തിരക്കിട്ട്
കയറിയതു മുതൽ
ആറു സ്റ്റേഷനുകൾക്കിപ്പുറം
ഇറങ്ങുന്നതു വരെ
രണ്ടാമത്തെ ബോഗിയിൽ നടന്നതൊന്നും
അവൾ കണ്ടതേയില്ല.
ബോഗിയിൽ അതിനകം
ഇടതു വിൻ്റോസീറ്റിലിരുന്ന യുവാവ്
അയാളുടെ ചുണ്ടുകളെ തേടിയെത്തിയ
തുടുത്ത അധരങ്ങളിലേക്ക്
അൽപ്പം കുനിഞ്ഞ്
ആദ്യചുംബനത്തെ
ചേർത്തു വച്ചിരുന്നു.
തൊട്ടടുത്തൊരാൾ
സാരിത്തലപ്പിൻ്റെ മൃദുലതയിൽ
വർഷങ്ങളെ പുതച്ച്
അമ്മക്കാലിൽ വട്ടപ്പിടുത്തമിട്ടിരുന്നു.
അതിനിപ്പുറമൊരാൾ
പൂമാല ചാർത്തിയ
ചിത്രത്തിനരികിലെ
ചലനമറ്റ കണ്ണുകളെ
കണ്ണീർ തിരുമ്മിയടച്ച്
നെഞ്ചിൽ ഉറങ്ങിക്കിടക്കുന്ന
പിഞ്ചുതലയിൽ
തലോടിക്കൊണ്ടിരുന്നു.
അറ്റമിരുന്ന
യുവകോമളൻ
പൂവിരിച്ച മെത്തയിലേക്ക്
പൂവിനേക്കാൾ ലോലമായ
രണ്ടു കൈകൾ പിടിച്ച്
തന്നോടുചേർത്തിരുത്തിയിരുന്നു.
വലതു വിൻ്റോസീറ്റിലിരുന്ന
പ്രായമേറിയ അമ്മ
അന്തിച്ചുവപ്പു പോൽ കലങ്ങിയ
ലിപ്സ്റ്റിക്കിനും ചാന്തുപൊട്ടിനുമൊപ്പം
കയറി വന്ന
വിയർപ്പു നാറുന്ന പൂമണത്തെ
തളരാത്ത ഇടം കയ്യാൽ
നെഞ്ചോട് ചേർത്ത്
കോരിയൂട്ടിയ കഞ്ഞിയാൽ
പശിയാറ്റിയിരുന്നു.
അതിനരികിലിരുന്നൊരുവൾ
കഴച്ചുകിനിയുന്ന മുലപ്പാലിനൊപ്പം
വേദന പിഴിഞ്ഞൊഴിച്ച്,
മാറിൽ പൂമാല ചുറ്റി,
നീലിച്ചുമരവിച്ച ഇളം ചുണ്ടുകളിലേക്ക്
ഓർമ്മകളെ ഇറ്റിച്ചുകൊണ്ടിരുന്നു.
അതിനിപ്പുറമിരുന്ന യുവതി
പുതുറിസോർട്ടിൻ്റെ
മറവിയിലുറങ്ങുന്ന
പഴയ തറവാടിൻ പൂമുറ്റത്ത്
മുത്തശ്ശിക്കൈ പിടിച്ച്
പൂമഴയിൽ
പിഞ്ചുകാൽ വച്ചു നടന്നിരുന്നു.
നഗ്നശിരസ്സിനെ
സാരിയാൽ മറച്ച്
തൊട്ടടുത്തിരുന്നവൾ,
ജീവൻ കരമായ് ചോദിച്ചപ്പോൾ
നങ്ങേലിയായവൾ,
അപ്പോൾ
പ്രതിഷേധം മറന്ന്
പൂവിൻ ഭാരത്താൽ
നമ്രവദനയായി
വിവാഹമണ്ഡപത്തിലേക്ക്
ലജ്ജയോടെ
ചുവടുകൾ വച്ചിരുന്നു.
സീറ്റു കിട്ടാതിരുന്നതിനാൽ
പൂക്കൂട തലയിലേന്തി
ഓടുന്ന ജനാലച്ചിത്രങ്ങളിൽ
ഒട്ടിയ വയറുകൾ മാത്രം
വരച്ചു കൊണ്ടിരുന്നവളോ
ഇതൊന്നും കാണാതെ
ആറാമത്തെ സ്റ്റേഷനിലിറങ്ങി നടന്നു.
അകലെ മാർക്കറ്റ്
അവളുടെ
പൂമണം മുഴുവൻ
വാരിയണിഞ്ഞിട്ടും
അവളെ പിന്നിലാക്കി
ഏറെ ദൂരമോടിയ
രാണ്ടാം ബോഗിയിൽ
കണ്ണീരും ചിരിയും പൊഴിച്ച്
അപ്പോഴുമൊരു മുല്ലപ്പൂക്കാലം
പന്തലിച്ചുനിന്നു.
No comments:
Post a Comment