Saturday 29 June 2024

നോക്കൂ.... ഇവിടെ പൂക്കാലമാണ്.

ജനൽച്ചില്ലിൽ 

വെയിൽച്ചൂട്.

ഷോപ്പിങ്ങ് ബാഗുമായി

പുറത്തിറങ്ങുമ്പോൾ

കുളിര്.

ജാക്കറ്റ് എടുക്കേണ്ടിയിരുന്നോ

എന്ന് ചിന്തിക്കുന്നു.


ചിന്തിച്ചത് മറവിയിലാക്കിക്കൊണ്ട്

മുന്നിലപ്പോൾ  ഒരു

ആഫ്രിക്കൻ സുന്ദരി.

അംഗവടിവുകളെ ഇറുകെപ്പുണർന്ന്,

കാൽമുട്ടുകൾക്ക് 

തൊട്ടു മുകളിൽ എത്തിനിൽക്കുന്ന

സ്ലീവ്ലെസ്സ് ഉടുപ്പ്.

'ഷീ ലുക്ക്സ് വെരി പ്രിറ്റി ഇൻ ദിസ് ഡ്രെസ്സ്' എന്ന്

അഭിനന്ദനത്തിൻ്റെ ചിരി 

മനസ്സിൽ മൊട്ടിടുന്നു.

ചുണ്ടിൽ പൂത്തുവിരിയുന്നു.

അപ്പോൾ

ആശങ്കയിൽ സുന്ദരി തിരിയുന്നു.

എൻ്റെ ചിരിയിലൊരംശം

പകുത്തെടുക്കുന്നു.

'ആർ യു ഓൾറൈറ്റ്?' ആശങ്ക കണ്ടു ചോദിക്കുന്നു.

'ജാക്കറ്റ് എടുക്കണമായിരുന്നോ എന്ന് ചിന്തിക്കുകയായിരുന്നു'

ആംഗലത്തിൽ മറുപടി.

'വെൽ..[കാരണം തണുപ്പാകാൻ സാധ്യതയില്ല]

'യെസ്,  ബട്ട് വൈ ഡു യു നീഡ് ദ ജാക്കറ്റ്?'

പള്ളിയിൽ പോകുന്നുവത്രേ.

കൈകളുടെ നഗ്നതയാണു വിഷയം.

'യു ലുക്ക് വെരി പ്രിറ്റി ഇൻ ദിസ് ഡ്രെസ്സ്'

അഭിനന്ദനത്തിൻ്റെ  പുഞ്ചിരിപ്പൂവിൽ നിന്ന്

ഒരു  വിത്തുവീണ്

പെട്ടെന്നാ ചുണ്ടുകളിലൊരു

പൂക്കാലം വിടരുന്നു.

ഒരേ പൂമഴയിൽ നനഞ്ഞ്

ഒരേ പൂമെത്തയേറി

രണ്ടുപേർ

ഏതാനും ചുവടുകളൊരുമിച്ചു വയ്ക്കുന്നു


ഹൈഹീൽഡ് ചെരുപ്പുകളിൽ

ആത്മവിശ്വാസത്തോടെ തലയുയർത്തി

ഇപ്പോഴെൻ്റെ മുന്നിലൂടെ

ഒരു പൂക്കാലം

നടന്നു പോകുന്നു.


ഇടറോഡ് മുറിച്ചുകടക്കാനൊരുമ്പെടുമ്പോൾ

ഒഴുകിവന്ന കാറിനായി 

ഒതുങ്ങിമാറി നിൽക്കുന്നു.

ഡ്രൈവിങ്ങ് സീറ്റിലിരുന്ന്

വൃദ്ധയായൊരു വെള്ളക്കാരി

നന്ദിപൂർവ്വം 

കയ്യുയർത്തിക്കാട്ടി,

എൻ്റെ ചുണ്ടിൽ നിന്നൊരു 

പൂവിതൾ

ഇറുത്തെടുക്കുന്നു.

ഡ്രൈവിങ്ങ് സീറ്റിലിപ്പോൾ

ഒരു നിറപൂക്കൂട!


സുഗന്ധവാഹിയായി

ഒരു  കാർ

ഓടിയോടിപ്പോകുന്നു.


ആദ്യമെത്തിയവർ ആദ്യം,

എന്ന മുറയ്ക്ക്

ബസ്സിലേക്ക് കയറുവാൻ

വഴിമാറിത്തന്ന,

ഷോപ്പിങ്ങ് ട്രോളിയുമായി നിന്ന,

മധ്യവയസ്കയായ 

യുറേഷ്യൻ സ്ത്രീയോട്

'ആഫ്റ്റർ യു' എന്ന്

കണ്ണു കൊണ്ട് ആഗ്യം.

അവരും വാങ്ങി,

എൻ്റെ ചിരിവിത്തുകൾ.


ബാങ്ക് കാർഡ് എടുക്കാൻ മറന്ന്

ബാഗിൽ തപ്പി, കാഷ് കാണാഞ്ഞ്

കുഞ്ഞിരിക്കുന്ന പ്രാമുമായി

ബസ്സിൽ നിന്നും തിരികേയിറങ്ങാൻ തുടങ്ങിയ

ഇംഗ്ലീഷ് യുവതിയോട്

'ഡു യു നീഡ് സം മണി' 

എന്നു ചോദിച്ച്, കൊടുക്കുമ്പോൾ

ഇതാ വിടരുന്നു,

എൻ്റെ ചുണ്ടിലെ അതേ പൂക്കൾ

അവളുടെ ചുണ്ടിലും!

ബസ്സിനുള്ളിൽ നിന്നപ്പോൾ

എല്ലാ കണ്ണുകളും

ഇറങ്ങി വന്ന്

ഓരോ ചിരിവിത്തും വാങ്ങി

സ്വന്തം ചുണ്ടുകളിൽ നട്ട്

നൊടിയിടയിൽ

ഓരോ പൂക്കാലം വിടർത്തുന്നു.


ഒരു പൂവാടിയിപ്പോൾ

ടൗണിലേക്കു സ്റ്റിയർ ചെയ്യുന്നു.


മുൻസീറ്റിലിരിക്കുന്ന 

ഇൻഡ്യൻ വേഷമണിഞ്ഞ വൃദ്ധ ചോദിക്കുന്നു,

'ഡു യു ഹാവ് ഇൻ്റർനെറ്റ്?

കുഡ് യു പ്ലീസ് ഫൈൻ്റ് എ പോസ്റ്റ് കോഡ് ഫോർ മി'

ഒറ്റക്കു ജീവിക്കുകയാണത്രേ.

മകൻ്റെ പുതിയ അഡ്രസ്സിലേക്കുള്ള യാത്രയാണ്.

ലക്ഷ്യത്തിൽ ബസ്സെത്തുമ്പോഴേക്കും

മകൻ്റെ വിശേഷങ്ങളുടെ 

പൂമഴയിൽ നനഞ്ഞു കുളിർന്ന്

ഞാനിങ്ങനെ...


ശേഷം,

ബസ്സിറങ്ങി,

ട്രൈവീലർ വാക്കറിൽ ബാലൻസ് ചെയ്ത്,

ഒരു പൂമരം

വേച്ചുവേച്ച് നടന്നു പോകുന്നു.


പൂവിത്തുകൾ

പുറത്തേക്കു തൂവി,

ബസ്സ് പിന്നെയും നീങ്ങുമ്പോൾ,

ചുറ്റുപാടും കണ്ണയക്കുന്നു.

ആഹാ...

എത്ര പെട്ടെന്നാണിവിടെല്ലാം 

പൂക്കളാൽ നിറഞ്ഞത്, 

എന്നതിശയിക്കുന്നു.


നോക്കൂ, നിങ്ങളോടാണ്.

ഇവിടെ പൂക്കാലമാണ്.

ഇവിടെയെല്ലാം നിറയേ

പൂക്കളാണ്.

ഇനിയുമെത്ര വസന്തങ്ങൾക്കുള്ള

പൂവിത്തുകളാണെന്നോ

ഇവിടെല്ലാം.. 







Wednesday 26 June 2024

അടയാളം

നോക്കൂ

നിനക്കായുള്ള കമ്പളങ്ങളിൽ

ഞാനെന്നേ

പൂക്കൾ തുന്നിത്തുടങ്ങിയിരിക്കുന്നു.

നിൻ്റെ ചിരി ഉദിച്ചു നിൽക്കാൻ

നക്ഷത്രപ്പൂക്കൾ തുന്നിയ

ഇരുണ്ട ആകാശപ്പുതപ്പുകൾ

ഞാൻ മറച്ചുപിടിക്കുന്നു.

നീയുറങ്ങുമ്പോൾ

മെല്ലെ വന്ന്

പുതപ്പിക്കുന്നു.

നിറുകയിൽ ചുംബിച്ച്

പിൻവാങ്ങുന്നു. 

ഉണരുമ്പോൾ

ഞാൻ പുതപ്പിച്ച മാന്ത്രികക്കമ്പളവും

അതിലെ നക്ഷത്രങ്ങളും

നീ കാണുകയേയില്ല.

എന്നാൽ

നിൻ്റെ ചുണ്ടുകളിൽ

ഒരു ചുവന്നനക്ഷത്രപ്പൂവടയാളം

നീ കാണാത്ത വിധം

ഞാൻ ഒളിപ്പിച്ചുവച്ചിട്ടുണ്ടാകും.

നിഗൂഡമൊരു പുഞ്ചിരിയായ്‌

അതു നിന്നിൽ

ഉദിച്ചു നിൽക്കും.


പൊള്ളല്‍

പുഴയൊഴുക്കിനെ 

രണ്ടായ് മുറിച്ച്

പൊങ്ങിവന്നൊരു 

തുരുത്ത്,

വളര്‍ന്ന് പരന്ന്

കാക്കക്കാല്‍ത്തണല്‍ പോലുമില്ലാത്ത

മരുഭൂമിയായപ്പോള്‍

മണലില്‍ 

പുഴ കാച്ചിക്കുറുക്കിയുരുക്കിയ

ഉപ്പിന്റെ 

തീപ്പൊള്ളല്‍

മഴയുടെ കൂട്ടുകാരികൾ

അപ്പോഴാണു മഴ

പാറിപ്പറന്ന്

കുഞ്ഞുമോളുടെ

കയ്യിൽ വന്നിരുന്നത്.

കൂട്ടുകാരിയായത്.

കയ്യിലും കണ്ണിലും കവിളിലും

ഉമ്മ കൊടുത്തത്.

അവൾക്കൊപ്പം

കടലാസു വഞ്ചിയുണ്ടാക്കിക്കളിച്ചത്.

ഈർക്കിൽപ്പാലം പണിതത്.

തറയിൽ 

നനഞ്ഞ പൂക്കളമിട്ടത്.

 ഉടുപ്പ്

മുക്കിപ്പിഴിഞ്ഞത്.


ഓലക്കീറുകൾ മുകളിൽ തിരുകി,

താഴെ,

ചളുക്കു വീണ, 

പരന്ന ചരുവങ്ങളിലെ വെള്ളം

അമ്മ പുറത്തൊഴുക്കിയപ്പോഴാണ്

കുഞ്ഞുമോളുടെ കൂട്ടുകാരി

 വീടിനു പുറത്തും

അവളുടെ ഉമ്മകളിൽ നനഞ്ഞ

കുഞ്ഞുമോൾ

അകത്തുമായിപ്പോയത്.

എന്നിട്ടും 

പഴുതുകളുണ്ടാക്കി,

കാറ്റായി

നനവായി

കുളിരായി

അമ്മയറിയാതെ

കുഞ്ഞുമോളെ

പുണർന്നുകൊണ്ടേയിരിക്കുന്നുണ്ട്

മഴ.


അപ്പുറത്ത വീട്ടിലെ

അടഞ്ഞ ജനാലകളിലും

ബാൽക്കണിവാതിലുകളിലുമെല്ലാം 

മുട്ടിമുട്ടി വിളിച്ച്

മറുപടി കിട്ടാതെ

ഒടുവിൽ,

ചളി തെറിക്കാതെ

നനവു തൊടാതെ

കാറിൽ യാത്രപോകുന്ന

അവിടത്തെ കുഞ്ഞിമോളേയും,

അടച്ച കാർ ഡോറിൻ്റെ ചില്ലിൽ

അടിച്ചടിച്ചു കൂട്ടുകൂടാൻ വിളിക്കുന്നുണ്ട്

മഴ.

സ്ട്രോബെറി മൂൺ

ചുവന്നുവിളഞ്ഞ നിലാവിനെ

സ്ട്രോബെറിപ്പാടങ്ങൾ

നുള്ളിയെടുക്കുന്നു.


മഞ്ഞനിലാവിൻ  നൂൽ നൂറ്റ്

റെയ്പ്സീഡ് വയലുകൾ

പുതപ്പു നെയ്യുന്നു.


ഉഴുതു തീരാൻ വൈകിയ 

ഇരുണ്ട പാടത്ത്

വീടണയാൻ വൈകിയ

കറുത്ത പെൺകുട്ടി

സ്ട്രോബെറിമൂണിനെ 

നോക്കി നിൽക്കുന്നു.


കുന്നുകൾക്കു മുകളിലൂടെ

റെയ്പ്സീഡ് വയലുകൾക്കും

സ്ട്രോബെറിപ്പാടങ്ങൾക്കും

മേപ്പിൾ വനങ്ങൾക്കും

ഹൈവേകൾക്കും

ഫ്ലാറ്റുകൾക്കും

മാൻഷനുകൾക്കും

തൈംസിനും

വിമാനങ്ങൾക്കും

ബിഗ് ബെന്നിനും 

മേഘങ്ങൾക്കും മുകളിലൂടെ

സ്ട്രോബെറിമൂൺ

ഇപ്പോൾ

പാഞ്ഞുപോകുന്നു,

നെഞ്ചിലൊരു

കറുത്ത പെൺകുട്ടിയെ

ചേർത്തടുക്കിക്കൊണ്ട്.




 



Sunday 23 June 2024

അപൂർണ്ണമായ കാൻവസ്


കടലിപ്പോൾ സൂര്യനെ

കരയിലേക്ക്

നീട്ടി വരക്കുന്നു


തീരത്ത്

ഒറ്റക്കൊരു കടൽപ്പാലം

തിരകളെണ്ണുന്നു


പറന്നുവന്നിരുന്ന്

ഒറ്റക്കൊരു  കടൽക്കാക്ക

തിരകളെണ്ണുന്നു.


കടൽപ്പാലത്തിനറ്റത്ത്

കറുത്ത നിഴലായ്   

ഒറ്റക്കൊരു പെൺകുട്ടി

തിരകളെണ്ണുന്നു


കടൽപ്പാലവും

കടൽക്കാക്കയും

കറുത്ത പെൺകുട്ടിയും

ഒറ്റക്കൊറ്റക്ക്

തിരകളെണ്ണുന്നു


കടൽപ്പാലവും 

കടൽക്കാക്കയും

കറുത്ത പെൺകുട്ടിയും

ഒരുമിച്ച് തിരകളെണ്ണുന്നു.


കടലപ്പോൾ കാൻവസ് മടക്കുന്നു


 ഭൂമിയുടെ 

കറുത്ത കാൻവസിൽ

ഇപ്പോൾ

ഒറ്റക്കൊരു കടൽപ്പാലം 

ഒഴുകിയൊഴുകിപ്പോകുന്നു.


ഒറ്റക്കൊരു കടൽക്കാക്ക 

പറന്നുപറന്നു പോകുന്നു.


കാൻവസിൽ കാണാതായ

പെൺകുട്ടിയെത്തേടി

ഒറ്റക്കൊരു കടൽ

തിരകളെണ്ണിക്കൊണ്ടേയിരിക്കുന്നു.




Saturday 15 June 2024

യാത്രക്കുറിപ്പ്

കണ്ടിരുന്നു,

യാത്രയുടെ തുടക്കം മുതലുള്ള

ചൂണ്ടുപലകകൾ


പുൽമൈതാനങ്ങളിൽ

പുലരി വിരിച്ച

മഞ്ഞുകണങ്ങൾ.


ഗാർഡനിലെ ഗസീബോയിൽ 

നൃത്തം പരിശീലിക്കുന്ന

ഇളവെയിൽ..


മിനുത്ത  പാതകൾക്കിരുപുറം

വെളുപ്പും പച്ചയും വാരിവിതറുന്ന

ബിർച്ച് മരങ്ങളും

ഡെയ്സിയും..


കുതിരകളുടേയും

ചെമ്മരിയാടുകളുടേയും

താഴ്വരകളും

കുന്നിൻ ചെരിവുകളും..


ഇടതൂർന്ന വൃക്ഷങ്ങൾക്കും

യഥേഷ്ടം വിഹരിക്കുന്ന

മാനുകൾക്കും മുയലുകൾക്കും

പേരറിയാത്ത ഒരുപാടു കിളികൾക്കുമൊപ്പം

വിക്റ്റോറിയൻ യുഗത്തിന്റെ

പടികളിറങ്ങി വന്ന്,

തൊപ്പിയൂരി, തല കുനിച്ചുവന്ദിച്ച്‌

സ്വാഗതമോതുന്ന,

ഇടത്താവളസത്രമൊരുക്കിയ

മെഴുതിരിയത്താഴം.


തണുത്ത തൂവൽപ്പുതപ്പിനാൽ

വാരിപ്പുണരുന്ന

രാത്രി.


അരികത്തെ 

ഓക്കുമരത്തിൻ്റെ

നിശ്ശബ്ദതയിലേക്കു

രാവേറെയായിട്ടും

ചിലച്ചു കൊണ്ടു കൂട്ടിനു ചെന്ന

റോബിൻ.


നോക്കൂ

നേരം വല്ലാതെ വൈകിയിരിക്കുന്നു.

നിൻ്റെ പേരടയാളപ്പെടുത്തിയ

ഇനിയുമൊരുപാടു ദിശാസൂചകങ്ങളിൽ

ഒന്നുപോലും തെറ്റാതെ

ഇന്നോളമുള്ള

എൻ്റെ സഞ്ചാരത്തിൻ്റെ

ഈ ദിവസത്തെ ഡയറിക്കുറിപ്പ്

ഞാനിങ്ങനെയെഴുതി നിറുത്തുന്നു.


പുലർച്ചയിലുണരാനായി

നിന്നിലേക്കു മാത്രമുള്ള യാത്ര

തുടരാനായി

മിഴികൾ

നിന്നിലേക്കു കൂമ്പുന്നു.


ശുഭരാത്രി


 

Thursday 13 June 2024

തിളക്കങ്ങൾ


കാർമേഘനൊമ്പരങ്ങളെ

വായിക്കുന്നു.

പകുതിയിൽ മടക്കി

രാവുറങ്ങുന്നു.


രാമഴ പെയ്ത

അക്ഷരങ്ങൾ  നനഞ്ഞ

മാമരങ്ങൾ,

'എന്തൊരു മഴ' എന്ന്

ചിറകൊതുക്കുന്നു.


പുലരിയിൽ

പുൽക്കൊടിത്തുമ്പിൽ

അടരാതെ ബാക്കിനിന്ന

നോവുകളെ,

'അക്ഷരനക്ഷത്രങ്ങൾ പൂത്തിറങ്ങിയ

ഭൂമി' എന്ന്

താഴേക്കു നോക്കിയാരോ

മൊഴിമാറ്റുന്നു.


ആകാശമപ്പോൾ

ഒഴിഞ്ഞ ഒരു പുസ്തകം നിവർത്തി,

വായിക്കാനിരിക്കുന്നു.

Thursday 6 June 2024

ബന്ധിതം

കണ്ണുകൾ മൂടിക്കെട്ടി,
കാൻവസിൻ്റെ മുന്നിൽ നിൽക്കുന്നു.
നിന്നെ ഓർത്തെടുക്കുന്നു.


നിന്നെ വരക്കുന്നു.
പുഴയെ വരക്കുന്നു.
പൂക്കളെ,
പാടുന്ന കിളികളെ,
നക്ഷത്രങ്ങളെ,
തെളിഞ്ഞ ആകാശത്തെ,
സൂര്യനെ വരക്കുന്നു.


നീയെൻ്റെ കളർ പാലറ്റ്
തട്ടി മറിക്കുന്നു.
കണ്ണു തുറന്നപ്പോഴേക്കും
എൻ്റെ പുഴ ഒഴുകിപ്പോയിരുന്നു.
പൂക്കൾ പൊഴിഞ്ഞുപോയിരുന്നു.
കിളികൾ പറന്നുപോയിരുന്നു.
ആകാശമിരുണ്ട്,
നക്ഷത്രങ്ങൾ മാഞ്ഞ്,
സൂര്യൻ മറഞ്ഞുപോയിരുന്നു.


ചായപ്പടർപ്പിൽ
നിന്നെ തിരഞ്ഞു.
പച്ചയിൽ,
മഞ്ഞയിൽ,
ചുവപ്പിൽ,
വെളുപ്പിൽ..



ഒരു തുള്ളി കറുപ്പിനാൽ
ഞാനൊരു ബലൂൺ വരച്ചു.
പിന്നെ നിറങ്ങൾ
ഊതിയൂതി നിറച്ചു.
ബലൂൺകാലുകളിൽ
ഇപ്പോഴൊരാകാശപേടകം.
ഞാനതിൻ്റെ ഒത്ത നടുക്കിരിക്കുന്നു.
പറക്കുന്നു.

രാജ്യങ്ങൾ പറന്നുപറന്നു പോകുന്നു
സമുദ്രങ്ങൾ,
ഗ്രഹങ്ങൾ,
ഗാലക്സികളാകെയും
പറന്നുപറന്നുപോകുന്നു.



ഇപ്പോഴത്
തുടിക്കുന്ന ഹൃദയം കൊത്തിവച്ച
ഒരു പടിവാതിലിലിലെത്തുന്നു.
ഞാൻ വാതിൽ തള്ളിത്തുറന്ന്
ഒരു ഒറ്റമുറിയിലേക്കു കടക്കുന്നു.
മുറി നിറയേ
നിൻ്റെ കുസൃതിച്ചിരിയുടെ
ചുവന്ന റോസാപ്പൂക്കൾ!

ഞാൻ നിന്നെ തിരയുന്നു.

അപ്പോഴതാ,
പൂക്കൾ ചിറകു വിടർത്തുന്നു.
പറന്നു പൊങ്ങുന്നു.
ദൂരങ്ങളിൽ നിന്ന്
എനിക്കു കേൾക്കാം,
അകന്നകന്നുപോകുന്ന
അവയുടെ ചിറകടികൾ.

ചിറകു മുറിഞ്ഞ്
ബന്ധിതമായ
ഒരു ചിരി
ഇപ്പോഴിവിടെ
എൻ്റെ ചുണ്ടുകളോടു
പറ്റിച്ചേരാനായി,
ഇല്ലാച്ചിറകുകളിട്ടടിച്ചുകൊണ്ടിരിക്കുന്നു.

Wednesday 5 June 2024

പുഴുജീവിതത്തിനൊടുവിൽ...



മരണമല്ല,
ധ്യാനമാണ്,
പുഴുജീവിതത്തിനൊടുവിലെ
സുഷുപ്തിയാണ്.
വർണ്ണങ്ങളായ് പുനർജ്ജനിക്കാനുള്ള
തപസ്സാണ്,
ശലഭജന്മത്തിലേക്കുള്ള
നിശ്ശബ്ദയാത്രയാണ്. 


പറന്നുയരുന്ന 
ചിറകുകളിൽ
പല നിറങ്ങളിൽ
മുദ്രണം ചെയ്തിരിക്കുന്നത്,
തപസ്സിൻ്റെ നാളുകളിലെ
ധ്യാനശ്ലോകങ്ങളല്ല,
ആഹ്ളാദത്തിൻ്റെ
ആകാശവർണ്ണങ്ങളാണ്.

മരണസുഷുപ്തിയുടെ വിനാഴികകളെ
കൊക്കൂണുകൾ
മറവിയുടെ
പട്ടുനൂലിഴകൾ കൊണ്ട്
പൊതിഞ്ഞെടുക്കുന്നു.

ഓർമ്മകളെ അടക്കം ചെയ്ത
ശവക്കല്ലറകൾക്കുള്ളിൽ നിന്ന്
ആത്മാക്കൾ 
വർണ്ണശലഭങ്ങളായ് പറന്നുയരുന്നു.

ചിറകുകൾ മുളയ്ക്കാതെ പോയവയ്ക്ക്
ജീർണ്ണതയുടെ വേവുഗാഥകൾ 
രേഖപ്പെടുത്താനായേക്കാം.
പറന്നുയർന്നവയോട്
അതൊന്നും ചോദിക്കരുത്.
പൂർവ്വജന്മം എന്നത്
അവയ്ക്ക് 
വായിക്കാതെ പോയ
പഴങ്കഥ മാത്രമാവും.




Tuesday 4 June 2024

'കോടി'പതി

താലികെട്ടും പുടവകൊടയുമില്ലാതെ

ആദിവാസിക്കോളനിയിൽ നിന്ന്

അയാളുടെ കയ്യും പിടിച്ച് 

പുറംലോകത്തേക്ക് ഒളിച്ചോടിയ കാലത്ത്

അവൾക്ക്

മൊബൈൽ ഫോണെന്നത് 

കേട്ടറിവു മാത്രമായിരുന്നു.

പുതുമോടിയിൽ 

കണവൻ സമ്മാനിച്ച ഫോണിൽ

അത്യാവശ്യ നമ്പറുകൾ 

ഫീഡ് ചെയ്ത് കൊടുത്തതും

അതിയാനായിരുന്നു.


ഒരു വർഷം കഴിഞ്ഞ്

ഒന്നാമത്തെ മകളു പിറന്നപ്പോഴേക്കും

പലചരക്കുകടക്കാരൻ വാസുപ്പാപ്പൻ്റേയും

മീങ്കാരൻ മയ്തീനിക്കായുടേയും 

വാടകവീടിൻ്റെ ഉടമ

ജോസപ്പുമുതലാളിയുടേയും

കോൾ ഹിസ്റ്ററി നോക്കി,

കള്ളും കഞ്ചാവും മണക്കുന്ന

ഇടിക്കൊപ്പം

'കുഞ്ഞിൻ്റെ തന്തയാര്?' എന്ന 

ചോദ്യം കേട്ടപ്പോൾ,

അപ്രത്തെ വിലാസിനിയമ്മയുടെ വീട്ടിൽ 

റ്റിവി കാണാൻ പോയ്ത്തുടങ്ങിയതു മുതൽ മാത്രം

പരിചിതമായ

'ഫ്ലവേഴ്സ് ഒരു കോടി'യിലെ 

ചോദ്യങ്ങൾ അവൾക്കോർമ്മ വന്നു. 

അതിയാൻ്റെ  മൂക്കിൻ തുമ്പത്തെ 

തടിച്ച മറുകു പോലും അതുപോലുള്ള 

കുഞ്ഞ് പിന്നാരുടെ?

എന്ന മറുചോദ്യത്താൽ 

ഒടുവിലവൾക്ക്

അതിയാൻ്റെ പേരൊഴികെ

മറ്റു പേരുകൾ

മായ്ച്ചുകളയാനൊത്തു.


ഫോൺ നമ്പറുകൾ ഡെലീറ്റ് ചെയ്യാൻ

അതിനകം പഠിച്ചിരുന്നതിനാൽ

ചോദ്യമുനയിൽ നിന്ന

ആളുകളുടെ നമ്പറുകൾ

മൊബൈൽ ഫോണിൽ നിന്ന്

അവൾ തന്നെ ഡെലീറ്റ് ചെയ്തു.


ചോറിനു മീങ്കൂട്ടാൻ വേണമെന്ന്

അയാൾക്ക് നിർബന്ധമുണ്ടായിരുന്നിട്ടും

കടമായിനി മീൻ വാങ്ങില്ല,

എന്നവൾ തീരുമാനിച്ചു.

പലചരക്കുകടയിലെ പറ്റുബാക്കിയേയും

കടം പറഞ്ഞ വാടകക്കുടിശ്ശികയേയും ഓർത്ത്

കഴുത്തിലെ കറുത്തചരടിൽ തൂങ്ങുന്ന,

സ്വയം കൂലിപ്പണി ചെയ്തുണ്ടാക്കിയ,

ഇത്തിരിപ്പോരം പോന്ന മിന്നിൽ

തിരുപ്പിടിച്ച്,

കള്ളിറങ്ങി വിഷണ്ണനായിരുന്ന

അയാൾക്കരികിലിരുന്ന്

സ്നേഹത്തോടെ

ചോറും മീങ്കൂട്ടാനും വിളമ്പി,

മൽസരത്തിൽ നിന്ന്

പുറത്താകാതെ നിന്നു.


രണ്ടു വർഷത്തിനുള്ളിൽ പിറന്ന

രണ്ടാമത്തെ പെൺകുട്ടിക്കൊപ്പം

ദിവസേനെയുള്ള ഇടിയും

കഞ്ചാവുമണവും കൂടി വളർന്നപ്പോൾ

അവൾ

'ഫോൺ എ ഫ്രെൻ്റ് ' ഒപ്ഷനിൽ

വിലാസിനിയമ്മയുടെ

'ക്വിറ്റ്' എന്ന ഉപദേശം കൈക്കൊള്ളാതെ

അതിയാൻ്റെ പേർ

പിന്നെയും ലോക്ക് ചെയ്തു.

മൂത്ത മകൾക്ക്

പൊട്ടുകമ്മൽ വാങ്ങാൻ സ്വരുക്കൂട്ടിയ

ബാക്കി സമ്പാദ്യവും

അങ്ങിനെ അവൾക്ക് നഷ്ടമായി.


ഇടികൊണ്ടു നാഭി തകർന്ന 

ഒരു രാത്രിയിൽ

വിവരമറിഞ്ഞെത്തിയ

പോലീസുകാരോട്

'എനിക്കു പരാതിയൊന്നുമില്ലേ'യെന്ന്

കരഞ്ഞുപറഞ്ഞു.

പിന്നേയുമയാൾക്കരികിലിരുന്ന്

സ്നേഹത്തോടെ

ചോറും 

മക്കൾക്കു പോലും കൊടുക്കാതെ മാറ്റി വച്ച,

വിലാസിനിയമ്മ കൊടുത്ത

ഇത്തിരി ഇറച്ചിക്കറിയും വിളമ്പി.


മൽസരം തുടർന്നു.


മൂന്നു വർഷത്തിനുള്ളിൽ

മൂന്നു പെറ്റ്,

മൂന്നാമത്തേതും പെൺകുഞ്ഞായിപ്പോയതിനും

ജാരസംസർഗ്ഗത്തിനും കൂടിയുള്ള ഇടി 

വർഷങ്ങളോളം വളർന്ന്,

ഒടുവിൽ 

മടവാളിൻ മൂർച്ചയിൽ നിന്ന് രക്ഷപ്പെടാൻ

പറമ്പു മുഴുവനോടിയ

ഒരു രാത്രിയിൽ

അവസാനത്തെ പിടിവള്ളിയായാണ്

അവൾ

വിലാസിനിയമ്മയുടെ വീട്ടിലെ

കട്ടിലിനടിയിൽ

നൂണ്ടുകയറി ഒളിച്ചിരുന്നത്.

അവിടത്തെ കുട്ടേട്ടൻ 

ആയിടെ വിഭാര്യനായ

ആളാണെന്ന്

ഓർക്കാനുള്ള ഇട

അവൾക്കു കിട്ടിയില്ല.


അവളുടെ വാടകവീട്ടിൽ

തിളച്ച കഞ്ഞി തൂകി,

അടുപ്പു കെട്ടു.

മീങ്കൂട്ടാൻ

കരിഞ്ഞുപിടിച്ചു. 

മൂക്കിലെ മറുകിൻ്റെ

തെളിവു നൽകാനില്ലാതിരുന്ന,

പൊട്ടിവിടരുന്ന കൗമാരത്തെ

ഭയന്നിരുന്ന 

ഇളയ രണ്ടു കുഞ്ഞുങ്ങൾ

മൂത്തവളുടെ കൂടെ

എവിടെയോ ഒളിച്ചു.


അവളെ തേടി നടന്ന് ഒടുവിലയാൾ

'ഇതാണല്ലേ നിൻ്റെ ജാരൻ' എന്ന്

കട്ടിലിനടിയിൽ നിന്ന് അവളെ

''കയ്യോടെ'' പിടി കൂടി,

കൂടുതൽ തെളിവിനായി അയാൾ

കോൾ ഹിസ്റ്ററി തപ്പുമ്പോൾ,

മൊബൈൽ ഫോൺ പിടിച്ചുവാങ്ങി

ഫിഫ്റ്റി ഫിഫ്റ്റി എന്ന

 ഒപ്ഷൻ വച്ചത്

കുട്ടേട്ടനാണ്.

മൂന്ന് വർഷമായിട്ടും

ഒരു നിലയ്ക്കുമുയരാത്ത

ദാമ്പത്യം എന്ന

ആ റോങ്ങ് ഒപ്ഷൻ

ഒടുവിലവളങ്ങു ഡെലീറ്റ് ചെയ്തു.

എന്നിട്ട്

എന്തും വരട്ടെയെന്നു തീരുമാനിച്ച്

കുട്ടേട്ടൻ തന്ന

അവസാന ലൈഫ് ലൈനിൽ

'കുട്ടേട്ടൻ' എന്ന ഒപ്ഷൻ

ലോക്ക് ചെയ്യാതെ

മൽസരം ക്വിറ്റ് ചെയ്ത്

ബാക്കിയായ

മൂന്നു മക്കളേയും നയിച്ച്

നിലത്തു ചവിട്ടി നടന്നു പോയി.