Sunday, 24 November 2024

സേവ് അവർ സോൾ

ആ കപ്പൽ

തീരം വിട്ടപ്പോഴേക്കും

പുറകിലുള്ള നഗരത്തെ

തീ തുപ്പുന്നൊരു വ്യാളി

നക്കിയെടുത്തിരുന്നു


അലതല്ലുന്ന കടലിൽ

കാറ്റിലും കോളിലും 

ദിശ നഷ്ടപ്പെട്ട്

ഒടുവിൽ 

അറബിക്കടലിൻ്റെ 

കിഴക്കൻ തീരമടിഞ്ഞ കപ്പലിൽ

അപ്പോഴും

ഒരു കുടുംബമുണ്ടായിരുന്നു.

കപ്പൽ വീണ്ടെടുത്ത

പുതിയ ഉടമ

ആ കുടുംബത്തെ

കളിപ്പാട്ടപ്പെട്ടിയിലൊളിപ്പിച്ചു. 

പിന്നെ ഇടക്കിടെ 

ആരുമറിയാതെ പുറത്തെടുത്ത്

മുറുക്കിയടച്ച കണ്ണാടിക്കുപ്പിയിലെ

പായലടർന്ന വിടവ് കാട്ടിക്കൊടുത്ത

ചിത്രത്തിലെ

ചുവന്നുതുടുത്ത മുഖമുള്ള ബാലനിൽ

തൻ്റെ മുഖം കണ്ടു.

അരികത്തു ചിരിതൂകുന്ന

മാതാപിതാക്കളെ കണ്ടു.

അമ്മക്കയ്യിലിരുന്നു ചിരിക്കുന്ന

കുഞ്ഞനുജത്തിയെ കണ്ടു.

'സേവ് അവർ സോൾ' എന്ന

നിലവിളിക്കുറിപ്പിൽ പുരണ്ട

രക്തക്കറ കണ്ടു.



തീതുപ്പുന്ന വ്യാളികൾ 

അകലങ്ങളിൽ

പെറ്റുപെരുകുന്നതും

അവ

ഭൂപടങ്ങളെ ചുട്ടുതിന്നുന്നതും

വിശപ്പു സഹിയാതെ

പുതിയ ഇരകളെ തേടി

അടുത്തടുത്തു വരുന്നതും

അവനറിഞ്ഞു.



പ്രതിരോധത്തിനായി

കുഞ്ഞുകൈകൾ

കാലം കണ്ട

ഏറ്റവും മൂർച്ചയേറിയ 

ആയുധമെടുത്തു.

പിന്നെ

മായാത്ത മഷിയിൽ മുക്കി

തൻ്റെ കുഞ്ഞു ഡയറിയിൽ

അന്നത്തെ ദിവസചരിതം

കുറിച്ചു വയ്ക്കവേ

അവൻ്റെ

ഇളംഹൃദയത്തിനേറ്റ 

മുറിവിൽ നിന്ന്

ചരിത്രക്കടലാസിലേക്ക്

ചോരയിറ്റുവീണുകൊണ്ടിരുന്നു.









No comments: