Friday 5 July 2024

ഷഷ്.......


കരിമുത്തുമാലയൊന്ന്

പൊട്ടി.

ചിതറിത്തെറിച്ച്

മുത്തുമണികൾ 

നൃത്തം ചെയ്യുന്നു.


തിളങ്ങുന്നൊരു മുത്തെടുത്ത്

ചിറകുകളിൽ

തുന്നിപ്പിടിപ്പിച്ചു, ഒരു പറവ.


ഓളങ്ങളിൽ 

മുത്ത്‌ പതിപ്പിച്ചുപതിപ്പിച്ച്

കണ്ണാടി നോക്കുന്നു, അരുവി.


കണ്ണുകളിലൊളിപ്പിച്ചുവച്ച്

ആഴങ്ങളിലേക്ക് നീന്തുന്നു,

മൽസ്യങ്ങൾ.


കാൽനഖങ്ങളിലണിഞ്ഞ്

കാടു ചുറ്റുന്നു,

നായ്ക്കുട്ടി.


പൂവാടികൾ തോറും വിതറി

പരിമളമേറ്റുന്നു,

കാറ്റ്.



വാലിൻതുമ്പിൽ

കോർത്തുകെട്ടി,

തൊടിമുഴുവൻ തുള്ളിച്ചാടുന്നു,

പൈക്കിടാങ്ങൾ.


ഊഞ്ഞാലിലിരുത്തിയാട്ടി

ആകാശത്തെ പൊട്ടുതൊടുവിക്കുന്നു,

മാമരങ്ങൾ


ആഴങ്ങളിൽ

ഉപ്പുജലത്തിൽ

മുക്കിത്തോർത്തിയെടുക്കുന്നു,

ഭൂമി.


മരച്ചീനിത്തോട്ടങ്ങളിൽ   

പകൽച്ചൂട്‌ മായുമ്പോൾ

പൊടിയും

വിയർപ്പുമാറുമ്പോൾ,

കാൽ നീട്ടിയിരുന്ന്,

ചിതറിപ്പോയ മുത്തുകളെ

മടിയിൽ ഒരുമിച്ചുകൂട്ടി,

നൂലിൽ കോർത്തെടുക്കും,

കനവുകളിൽ, അവരുടെ

കറുത്ത അമ്മമാർ.


അമ്മമാറിൽ പറ്റിച്ചേർന്ന്

തിളങ്ങുന്ന മുത്തുമാലകൾ

ഇനിയുറങ്ങും.


ശബ്ദമുണ്ടാക്കരുത്.

ഉറക്കത്തിലും 

അവർ

പകൽബാക്കിയിലെ

നൃത്തമാടുകയാവും.

ഉണർന്നാൽ 

തടുത്തുകൂട്ടാനാവാത്ത വണ്ണം

വീണ്ടുമവർ 

പൊട്ടിച്ചിതറും.


ഷഷ്....... 

മസാക്കാകിഡ്സ് ഉറങ്ങുകയാവും.