ന് ...രണ്ട്.....മൂന്ന്......

നമ്മൾ സാറ്റ് കളിക്കുകയായിരുന്നു...

കണ്ണടച്ച് ഞാനെണ്ണുകയായിരുന്നു.

 

എട്ട്.....ഒൻപത്......പത്ത്.......

 

എനിക്കറിയാമായിരുന്നു,

എൻ നിഴൽവഴിത്താരയും

ചേലക്കയ്ത്തുമ്പും വിട്ട്

നിനക്ക് ദൂരങ്ങളില്ലെന്ന്.

എന്നിട്ടും നിമിഷമാത്രകൊണ്ടെൻ

മിഴികൾക്കു പിന്നിലെ

ഏതു സ്മൃതിവനങ്ങളിൽ

നിയോളിച്ചു!!!

 

ഇരുപത്തഞ്ച് ...ഇരുപത്താറ്........ഇരുപത്തേഴ്‌........

 

ഞാനെണ്ണുന്നു.

ഒരു കാൽച്ചിലമ്പൊലിയുമേകാതെ

നീയെവിടെയോ

മറഞ്ഞുതന്നെയിരിക്കുന്നു.

 

നാല്പത്തൊമ്പത്......അമ്പത്........അമ്പത്തൊന്ന് .......

നീ സാറ്റ് തൊട്ടില്ല .

നട്ടുച്ചവെയിൽച്ചൂടെൻ്റെ

ദിനരാത്രങ്ങളെ പുകച്ച്

ചുടുലാവയൊഴുക്കുന്നു .

മാംസംകടിച്ചമറിമുരളുന്ന

ചെന്നായ്കിതപ്പുകൾ

ചെവികൊട്ടിയടക്കുന്നു.

 

 

അറുപത്... അറുപത്തൊന്ന്...അറുപത്തിരണ്ട്...

 

ഞാനെണ്ണിത്തളരുന്നു .

അപ്പോഴെൻ കൺചിമ്മിമയക്കങ്ങളിൽ

നീയെത്തുന്നു;

മുഖംപൊള്ളിച്ച്, വിരൽമുറിച്ച്,

ഒറ്റക്കൺനോട്ടങ്ങളായ്‌......

മൃദുലതകളിലാഴ്ന്നിറങ്ങിയ

ലോഹമൂർച്ചമുറിവുകളായ്....

പൊന്തക്കാടുകളിൽ ഉടഞ്ഞുചിതറിയ

ഇളംകുന്നിമണികളായ്‌....

 

അർദ്ധബോധത്തിൽ ഞാൻ പൂക്കുലയേന്തി

ആയിരംനാഗങ്ങൾ നടമാടുന്ന കളങ്ങളിൽ

മുടിയഴിച്ചുറഞ്ഞുകളംമായ്ക്കുന്നു.

മായ്ച്ചിട്ടുംമായ്ച്ചിട്ടും തീരാക്കളങ്ങളിൽ

പുതുസർപ്പസീൽക്കാരങ്ങൾ കനക്കുന്നു.

 

നൂറ്... നൂറ്റൊന്ന്.... നൂറ്റിരണ്ട്

 

കണക്കുകൾ എന്നെ വഞ്ചിക്കുന്നു

ഒടുവിൽ ഞാൻ

ചിലമ്പരമണികളിലുറഞ്ഞുതുള്ളി,

ഉടവാൾനനച്ച എൻ്റെ ശിരോരക്തം

വായ്‌നിറച്ച്,

സ്ഥാപിതബിംബങ്ങളെ ചുവപ്പിച്ച്,

ആഞ്ഞുതുപ്പുന്നു.

പ്രജ്ഞയെന്നിൽനിന്നകന്ന് ഞാൻ വീഴുന്നു ....

ജഢീഭവിക്കുന്നു.

 

അപ്പോഴുമൊരു വിറ

ചുണ്ടിൽ ബാക്കിനിൽക്കുന്നു.

നൂറ്റിപ്പത്ത്... നൂറ്റിപ്പതിനൊന്ന്.... നൂറ്റിപ്പന്ത്രണ്ട്....



പടുമരം

 നിറംമങ്ങിപ്പഴകിയോ-

രിലമെത്ത മീതെ,

ശിശിരം ദ്രവിപ്പിച്ചോ-

രസ്ഥികൾ കാട്ടി,

ഒടിഞ്ഞ ശിഖരമൊ-

രൂന്നുവടിയാക്കി,

അസ്തമയവാനിലിരുൾ

വീഴ്വതും കാത്ത്,

നിമിഷങ്ങളെണ്ണുന്നൊരു-

ജീർണ്ണമരം.


എരിവേനൽ മരുഭൂമി-

ച്ചൂടിലുമൊരു നാളിൽ

ഇലപ്പച്ച വിരിച്ചതി-

ലൊരു കൂടൊളിപ്പിച്ച്,

തണൽവീശി നിന്നൊരാ-

വസന്തവർണ്ണങ്ങളെ

നിറംവാർന്നു ചിതറിയൊ-

രവ്യക്‌തക്കാഴ്ചയാൽ

ഓർത്തെടുക്കുന്നു,

- ഒരോർമ്മമരം


എന്നോ പൊഴിഞ്ഞു-

മറഞ്ഞുപൊയ്പ്പോയൊരാ

അമ്മപ്പക്ഷിത്തൂവ-

ലോർമ്മതൻ ബാക്കികൾ

തിരഞ്ഞു വലഞ്ഞേറെ-

ച്ചുളിഞ്ഞ നേത്രങ്ങളിൽ

അടരുന്ന നീർത്തുള്ളി

തുടയ്ക്കുവാനാകാതെ

തളർന്നിടറി നിൽക്കുന്നൊ-

രൊറ്റമരം.


ഒരുനാൾ ചിറകാർന്നു-

പറന്നുമറഞ്ഞൊരാ

ചെറുതൂവൽക്കിളികളി-

ങ്ങെത്തുമെന്നാശിച്ച്,

എല്ലുന്തുമിടനെഞ്ചി-

ലിപ്പോഴുമൊരു കിളി-

ക്കൂടിന്റെയോർമ്മകൾ

പൊഴിയാതെ സൂക്ഷിച്ച്,

മെല്ലിച്ച ചില്ലകളൊ-

രാലിംഗനത്തിനായ്

നീട്ടിനിൽക്കുന്നൊരു

വൃദ്ധമരം.

xxxxxxxxxxxxxxxxxxxxxxxxxx

 

ഏപ്രിൽ മഴ

മഞ്ഞൾ പുരട്ടി മയങ്ങുന്ന

സന്ധ്യയ്ക്കു മേൽ

കാർമേഘങ്ങൾ

കരിമ്പടം പുതയ്ക്കുന്നു.

പിന്നെ, കാറ്റ് കരിയിലകളിൽ പാറിപ്പരതി

അപ്രത്യക്ഷമാകുന്നു.

വരണ്ട ഏപ്രിൽ

നിന്നെ കാത്തിരിക്കുകയാണ്.

 

നിന്റെ തുള്ളികൾ

ചുടുമണ്ണിലെ

ദീർഘനിശ്വാസങ്ങൾ.

പുതുമഴ, സ്നേഹത്തിന്റെ

ഗന്ധമുതിർക്കുന്നു.

നീ നിറഞ്ഞുപെയ്യുമ്പോൾ

മരങ്ങൾ

ആനന്ദാശ്രു പൊഴിക്കുന്നു.

ഭൂമിയുടെ അന്തരാളങ്ങളിൽ

പുതുനാമ്പുകൾ മുളപൊട്ടുന്നു.

 

എന്റെ ചില്ലുജാലകങ്ങളിൽ

നീ തുള്ളികളെറിഞ്ഞ്

സന്ദേശകാവ്യങ്ങൾ രചിക്കുന്നു.

ജനൽപ്പാളികൾ മുഴുക്കെത്തുറന്ന്

നിന്റെ നനവിനെ

എന്നിലേക്കാവാഹിച്ച്

ഞാനൊരു പ്രവാഹമായിത്തീരുന്നു.

പിന്നെ

നീ പെയ്തൊഴിഞ്ഞിട്ടും

നിന്നിൽ തളിർത്തുപൂത്ത തരുവായി

ഞാൻ പെയ്തുകൊണ്ടേയിരിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx