ചെഞ്ചായത്തൊട്ടിലിൽ
സൂര്യനെ മെല്ലെ കിടത്തി
താരാട്ടിയുറക്കുന്ന പുഴ,
എന്നും തരിവളകൾ കിലുക്കി
കയർ പിരിക്കാനെത്തുന്ന
തീരത്തെ ചകിരിമില്ല്.
യന്ത്രപ്പൽച്ചക്രത്തിൻ്റെയൊച്ചയെ
തല്ലിയമർത്തുംവിധത്തിൽ
കേൾക്കാം,
നിരത്തിക്കുത്തിനിറുത്തിയ, മെടഞ്ഞ
ഒറ്റയോലകൾക്കു മറപറ്റി
വെയിൽ പച്ചകുത്തിപ്പൊള്ളിച്ച ഉടലുമായി
ചീഞ്ഞ തൊണ്ട് തല്ലിക്കീറി,
ചകിരിച്ചോർ കുടഞ്ഞുമാറ്റി,
ചീയാതെ
ജീവിതം ഇഴപിരിച്ചെടുക്കുന്നവരുടെ,
കൈവളക്കിലുക്കത്തിൻ്റെ അകമ്പടിയില്ലാത്ത
മടലടിമേളം.
അതുകണ്ട്
നെഞ്ചുചുവന്നൊഴുകുന്നു,
തീരത്തെ ജലം
ഒരു ഞായറുച്ചയിൽ
തീരം വിജനം.
കുഞ്ഞനുജത്തിയുടെ
കൗതുകക്കൈയ്യും പിടിച്ച്
ഒരേട്ടൻ,
സൂത്രത്തിൽ, വെയിൽക്കണ്ണ് പൊത്തി,
തീരത്തെ മരത്തിലെ
കെട്ടഴിക്കുന്നു
ആണ്ടിപ്പാപ്പൻ്റെ വഞ്ചി,
ഇളകിയഴിയുന്നു.
അനിയത്തിയെ അതിലേറ്റുന്നു.
കഴുക്കോലെടുക്കുന്നു.
കുത്തിത്തുഴയുന്നു.
ഒഴുക്കിൽ ചാഞ്ചാടി നീങ്ങുന്ന
വഞ്ചിയപ്പോഴൊരു
സ്വർണ്ണയന്നത്തോണി.
അണിയത്ത്,
ഉപവിഷ്ടയായനുജത്തി - രാജകുമാരി
അമരത്തേട്ടൻ,
ഏഴുകടൽ താണ്ടി, രാക്ഷസനെ വെന്ന്
അനിയത്തിയെ വീണ്ടെടുത്തെത്തുന്ന
രാജകുമാരൻ.
ഒറ്റക്കഴുക്കോൽച്ചിറകാൽ
തുഴഞ്ഞ്
അരയന്നം മെല്ലെ നീങ്ങുന്നു.
പെട്ടന്നാച്ചിറകടി
നിശ്ചലമായി.
ഒറ്റച്ചിറക് മുറിഞ്ഞുപോയി
പക്ഷം മുറിഞ്ഞ പക്ഷി,
ഓളങ്ങളിലൊഴുകിപ്പോയി.
അടിത്തട്ടിലുറച്ച ചിറകപ്പോൾ
കഴുക്കോലായി.
തോണി കൈവിട്ട ഏട്ടൻ
കോലേറി ഇരിപ്പുമായി..
പുഴ പിന്നെയുമൊഴുകി.
ഓളങ്ങളിൽ,
വർഷങ്ങളെത്രയൊഴുകി....
തീരത്തെ മില്ല് മറഞ്ഞു,
ആണ്ടിപ്പാപ്പനെ, കാലം പോലും മറന്നു.
എഴുകടലുകളിലൂടെ
തീരം തേടി
തുഴയില്ലാതൊരു വഞ്ചി
ഇന്നും നിലയ്ക്കാതൊഴുകുന്നു.
തീരത്തായ്,
മുറിഞ്ഞുവീണുറച്ചുപോയ നങ്കൂരം പോലെ
ഒരു മുളങ്കോൽ തോണി തേടുന്നു.
ഒരു സമസ്യക്കുമുത്തരമേകാതെ
ഒന്നുമുരിയാടാതെ,
പുഴയിന്നുമൊഴുകുന്നു.
Xxxxxxxxxxxxxxxxxxxxxxxxxxxxx