Thursday 30 May 2024

ഞാനാഗ്രഹിക്കുന്നു...

 പടിഞ്ഞാറേ കോലായയിൽ

ചാഞ്ഞുപെയ്യുന്ന 

ഇളവെയിൽനനവിൽ

ചിത്രത്തൂണിന്റെ നിഴൽത്തണുപ്പിൽ

നിന്റെ തോളിൽ തല ചായ്ച്ച്‌

ചുടുകാപ്പിയുടെ നീരാവിക്കുള്ളിലൂടെ

അകലെ

കടൽത്തിരകളിൽ കണ്ണെറിയുന്ന 

സായാഹ്നങ്ങൾ

തിരികെയെത്തണമെന്ന്

ഞാനാഗ്രഹിക്കുന്നു.

തൊടിയിലെ

അണ്ണാർക്കണ്ണൻ്റെ ത്ധിൽ ത്ധിലും

തിട്ടിനു മുകളിലൂടെ

വരിയിട്ടു നടക്കുന്ന

കീരിക്കുടുംബവും

തെക്കേ മുറ്റത്തെ 

ചെമ്പരത്തിത്തണലും

കൂനാംകുത്തിട്ട്‌ 

ആകാശമുത്തമിടുന്ന,

മാന്തോപ്പിലെ ഊഞ്ഞാലാട്ടങ്ങളും

തിരികെ വരണമെന്ന് 

ഞാനാഗ്രഹിക്കുന്നു.

പടിയിറങ്ങിപ്പോയ മണിപ്പൂച്ച

ഒരു ഇടവപ്പാതിയിൽ 

ആകെ നനഞ്ഞ്‌

തിരികെയെത്തുവാൻ

ഞാനാഗ്രഹിക്കുന്നു.

പൂച്ചയുറക്കങ്ങളിൽ നിന്ന്

എന്നെയുണർത്തുന്ന

നിന്റെ ശലഭചുംബനങ്ങളും

കുറുംകുറുകലുകളും

രോമക്കൈകളാലുള്ള

പൂച്ചയാലിംഗനങ്ങളും

ഞാനാഗ്രഹിക്കുന്നു.


ഇവിടെയുണ്ട്;

മഞ്ഞവെയിൽ വീണുവിളർത്തൊരു

വരാന്ത.;

തിരകളടങ്ങി ശാന്തമായൊരു

കടൽ..

കാപ്പുച്ചീനോയുടെ ചുടുമണം നുകർന്ന്,

പില്ലറുകളുടെ നിഴൽ പറ്റി,

ഞാനിവിടെ

നീയില്ലായ്മയിലേക്ക്

തല ചായ്ക്കുന്നു.

ഇരുൾ വീഴുമ്പോൾ

ക്ലാവു പിടിച്ച

ആ പഴയ വിളക്ക്‌

പുറത്തെടുക്കുന്നു.

അത്ഭുതങ്ങളൊന്നും

ഒളിപ്പിക്കാഞ്ഞിട്ടും

ഒരിക്കലും തിളങ്ങാത്ത വിധം

ഞാനതിനെ

തുടച്ചുതുടച്ച്‌..

തുടച്ചുതുടച്ച്‌....

xxxxxxxxxxxxxxxxxxx