Wednesday 26 June 2024

അടയാളം

നോക്കൂ

നിനക്കായുള്ള കമ്പളങ്ങളിൽ

ഞാനെന്നേ

പൂക്കൾ തുന്നിത്തുടങ്ങിയിരിക്കുന്നു.

നിൻ്റെ ചിരി ഉദിച്ചു നിൽക്കാൻ

നക്ഷത്രപ്പൂക്കൾ തുന്നിയ

ഇരുണ്ട ആകാശപ്പുതപ്പുകൾ

ഞാൻ മറച്ചുപിടിക്കുന്നു.

നീയുറങ്ങുമ്പോൾ

മെല്ലെ വന്ന്

പുതപ്പിക്കുന്നു.

നിറുകയിൽ ചുംബിച്ച്

പിൻവാങ്ങുന്നു. 

ഉണരുമ്പോൾ

ഞാൻ പുതപ്പിച്ച മാന്ത്രികക്കമ്പളവും

അതിലെ നക്ഷത്രങ്ങളും

നീ കാണുകയേയില്ല.

എന്നാൽ

നിൻ്റെ ചുണ്ടുകളിൽ

ഒരു ചുവന്നനക്ഷത്രപ്പൂവടയാളം

നീ കാണാത്ത വിധം

ഞാൻ ഒളിപ്പിച്ചുവച്ചിട്ടുണ്ടാകും.

നിഗൂഡമൊരു പുഞ്ചിരിയായ്‌

അതു നിന്നിൽ

ഉദിച്ചു നിൽക്കും.


പൊള്ളല്‍

പുഴയൊഴുക്കിനെ 

രണ്ടായ് മുറിച്ച്

പൊങ്ങിവന്നൊരു 

തുരുത്ത്,

വളര്‍ന്ന് പരന്ന്

കാക്കക്കാല്‍ത്തണല്‍ പോലുമില്ലാത്ത

മരുഭൂമിയായപ്പോള്‍

മണലില്‍ 

പുഴ കാച്ചിക്കുറുക്കിയുരുക്കിയ

ഉപ്പിന്റെ 

തീപ്പൊള്ളല്‍

മഴയുടെ കൂട്ടുകാരികൾ

അപ്പോഴാണു മഴ

പാറിപ്പറന്ന്

കുഞ്ഞുമോളുടെ

കയ്യിൽ വന്നിരുന്നത്.

കൂട്ടുകാരിയായത്.

കയ്യിലും കണ്ണിലും കവിളിലും

ഉമ്മ കൊടുത്തത്.

അവൾക്കൊപ്പം

കടലാസു വഞ്ചിയുണ്ടാക്കിക്കളിച്ചത്.

ഈർക്കിൽപ്പാലം പണിതത്.

തറയിൽ 

നനഞ്ഞ പൂക്കളമിട്ടത്.

 ഉടുപ്പ്

മുക്കിപ്പിഴിഞ്ഞത്.


ഓലക്കീറുകൾ മുകളിൽ തിരുകി,

താഴെ,

ചളുക്കു വീണ, 

പരന്ന ചരുവങ്ങളിലെ വെള്ളം

അമ്മ പുറത്തൊഴുക്കിയപ്പോഴാണ്

കുഞ്ഞുമോളുടെ കൂട്ടുകാരി

 വീടിനു പുറത്തും

അവളുടെ ഉമ്മകളിൽ നനഞ്ഞ

കുഞ്ഞുമോൾ

അകത്തുമായിപ്പോയത്.

എന്നിട്ടും 

പഴുതുകളുണ്ടാക്കി,

കാറ്റായി

നനവായി

കുളിരായി

അമ്മയറിയാതെ

കുഞ്ഞുമോളെ

പുണർന്നുകൊണ്ടേയിരിക്കുന്നുണ്ട്

മഴ.


അപ്പുറത്ത വീട്ടിലെ

അടഞ്ഞ ജനാലകളിലും

ബാൽക്കണിവാതിലുകളിലുമെല്ലാം 

മുട്ടിമുട്ടി വിളിച്ച്

മറുപടി കിട്ടാതെ

ഒടുവിൽ,

ചളി തെറിക്കാതെ

നനവു തൊടാതെ

കാറിൽ യാത്രപോകുന്ന

അവിടത്തെ കുഞ്ഞിമോളേയും,

അടച്ച കാർ ഡോറിൻ്റെ ചില്ലിൽ

അടിച്ചടിച്ചു കൂട്ടുകൂടാൻ വിളിക്കുന്നുണ്ട്

മഴ.

സ്ട്രോബെറി മൂൺ

ചുവന്നുവിളഞ്ഞ നിലാവിനെ

സ്ട്രോബെറിപ്പാടങ്ങൾ

നുള്ളിയെടുക്കുന്നു.


മഞ്ഞനിലാവിൻ  നൂൽ നൂറ്റ്

റെയ്പ്സീഡ് വയലുകൾ

പുതപ്പു നെയ്യുന്നു.


ഉഴുതു തീരാൻ വൈകിയ 

ഇരുണ്ട പാടത്ത്

വീടണയാൻ വൈകിയ

കറുത്ത പെൺകുട്ടി

സ്ട്രോബെറിമൂണിനെ 

നോക്കി നിൽക്കുന്നു.


കുന്നുകൾക്കു മുകളിലൂടെ

റെയ്പ്സീഡ് വയലുകൾക്കും

സ്ട്രോബെറിപ്പാടങ്ങൾക്കും

മേപ്പിൾ വനങ്ങൾക്കും

ഹൈവേകൾക്കും

ഫ്ലാറ്റുകൾക്കും

മാൻഷനുകൾക്കും

തൈംസിനും

വിമാനങ്ങൾക്കും

ബിഗ് ബെന്നിനും 

മേഘങ്ങൾക്കും മുകളിലൂടെ

സ്ട്രോബെറിമൂൺ

ഇപ്പോൾ

പാഞ്ഞുപോകുന്നു,

നെഞ്ചിലൊരു

കറുത്ത പെൺകുട്ടിയെ

ചേർത്തടുക്കിക്കൊണ്ട്.