Thursday 30 May 2024

ഞാനാഗ്രഹിക്കുന്നു...

 പടിഞ്ഞാറേ കോലായയിൽ

ചാഞ്ഞുപെയ്യുന്ന 

ഇളവെയിൽനനവിൽ

ചിത്രത്തൂണിന്റെ നിഴൽത്തണുപ്പിൽ

നിന്റെ തോളിൽ തല ചായ്ച്ച്‌

ചുടുകാപ്പിയുടെ നീരാവിക്കുള്ളിലൂടെ

അകലെ

കടൽത്തിരകളിൽ കണ്ണെറിയുന്ന 

സായാഹ്നങ്ങൾ

തിരികെയെത്തണമെന്ന്

ഞാനാഗ്രഹിക്കുന്നു.

തൊടിയിലെ

അണ്ണാർക്കണ്ണൻ്റെ ത്ധിൽ ത്ധിലും

തിട്ടിനു മുകളിലൂടെ

വരിയിട്ടു നടക്കുന്ന

കീരിക്കുടുംബവും

തെക്കേ മുറ്റത്തെ 

ചെമ്പരത്തിത്തണലും

കൂനാംകുത്തിട്ട്‌ 

ആകാശമുത്തമിടുന്ന,

മാന്തോപ്പിലെ ഊഞ്ഞാലാട്ടങ്ങളും

തിരികെ വരണമെന്ന് 

ഞാനാഗ്രഹിക്കുന്നു.

പടിയിറങ്ങിപ്പോയ മണിപ്പൂച്ച

ഒരു ഇടവപ്പാതിയിൽ 

ആകെ നനഞ്ഞ്‌

തിരികെയെത്തുവാൻ

ഞാനാഗ്രഹിക്കുന്നു.

പൂച്ചയുറക്കങ്ങളിൽ നിന്ന്

എന്നെയുണർത്തുന്ന

നിന്റെ ശലഭചുംബനങ്ങളും

കുറുംകുറുകലുകളും

രോമക്കൈകളാലുള്ള

പൂച്ചയാലിംഗനങ്ങളും

ഞാനാഗ്രഹിക്കുന്നു.


ഇവിടെയുണ്ട്;

മഞ്ഞവെയിൽ വീണുവിളർത്തൊരു

വരാന്ത.;

തിരകളടങ്ങി ശാന്തമായൊരു

കടൽ..

കാപ്പുച്ചീനോയുടെ ചുടുമണം നുകർന്ന്,

പില്ലറുകളുടെ നിഴൽ പറ്റി,

ഞാനിവിടെ

നീയില്ലായ്മയിലേക്ക്

തല ചായ്ക്കുന്നു.

ഇരുൾ വീഴുമ്പോൾ

ക്ലാവു പിടിച്ച

ആ പഴയ വിളക്ക്‌

പുറത്തെടുക്കുന്നു.

അത്ഭുതങ്ങളൊന്നും

ഒളിപ്പിക്കാഞ്ഞിട്ടും

ഒരിക്കലും തിളങ്ങാത്ത വിധം

ഞാനതിനെ

തുടച്ചുതുടച്ച്‌..

തുടച്ചുതുടച്ച്‌....

xxxxxxxxxxxxxxxxxxx

Wednesday 29 May 2024

നീ... ഞാൻ...

കാറ്റെറിഞ്ഞ

ചക്കരമാമ്പഴം.

വീണു പൊട്ടിയ 

ഓട്.

ഇടയിലൂടെ

അകത്ത് വീണുടഞ്ഞു ചിതറിയ

ചില്ലുവെളിച്ചം.


വെളിച്ചം ...

ഇരുണ്ട നിലവറകളിലേക്ക്

ഇറങ്ങി വരുന്ന

ഗോവണി.

കണ്ണു മൂടുന്ന

കറുത്ത ശീലത്തുണ്ടിനെ

മുറിച്ചെറിയുന്ന 

കത്രികത്തിളക്കം.

ഇരുട്ടു കൊണ്ട്

ഒളിപ്പിച്ചവയെ

വെളിപ്പെടുത്തുന്ന

തിരിവെട്ടം.

കറുപ്പിൻ്റെ അഖണ്ഡസാമ്രാജ്യത്തിലെ

വാൾത്തലക്കളങ്കം

.


കളങ്കം....

അഞ്ചിപ്പിക്കുന്ന 

പ്രകാശത്തിന്നെതിരെ

നിവർത്തിയ കുട.

തുടുത്ത ഇളം കവിളിൽ

അമ്മ തൊടുവിച്ച

കരിമഷി.

തെളിജലത്തിന്റെ 

തിരുനെറ്റിയിൽ 

കുറി ചാർത്തുന്ന 

തോണി.

പ്രണയപൂർണിമയ്ക്കു

കുറുകെ പറന്ന

ചക്രവാകപ്പക്ഷി.

അമൂർത്തതയിലും നിറവായ

നീ...

ഞാൻ.....


Saturday 25 May 2024

ഉന്നം

 കടലിപ്പോൾ രണ്ടായ് പിളർന്ന്

നടുവിൽ ചാലു കീറിയിരിക്കുന്നു.

ആകാശഞൊറികൾ

ഒതുക്കി കെട്ടപ്പെട്ടിരിക്കുന്നു.

ഒരേ ദീപ്തിയിലൂഞ്ഞാലു കെട്ടി,

ധ്രുവങ്ങൾ

നിന്നിലേക്കെന്നിലേക്കാടുന്നു.


ദാ

ഇവിടമാകെ 

ഒലീവുകൾ തളിർത്തിരിക്കുന്നു.

ഇല കൊത്തിപ്പറന്ന

ഒരു പ്രാവ് 

അങ്ങേ ധ്രുവത്തിലെ തേനരുവിയിൽ

ഉന്മത്തനായ് വീണുപോയൊരു ഉറുമ്പിന്

ഒലീവിലയിട്ടു കൊടുക്കുന്നു.


ഒരു അമ്പിൻ മുനയിപ്പോൾ

ആ വെള്ളരിപ്രാവിനെ ഉന്നം വയ്ക്കുന്നുണ്ട്.

നോക്കൂ,

നിൻ്റെ കണ്ണുകളിപ്പോൾ

അമ്പു കൂർപ്പിച്ചു തീ പാറിക്കുന്നത്



Thursday 23 May 2024

പൊന്മ

എത്ര വേഗത്തിൽ

എത്ര അനായാസമായി

അത്രമേൽ മനോഹരമായി

അത്രയും അവധാനതയോടെ

നീ

ആഴങ്ങളിലേക്കൂളിയിടുന്നു.


നിന്നെ അടയാളപ്പെടുത്തിയ

ജലശിൽപ്പം

വീണുതകരുന്നു.


ഒരൊറ്റ നിമിഷം 

പല വർണ്ണങ്ങൾ

ജലത്തിനേകി

നീ

തിരികെ പറക്കുന്നു.


നിൻ്റെ നീണ്ട കൊക്കിൽ

പിടയ്ക്കുന്ന കവിത....

പിടയുന്ന ഞാൻ...

Sent
Enter
Sent 1m ago
Enter
Sent 1m ago
Enter