Thursday 11 January 2024

പാഴ്കിനാവിലുറങ്ങുന്ന നൊമ്പരവീട്

രാവിൽ

പാഴ്കിനാവു പുതച്ച്

തനിച്ചുറങ്ങുന്ന വീടിൻ്റെ

ഉൾനോവിനെ

ഒറ്റച്ചുംബനത്താൽ വിടർന്ന

ജാലകപ്പാളികളിലൂടെ

മുത്തിയണയ്ക്കുന്നുണ്ടൊരു കാറ്റ്.

 

അരുമയോടെ തലോടുമ്പോൾ

മെല്ലെയുണരുന്നുണ്ട്,

വാതിൽഞരക്കങ്ങൾ.

 

ഗതകാലംവാടിയ ചില്ലകളിലേക്ക്

തിരികെ പറന്നണഞ്ഞ

ഇലകളായ്,

നിറയെ

പച്ചത്തത്തകൾ തളിർത്ത്

മുറ്റത്തെ രാജമല്ലികളെ

ഉമ്മ വയ്ക്കുന്നുണ്ട്.

 

വീട്,

മൺകുടുക്കയിൽ

അടച്ചുകുഴിച്ചിട്ട

പൊട്ടിച്ചിരികളുടേയും ചിലമ്പൊലികളുടേയും

പൊട്ടുകൾക്കായ്

ചുറ്റും

എണ്ണിയാലൊടുങ്ങാത്ത കുഴികൾ കുഴിച്ച്

കുഴിയാനകളും,

അനേകമനേകം

ചെമ്മൺവഴികൾ നിർമ്മിച്ച്

ചിതലുകളും

തുരങ്കപാതകൾ തുരന്നുതുരന്ന്

എലികളും

ഇന്നും നിലയ്ക്കാത്ത

തിരച്ചിലിലാണ്.

 

ഇലപ്പുതപ്പുകൾക്കുള്ളിലെ

മണ്ണടുക്കുകളിൽ

മറഞ്ഞുകിടന്ന

കാൽപ്പാടിൻ്റെ ഫോസിലുകളെ

ഖനനം ചെയ്തെടുത്ത

ഞാഞ്ഞൂലുകൾ

മറച്ചുപിടിച്ചൊരു രഹസ്യമുണ്ട്.

 

കിനാക്കമ്പളം കീറിയെറിഞ്ഞ്

പച്ചിരുമ്പിൻ ചക്രങ്ങൾ

നൂൽനൂറ്റുനിവർത്താനൊരുമ്പെടുന്ന

പെരുമ്പാതയെ

ചുരുട്ടി മനസ്സിലൊളിപ്പിച്ച

കാറ്റിൻ്റെ നെഞ്ചും

തുളുമ്പാതെ സൂക്ഷിക്കുന്നുണ്ടാ രഹസ്യം.     

 

ഒരു താരാട്ടിൻമൂളലകമ്പടിയോടെ

ഊതിയൂതി മുറിവാറ്റുമ്പോൾ

വേദനയറിയാതെ

വീടുറങ്ങുന്നുണ്ട്.

 

 

 

No comments: