ചിത്രം വരച്ചു തുടങ്ങുന്നവരോടും
ചിത്രം വരക്കാൻ ആഗ്രഹിക്കുന്നവരോടുമാണ്.
ഒന്നു ചോദിച്ചോട്ടേ?
ഏതു മീഡിയായാണ്
നിങ്ങളുപയോഗിക്കുന്നത്?
ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്?
ഒരിക്കൽ ചായമിട്ട് മുഴുവനാക്കിയാൽ പിന്നെ
വ്യത്യസ്തതകളെ കൂട്ടിച്ചേർത്തിട്ടും
മങ്ങിയ മട്ടിലെങ്കിലും
സാന്നിദ്ധ്യമറിയിക്കുന്ന
ജലച്ചായമാണോ
നിങ്ങളുടെ മീഡിയം?
ഉണങ്ങാനേറെ സമയമെടുക്കുന്ന
എണ്ണച്ചായം?
പെട്ടെന്നുണങ്ങി മാന്ത്രികനിറങ്ങൾ തരുന്ന
ഏക്രിലിക്?
അൽപ്പമിരുണ്ടുപോയേക്കാമെങ്കിലും
മുഴുവനായും മായ്ച്ചുകളഞ്ഞ്
പുതിയതു വരച്ചുചേർക്കാനനുവദിക്കുന്ന
ഗ്രാഫൈറ്റ് പെൻസിൽ?
വരച്ചുപൂർത്തിയാക്കുന്ന നിമിഷം മുതൽ
മങ്ങിമങ്ങി വ്യക്തത നഷ്ടപ്പെടുന്ന,
ഫിക്സറ്റീവ് സ്പ്രേ കൊണ്ടുറപ്പിച്ചാൽ
ജീവച്ഛായ പോലും നഷ്ടപ്പെടുന്ന
സോഫ്റ്റ് പേസ്റ്റൽസ്?
ഇനിയുമുണ്ടല്ലോ
അനേകം മീഡിയാകൾ
ഏതാണ് നിങ്ങളുടേത്?
വരകളെ സ്ഥാനങ്ങളിലുറപ്പിച്ച്
ജലച്ചായം പോലെ,
പഴയവയെ മുഴുവനായും
മാറ്റിയെഴുതാനാവാത്തവരോടല്ല;
തുടക്കക്കാരോടാണ്.
നിങ്ങൾ റെഫർ ചെയ്യുന്ന
എണ്ണച്ചായ,ഏക്രിലിക് ചിത്രങ്ങൾക്കടിയിൽ
മങ്ങിയ ഒരു രേഖ കൊണ്ടുപോലും വെളിപ്പെടാത്ത
മറ്റനേകം ചിത്രങ്ങൾ
ഒളിച്ചിരിപ്പുണ്ടാകാമെന്നറിയാമോ?
ഒരിക്കൽ വരച്ചുപൂർത്തിയാക്കിയവയുടെ മുകളിൽ
തികച്ചും വ്യത്യസ്തമായ
മറ്റൊന്നിനെ
മുഴുവൻ തികവോടെയും വരച്ചുചേർക്കാൻ
നിങ്ങളെ അനുവദിക്കുന്നവയാണ്
ഈ മീഡിയാകൾ
എന്നു നിങ്ങൾക്കറിയാമോ?
നോക്കൂ
നിങ്ങളുടെ കാൻവാസിൻ്റെ മൂലയിൽ
നിങ്ങൾ എണ്ണച്ചായത്തിൽ വരച്ച
എൻ്റെ ഛായാചിത്രത്തിനു മുകളിൽ
പുതിയ ചിത്രങ്ങൾ
എഴുതിച്ചേർത്തോളൂ
നിങ്ങളുടെ പ്രദർശനചിത്രങ്ങളുടെ ആഴങ്ങളിൽ
ആർക്കും കാണാനാവാതെ
എന്നെന്നേക്കുമായി
നിങ്ങൾ മറന്നു പോയ
ഞാനുണ്ടാകും.
എന്നും.
No comments:
Post a Comment